രണ്ട് ഭാഷകളെ ഇണക്കി ചേര്‍ത്ത് ബി.ടി ജയറാമിന്റെ ശബ്ദകോശം

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മലയാളം-കന്നഡ നിഘണ്ടു

കന്നഡ ഭാഷയിലെ മുഴുവന്‍ വാക്കുകളും മലയാളത്തിലേക്ക് മൊഴിമാറ്റി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന് വേണ്ടി ആധികാരികമായ കന്നഡ-മലയാളം നിഘണ്ടു പ്രസിദ്ധീകരണത്തിന് ഒരുങ്ങി കഴിഞ്ഞു. വിവിധ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ മികവ് തെളിയിച്ച ഉദുമ പാലക്കുന്ന് ആറാട്ടുകടവ് സ്വദേശി ബി.ടി ജയറാമിനെയാണ് ഈ നിഘണ്ടു തയ്യാറാക്കാന്‍ കേരള ഭാഷാ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ചുമതലപ്പെടുത്തിയത്. ഏറെ ശ്രമകരമായ ആ ദൗത്യം പൂര്‍ത്തിയാക്കാന്‍ ജയറാമിന് 6 വര്‍ഷമെടുത്തു.

ഒരിഷ്ടത്തിന് പിറകെയുള്ള യാത്രയുടെ ലക്ഷ്യപ്രാപ്തിയാണ് ജയറാമിനെ സംബന്ധിച്ചിടത്തോളം ഈ നിഘണ്ടുവിന്റെ പൂര്‍ത്തീകരണവും ഈ മാസം 18ന് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന അതിന്റെ പ്രകാശന ചടങ്ങും. ഭാവാത്മകമായ അക്ഷര സൗന്ദര്യവും വിശാലമായ ചിന്താവൈഭവവും നിഘണ്ടു രചനക്ക് ആവശ്യമില്ലെങ്കിലും ഭാഷകളെ കുറിച്ചും അതിലെ ഓരോ അക്ഷരത്തെയും വാക്കിനെയും കുറിച്ചും അവഗാഹവും വ്യക്തമായ അര്‍ത്ഥശുദ്ധിയും അറിയാവുന്നവര്‍ക്ക് മാത്രമെ ഒരു നിഘണ്ടു തയ്യാറാക്കാന്‍ സാധിക്കുകയുള്ളൂ. ഒരു ഭാഷയിലെ പദങ്ങള്‍ അക്ഷരമാലാ ക്രമത്തില്‍ അടുക്കി അവയുടെ അര്‍ത്ഥവും നിര്‍വചനങ്ങളും പ്രയോഗങ്ങളും മറുമൊഴിയാക്കി തയ്യാറാക്കുന്ന അവലംബ ഗ്രന്ഥമാണ് നിഘണ്ടു. ഒരു നിഘണ്ടുവിന്റെ രൂപ കല്‍പനയില്‍ അതീവ ജാഗ്രതയും ശ്രദ്ധയും അനിവാര്യമാണ്. പിന്നീടുള്ള വെട്ടലിനും തിരുത്തലിനും അവിടെ പ്രസക്തിയില്ല. നനഞ്ഞ പടക്കങ്ങളായി അവശേഷിച്ച് പോകേണ്ട ഗ്രന്ഥമല്ലിത്. കാലങ്ങളായി അവ നിലനില്‍ക്കണം. അതുകൊണ്ട് തന്നെ മറ്റു സാഹിത്യ രചനകളില്‍ നിന്ന് ഏറെ പ്രസക്തവും വ്യത്യസ്തവുമാണ് ശബ്ദകോശങ്ങള്‍.


