ലണ്ടന്‍: ബ്രിട്ടിഷ് പൊതുതിരഞ്ഞെടുപ്പില്‍ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ച് ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേക്ക്. ലേബര്‍ പാര്‍ട്ടിയുടെ കെയ്ര് സ്റ്റാര്‍മര്‍ പ്രധാനമന്ത്രിയാകും. ഹോല്‍ബോണ്‍ ആന്റ് സെന്റ് പാന്‍ക്രാസ് സീറ്റില്‍ നിന്നാണ് സ്റ്റാര്‍മറുടെ വിജയം. ലേബര്‍ പാര്‍ട്ടിയുടെ കുതിപ്പിനിടെ തോല്‍വി സമ്മതിച്ച് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും നിലവിലെ പ്രധാനമന്ത്രിയുമായി ഋഷി സുനക് രംഗത്ത് വന്നു.
650 അംഗ പാര്‍ലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മൂന്നിലൊന്ന് സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചപ്പോഴേക്കും കേവലഭൂരിപക്ഷത്തിന്വേണ്ട 325 സീറ്റ് ലേബര്‍ പാര്‍ട്ടി മറികടന്നു. നിലവില്‍ 359 സീറ്റുമായി ലേബര്‍ പാര്‍ട്ടി മുന്നേറുകയാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 72 സീറ്റില്‍ ഒതുങ്ങി. 2019ലേതിനേക്കാള്‍ 172 സീറ്റാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് നഷ്ടമായത്. 46 സീറ്റുമായി ലേബര്‍ ഡെമോക്രാറ്റ് പാര്‍ട്ടി മൂന്നാമതെത്തി.
ലേബര്‍ പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിച്ച് വോട്ടു ചെയ്തവരോട് കെയ്ര് സ്റ്റാര്‍മര്‍ നന്ദി അറിയിച്ചു. സ്റ്റാര്‍മറെ ഫോണില്‍ വിളിച്ച് സുനക് അഭിനന്ദനമറിയിച്ചു. റിച്ച്മണ്ട് ആന്റ് നോര്‍തലേര്‍ട്ടന്‍ സീറ്റ് സുനക് നിലനിര്‍ത്തി. 23,059 വോട്ടാണ് ഭൂരിപക്ഷം.