തട്ടിക്കൊണ്ടുപോയ കേസില്‍ വഴിത്തിരിവ്; നഴ്‌സിങ് കെയര്‍ടേക്കറെ തിരയുന്നു

കൊല്ലം: ഓയൂരില്‍ നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച സംഭവത്തില്‍ വഴിത്തിരിവ്. തട്ടിക്കൊണ്ടു പോയ സംഘത്തിലെ ഒരു യുവതി നഴ്‌സിങ് കെയര്‍ടേക്കറാണെന്നാണ് സംശയം. റിക്രൂട്ടിങ് തട്ടിപ്പിന് ഇരയായ യുവതിയാണെന്നും സൂചനയുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം പുറത്തുവിട്ട രേഖാചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് നഴ്‌സിങ് കെയര്‍ടേക്കറായ യുവതിയിലേക്ക് അന്വേഷണമെത്തിയത്. അതിനിടെ അന്വേഷണ സംഘം കുട്ടിയുടെ വീട്ടിലെത്തി. കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പൊലീസ് വീട്ടിലെത്തിയത്. അന്വേഷണ സംഘം ഒരു ഓട്ടോ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പത്തനംതിട്ടയില്‍ സ്വകാര്യ ആസ്പത്രിയില്‍ നഴ്‌സായ, […]

കൊല്ലം: ഓയൂരില്‍ നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച സംഭവത്തില്‍ വഴിത്തിരിവ്. തട്ടിക്കൊണ്ടു പോയ സംഘത്തിലെ ഒരു യുവതി നഴ്‌സിങ് കെയര്‍ടേക്കറാണെന്നാണ് സംശയം. റിക്രൂട്ടിങ് തട്ടിപ്പിന് ഇരയായ യുവതിയാണെന്നും സൂചനയുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം പുറത്തുവിട്ട രേഖാചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് നഴ്‌സിങ് കെയര്‍ടേക്കറായ യുവതിയിലേക്ക് അന്വേഷണമെത്തിയത്. അതിനിടെ അന്വേഷണ സംഘം കുട്ടിയുടെ വീട്ടിലെത്തി. കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പൊലീസ് വീട്ടിലെത്തിയത്. അന്വേഷണ സംഘം ഒരു ഓട്ടോ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പത്തനംതിട്ടയില്‍ സ്വകാര്യ ആസ്പത്രിയില്‍ നഴ്‌സായ, കുട്ടിയുടെ പിതാവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇദ്ദേഹത്തെ ഇന്ന് പൊലീസ് മൊഴിയെടുക്കാനായി വിളിപ്പിച്ചിട്ടുണ്ട്. പിതാവുമായി വൈരാഗ്യമുള്ളവര്‍ നടത്തിയ ക്വട്ടേഷനാണെന്നാണു സംശയം. നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റും നഴ്‌സിങ് പ്രവേശനവുമായും ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണോ തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചതെന്നാണ് അന്വേഷിക്കുന്നത് കുട്ടിയുടെ പിതാവ് ഭാരവാഹിയായ സംഘടനയില്‍പെട്ട ചിലരെ ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുന്‍വൈരാഗ്യമുള്ള ചിലര്‍ ക്വട്ടേഷന്‍ സംഘത്തിന്റെ സഹായം തേടിയോ എന്നും പൊലീസിനു സംശയമുണ്ട്. 3 പേരുടെ രേഖാചിത്രങ്ങള്‍ ഇന്നലെ പുറത്തുവിട്ടിരുന്നു. കുട്ടിയെ വിട്ടുകിട്ടാന്‍ 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതിനു പിന്നാലെ ഗള്‍ഫില്‍ നിന്നു തുക ട്രാന്‍സ്ഫര്‍ ചെയ്തുവെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഇദ്ദേഹം താമസിച്ചിരുന്ന പത്തനംതിട്ടയിലെ ഫ്‌ളാറ്റിലും ജോലി ചെയ്യുന്ന ആസ്പത്രിയിലും പൊലീസ് കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. ഫ്ളാറ്റില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഈ ഫോണ്‍ മുഖേന ഏതെങ്കിലും സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനും ആലോചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ വിശദാംശങ്ങള്‍ തേടാന്‍ പിതാവിനെ വിളിച്ചുവരുത്തുന്നത്. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വെള്ളനിറത്തിലുള്ള കാറിനു വ്യാജ നമ്പര്‍ പ്ലേറ്റ് നിര്‍മിച്ചു നല്‍കിയെന്നു സംശയിക്കുന്ന ചാത്തന്നൂര്‍ ചിറക്കര സ്വദേശി ഉള്‍പ്പെടെ ചിലര്‍ കസ്റ്റഡിയിലുണ്ട്.

Related Articles
Next Story
Share it