ആര്‍ദ്രമായ സ്നേഹസ്പര്‍ശം
കാലത്തിനു മുന്നെ നടക്കുന്ന ചില ധിഷണാശാലികളുണ്ട്. അവര്‍ കാലയവനികക്കുള്ളില്‍ മറഞ്ഞു നൂറ്റാണ്ടു കഴിഞ്ഞാലും ജനഹൃദയങ്ങളില്‍ പ്രഭ പരത്തി ജീവിക്കുന്നു. ഒരു ജനതയുടെ വഴി വെളിച്ചമായി അവര്‍ വാഴ്ത്തപ്പെടുന്നു.കേരളത്തിലെ മുന്‍മുഖ്യമന്ത്രിയും മുസ്ലിം ലീഗിന്റെ സമുന്നത നേതാവും കഴിവുറ്റ ഭരണാധികാരിയും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും പ്രശസ്ത വാഗ്മിയും പത്ര പ്രവര്‍ത്തകനുമായിരുന്ന സി.എച്ച് മുഹമ്മദ് കോയ വിടപറഞ്ഞത് 1983 സെപ്തംബര്‍ 28നാണ്. നോവൂറുന്ന ആ വേര്പാടിന് നാളേക്ക് 39 വര്‍ഷം പൂര്‍ത്തിയാവുന്നു. 54 ദിവസങ്ങള്‍ മാത്രമാണ് സി.എച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രി […]
കാലത്തിനു മുന്നെ നടക്കുന്ന ചില ധിഷണാശാലികളുണ്ട്. അവര്‍ കാലയവനികക്കുള്ളില്‍ മറഞ്ഞു നൂറ്റാണ്ടു കഴിഞ്ഞാലും ജനഹൃദയങ്ങളില്‍ പ്രഭ പരത്തി ജീവിക്കുന്നു. ഒരു ജനതയുടെ വഴി വെളിച്ചമായി അവര്‍ വാഴ്ത്തപ്പെടുന്നു.കേരളത്തിലെ മുന്‍മുഖ്യമന്ത്രിയും മുസ്ലിം ലീഗിന്റെ സമുന്നത നേതാവും കഴിവുറ്റ ഭരണാധികാരിയും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും പ്രശസ്ത വാഗ്മിയും പത്ര പ്രവര്‍ത്തകനുമായിരുന്ന സി.എച്ച് മുഹമ്മദ് കോയ വിടപറഞ്ഞത് 1983 സെപ്തംബര്‍ 28നാണ്. നോവൂറുന്ന ആ വേര്പാടിന് നാളേക്ക് 39 വര്‍ഷം പൂര്‍ത്തിയാവുന്നു. 54 ദിവസങ്ങള്‍ മാത്രമാണ് സി.എച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രി […]
കാലത്തിനു മുന്നെ നടക്കുന്ന ചില ധിഷണാശാലികളുണ്ട്. അവര്‍ കാലയവനികക്കുള്ളില്‍ മറഞ്ഞു നൂറ്റാണ്ടു കഴിഞ്ഞാലും ജനഹൃദയങ്ങളില്‍ പ്രഭ പരത്തി ജീവിക്കുന്നു. ഒരു ജനതയുടെ വഴി വെളിച്ചമായി അവര്‍ വാഴ്ത്തപ്പെടുന്നു.
കേരളത്തിലെ മുന്‍മുഖ്യമന്ത്രിയും മുസ്ലിം ലീഗിന്റെ സമുന്നത നേതാവും കഴിവുറ്റ ഭരണാധികാരിയും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും പ്രശസ്ത വാഗ്മിയും പത്ര പ്രവര്‍ത്തകനുമായിരുന്ന സി.എച്ച് മുഹമ്മദ് കോയ വിടപറഞ്ഞത് 1983 സെപ്തംബര്‍ 28നാണ്. നോവൂറുന്ന ആ വേര്പാടിന് നാളേക്ക് 39 വര്‍ഷം പൂര്‍ത്തിയാവുന്നു. 54 ദിവസങ്ങള്‍ മാത്രമാണ് സി.എച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രി പദത്തിലിരുന്നതെങ്കിലും ആ നാളുകള്‍ കേരളത്തിന്റെ തങ്ക ലിപികളില്‍ എഴുതിചേര്ക്കപ്പെട്ടതാണ്. നിരവധി റെക്കോര്‍ഡുകള്‍ സി.എച്ചിനെ വ്യത്യസ്തനാക്കുന്നുണ്ട്. തുടര്‍ച്ചയായി 6 മന്ത്രിസഭകളില്‍ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത ഏക വ്യക്തി സി.എച്ചാണ്. നിയമസഭാ സ്പീക്കറും മുഖ്യമന്ത്രിയുമായ ഏക വ്യക്തിയും അദ്ദേഹം തന്നെ. മുഖ്യമന്ത്രി പദത്തിലിരുന്ന ശേഷം സംസ്ഥാന മന്ത്രിയായി പ്രവര്‍ത്തിച്ച ഒരേ ഒരാളും സി.എച്ച് മാത്രം. രണ്ട് തവണ അദ്ദേഹം ഉപമുഖ്യമന്ത്രിയുമായിരുന്നു.
