സ്വാതന്ത്ര്യത്തിന്റെയും നൈതിക ബോധത്തിന്റെയും യക്ഷഗാനം

അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള തുടക്കകാലത്തെഴുതിയ, 'മരങ്ങള്‍..., മഹാജന്മസുകൃതങ്ങള്‍...' എന്ന രീതിയിലുള്ള രൂപഭദ്രമായ പദ്യകൃതികള്‍ ഓര്‍ക്കുന്നു. തന്റെ മനോവ്യാപാരങ്ങള്‍ വൃത്തത്തിലൊതുങ്ങില്ല എന്ന തിരിച്ചറിവിനാലാകാം വൃത്തം ഭേദിച്ചു സ്വതന്ത്രനായത്. 'യക്ഷഗാന'ത്തിലെ കവിതകള്‍ മിക്കതും തെളിഞ്ഞ ഗദ്യത്തില്‍ രചിക്കപ്പെട്ടവയാണ്. സര്‍ഗാത്മകമായി ചരിത്രത്തോടും കാലത്തോടും പരിസ്ഥിതി വിവേകിയായി പ്രതികരിക്കുന്ന രാധാകൃഷ്ണന്‍, സ്വാതന്ത്ര്യത്തിന്റെ -നൈതിക ബോധത്തിന്റെ കവിയാണ്.
കഥപോലെ പറഞ്ഞു തുടങ്ങി ആഴത്തിലേക്കു കടന്നുകയറുന്ന ആഖ്യാനകവിതാ കൗശലം രാധാകൃഷ്ണന് സ്വന്തം. 'യക്ഷഗാനം' സംസ്‌കാരത്തിന്റെ പ്രതിരോധം തീര്‍ക്കുന്ന കവിതയാണ്. തിരസ്‌ക്കരിക്കപ്പെട്ടവരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും കവിതയില്‍ ചേര്‍ത്തുനിര്‍ത്തുന്നു.
അക്ഷരങ്ങള്‍ ഇല്ലാതായി, ഭാഷയും സംസ്‌കാരവും അപഹരിക്കപ്പെട്ടു; സ്വന്തം ദേശത്ത് തിരസ്‌ക്കരിക്കപ്പെട്ട തുളുവരുടെ ആത്മരോഷം തിളയ്ക്കുന്ന ഈ കവിതയില്‍ സാംസ്‌കാരിക ചരിത്രം പതിഞ്ഞുകിടക്കുന്നു.
'സ്വപ്‌നസാക്ഷി'യില്‍ ദിവാസ്വപ്‌ന സഞ്ചാരിയായി മഹാകവി പി.യും സ്വാതന്ത്ര്യത്തിന്റെ ഉപ്പ് കുറുക്കികൊണ്ട് മഹാത്മാ ഗാന്ധിയും എത്തുന്നു. ഗാന്ധി, രാഷ്ട്രീയത്തില്‍ രക്തസാക്ഷിയും പി. പ്രേമത്തില്‍ സ്വപ്‌നസാക്ഷിയുമായി അനശ്വരരാകുന്നു. രാഷ്ട്രീയം രാധാകൃഷ്ണന്റെ കവിതയില്‍ നിന്നും അടര്‍ത്തിമാറ്റാന്‍ ആവാത്തതാണ്. ആധിപത്യത്തോടുള്ള എതിര്‍പ്പ് രാധാകൃഷ്ണന്റെ കവിതകളുടെ സ്ഥായിഭാവമാണ്.
ഈ സമാഹാരത്തിലെ 'നിശ്ചലത' എന്ന കവിത നോക്കാം. സ്വേച്ഛാധിപത്യം പൗര ജീവിതത്തിന്റെ ചലനാന്മകതയെ റദ്ദാക്കാന്‍ ആഗ്രഹിക്കുന്നതാണ് ഇതിലെ പ്രമേയം.
