കാസര്‍കോട്: വിവര്‍ത്തനം കൊണ്ട് സംസ്കാരത്തെയും ഭാഷകളെയും കൂട്ടിയോജിപ്പിച്ച മഹാനായ വിവര്‍ത്തകനായിരുന്നു സി. രാഘവന് മാഷെന്നും ബ്രസീലില്‍ ഉത്ഭവം കൊണ്ട വിവര്‍ത്തനത്തിന്റെ നരഭോജി സിദ്ധാന്തവുമായി ഏറെ ചേര്‍ന്നു നില്ക്കുന്നവയാണ് രാഘവന് മാഷിന്റെ വിവര്‍ത്തനങ്ങളെന്ന് ആഴത്തില്‍ നോക്കിയാല്‍ മനസ്സിലാക്കാന്‍ സാധിക്കുമെന്നും കേരള കേന്ദ്ര സര്‍വകലാശാലയിലെ പ്രൊഫ. ഡോ. ആര്. ചന്ദ്രബോസ് പറഞ്ഞു. കാസര്‍കോട് സാഹിത്യവേദി പുലിക്കുന്നിലെ ജില്ലാ ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച സി. രാഘവന് അനുസ്മരണ പരിപാടിയില്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഡോ. അംബികാസുതന്‍ മാങ്ങാട് ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിച്ചു. ദേശത്തോട് ഏറെ കൂറു പുലര്‍ത്തുമ്പോഴും അന്യദേശ സംസ്കാരം നമ്മുടെ നാട്ടിലെത്തിക്കാന്‍ വിവര്‍ത്തനത്തിലൂടെ രാഘവന് മാഷ് ശ്രദ്ധിച്ചുവെന്ന് അംബികാസുതന്‍ മാങ്ങാട് പറഞ്ഞു.
കാസര്‍കോട് സാഹിത്യവേദി പ്രസിഡണ്ട് പത്മനാഭന് ബ്ലാത്തൂര്‍ അധ്യക്ഷത വഹിച്ചു. സാഹിത്യവേദി സെക്രട്ടറി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതം പറഞ്ഞു. ഗിരിധര്‍ രാഘവന്, എ.എസ് മുഹമ്മദ്കുഞ്ഞി, അഷ്റഫലി ചേരങ്കൈ, മുജീബ് അഹ്മദ്, ടി.എ ഷാഫി, അബു ത്വാഇ, വി.ആര് സദാനന്ദന് സംസാരിച്ചു. ജോയിന്‍ സെക്രട്ടറി റഹീം ചൂരി നന്ദി പറഞ്ഞു.