കന്നഡ ഭാഷയ്ക്ക് മലയാള ഭാഷാപദ വിന്യാസം എളുപ്പമാക്കാനുള്ള ആധികാരികമായ ഒരു റഫറന്‍സ് ഗ്രന്ഥം തയ്യാറാക്കാന്‍ പ്രാപ്തനായ ഒരു ദ്വിഭാഷാ വിദഗ്ധനെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെയാണ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം തിരുവനന്തപുരത്ത് മറ്റൊരു ജോലിയുമായി തിരക്കിലായിരുന്ന ജയറാമിനെ അന്നത്തെ കേരള ഭാഷാ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഡയറക്ടറായ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ യാദൃശ്ചികമായി കണ്ടുമുട്ടുന്നത്. ഇത്തരമൊരു നിഘണ്ടു രചനക്ക് ആ കണ്ടുമുട്ടല്‍ നിമിത്തമായി എന്ന് വേണം കരുതാന്‍. മാതൃഭാഷയ്ക്ക് ഒപ്പം കന്നഡയും അനായാസം കൈകാര്യം ചെയ്യാന്‍ കഴിവുണ്ടെന്ന് തെളിയിച്ച ജയറാമിന് ആ ദൗത്യം ഏറ്റെടുക്കാന്‍ മറിച്ചൊന്നും ചിന്തിക്കേണ്ടി വന്നില്ല. നിഘണ്ടു തയ്യാറാക്കാനുള്ള ഉത്തരവ് ഭാഷാ ഇന്‍സ്റ്റിസ്റ്റ്യൂട്ടില്‍ നിന്ന് ലഭിച്ചതോടെ ഈ വലിയ ദൗത്യം നിറവേറ്റാനുള്ള അന്തരീക്ഷം സ്വന്തം നാടും വീടും തന്നെയാണെന്ന് മനസ്സിലുറപ്പിച്ച് ജയറാം ജന്മനാട്ടിലേക്ക് വണ്ടി കയറി. ആറാട്ടുക്കടവിലെ ജയറാം ഗാര്‍ഡന്‍സിലെ അമ്മ വീട്ടില്‍ അന്നുമുതല്‍ ബൃഹത്തായ പ്രഥമ കന്നഡ- മലയാളം നിഘണ്ടു രചനയുടെ പണിപ്പുരയില്‍ ഈ രണ്ടു ഭാഷകളും ഇടകലര്‍ന്ന അക്ഷരങ്ങളുടെ ലോകത്തില്‍ ജയറാം ചെലവഴിച്ചത് നീണ്ട 6 വര്‍ഷം. ഭാര്യ കോമളവല്ലിയുടെയും മരുമകള്‍ ഡോ. മിഥുന ജെ. കൃഷ്ണന്റെയും പ്രോത്സാഹനം സഹായകമായി.

1680 പേജ്, മൂന്നര ലക്ഷത്തോളം വാക്കുകള്‍

1680 പേജില്‍ മൂന്നര ലക്ഷത്തോളം വാക്കുകള്‍ ഉള്‍ക്കൊണ്ട നിഘണ്ടുവിന് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ച വില 1800 രൂപയാണ്. ഓരോ കന്നഡ പദത്തിന്റെയും ഉച്ചാരണം മലയാള ലിപിയില്‍ ചേര്‍ത്തിട്ടുണ്ട്. ഓരോ പദത്തിന്റെയും നാനാര്‍ത്ഥങ്ങള്‍ സാധാരണക്കാരന് മനസ്സിലാകും വിധം നാടന്‍ ശൈലിയിലും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.

ഭാഷ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഡയറക്ടറുടെ അനുവാദത്തോടെ കന്നഡ വാക്കുകള്‍ മംഗളൂരുവിലെ ഡോ. മീനാക്ഷി രാമചന്ദ്രനും മലയാളം വാക്കുകള്‍ പ്രശസ്ത എഴുത്തുകാരന്‍ ഉദുമയിലെ പ്രൊഫ. എം.എ. റഹ്മാനുമാണ് പരിശോധിച്ചത്. ഭാഷകളുടെ സങ്കലനം പ്രശസ്ത വിവര്‍ത്തകനും എഴുത്തുകാരനും ജയറാമിന്റെ അധ്യാപകന്‍ കൂടിയായ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന അവാര്‍ഡ് ജേതാവ് കെ.വി. കുമാരന്‍ മാസ്റ്ററാണ് നിര്‍വഹിച്ചത്.