സി.എച്ചിന്റെ പ്രസംഗങ്ങള്‍ക്ക് കാത് കൂര്‍പ്പിച്ച് ഇരുന്ന കാലവും കാതുകളില്‍ ആ പ്രസംഗം തീര്‍ത്ത തരംഗവും ഒരു തലമുറക്കു മറക്കാനാവില്ല. അതുകൊണ്ട് തന്നെയാവണം പലരുടെയും മനസ്സില്‍ സി.എച്ചിന്റെ പ്രശസ്തമായ പല ഉദ്ധരണികളും ഇപ്പോഴും മായാതെ കിടക്കുന്നത്.
ടി.എ ഇബ്രാഹിം സാഹിബിന്റെ മകനെന്ന വാത്സല്യം സി.എച്ചില് നിന്ന് എനിക്ക് വേണ്ടുവോളം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്. ആ കാലത്ത് മുസ്ലിം ലീഗിന്റെ രാഷ്ട്രീയ ഭൂമികയില്‍ എത്തിപ്പെടുന്ന ആരോടും നീ ആരായിത്തീരാനാണ് ആഗ്രഹിക്കുന്നതെന്ന് ചോദിച്ചാല്‍ അധികമൊന്നും ആലോചിക്കാതെ കിട്ടുന്ന ഒരു മറുപടിയുണ്ട്. എനിക്ക് സി.എച്ചിനെപ്പോലെ ആവണം എന്നാണ്.
ഒരു തലമുറയെ ഇത്രയധികം വശീകരിച്ച വ്യക്തി കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളത്തില്‍ വേറെ ഉണ്ടായിക്കാണില്ല. അക്കാലത്ത് പ്രസംഗിച്ചു തുടങ്ങുന്നവര്‍ സി.എച്ചിനെ അനുകരിക്കുക പതിവായിരുന്നു. എന്റെ ഓര്‍മയുടെ തിരശ്ശീലയില്‍ ആദ്യം തെളിയുന്ന ചിത്രം, 1966 ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ കാസര്‍കോട് പുലിക്കുന്നില്‍ നടന്ന കണ്ണൂര്‍ ജില്ലാ മുസ്ലിംലീഗ് സമ്മേളനമാണ്. കാസര്‍കോടിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ മറക്കാനാവാത്ത സംഭവമായിരുന്നു അത്. (കാസര്‍കോട് അന്ന് പ്രത്യേക ജില്ലയായിട്ടില്ല) ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്സാഹിബും സയ്യിദ് അബ്ദുറഹ്മാന് ബാഫഖി തങ്ങളും സി.എച്ചും പങ്കെടുത്ത മഹാസമ്മേളനമായിരുന്നു അത്. എല്ലാ അര്‍ത്ഥത്തിലും കാസര്‍കോടിന് അതൊരു ഉത്സവമായിരുന്നു.
അന്ന് അവിഭക്ത കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗിന്റെ പ്രസിഡണ്ട് ഹമീദലി ഷംനാട് സാഹിബും സെക്രട്ടറി സി.കെ.പി ചെറിയ മമ്മുക്കേയി സാഹിബുമായിരുന്നു. എന്റെ പിതാവ് ടി.എ ഇബ്രാഹിം സാഹിബായിരുന്നു സമ്മേളന സ്വാഗത സംഘം സെക്രട്ടറി. അന്നാണ് ഞാനാദ്യമായി സാഗരഗര്‍ജ്ജനം പോലെ അലയടിക്കുന്ന സി.എച്ചിന്റെ പ്രസംഗം കേള്‍ക്കുന്നത്. സദസ്സിനെ കോരിത്തരിപ്പിക്കുകയും കൈയടിപ്പിക്കുകയും ഇളക്കിമറിക്കുകയും ചെയ്ത ആ പ്രസംഗം, വലിയൊരനുഭവം തന്നെയാണ്. ആ പ്രസംഗത്തിലെ ഓരോ വാക്കും വളരെക്കാലം മനസ്സില്‍ മായാതെ കിടന്നു. അതിനു ശേഷം സി.എച്ചിന്റെ പ്രസംഗം എവിടെയുണ്ടോ അവിടെ എത്തുക ഒരു വാശിയായിരുന്നു.
