ധര്‍മ്മാസ്പത്രി ഓര്‍മ്മക്കുറിപ്പുകള്‍

116 പേജുകളിലായി ഇതള്‍ വിരിക്കുന്ന ഈ ഓര്‍മ്മപ്പൂങ്കുലയ്ക്ക് തൊടുകുറിയായി 'സ്‌നേഹത്തിന്റെ സ്പന്ദമാപിനി' എന്ന തലക്കെട്ടില്‍ അംബികാസുതന്‍ മാങ്ങാട് എഴുതിയ അവതാരിക ഉണ്ട്.
കാസര്‍ക്കോട്ടെ ശ്വാസകോശ രോഗവിദഗ്ധനും എരിയാല്‍ സ്വദേശിയുമായ ഡോ. അബ്ദുള്‍ സത്താര്‍. എ.എയുടെ ഓര്‍മ്മപുസ്തകമാണ് 'ധര്‍മ്മാസ്പത്രി'. ആരോഗ്യ വൈജ്ഞാനിക രംഗത്തും, യാത്രാവിവരണ രംഗത്തും ഇതിന് മുമ്പ് ഡോക്ടറുടെ നാലു പുസ്തകങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. കാസര്‍ക്കോട് ജനറല്‍ ആസ്പത്രിയില്‍ കാല്‍ നൂറ്റാണ്ടു കാലം അര്‍പ്പണ മനോഭാവത്തോടെ സര്‍ക്കാര്‍ സേവനം നടത്തി അടുത്തൂണ്‍ പറ്റിയ ശേഷം എഴുതിയ കുറിപ്പുകളാണ് മിക്കതും. 116 പേജുകളിലായി ഇതള്‍ വിരിക്കുന്ന ഈ ഓര്‍മ്മപ്പൂങ്കുലയ്ക്ക് തൊടുകുറിയായി 'സ്‌നേഹത്തിന്റെ സ്പന്ദമാപിനി' എന്ന തലക്കെട്ടില്‍ അംബികാസുതന്‍ മാങ്ങാട് എഴുതിയ അവതാരിക ഉണ്ട്. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ധര്‍മ്മാസ്പത്രി കാലാന്തരത്തില്‍ താലൂക്കാസ്പത്രിയായും പിന്നീട് ജനറല്‍ ആസ്പത്രിയായും രൂപാന്തരപ്പെട്ടു. തന്റെ സേവനകാലത്തെ നേരനുഭവങ്ങളും മുന്‍ഗാമികളില്‍ നിന്നും പത്രമാധ്യമ സുഹൃത്തുക്കളില്‍ നിന്നും ലഭിച്ച വിവരങ്ങളും ഇതില്‍ ഇടം പിടിച്ചിട്ടുണ്ട്. അതുപ്രകാരം 1920-ല്‍ ആസ്പത്രി ചെറിയ രീതിയില്‍ തുടങ്ങി പിന്നീട് ഘട്ടം, ഘട്ടമായി വികസിച്ച് ഇന്നു കാണുന്ന രീതിയിലെത്തിയതിനിടയിലെ സംഭവവിവകാസങ്ങളുണ്ട്. ഒരു സര്‍ക്കാര്‍ ആസ്പത്രിയില്‍ എത്തപ്പെടുന്ന സമൂഹത്തിന്റെ പല തട്ടിലുള്ള രോഗികള്‍, സങ്കീര്‍ണമായ രോഗാവസ്ഥകള്‍, മരണം, പോസ്റ്റ്‌മോര്‍ട്ടം, മെഡിക്കോ ലീഗല്‍ കേസുകള്‍ എന്നിവയൊക്കെ കുറിപ്പുകളില്‍ കടന്നു വരുന്നു. ആസ്പത്രിയുടെ പിറകിലെ ആരും കയറാന്‍ മടിച്ച, പ്രേതബാധയുള്ള കെട്ടിടത്തിലെ പ്രേതങ്ങളെ കുടിയൊഴിപ്പിച്ചതും അപസ്മാരത്തെത്തുടര്‍ന്ന് ആസ്പത്രിയില്‍ എത്തപ്പെട്ട അനാഥ ബാലകന്‍ പിന്നെ ആസ്പത്രിയില്‍ വളര്‍ന്ന് വലുതായതും, ഇപ്പോഴും അവിടെ ചെറിയ ജോലി ചെയ്തും, നോട്ടക്കാരനായും തുടരുന്നതും (സുന്ദരന്‍) ഡോ. സത്താര്‍ എഴുതുമ്പോള്‍, ആസ്പത്രി ജീവനക്കാരുടെ കുരുതലും, മാനുഷിക മൂല്യങ്ങളുടെ തെളിമയും അനുഭവപ്പെടുന്നു. ഡോക്ടറുടെ റിട്ടയര്‍മെന്റിന്റെ അന്ന് ഫോട്ടോ സെഷനില്‍ സുന്ദരനായിരുന്നു അരികില്‍ നിന്നിരുന്നത് എന്ന് വായിക്കുമ്പോള്‍ അയാളോടുള്ള ബന്ധത്തിന്റെ ആഴം വെളിപ്പെടുന്നു. അത്തരം സുന്ദരന്മാര്‍ മറ്റിടങ്ങളിലും കാണാമെങ്കിലും ആസ്പത്രിയില്‍ അപൂര്‍വ്വമായിരിക്കും.
ഒരു കുറിപ്പില്‍ ആസ്പത്രിയിലെ മുത്തശ്ശിമാവിനെക്കുറിച്ച് പറയുന്നുണ്ട്. സംസാരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ആ മാവിന് എന്തെല്ലാം കഥകള്‍ പറയാനുണ്ടാകും എന്ന് ഡോക്ടര്‍ മനനം ചെയ്യുന്നു. എന്‍ഡോസള്‍ഫാന്‍ ദുരന്ത ബാധിതരെ കണ്ട ഡോക്ടറുടെ പരിസ്ഥിതി സ്‌നേഹം ഇതിലൂടെ അറിയാം...
തൊണ്ടിമുതലായ ടി.ബി. ടെസ്റ്റിനായുള്ള ഇഗ്രാ മെഷീന്‍, സര്‍ജറി വാര്‍ഡ്, മോര്‍ച്ചറി, ആംബുലന്‍സ്, ആസ്തമാ രോഗിയായ വൃദ്ധ മരണപ്പെടുന്നത് എന്നീ വിഷയങ്ങളും ഡോക്ടറുടെ വിവിധ കുറിപ്പുകളില്‍ ഉണ്ട്. യാന്ത്രികമായും, ഭാരം വലിക്കുന്ന വണ്ടിക്കാളയെപ്പോലെയും അല്ല ഡോക്ടര്‍ ജോലി ചെയ്തിരുന്നത്, മറിച്ച് കണ്ണും കാതും മനസ്സും ഹൃത്തും തുറന്നു വെച്ചായിരുന്നു എന്ന് ഓരോ കുറിപ്പുകളും സാക്ഷ്യപ്പെടുത്തുന്നു. തന്റെ സാന്‍ മിഷേലാണ് ഈ ധര്‍മ്മാസ്പത്രിയെന്ന് പറയുന്ന ഡോ. സത്താറിന്റെ ഈ കുറിപ്പുകള്‍ സത്യസന്ധമാണെന്ന് വായനയില്‍ ബോധ്യപ്പെടും.

