മുസ്ലിം ലീഗ് നേതാവും നഗരത്തിലെ പഴയകാല ഹോട്ടല്‍ വ്യാപാരിയും തളിപ്പറമ്പ് സ്വദേശിയും കഴിഞ്ഞ അമ്പത് വര്‍ഷത്തോളമായി ഫോര്‍ട്ട് റോഡില്‍ സ്ഥിരതാമസക്കാരനുമായ സി.എ.അബ്ദുല്ല (അഉളച്ച) നമ്മെ വിട്ടുപിരിഞ്ഞു. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍.
മുസ്ലിം ലീഗിനെ നെഞ്ചോട് ചേര്‍ത്ത് നടന്ന അഉളച്ച കറപുരളാത്ത മുസ്ലിം ലീഗ് പ്രവര്‍ത്തകനും നേതാവുമായിരുന്നു. കഴിഞ്ഞ അമ്പത് വര്‍ഷത്തെ കാസര്‍കോട്ടെ ലീഗ് പ്രവര്‍ത്തനവും ചരിത്രവും വള്ളിപുള്ളി തെറ്റാതെ പുതിയ തലമുറക്ക് പകര്‍ന്നു നല്‍കിയ അദ്ദേഹം മാതൃകാപരമായ ദൗത്യമാണ് പൂര്‍ത്തീകരിച്ചത്. മുസ്ലിം ലീഗിന്റെ പഴയകാല നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അഉളച്ച സൗമ്യനും മാന്യനുമായിരുന്നു. നേതാക്കളെ ആദരിച്ചും ബഹുമാനിച്ചുമാണ് അദ്ദേഹം പെരുമാറിയിരുന്നത്. പാര്‍ട്ടിയേക്കാള്‍ വലുത് വേറെയൊന്നും അദ്ദേഹത്തിനില്ലായിരുന്നു.
മുസ്ലിം ലീഗ് നേതാക്കളായ ടി.എ. ഇബ്രാഹിം, എ.ആര്‍. കരിപ്പൊടി, കെ.എസ്. സുലൈമാന്‍ ഹാജി, ടി.എ. മഹ്മൂദ്, കടവത്ത് അബ്ദുല്ലക്കുഞ്ഞി ഹാജി എന്നിവരുടെ കൂടെ മുസ്ലിം ലീഗിന്റെ സന്ദേശം നാടിന്റെ സര്‍വ്വ മേഖലകളിലും എത്തിക്കുന്നതിന് ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം അദ്ദേഹം നടത്തിയിട്ടുണ്ട്.
കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ മദീന ഹോട്ടല്‍ എന്ന പേരില്‍ അദ്ദേഹം നടത്തിയിരുന്ന ഹോട്ടല്‍ മുസ്ലിം ലീഗ് ഓഫീസും പാര്‍ട്ടിയുടെ സ്ഥിരം ചര്‍ച്ചാ വേദിയുമായിരുന്നു. മുഴുവന്‍ മുസ്ലിം ലീഗ് നേതാക്കളുടെയും ഫോട്ടോകള്‍ ഉള്ള കലണ്ടറുകളാല്‍ മദീന ഹോട്ടല്‍ അലങ്കരിച്ചിരുന്നു. ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ എത്തിയ പൗരപ്രമുഖനായ ഒരു ലീഗ് വിരോധി ഇതിനെതിരെ പ്രതികരിച്ചപ്പോള്‍ കണക്കിന് മറുപടി നല്‍കി ആട്ടിയോടിച്ച സംഭവം അക്കാലത്ത് വലിയ ചര്‍ച്ചയായിരുന്നു.
തന്റെ കച്ചവടം നഷ്ടപ്പെട്ടാലും ശരി, പാര്‍ട്ടിക്ക് കോട്ടം തട്ടുന്ന യാതൊരുവിധ പ്രവര്‍ത്തനങ്ങളും നടത്തില്ലെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ചെറുപ്പം മുതലേ മുസ്ലിം ലീഗിന്റെ വളണ്ടിയര്‍ സംഘത്തില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുള്ള അഉളച്ച അവസാനം വളണ്ടിയറായത് കാസര്‍കോട് നുള്ളിപ്പാടിയില്‍ നടന്ന സമ്മേളനത്തിലെ ഫോര്‍ട്ട് റോഡ് ശാഖയില്‍ നിന്നുള്ള ഗ്രീന്‍ഗാര്‍ഡില്‍ അംഗമായി കൊണ്ടാണ്. അന്നത്തെ വളണ്ടിയര്‍ സംഘത്തിലെ മുതിര്‍ന്ന അംഗം അഉളച്ചയും പ്രായം കുറഞ്ഞ അംഗം എന്റെ മകന്‍ മുഹമ്മദ് അജ്മലുമായിരുന്നു.
