'ഓര്‍മ്മകള്‍ പെയ്യുന്ന ഇടവഴികള്‍' -ഒരോര്‍മ്മക്കുറിപ്പ്

ഒരു ഡോക്ടര്‍ എന്തായിരിക്കണം എന്നും എങ്ങനെയായിരിക്കണം എന്നും തന്റെ പ്രവൃത്തിപഥത്തിലൂടെ ജനങ്ങളിലെത്തിക്കുന്ന ജനകീയനായ ഡോ. അബ്ദുല്‍ സത്താറിന്റെ ഓര്‍മ്മകളുടെ ഒരു ഒഴുക്കാണ് ഈ പുസ്തകം.
ഡോ. അബ്ദുല്‍ സത്താറിന് വായനയും എഴുത്തും യാത്രകളുമാണ് ഹോബി. യൂറോപ്യന്‍ റെസ്പിറേറ്ററി സൊസൈറ്റി, അക്കാദമി ഓഫ് പള്‍മനറി ആന്റ് ക്രിട്ടിക്കല്‍ കെയര്‍ സൊസൈറ്റി, ഇന്ത്യന്‍ ചെസ്റ്റ് സൊസൈറ്റി മുതലായ പ്രൊഫഷണല്‍ സംഘടനകളില്‍ അംഗമാണ്. 'ഓര്‍മ്മകള്‍ പെയ്യുന്ന ഇടവഴികള്‍' അദ്ദേഹത്തിന്റെ നാലാമത്തെ പുസ്തകമാണ്.
ഒരു ഡോക്ടര്‍ എന്തായിരിക്കണമെന്നും എങ്ങനെയായിരിക്കണമെന്നും തന്റെ പ്രവൃത്തിപഥത്തിലൂടെ ജനങ്ങളിലെത്തിക്കുന്ന ജനകീയനായ ഡോ. അബ്ദുല്‍ സത്താറിന്റെ ഓര്‍മ്മകളുടെ ഒരു ഒഴുക്കാണ് ഈ പുസ്തകം. അതില്‍ തീക്ഷ്ണമായ അനുഭവങ്ങളുടെ ലയനമുണ്ട്, ലളിതമായ ഭാഷയുടെ ലാളിത്യമുണ്ട്, വിരഹത്തിന്റെ നൊമ്പരമുണ്ട്, രോഗികളുടെ ആകുലതകളും നൊമ്പരങ്ങളും ആവാഹിച്ചെടുത്ത സ്വമനസിന്റെ വിങ്ങലുകളുണ്ട്. അതുപോലെ സമൂഹത്തിലെ വ്യത്യസ്ത മനുഷ്യരുടെ സ്വഭാവ വൈചിത്രങ്ങളെ കുറിച്ചും വരികളിലൂടെ വരച്ച് കാണിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
'ജീവിതത്തില്‍ എന്തു സംഭവിച്ചു എന്നുള്ളതല്ല, അത് നമ്മള്‍ എങ്ങനെ ഓര്‍ത്തിരിക്കുന്നു എന്നതാണ് ജീവിതം'-ഗാര്‍സിയ മാര്‍ക്കേസിന്റെ വചനമാണ് പുസ്തകത്തിന് സമര്‍പ്പണം.
ഒരെഴുത്തുകാരന്റെ ആന്തരിക ജീവിതം മുഴുവന്‍ വെളിപ്പെടുന്നത് ഓര്‍മ്മകളുടെ ആഖ്യാനങ്ങളിലാണ് ഓര്‍മ്മകള്‍ ചിലപ്പോള്‍ കഥകളായും മറ്റു ചിലപ്പോള്‍ ദര്‍ശനങ്ങളായും നിലപാടുകളായും മാറും എന്ന പി. സുരേന്ദ്രന്റെ (അവതാരികയില്‍) വാക്കുകള്‍ അന്വര്‍ത്ഥമാക്കുന്ന രീതിയിലാണ് ഓരോ അധ്യായങ്ങളും നമുക്ക് നല്‍കുന്ന വായനാനുഭവം.
