പുനര്‍ജനിയിലൂടെ ഒരു യാത്ര...

ഒരു സാഹിത്യകൃതി -വിശേഷിച്ചും കവിത -എല്ലാവരും വായിക്കുന്നത് ഒരുപോലെയല്ല. അങ്ങനെ ആകണമെന്ന് നിര്‍ബന്ധിക്കുന്നതും പ്രതീക്ഷിക്കുന്നതും ശരിയല്ല. 'ഭിന്ന രുചിര്‍ഹി ലോക' -ലോകര്‍ ഭിന്ന രുചികള്‍ -അതായത് വ്യത്യസ്ത അഭിരുചി ഉള്ളവര്‍.

'കവിഃ കവതേ... സ്തുതി കര്‍മ്മണഃ' എന്ന് യാസ്‌ക മുനി. എല്ലാ കവിതകളും സ്തുതികളാണോ? ആകണമെന്നില്ല. അതുകൊണ്ടാണല്ലോ യാസ്‌കന്‍ മറ്റൊരു അഭിപ്രായം കൂടി പറഞ്ഞത്: 'കവി: ക്രാന്തദര്‍ശിനോ ഭവതി' എന്ന്. ക്രാന്തദര്‍ശി -കടന്നുകാണുന്നവന്‍. തൊട്ടടുത്ത് ഈ നിമിഷം കാണുന്നത് മാത്രം കാണുകയും അഭിപ്രായം പറയുകയും ചെയ്യുന്നവരല്ല യഥാര്‍ത്ഥ കവികള്‍.

'ഭൂതകാല സ്മൃതികളിലെ തപ്ത മധ്യാഹ്നങ്ങളില്‍ സാന്ത്വനമായി പെയ്യുന്ന കുളിര്‍മഴ'യാണ് തനിക്ക് കവിത എന്ന് ലതാ രാജന്‍. അധ്യാപക വൃത്തിയില്‍ നിന്ന് വിരമിച്ച ശ്രീമതി ലതയുടെ ആദ്യത്തെ പ്രസിദ്ധീകൃത കൃതിയാണ് പുനര്‍ജനി എന്ന കവിതാ സമാഹാരം. കോളേജ് പ്രൊഫസര്‍ ആയിരുന്ന ശ്രീ പി.കെ രാജന്റെ സഹധര്‍മ്മിണിയാണ് ലത. വര്‍ഷങ്ങളായി താന്‍ കുത്തിക്കുറിച്ചിട്ട കവിതകളില്‍ നിന്നും 31 എണ്ണം തിരഞ്ഞെടുത്ത് പുറംലോകത്ത് കാണിക്കാന്‍ ധൈര്യം പകര്‍ന്നത് ഭര്‍ത്താവും സഹോദരിമാരും മാതാപിതാക്കളും ആണ് എന്ന് അവര്‍ ആമുഖത്തില്‍ പറയുന്നു.

'ഇരുള്‍ വനങ്ങളിലെ കനല്‍ പൂവുകള്‍' എന്ന ശീര്‍ഷകത്തില്‍ പ്രശസ്ത കവി ദിവാകരന്‍ വിഷ്ണുമംഗലം എഴുതിയ കാവ്യാത്മക ശൈലിയിലുള്ള മര്‍മ്മതല സ്പര്‍ശിയായ അവതാരിക വായിച്ചുകൊണ്ട് 'ഇരുള്‍ പൂക്കുന്നിടത്തേക്ക്' കടക്കാം. ആത്മസാക്ഷാത്കാരം തേടിയുള്ള 'തീര്‍ത്ഥയാത്ര' യോടെ സമാപിക്കാം.