മുസ്ലിം ലീഗിന്റെ സമ്മേളനങ്ങളോ പരിപാടികളോ എവിടെ ഉണ്ടെന്നറിഞ്ഞാലും അവിടെയെല്ലാം അദ്ദേഹം ഓടിയെത്തുമായിരുന്നു. അദ്ദേഹം പ്രസിഡണ്ടായിരുന്ന സമയത്താണ് ഫോര്‍ട്ട് റോഡ് വാര്‍ഡ് കമ്മിറ്റിക്ക് സ്വന്തം കെട്ടിടത്തില്‍ എ.ആര്‍. കരിപ്പൊടി സ്മാരക മന്ദിരം എന്ന പേരില്‍ ഓഫീസ് സ്ഥാപിച്ചത്.
തിരഞ്ഞെടുപ്പ് സമയങ്ങളില്‍ വോട്ടര്‍ പട്ടിക പരിശോധിക്കുന്നതിനും കുറ്റമറ്റതാക്കുന്നതിനും ശാസ്ത്രീയമായ രീതിയില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും അഉളച്ച യാണ് നേതൃത്വം നല്‍കിയിരുന്നത്. ഓരോ വോട്ടറുടെയും പേരും ബന്ധങ്ങളും സ്വഭാവവുമടക്കം എല്ലാ കാര്യങ്ങളും മനഃപാഠമാക്കിയിരുന്നു അദ്ദേഹം.
സ്ഥാനമാനങ്ങളില്‍ നിന്നും അധികാരസ്ഥാനങ്ങളില്‍ നിന്നും എന്നും അകലം പാലിച്ചിരുന്ന അഉളച്ച ആദര്‍ശത്തില്‍ അടിയുറച്ച മുസ്ലിം ലീഗുകാരനായിരുന്നു. പാര്‍ട്ടിയായിരുന്നു അദ്ദേഹത്തിന്റെ സര്‍വസ്വവും. താന്‍ കൈപിടിച്ച് പാര്‍ട്ടി പ്രവര്‍ത്തന രംഗത്തേക്ക് കൊണ്ടുവന്നവരില്‍ ചിലര്‍ അധികാരകൊതി മൂത്ത് പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തി പുറത്ത് പോയപ്പോള്‍ അദ്ദേഹം ഏറെ ദുഖിതനായിരുന്നു. പാര്‍ട്ടിയെ ജീവന് തുല്യം സ്‌നേഹിച്ച അദ്ദേഹത്തിന് സഹപ്രവര്‍ത്തകരായ ചിലരുടെ കൂറ് മാറ്റം വേദനാജനകമായിരുന്നു.
പാര്‍ട്ടിക്ക് പ്രയാസങ്ങളും പ്രതിസന്ധികളും ഉണ്ടാവുമ്പോള്‍ അച്ചടക്കമുള്ള പ്രവര്‍ത്തകനായി എന്നും പാര്‍ട്ടിക്കൊപ്പം ചുറുചുറുക്കോടെ അടിയുറച്ച് നിന്ന അഉളച്ച പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ആവേശമായിരുന്നു. വ്യക്തിപരമായി എന്നോട് വലിയ സ്‌നേഹവും അടുപ്പവും കാണിച്ച അദ്ദേഹം എനിക്ക് സര്‍വസ്വവുമായിരുന്നു. ജീവിതത്തിന്റെ നല്ലൊരു ഭാഗം സംഘടനാ പ്രവര്‍ത്തനത്തിനും സാമൂഹ്യ-കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി മാറ്റിവെക്കുകയും ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ നടത്തി മറ്റുള്ളവര്‍ക്ക് മാതൃകയാവുകയും ചെയ്ത സി.എ.അബ്ദുല്ല എന്ന പ്രിയപ്പെട്ട അഉളച്ചാക്ക് സര്‍വ്വശക്തന്‍ സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)
-എ.അബ്ദുല്‍ റഹ്മാന്‍