കൈക്കൂലി വാഴും നാട്...

അഴിമതിരഹിത കേരളം സ്വപ്നം കാണുന്നവര്‍ക്ക് കല്ലുകടിയായി കൈക്കൂലിക്കേസ് കണക്കുകള്‍ ദിനം തോറും കൂടി വരികയാണ്. കാലവും സമൂഹവും എത്ര തന്നെ മുന്നോട്ട് കുതിച്ചാലും കൈക്കൂലിയോടുള്ള സര്‍ക്കാരുദ്യോഗസ്ഥരുടെ മനോഭാവം മാറുന്നില്ലെന്നതാണ് വസ്തുത. പൊതുജനങ്ങള്‍ക്ക് സേവനം നല്‍കാന്‍ പൊതുജനം നല്‍കുന്ന നികുതിപ്പണമുപയോഗിച്ചു സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നവരാണ് സര്‍ക്കാരുദ്യോഗസ്ഥര്‍. മാന്യമായ ശമ്പളവും ആനുകൂല്യങ്ങളും വാങ്ങി സര്‍ക്കാര്‍ സര്‍വീസില്‍ ജോലിയെടുക്കുന്നവരാണ് പൊതു ജനങ്ങളുടെ കീശയില്‍ കയ്യിട്ടു വാരുന്നതെന്നത് വിരോധാഭാസമാണ്. സര്‍ക്കാര്‍ ഖജനാവിലെത്തുന്ന നികുതി വരുമാനത്തിന്റെ കൂടുതലും ചെലവഴിക്കുന്നത് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളവും […]

അഴിമതിരഹിത കേരളം സ്വപ്നം കാണുന്നവര്‍ക്ക് കല്ലുകടിയായി കൈക്കൂലിക്കേസ് കണക്കുകള്‍ ദിനം തോറും കൂടി വരികയാണ്. കാലവും സമൂഹവും എത്ര തന്നെ മുന്നോട്ട് കുതിച്ചാലും കൈക്കൂലിയോടുള്ള സര്‍ക്കാരുദ്യോഗസ്ഥരുടെ മനോഭാവം മാറുന്നില്ലെന്നതാണ് വസ്തുത.
പൊതുജനങ്ങള്‍ക്ക് സേവനം നല്‍കാന്‍ പൊതുജനം നല്‍കുന്ന നികുതിപ്പണമുപയോഗിച്ചു സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നവരാണ് സര്‍ക്കാരുദ്യോഗസ്ഥര്‍. മാന്യമായ ശമ്പളവും ആനുകൂല്യങ്ങളും വാങ്ങി സര്‍ക്കാര്‍ സര്‍വീസില്‍ ജോലിയെടുക്കുന്നവരാണ് പൊതു ജനങ്ങളുടെ കീശയില്‍ കയ്യിട്ടു വാരുന്നതെന്നത് വിരോധാഭാസമാണ്.
സര്‍ക്കാര്‍ ഖജനാവിലെത്തുന്ന നികുതി വരുമാനത്തിന്റെ കൂടുതലും ചെലവഴിക്കുന്നത് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നല്‍കാനാണ്. നികുതിദായകര്‍ വരുമാന ചോര്‍ച്ച മൂലം കഷ്ടപ്പെടുമ്പോള്‍ സര്‍ക്കാരുദ്യോഗസ്ഥര്‍ നല്ല ശമ്പളം വാങ്ങി സുഖലോലുപതയില്‍ നില്‍ക്കുകയാണ്, അതിനിടയിലാണ് ഈ കൈക്കൂലി കൊള്ള.