വര്‍ഷങ്ങള്‍ ചിലത് കടന്നു പോയി. 1974-75 കാലഘട്ടത്തില്‍ മുസ്ലിംലീഗിലുണ്ടായ നിര്‍ഭാഗ്യകരമായ പിളര്‍പ്പിന്റെ സമയത്ത് സി.എച്ച്, കാസര്ക്കോട്ടെത്തിയപ്പോള് അദ്ദേഹം താമസിച്ചത് ഹോട്ടല്‍ സ്റ്റേറ്റ്സിലായിരുന്നു. ഉപ്പയുടെ കൂടെയും അല്ലാതെയും എനിക്കന്ന് സി.എച്ചിനെ വളരെ അടുത്തു കാണാനും പരിചയപ്പെടാനും അനുഭവിക്കാനും സൗഭാഗ്യമുണ്ടായി. ഞാന്‍ മുറിയില്‍ പോകുമ്പോഴൊക്കെ സി.എച്ച് കനപ്പെട്ട ഇംഗ്ലീഷ് പുസ്തകം വായിക്കുകയായിരിക്കും; അല്ലെങ്കില്‍ എന്തെങ്കിലും കുത്തിക്കുറിക്കുകയാവും. എന്തു പറയുമ്പോഴും അതില്‍ ഒരു നര്‍മ സ്പര്ശമുണ്ടാകും. അത് വലിയൊരു നേതാവിന്റെ മുമ്പില്‍ നില്‍ക്കുമ്പോഴുള്ള മാനസികമായ സംഘര്‍ഷം കുറച്ചിരുന്നു. വശ്യമായ ചിരിയും സംസാരരീതിയും വല്ലാതെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നതും കൊതിപ്പിക്കുന്നതുമായിരുന്നു.
അതിനുശേഷം പലപ്പോഴും ഞാന്‍ സി.എച്ചിന്റെ ഡ്രൈവറായി, ഉപ്പയുടെ കെ.എല്‍.സി.9243 നമ്പര്‍ പച്ച അംബാസഡര്‍ കാറില്‍ യാത്ര ചെയ്തിട്ടുണ്ട്. അതൊരു വലിയ സൗഭാഗ്യമായാണ് ഓര്‍മ്മയില്‍ സൂക്ഷിക്കുന്നത്.
യാത്രകള്‍ക്കിടയിലെ സംഭാഷണങ്ങള്‍, ഇടയ്ക്കിടെ പൊട്ടിക്കുന്ന ഫലിതങ്ങള്‍, ഗൗരവമുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ എല്ലാം എനിക്ക് വലിയ അനുഭവങ്ങളാണ് സമ്മാനിച്ചത്. അത് പിന്നീട് എന്റെ സ്വഭാവ രൂപീകരണത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എന്റെ ഉപ്പയോടൊപ്പമുള്ള യാത്രക്കിടയില്‍ വിരുന്നു സല്‍ക്കാരങ്ങള്‍ക്കോ, ഭക്ഷണം കഴിക്കാനൊ എവിടെയെങ്കിലും എത്തിയാല്‍ സി.എച്ച് തമാശയായി ചോദിക്കും: ഇബ്രാന്ച്ചാ, മ്മളെ ഡ്രൈവറെ വിളിച്ചോ?
1978ല്‍ കര്‍ണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നു. വിട്ട്ള നിയോജക മണ്ഡലത്തില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയായി സി. അബ്ദുല്‍ ഹമീദ് സാഹിബ് മത്സരിക്കുന്നു. ഹമീദ് സാഹിബ് അന്ന് കര്‍ണാടക സ്റ്റേറ്റ് മുസ്ലിംലീഗ് പ്രസിഡണ്ട് ആയിരുന്നു. സി.എച്ച് അവിടെ ചെന്ന് പ്രസംഗിച്ചാല്‍ അത് വലിയൊരു പ്രചോദനമാകുമെന്ന് പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചു. അന്ന് കാസര്‍കോട്ട് നിന്നുള്ള യാത്രയില്‍ എന്റെ പിതാവും സി.എച്ചിന്റെ കൂടെയുണ്ടായിരുന്നു. അന്ന് വിട്ട്ളയിലേക്കുള്ള യാത്രയില്‍ കാറോടിച്ചത് ഞാനായിരുന്നു.
