ഉപതെരഞ്ഞെടുപ്പ് ഫലവും ഇടത്തേക്ക് തന്നെ; എല്‍ഡിഎഫ് 17 ലും യുഡിഎഫ് 13 ലും വിജയിച്ചു; സിപിഎം വാര്‍ഡ് ബിജെപി പിടിച്ചെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പിലും ലീഡ് ഇടതുപക്ഷത്തിന് തന്നെ. 12 ജില്ലകളിലെ 32 തദ്ദേശ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചപ്പോള്‍ എല്‍ഡിഎഫ് 17 ലും യുഡിഎഫ് 13 ലും വിജയിച്ചു. ഒരു സീറ്റില്‍ ബിജെപിയും ഒന്നില്‍ സ്തന്ത്രനും വിജയിച്ചു. ഇടുക്കി ജില്ലയിലെ ഇടമലക്കുടി പഞ്ചായത്തിലെ ഒരു വാര്‍ഡ് സി.പി.എമ്മില്‍ നിന്ന് ബി.ജെ.പി പിടിച്ചെടുത്തു. പാലക്കാട് എരുമയൂര്‍ പഞ്ചായത്തില്‍ സി.പി.എം വിമതന്‍ അട്ടിമറി വിജയം നേടി. ഇവിടെ സി.പി.എം സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തെത്തി. എല്‍.ഡി.എഫിന് നിര്‍ണായകമായ കൊച്ചി കോര്‍പറേഷനിലെ […]

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പിലും ലീഡ് ഇടതുപക്ഷത്തിന് തന്നെ. 12 ജില്ലകളിലെ 32 തദ്ദേശ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചപ്പോള്‍ എല്‍ഡിഎഫ് 17 ലും യുഡിഎഫ് 13 ലും വിജയിച്ചു. ഒരു സീറ്റില്‍ ബിജെപിയും ഒന്നില്‍ സ്തന്ത്രനും വിജയിച്ചു. ഇടുക്കി ജില്ലയിലെ ഇടമലക്കുടി പഞ്ചായത്തിലെ ഒരു വാര്‍ഡ് സി.പി.എമ്മില്‍ നിന്ന് ബി.ജെ.പി പിടിച്ചെടുത്തു. പാലക്കാട് എരുമയൂര്‍ പഞ്ചായത്തില്‍ സി.പി.എം വിമതന്‍ അട്ടിമറി വിജയം നേടി. ഇവിടെ സി.പി.എം സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തെത്തി.

എല്‍.ഡി.എഫിന് നിര്‍ണായകമായ കൊച്ചി കോര്‍പറേഷനിലെ ഗാന്ധിനഗര്‍ വാര്‍ഡ് സി.പി.എം നിലനിര്‍ത്തി. സി.പി.എം സ്ഥാനാര്‍ഥി ബിന്ദു ശിവനാണ് വിജയിച്ചത്. ഉപതെരഞ്ഞെടുപ്പ് നടന്ന പാലക്കാട് -ശ്രീകൃഷ്ണപുരം, ആലപ്പുഴ -അരൂര്‍, കോഴിക്കോട് -നന്മണ്ട ഡിവിഷനുകളില്‍ എല്‍.ഡി.എഫ് നിലനിര്‍ത്തി.

ഇരിങ്ങാലക്കുട നഗരസഭയില്‍ യു.ഡി.എഫും പിറവം മുനിസിപ്പാലിറ്റിയില്‍ എല്‍.ഡി.എഫും ഭരണം നിലനിര്‍ത്തി. ഇരിങ്ങാലക്കുട നഗരസഭയിലെ 18-ാം വാര്‍ഡായ ചാലാംപടത്ത് 151 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് വിജയിച്ചു. നഗരസഭയില്‍ യു.ഡി.എഫിനും എല്‍.ഡി.എഫും തുല്യ സീറ്റാണ് ഉണ്ടായിരുന്നത്.