'പ്രശ്‌നം' എന്ന കവിത അതേ വിഷയത്തിന്റെ മറ്റൊരാവിഷ്‌ക്കാരമാണ്. ഭരണകൂടം രാജ്യ വിരുദ്ധനെന്ന് മുദ്രചാര്‍ത്തി തുറുങ്കിലടച്ച ഒരുവന്‍ ജയിലില്‍ത്തന്നെ കൊല്ലപ്പെട്ടേക്കാവുന്ന അവസ്ഥയിലും 'ഇവിടെ പ്രശ്‌നങ്ങളൊന്നുമില്ല' എന്ന് വിരുദ്ധോക്തിയില്‍ ആവര്‍ത്തിക്കുമ്പോള്‍ പ്രശ്‌നങ്ങളുടെ ചുഴിയിലകപ്പെട്ടു പോകുന്നത് വായനക്കാരാണ്.
അധികാര ഭീകരതയെ നിശിതമായി വിമര്‍ശിക്കുന്നതും സ്വാതന്ത്ര്യത്തിന്റെ സമഗ്രതയിലേക്ക് നയിക്കുന്നതുമാണ് രാധാകൃഷ്ണന്റെ കവിതകള്‍.
'വാസ്തുഹാര' എന്ന കവിത ഇന്ത്യന്‍ പൗര ജീവിതത്തിന്റെ നേര്‍ചിത്രമാകുന്നു. 'യുദ്ധം കഴിയുമ്പോള്‍, തെരുവുകളില്‍ നിന്നും രാഷ്ട്രീയവും മാധ്യമങ്ങളില്‍ നിന്നും സത്യവും ഭാഷയില്‍ നിന്നും കവിതയും ബഹിഷ്‌കൃതമാകുന്നു'.
ഊറയ്ക്കിട്ട രാഷ്ട്രീയ വാക്കുകള്‍ കൊണ്ടാണ് രാധാകൃഷ്ണന്‍ കാലത്തോട് പ്രതികരിക്കുന്ന കവിതകള്‍ നിര്‍മ്മിക്കുന്നത്. എങ്കിലും കവിതയില്‍ ഏതെങ്കിലും പ്രത്യയശാസ്ത്രത്തിന്റെ തടവുകാരനാവുന്നില്ല എന്നതു ശ്രദ്ധേയമാണ്. 'സമയം', 'മരിച്ചവര്‍' എന്നീ കവിതകള്‍ ജീവിതത്തിന്റെ ആത്യന്തികമായ പൊരുള്‍ തേടുന്നവയാണ്. ആയുസ്സ് ഒടുങ്ങുന്നവര്‍ പില്‍ക്കാലം ജീവിക്കുന്നത് മറ്റുള്ളവരുടെ മനസ്സിലാണ്. അവരിലേക്ക് പരകായപ്രവേശനം സാധ്യമാകുന്നത് സൗന്ദര്യം സൃഷ്ടിക്കുന്നവര്‍ക്കും നീതിക്കായി പൊരുതുന്നവര്‍ക്കുമാണ് എന്ന് കവി കണ്ടെത്തുന്നു. 'മരിച്ചവര്‍ക്ക് ഒരു തോന്നലുണ്ട്, ഒന്നിനെയും വക വെക്കേണ്ടതില്ലെന്ന്' എന്ന നിലയില്‍ ആരെയും കൂസേണ്ടാത്ത മരിച്ചവരുടെ കൊതിപ്പിക്കുന്ന ജീവിതം കാട്ടി കറുത്ത ഹാസ്യത്തില്‍ ചിരിക്കുകയും മരണാനന്തരമുള്ള അവരുടെ നഷ്ടബോധം ചൂണ്ടി നമ്മളെ ഉലച്ചുകളയുകയും ചെയ്യുന്നു. 'ഏഴാം നിലയിലെ പ്രളയ'വും 'അമരന്‍ തെയ്യ'വും പരിഹാസമുദ്ര പതിച്ച സാമൂഹ്യ വിമര്‍ശനങ്ങളാണ്.
ഹൃദയത്തോട് സംവദിക്കുകയും തലച്ചോറില്‍ നൈതികബോധത്തിന്റെ സ്ഫുലിംഗങ്ങള്‍ ജ്വലിപ്പിക്കുകയും ചെയ്യുന്ന 'യക്ഷഗാനം' കാവ്യലോകം തിരിച്ചറിയട്ടെ. കോഴിക്കോട് ഹരിതം ബുക്‌സ് പ്രസിദ്ധീകരിച്ച 'യക്ഷഗാന'ത്തില്‍ 22 കവിതകളാണുള്ളത്.