സര്‍ക്കാര്‍ സര്‍വീസുകളിലെ അഴിമതിക്ക് കേരളത്തോളം പഴക്കമുണ്ട്. ഉദ്യോഗസ്ഥരിലെ ഒരു ന്യൂനപക്ഷം ചെയ്യുന്ന അഴിമതിക്ക് പഴികേള്‍ക്കേണ്ടി വരുന്നത് ഭൂരിപക്ഷം വരുന്ന അഴിമതിരഹിതരായ ഉദ്യോഗസ്ഥര്‍ കൂടിയാണ്. കാലമെത്ര പുരോഗമിച്ചാലും മനോഭാവം മാറ്റാത്തവരാണ് കൈക്കൂലി കണക്ക് പറഞ്ഞു വാങ്ങിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍ പൊതു ജനത്തെ കവര്‍ച്ച ചെയ്യാനുള്ളതല്ലെന്ന തിരിച്ചറിവ് ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാവാത്തിടത്തോളം കാലം കൈക്കൂലിയെന്ന ദുരാചാരം കേരളത്തില്‍ തുടരുമെന്നതില്‍ യാതൊരു സംശയവുമില്ല.
കഴിഞ്ഞ നാല് വര്‍ഷത്തെ കണക്കുകളില്‍ കൈക്കൂലി സൂചിക മുന്നോട്ട് തന്നെയാണ്. ഈ വര്‍ഷത്തെ കണക്കും ആശാവഹമല്ല. കൈക്കൂലി കേസില്‍ പിടിക്കപ്പെടുന്നവര്‍ ഒന്നര വര്‍ഷമെങ്കിലും സസ്‌പെന്‍ഷനിലാകുന്നു എന്നത് മാത്രമാണ് ആശ്വാസം.
എന്നാലും വിജിലന്‍സ് നേരിട്ടെടുക്കുന്ന അഴിമതിക്കേസുകളില്‍ സര്‍ക്കാര്‍ അനുമതി നിര്‍ബന്ധമാക്കിയതിനാല്‍ സ്വാധീനമുള്ള ഏത് ഉദ്യോഗസ്ഥനും അന്വേഷണം അട്ടിമറിക്കാം എന്നൊരു സാധ്യതയുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിക്കുന്ന പരാതി സര്‍ക്കാരിന് കൈമാറി അനുമതി വാങ്ങിയിട്ടു മാത്രമേ പ്രാഥമിക അന്വേഷണം പോലും നടത്താന്‍ കഴിയൂ എന്നതാണ് അവസ്ഥ. സര്‍ക്കാര്‍ പറഞ്ഞാല്‍ കേസ് എഴുതി തള്ളണം.
മാസങ്ങള്‍ക്ക് മുമ്പ് കോട്ടയത്തു കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വിജിലന്‍സിനോട് പറഞ്ഞത് ഇങ്ങനെയാണ്, ഞാന്‍ മാത്രമല്ല ഓഫീസിലെ മറ്റു പലരും കൈക്കൂലി വാങ്ങുന്നുണ്ട് എന്നാണ്. അഴിമതി രഹിത കേരളം സ്വപ്‌നം കാണുന്നവരെ നിരാശരാക്കി കൈക്കൂലി കേസുകള്‍ കൂടുമ്പോള്‍, പിടികൂടുന്നവര്‍ക്കെതിരെയുള്ള അന്വേഷണം തന്നെ അട്ടിമറിക്കാന്‍ സാധ്യതയുള്ളപ്പോള്‍ വലിയൊരു അപായ സൂചനയാണ് ഉയരുന്നത്.
കൈക്കൂലിക്കും മറ്റു ക്രമക്കേടുകള്‍ക്കും വഴി തുറക്കുന്ന ഇടപാടുകള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ തുടര്‍ച്ചയായി നടക്കുന്നുണ്ടെങ്കിലും അവയില്‍ വളരെ കുറച്ചു സംഭവങ്ങള്‍ മാത്രമാണ് പുറത്തു വരുന്നതും പിടിക്കപ്പെടുന്നതും. എന്നിട്ടു പോലും കേസുകളുടെ എണ്ണം കൂടുന്നു എന്നുള്ളത് പേടിക്കേണ്ടതും പിടിക്കപ്പെടാത്ത കുറെയധികം കേസുകള്‍ ഉണ്ടെന്നത് വസ്തുതയുമാണ്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തിന് ഇത്തരം സംഭവങ്ങള്‍ വലിയ ആഘാതത്തിനിടയാക്കുമെന്നും ആശങ്കയുണ്ട്.