'കൊഴിഞ്ഞുവീണ സ്വപ്‌നങ്ങളുടെ മുഖപുസ്തകത്താളുകള്‍ നിര്‍മ്മലവും സുതാര്യവുമായ ഭാവനാകാശത്തേക്ക് തുറന്നുവിട്ട കവയത്രിയെ ഈ സമാഹാരത്തിലെ കവിതകളില്‍ സൂക്ഷ്മദര്‍ശിയായ, സഹൃദയനായ ദിവാകരന്‍ കാണുന്നു, നമുക്ക് കാട്ടിത്തരുന്നു; പരിചയപ്പെടുത്തുന്നു... ഇനി മറ്റൊരു പരിചയപ്പെടുത്തല്‍ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അത് അരോചകമാകും.

'കൊടും വരള്‍ച്ചതന്‍ ഭീമമാം

നഷ്ടങ്ങളും ഗ്രാമീണര്‍ക്കിടയിലെ

ഭീതിയും ദൈന്യതയും

വറ്റി വരണ്ട പുഴകളും തടാകങ്ങളും

ദാഹജലത്തിനായി

കേഴുമീ ജനതയും

ഒരുകുടം ജലവുമായി പോകുമീ-

നാരിതന്‍ വരവിനായി

കാത്തുനില്‍ക്കും

കുഞ്ഞുങ്ങളും...' (വരള്‍ച്ച)

'വേനലിന്‍ മേല്‍മുണ്ട് വലിച്ചുകീറി

ആര്‍ത്തലച്ചു പെയ്ത തുലാമഴ

ഇടിമുഴക്കം, ഇരുണ്ട കമ്പളം കൊണ്ട്

പൊതിഞ്ഞുപിടിച്ച കാര്‍മേഘത്തെ

അനാവൃതമാക്കിയ മിന്നല്‍പിണരും

ആദ്യം വീണ മഴത്തുള്ളികളില്‍

അവളുടെ കണ്ണീരും

അലിഞ്ഞുചേര്‍ന്നു' (തുലാമഴ)

ആദ്യം പറഞ്ഞത് കൊടുംവേനലിന്റെ ആഘാതത്തെക്കുറിച്ച്. പിന്നെ തുലാമഴ. ആര്‍ത്തലച്ച്, ഇടിമുഴക്കത്തോടെയാണെങ്കിലും ആശ്വാസം. ആദ്യം വീണ മഴത്തുള്ളികളില്‍ കണ്ണീരും അലിഞ്ഞുചേര്‍ന്നല്ലോ. താല്‍ക്കാലികാശ്വാസം.

ഈ അവസ്ഥാന്തരങ്ങള്‍ക്ക് കാരണമെന്ത്? 'ദേവി കോപ'മാണോ? 'മഹാമാരിതന്‍ വിത്തെറിഞ്ഞ്, കൊടുംവേനല്‍, തന്റെ പ്രതികാരത്താല്‍ തുള്ളിയുറഞ്ഞ്...' അപ്പോള്‍ പരസ്പരം ആരായുന്നു, ദേവികോപമോ ഇതിന് കാരണം? എല്ലാം അനുഗ്രഹമാണോ? എല്ലാം ദേവിയുടെ ഇഷ്ടം. അത് ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവര്‍ മക്കളായ നാം. സഹിക്കാതെ വേറെ വഴി?

'ഒരു കവിതയായി ഞാന്‍ പുനര്‍ജനിക്കാം' എന്ന് കവിയത്രി വായനക്കാര്‍ക്ക് ഉറപ്പുതരുന്നുണ്ട്. നമുക്ക് കാത്തിരിക്കാം, അത് കാണാന്‍; വായിച്ചാസ്വദിക്കാനും.

പ്രഥമകൃതിക്ക് നേരിട്ട 'ദുര്യോഗം' അച്ചടിമഷിപുരണ്ട് പുറത്തുവരാന്‍ ഒരുപാട് വൈകിയത് -അനന്തര രചനകള്‍ക്ക് സംഭവിക്കരുത് എന്ന അഭ്യര്‍ത്ഥനയോടെ...

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it