മലപ്പുറത്ത് കോട്ട തകര്‍ക്കാന്‍ എല്‍ഡിഎഫിനായില്ല. അഞ്ച് സീറ്റിലും യു.ഡി.എഫ് ജയിച്ചു. കാലടി പഞ്ചായത്തിലെ ചാലപ്പുറത്ത് 282 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി രജിത വിജയിച്ചു. രജിതക്ക് ആകെ 593 വോട്ടാണ് ലഭിച്ചത്. എല്‍.ഡി.എഫ് സ്വതന്ത്രയായ സുബൈദ 311 വോട്ട് നേടി. എസ്.ഡി.പി.ഐ സ്വതന്ത്രയായ ചോയിവളപ്പില്‍ റസീനക്ക് 104 വോട്ട് ലഭിച്ചു. ഉപതെരഞ്ഞെടുപ്പില്‍ ചാലപ്പുറത്ത് ആകെ 1033 വോട്ടാണ് രേഖപ്പെടുത്തിയത്.

പൂക്കോട്ടൂര്‍ ചീനിക്കലില്‍ മുസ്‌ലിം ലീഗിലെ അബ്ദുല്‍ സത്താര്‍ 998 നേടി. 710 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇദ്ദേഹത്തിന്റെ വിജയം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ സുരേന്ദ്രന്‍ എന്ന ഇ.കെ സുന്ദരന്‍ 288 വോട്ട് നേടി. ബി.ജെ.പി സ്ഥാനാര്‍ഥിയായ പത്മകുമാറിന് 17 വോട്ട് ലഭിച്ചു. സ്വതന്ത്രനായി മത്സരിച്ച ഇര്‍ഷാദിന് വോട്ടൊന്നും നേടാനായില്ല. ചീനിക്കലില്‍ ആകെ 1303 വോട്ടാണ് രേഖപ്പെടുത്തിയത്.

തിരുവാലി പഞ്ചായത്തിലെ കണ്ടമംഗലത്ത് 106 വോട്ടിന് യു.ഡി.എഫ് സ്ഥാനാര്‍ഥി അല്ലേക്കാടന്‍ സജീഷാണ് പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇദ്ദേഹം 718 വോട്ട് നേടി. എല്‍.ഡി.എഫ് സ്വതന്ത്രനായ ടി.പി താഹിര്‍ മാസ്റ്റര്‍ 612 വോട്ട് നേടി. സ്വതന്ത്രരായി ജനവിധി തേടിയ കെ സജീഷിന് ഏഴും സഫീറിന് 11 ഉം വോട്ടുകള്‍ ലഭിച്ചു. 1348 വോട്ടാണ് കണ്ടമംഗലത്ത് ആകെ രേഖപ്പെടുത്തിയത്.

മക്കരപ്പറമ്പ് കാച്ചിനിക്കാട് പടിഞ്ഞാറ് മേഖലയിലെ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ സി. ഗഫൂര്‍ വിജയിച്ചു. 90 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. ഇദ്ദേഹം 675 വോട്ട് നേടി. എല്‍.ഡി.എഫ് സ്വതന്ത്രനായ യൂസഫ് കരുവള്ളി 585 വോട്ട് നേടി. ഇവിടെ ആകെ 1260 വോട്ടാണ് രേഖപ്പെടുത്തിയത്.

ഊര്‍ങ്ങാട്ടിരി വേഴക്കോട് യു.ഡി.എഫ് പ്രതിനിധി ശിവകുമാര്‍ എന്ന സത്യനാണ് പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇദ്ദേഹത്തിന് 384 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. ഇദ്ദേഹം ആകെ 767 വോട്ട് നേടി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ സതീഷ് ചന്ദ്രന്‍ ചേലാട്ടിന് 383 വോട്ട് ലഭിച്ചു. ബി.ജെ.പി സ്ഥാനാര്‍ഥിയായ അഡ്വ. ടി പ്രവീണ്‍കുമാര്‍ 49 വോട്ട് നേടി. സ്വതന്ത്രനായ മുജീബ് റഹ്മാന് അഞ്ച് വോട്ട് ലഭിച്ചു. രണ്ട് പോസ്റ്റല്‍ വോട്ട് ഉള്‍പ്പടെ ആകെ 1204 വോട്ട് വേഴക്കോട്ടെ ഉപതെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തി.

Related Articles
Next Story
Share it