2018ല്‍ 18 പേരാണ് അറസ്റ്റിലായത്. കൂടുതല്‍ അറസ്റ്റ് റവന്യു വകുപ്പിലായിരുന്നു. 2019ല്‍ 17 പേര് അറസ്റ്റ് ചെയ്യപ്പെട്ടു. കൂടുതല്‍ ഉള്‍പ്പെട്ടത് തദ്ദേശ വകുപ്പിലും റവന്യൂ വകുപ്പിലുമായിരുന്നു. 2020ല്‍ 28 പേരും 2021ല്‍ 36 പേരും അറസ്റ്റിലായി. ഇവിടെയും തദ്ദേശം ,റവന്യു ഉദ്യോഗസ്ഥരാണ് കൂടുതലും പിടിയിലായത്. റവന്യു വകുപ്പിലെ പല സേവനങ്ങളും ഓണ്‍ലൈന്‍ ആക്കിയതോടെ വില്ലജ് ഓഫീസുകള്‍ കേന്ദ്രീകരിച്ചു നടന്നിരുന്ന കൈക്കൂലി കൊള്ള ഒരളവ് വരെ കുറക്കാന്‍ സാധിച്ചിട്ടുണ്ട് എന്നത് ആശ്വാസമാണ്.
സര്‍ക്കാര്‍ ശമ്പളത്തിന് പുറമെ ലഭിക്കുന്ന കിമ്പളത്തിന്റെ സ്രോതസ്സുകള്‍ പലതും ഇല്ലാതായതോടെ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങാന്‍ മറ്റു പല വഴികളും കണ്ടെത്തിയിട്ടുമുണ്ട്.
ചീമേനി വില്ലേജ് ഓഫീസിലെ രണ്ടു ഉദ്യോഗസ്ഥര്‍ നിര്‍ധന യുവതിയുടെ കെട്ട്താലി പണയം വെച്ച പണം കൈക്കൂലിയായി വാങ്ങിയത് നാമെല്ലാവരും അറിഞ്ഞതാണ്. അതിനോടൊപ്പം തന്നെ ഡ്രൈവിംഗ് ടെസ്റ്റിന്റെ മറവില്‍ സംസ്ഥാനത്തെ റീജ്യണല്‍ ട്രാന്‍സ്പോര്‍ട് ഓഫീസുകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന കൈക്കൂലി കണക്കുകളും ചെറുതല്ല. കാഞ്ഞങ്ങാട് ആര്‍.ടി ഓഫീസിലെ വിജിലന്‍സ് റെയ്ഡിലൂടെ പിടിച്ചെടുത്തത് രണ്ടേ മുക്കാല്‍ ലക്ഷത്തോളം രൂപയാണ്.
നിരന്തരമായുണ്ടാകുന്ന വിജിലന്‍സ് റെയ്ഡുകളില്‍ സര്‍ക്കാരുദ്യോഗസ്ഥര്‍ കുടുങ്ങിക്കൊണ്ടിരിക്കുമ്പോഴും സര്‍വ്വീസ് സംഘടനകള്‍ കുറ്റകരമായ മൗനം അവലംബിക്കുന്നത് ഖേദകരമാണ്. കൈക്കൂലിക്കെതിരെ മൂന്നു തരം അന്വേഷണമാണ് സംസ്ഥാനത്തു വിജിലന്‍സ് നടത്തുന്നത്. ആദ്യത്തേത് കൈക്കൂലി ആവശ്യപ്പെടുന്നവരെ പരാതിക്കാരനെ കൊണ്ട് വിജിലന്‍സ് പണം നല്‍കി കുടുക്കുന്ന രീതി. ഇത്തരക്കാരെ ഉടന്‍ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യും. രണ്ടാമത്തേത് വിജിലന്‍സ് ഡയറക്ടര്‍ക്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ ലഭിക്കുന്ന അഴിമതി, അവിഹിത സ്വത്ത് സമ്പാദ്യം തുടങ്ങിയ പരാതികള്‍. ഈ പരാതിയില്‍ അന്വേഷണം തുടങ്ങാന്‍ പോലും സര്‍ക്കാര്‍ അനുമതി വേണം. മൂന്നാമത്തേതാണ് വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ക്രമക്കേട് സ്ഥിരീകരിച്ചു സംസ്ഥാന വ്യാപകമായി ഏതെങ്കിലും ഒരു വകുപ്പില്‍ ഒരേ സമയം പരിശോധന നടത്തുന്നതാണ് രീതി. അവിടെ കണക്കില്‍ പെടാത്ത പണവുമായി ഉദ്യോഗസ്ഥര്‍ പിടിക്കപ്പെട്ടാലും ആ കണക്കുകള്‍ ബന്ധപ്പെട്ട വകുപ്പ് മേധാവിക്ക് കൈമാറാന്‍ മാത്രമേ വിജിലന്‍സ് ഡയറക്ടര്‍ക്ക് കഴിയൂ.