ബഹുഭാഷാ സംഗമ ഭൂമിക

വിവിധ ഭാഷകളും സംസ്‌കാരങ്ങളും സമ്മിശ്രമായി ജീവിതത്തിന്റെ ഭാഗമാക്കിയവര്‍ എന്നൊരു സവിശേഷത കാസര്‍കോടിന് മറുദേശക്കാര്‍ പകര്‍ന്നു നല്‍കിയിട്ടുണ്ട്. പഴയ പല റവന്യൂ രേഖകളും കന്നഡയില്‍ നിന്ന് മൊഴിമാറ്റം ചെയ്യാനുള്ള ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ക്ഷേത്രങ്ങളുടെയും തറവാടുകളുടെയും മൂലാധാരങ്ങള്‍ പലതും കന്നഡയിലാണ് എഴുതിയിട്ടുള്ളത്. ഇതുമൂലം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ജില്ലയിലെ വടക്കന്‍ മേഖലകളില്‍ പലയിടങ്ങളിലും ഗൃഹഭാഷ പോലും കന്നഡയാണ്. കന്നഡ മീഡിയം സ്‌കൂളുകളും ഇവിടെ ധാരാളമുണ്ടെങ്കിലും മലയാളം സംസാരിക്കുന്നവരോട് അവര്‍ ആശയവിനിമയം നടത്തുന്നത് പ്രത്യേക സ്ലാങ്ങോടുകൂടിയ മലയാളത്തില്‍ തന്നെയാണ്. കന്നഡ നന്നായി സംസാരിക്കുന്ന മലയാളികളും ഇവിടെയുണ്ട്.

ഇതൊരു റഫറന്‍സ് ഗ്രന്ഥം

ഭാഷാ സ്‌നേഹികള്‍ക്കും ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ശബ്ദകോശം എന്നതിലുപരി നല്ലൊരു റഫറന്‍സ് ഗ്രന്ഥം കൂടിയാവും ഇത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലും പ്രത്യേകിച്ച് കാസര്‍കോട് ജില്ലയിലെ മിക്ക ഓഫീസുകളിലും മറ്റും വിലപ്പെട്ട വിഷയ ഗ്രഹണഗ്രന്ഥമായി ഉപയോഗിക്കപ്പെടും. ഇരുഭാഷകളും പഠിക്കാനുള്ള പ്രാഥമിക അറിവും ഈ നിഘണ്ടുവില്‍ നിന്ന് ലഭിക്കുമെന്ന് ഗ്രന്ഥകര്‍ത്താവ് പറയുന്നു.

