ഹൈദരലി തങ്ങള്‍ക്ക് നിറകണ്ണുകളോടെ വിട

മലപ്പുറം: ഇന്നലെ അന്തരിച്ച മുസ്ലിംലീഗിന്റെ സംസ്ഥാന അധ്യക്ഷനും സമസ്തയുടെ ഉപാധ്യക്ഷനും കേരളത്തിന്റെ സമാധാന അംബാസിഡര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട സൗമ്യസാന്നിധ്യവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഓര്‍മ്മയായി. പാണക്കാട്ടേക്ക് ഒഴുകിയെത്തിയ ലക്ഷങ്ങളുടെ സ്‌നേഹ വായ്പ് ഏറ്റുവാങ്ങി ഹൈദരലി തങ്ങള്‍ ആറടി മണ്ണിലലിഞ്ഞു. ഇന്നലെ രാവിലെ മുതല്‍ ഇടമുറിയാതെ ഒഴുകിയെത്തിയ ജനങ്ങളെ ഉള്‍ക്കൊള്ളാനാകാതെ പാണക്കാട് വീര്‍പ്പുമുട്ടി. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെ പാണക്കാട് ജുമാമസ്ജിദ് അങ്കണത്തിലാണ് ഹൈദരലി തങ്ങളുടെ ജനാസ ഖബറടക്കിയത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഖബറടക്ക ചടങ്ങുകള്‍. ഇന്ന് […]

മലപ്പുറം: ഇന്നലെ അന്തരിച്ച മുസ്ലിംലീഗിന്റെ സംസ്ഥാന അധ്യക്ഷനും സമസ്തയുടെ ഉപാധ്യക്ഷനും കേരളത്തിന്റെ സമാധാന അംബാസിഡര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട സൗമ്യസാന്നിധ്യവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഓര്‍മ്മയായി. പാണക്കാട്ടേക്ക് ഒഴുകിയെത്തിയ ലക്ഷങ്ങളുടെ സ്‌നേഹ വായ്പ് ഏറ്റുവാങ്ങി ഹൈദരലി തങ്ങള്‍ ആറടി മണ്ണിലലിഞ്ഞു. ഇന്നലെ രാവിലെ മുതല്‍ ഇടമുറിയാതെ ഒഴുകിയെത്തിയ ജനങ്ങളെ ഉള്‍ക്കൊള്ളാനാകാതെ പാണക്കാട് വീര്‍പ്പുമുട്ടി. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെ പാണക്കാട് ജുമാമസ്ജിദ് അങ്കണത്തിലാണ് ഹൈദരലി തങ്ങളുടെ ജനാസ ഖബറടക്കിയത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഖബറടക്ക ചടങ്ങുകള്‍.
ഇന്ന് രാവിലെ ഒമ്പത് മണിക്ക് ഖബറടക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ മലപ്പുറം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനുവച്ച ശേഷം അഭൂതപൂര്‍വമായ ജനക്കൂട്ടമാണ് അവസാനമായി ഒരുനോക്കുകാണാന്‍ പിന്നേയും ഒഴുകിയെത്തിയത്. ഇതോടെ പൊതുദര്‍ശനം നിര്‍ത്തി മൃതദേഹം പാണക്കാട്ടെ വീട്ടിലേക്കെടുത്തു. ഈ സമയത്തും ആയിരക്കണക്കിനാളുകള്‍ പ്രിയ നേതാവിനെ ഒരു നോക്കു കാണാന്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. നിയന്ത്രണങ്ങള്‍ക്കപ്പുറമുള്ള ജനത്തിരക്ക് അടക്കമുള്ള പ്രത്യേക സാഹചര്യം പരിഗണിച്ച് നേരത്തെ നിശ്ചയിച്ചതില്‍നിന്ന് വിപരീതമായി അര്‍ധരാത്രി തന്നെ ഹൈദരലി തങ്ങളുടെ മയ്യത്ത് ഖബറടക്കുകയായിരുന്നു.
ഇന്നലെ അര്‍ദ്ധരാത്രിയും ഇന്ന് പുലര്‍ച്ചെയുമെല്ലാം എല്ലാവഴികളും പാണക്കാട്ടേക്കായിരുന്നു. വാഹനങ്ങളിലും തീവണ്ടി മാര്‍ഗം എത്തി മറ്റു വാഹനങ്ങളിലും ആയിരക്കണക്കിന് ആളുകള്‍ പാണക്കാട്ടേക്ക് പ്രവഹിച്ചുകൊണ്ടിരുന്നു. മതഭേദമന്യേ, ജാതിഭേദമന്യേ സമാധാനത്തിന്റെ ആ നിറകുടത്തെ ഒരു നോക്കുകാണാനായി എത്തിയ പലര്‍ക്കും ദൂരെനിന്ന് തന്നെ മടങ്ങേണ്ടിവന്നു. അര്‍ബുദ രോഗത്തിനു ചികിത്സയിലിരിക്കെ, ഇന്നലെ ഉച്ചയ്ക്ക് 12.40ന് അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയിലായിരുന്നു തങ്ങളുടെ അന്ത്യം. രാത്രി 7 മുതല്‍ മലപ്പുറം ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളുമുള്‍പ്പെടെ വന്‍ ജനാവലി അന്ത്യാഞ്ജലി അര്‍പ്പിച്ചു.
പതിനായിരങ്ങളുടെ കണ്ഠത്തില്‍ നിന്നുയര്‍ന്ന വിങ്ങുന്ന പ്രാര്‍ത്ഥനയില്‍ പൊതിഞ്ഞൊരു യാത്രയപ്പായിരുന്നു കൈരളി പ്രിയ നേതാവിന് നല്‍കിയത്.
പാണക്കാട്ടെ ജുമാമസ്ജിദിന് തൊട്ടടുത്ത് പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ക്കും സഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ക്കും ചാരെയാണ് ഹൈദരലി തങ്ങള്‍ക്കും അന്ത്യവിശ്രമം ഒരുക്കിയത്. പാണക്കാട് ജുമാമസ്ജിദില്‍ അവസാന മയ്യിത്ത് നമസ്‌കാരങ്ങള്‍ക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഹൈദരലി തങ്ങളുടെ മകന്‍ മുഈനലി ശിഹാബ് തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച തിരക്കിനിടയില്‍ പലര്‍ക്കും വീര്‍പ്പുമുട്ടി ബോധക്ഷയമുണ്ടായി. മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബ് സ്ഥലത്ത് കുഴഞ്ഞുവീണു. അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
അര്‍ബുദബാധിതനായി എറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്നലെ രാവിലെയാണ് ഹൈദരലി ശിഹാബ് തങ്ങള്‍ വിടപറഞ്ഞത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മന്ത്രിമാര്‍, സമുദായ നേതാക്കള്‍, മമ്മൂട്ടി അടക്കമുള്ള സാംസ്‌കാരിക നേതാക്കള്‍ അവസാനമായി ഒരു നോക്കുകാണാന്‍ എത്തിയിരുന്നു.

Related Articles
Next Story
Share it