സേവനം ജനങ്ങളുടെ അവകാശമാക്കിയ സംസ്ഥാനമാണ് കേരളം. 2012ലെ കേരളപ്പിറവി ദിനത്തില്‍ പ്രാബല്യത്തില്‍ വന്ന നിയമത്തിന്റെ ലക്ഷ്യം സര്‍ക്കാര്‍ സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുക എന്നതാണ്. ആത്മാര്‍ത്ഥ ജനസേവനമായി സര്‍ക്കാര്‍ ജോലിയെ കാണുന്ന ഉദ്യോഗസ്ഥര്‍ക്ക് സേവനാവകാശ നിയമം കൂടുതല്‍ കര്‍മോര്‍ജം പകരുകയും ചെയ്യുന്നു.
ഈ നിയമം നടപ്പിലാക്കിയ ശേഷവും സര്‍ക്കാര്‍ സേവനങ്ങള്‍ പലപ്പോഴും ജനങ്ങള്‍ക്ക് കൃത്യമായി ലഭിക്കുന്നില്ല. ഇങ്ങനെ അര്‍ഹതപ്പെട്ട സേവനം ലഭിക്കാനാണ് പലപ്പോഴും കൈക്കൂലി കൊടുക്കേണ്ടി വരുന്നത്. വളയുന്ന ഉദ്യോഗസ്ഥരെ മികച്ച സ്ഥാനങ്ങളില്‍ ഇരുത്തുകയും അല്ലാത്തവരെ വകുപ്പിലെ പുറമ്പോക്കില്‍ തള്ളുകയും ചെയ്യുന്ന രാഷ്ട്രീയ നേതൃത്വം തന്നെയാണ് അഴിമതിക്കാരെ വളരാന്‍ സഹായിക്കുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ അഴിമതി ആരോപണം കരുവാക്കി നല്ല ഉദ്യോഗസ്ഥരുടെ പേരില്‍ കളങ്കം ചാര്‍ത്തുന്നതും ഇക്കൂട്ടര്‍ തന്നെയാണ്. മഹനീയവും ജനകീയ പ്രതിബദ്ധതയുമുള്ള ഉദ്ദേശ ലക്ഷ്യങ്ങളോടെ രൂപീകരിക്കപ്പെട്ട വിജിലന്‍സ് വകുപ്പാണ് കൂടുതല്‍ ശക്തിയോടെ ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളേണ്ടത്. അഴിമതിക്കെതിരെ സദാ ജാഗരൂകരാണെങ്കിലും ആ വലിയ ദൗത്യത്തില്‍ ബാഹ്യ ഇടപെടലുകള്‍ മങ്ങലേല്‍പ്പിക്കുന്നതാണ് പലപ്പോഴും നാം കാണുന്നത്. അഴിമതി ചെയ്യുന്നത് ആരായാലും രാഷ്ട്രീയം നോക്കാതെ തുടര്‍നടപടികളിലേക്ക് കടക്കാനുള്ള സ്വാതന്ത്ര്യവും ഇച്ഛാശക്തിയും വിജിലന്‍സിന് കിട്ടേണ്ടതുണ്ട്.

-ഹാഷിര്‍ കൊടിയമ്മ

Related Articles
Next Story
Share it