ഗ്രന്ഥകാരന്‍ വെറുമൊരു എഴുത്തുകാരന്‍ മാത്രമല്ല

സാംസ്‌കാരിക-സാഹിത്യ-വിദ്യാഭ്യാസ രംഗത്ത് തന്റേതായ കയ്യൊപ്പിട്ട ജയറാം നാട്ടിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയാണ്. ജനനം 1948. ലോവര്‍ പ്രൈമറി വിദ്യാഭ്യാസം പനയാല്‍ ജി.എല്‍.പി സ്‌കൂളിലും അപ്പര്‍ പ്രൈമറി മംഗളൂരു മുനിസിപ്പല്‍ സ്‌കൂളിലും പൂര്‍ത്തിയാക്കി ബേക്കല്‍ ഗവ. ഫിഷറീസ് ഹൈസ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സിയും കാസര്‍കോട് ഗവ. കോളേജില്‍ നിന്ന് ബിരുദവും മംഗളൂരു എസ്.ഡി.എം ലോ കോളേജില്‍ നിന്ന് നിയമപഠനവും പൂര്‍ത്തിയാക്കി. 1975ല്‍ കേരള വാണിജ്യ നികുതി വകുപ്പില്‍ ജോലി ആരംഭിച്ചു. ജില്ല നിലവില്‍ വന്നപ്പോള്‍ ഡെപ്യൂട്ടേഷനില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ചാര്‍ജ് വഹിക്കാനും അവസരമുണ്ടായി. തുടര്‍ന്ന് നികുതി വകുപ്പിലേക്ക് തിരിച്ചുവന്നു. 2002ല്‍ സെയില്‍ ടാക്‌സ് ഓഫീസറായി വിരമിച്ചു. തിരുവനന്തപുരം, മംഗളൂരു, ഉഡുപ്പി എന്നിവിടങ്ങളില്‍ നടന്ന ബഹുഭാഷാ വിശകലന ചര്‍ച്ച ക്ലാസുകളിലും വിവര്‍ത്തന ക്യാമ്പുകളിലും പങ്കെടുത്തിട്ടുണ്ട്. തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമിലെ കുട്ടികള്‍ക്കായി ക്ലാസെടുക്കാനും അവസരം ലഭിച്ചു. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, കന്നഡ, ബ്യാരി ഭാഷകളില്‍ ജയറാം വിവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ആനുകാലികങ്ങളില്‍ കന്നഡ, മലയാളം ഭാഷകളില്‍ ലേഖനങ്ങളും കവിതകളും ചെറുകഥകളും എഴുതിയിട്ടുണ്ട്. നാട്ടിലെ വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം ബേക്കല്‍ പാലം, ചന്ദ്രഗിരി പാലം നിര്‍മ്മാണ കമ്മിറ്റികളുടെ കണ്‍വീനര്‍ ആയിരുന്നു. കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ വികസനവുമായി ബന്ധപ്പെട്ട കൂട്ടായ്മകളുടെ അമരത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര കേന്ദ്ര കമ്മിറ്റി അംഗവും ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ സെക്രട്ടറിയുമായിരുന്നു. മകന്‍ ജയകൃഷ്ണന്‍ ദുബായില്‍ എഞ്ചിനീയറാണ്. പരേതരായ ബട്ടത്തൂര്‍ കോരന്‍ വൈദ്യരുടെയും ഗിരിജമ്മയുടെയും മകനാണ്.

'കാസര്‍കോട് നിവാസികള്‍ക്ക് ഏറെ പ്രയോജനകരം'

ബി.ടി. ജയറാം രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന കന്നഡ-മലയാളം നിഘണ്ടുവിന് പ്രസക്തിയേറെയാണെന്ന് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എം. സത്യന്‍ പറഞ്ഞു. സപ്തഭാഷാസംഗമ ഭൂമി എന്നറിയപ്പെടുന്ന കാസര്‍കോട് ജില്ലയില്‍ മലയാളത്തിന് പുറമെ തുളു, കന്നഡ, ബ്യാരി, മറാഠി, കൊങ്കണി, ഉറുദു എന്നീ ഭാഷകള്‍ സംസാരിക്കുന്നവരുണ്ട്. ചരിത്രപരമായും സാമൂഹികമായും ഒരു ജനതയെ ഇണക്കി നിര്‍ത്തുന്നതില്‍ ഭാഷക്കുള്ള പങ്ക് ചെറുതല്ല. കേരളത്തിനും അയല്‍ സംസ്ഥാനമായ കര്‍ണാടകത്തിനും സാംസ്‌കാരികമായ ഒരു ബന്ധമുള്ളതിനപ്പുറം ധാരാളം മലയാളികള്‍ ഉന്നത വിദ്യാഭ്യാസം, തൊഴില്‍ എന്നിവക്ക് വേണ്ടി കര്‍ണാടകയില്‍ ചേക്കേറുന്നുമുണ്ട്. അതുകൊണ്ടുതന്നെ രണ്ടു പ്രദേശത്തുകാര്‍ക്കും കന്നഡയും മലയാളവും അവശ്യം അറിഞ്ഞിരിക്കേണ്ടതായി വരുന്നു. കാസര്‍കോട് ജില്ലയെ സംബന്ധിച്ച് മറ്റു ജില്ലാ നിവാസികളെക്കാള്‍ കൂടുതല്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകയെ ആശ്രയിക്കേണ്ടതായിട്ടുണ്ട്. ഈ സന്ദര്‍ഭത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന കന്നഡ-മലയാളം നിഘണ്ടു കാസര്‍കോട് നിവാസികള്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്നും സത്യന്‍ കൂട്ടിച്ചേര്‍ത്തു.




Related Articles
Next Story
Share it