ഉപ്പ, കാസര്‍കോട് മണ്ഡലത്തില്‍ നിന്ന് കേരള നിയമ സഭയിലേക്ക് മത്സരിക്കാനിടവന്നതിനു പിന്നിലും സി.എച്ചിന്റെ കൂടി താല്പര്യമുണ്ടായിരുന്നു. നിയമസഭാ സാമാജികനായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും സി.എച്ച്, ഉപ്പക്ക് വലിയൊരു ബലവും പിന്തുണയുമാണ് നല്‍കിയത്. കാസര്‍കോടിന്റെ മുഖഛായ മാറ്റാന്‍ കാരണമായിത്തീര്‍ന്ന ജില്ലാ രൂപീകരണ കാര്യത്തിലും ചന്ദ്രഗിരിപാലം യാഥാര്‍ത്ഥ്യമാക്കുന്ന വിഷയത്തിലും സി.എച്ച് കാണിച്ച താല്പര്യം വിസ്മരിക്കാനാവാത്തതാണ്. കാസര്‍കോടിനോട് സി.എച്ചിന് ഒരു പ്രത്യേക താല്പര്യം തന്നെ ഉണ്ടായിരുന്നു. വിദ്യാഭ്യാസ മേഖലയില്‍ വലിയൊരു മുന്നേറ്റത്തിനു അത് നിമിത്തമായിത്തീര്‍ന്നു. കാസര്‍കോടുമായി ബന്ധപ്പെട്ട എല്ലാ അടിസ്ഥാന വികസന കാര്യത്തിലും ആ താല്പര്യം പ്രകടമായിരുന്നു.
കാസര്‍കോട്ടെ മിക്ക രാഷ്ട്രീയ പ്രവര്‍ത്തകരെയും പേരുപറഞ്ഞു വിളിക്കാനുള്ള അടുപ്പവും സി.എച്ചിനുണ്ടായിരുന്നു. അത് പലരെയും ആഹ്ലാദിപ്പിച്ചു. സി.എച്ച് മുഹമ്മദ് കോയ കവി ടി. ഉബൈദ് മാഷിനോട് കാണിച്ച സ്നേഹവും അതിരറ്റതായിരുന്നു.
ടി.എ ഇബ്രാഹിം സാഹിബിന് അധിക കാലമൊന്നും എം.എല്‍.എ ആയിരിക്കാന്‍ കഴിഞ്ഞില്ല. പെട്ടെന്ന് ആരോഗ്യ നില മോശമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു ഒരു ജ്യേഷ്ഠ സഹോദരനോടുള്ള ശ്രദ്ധാപൂര്‍വ മായ പരിചരണം ലഭ്യമാക്കാന്‍ സി.എച്ച് ആവതും ശ്രദ്ധിച്ചു.അപ്പപ്പോള്‍ ആരോഗ്യനില ആസ്പത്രി അധികൃതരോട് അന്വേഷിച്ചു കൊണ്ടിരുന്നു. സി.എച്ചിന്റെ സാന്നിധ്യം ഉപ്പക്ക് വലിയ ആശ്വാസമായിരുന്നു. 1978ല്‍ തിരുവനന്തപുരത്ത് വെച്ചുതന്നെ ഉപ്പ മരണപ്പെട്ടു.
അതിനുശേഷം പ്രത്യേകിച്ചും പുത്രനിര്‍വിശേഷമായ സ്നേഹമാണ് സി.എച്ച് എന്നോട് കാണിച്ചിരുന്നത്. ആര്‍ദ്രമായ ഒരു സ്നേഹസ്പര്‍ശം പോലെ ഞങ്ങള്‍ക്കത് എപ്പോഴും അനുഭവപ്പെടുകയും ചെയ്തിരുന്നു. സി.എച്ച് പകര്‍ന്നു നല്കിയ ഹൃദ്യമായ സാമീപ്യത്തിന്റെ ഓര്‍മകള്‍ ഇപ്പോഴും മനസ്സിനെ തരളിതമാക്കുന്നു. ഒരു ഗദ്ഗദമായി ഇപ്പോഴും അത് മനസ്സില്‍ കിടക്കുന്നു.
-ടി.ഇ അബ്ദുല്ല