ഒന്നാമത്തെ അധ്യായമായ ഓര്‍മ്മകള്‍ക്കില്ല ചാവും ചിതകളും, എന്നതില്‍ ജീവിതത്തിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന് വേണ്ടി മദീന ഹോസ്പിറ്റലിലേക്ക് ചേക്കേറി ഒരു പ്രവാസിയാകാന്‍ തീരുമാനിക്കുന്ന ഡോക്ടറെ കാണാന്‍ തന്റെ സുഹൃത്തുകള്‍ വരുന്നതിനെ കുറിച്ച് എഴുതുകയാണ്. അവിചാരിതമായി പ്രവാസിയാകേണ്ടി വന്നപ്പോഴുള്ള മനസിന്റെ നൊമ്പരങ്ങള്‍, നീണ്ട സുഹൃത് വലയത്തെയും കുടുംബത്തെയും പിരിഞ്ഞ് കൊണ്ടുള്ള എകാന്ത വാസത്തിന്റെ മനംപിരട്ടല്‍, അതുപോലെ ചരിത്രങ്ങളുറങ്ങിക്കിടക്കുന്ന മദീന നഗരവുമായി താദാത്മ്യം പ്രാപിക്കുന്നത്. ഉഹ്ദ് മലനിരകളിലെ കാറ്റ് വന്ന് തഴുകുമ്പോള്‍ ഏകാന്തതയിലലിഞ്ഞ മനസിന്റെ ക്യാന്‍വാസിലേക്ക് നാട്ടിലെ പ്രിയപ്പെട്ടവരും ഭാര്യയും കുട്ടികളുമെല്ലാ നിറശോഭയോടെ വിരിഞ്ഞാടും. സൗഹൃദോദ്യാനം വിട്ട് മദീനയിലേക്ക് കൂട് മാറ്റേണ്ടി വന്ന അബ്ദുല്‍ സത്താര്‍ അനുഭവിച്ച വിരഹവും നൊമ്പരവും ഒപ്പം ഫാത്തിമ എന്ന സുന്ദരിയെക്കുറിച്ചും എഴുതുന്നുണ്ട് അദ്ദേഹം. ഓര്‍മ്മകള്‍ പൂത്തുലയുന്ന സമയം എന്ന അധ്യായത്തില്‍ ആദ്യമായി ജോലിക്ക് ചേര്‍ന്ന കാസര്‍കോട് ഗവ. ഹോസ്പിറ്റലിന്റെ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള അവസ്ഥ വിവരിക്കുന്നുണ്ട്. എം.ബി.ബി.എസിന് പഠിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ വര്‍ണാഭമായ ക്യാമ്പസ് ജീവിതത്തിലേക്ക് ഓര്‍മ്മകള്‍ ഊളിയിടുന്നുമുണ്ട്.
റൈന്‍ റൈന്‍ ഗോ എവെയ് എന്ന അധ്യായത്തില്‍ വേനലില്‍ ചൂടിന്റെ കാഠിന്യത്താല്‍ തപിച്ചിരിക്കുന്ന സമയത്ത് ജമ്മുവിലുള്ള സുഹൃത്തില്‍ നിന്നും അവിടെ പെയ്ത മഴയെ കുറിച്ചുള്ള പോസ്റ്റില്‍ നിന്നും മഴയുടെ ഗൃഹാതുരമായ നനുത്ത ഓര്‍മ്മകളിലേക്ക് വഴുതിവീഴുന്ന എഴുത്തുകാരന്റെ മനസ് വായിക്കാന്‍ സാധിക്കും.
മറ്റ് ശബ്ദങ്ങളൊന്നുമില്ലാതെ മഴയുടെ ശബ്ദം മാത്രം കേള്‍ക്കണം. കാവ്യാത്മകമായ സംഗീതമാണത്. ആകാശത്തുനിന്നും ഇറങ്ങിവരുന്ന മഴത്തുള്ളികള്‍ വീണക്കമ്പികള്‍ പോലെയാണ്. ഒരറ്റം ആകാശത്തും മറ്റെ അറ്റം നമ്മുടെ മനസിലും അത് സംഗീത സ്വരങ്ങളുണ്ടാക്കുമെന്നും അത് നമുക്ക് കേള്‍ക്കാനാകണം എന്നും എഴുത്തുകാരന്‍ പറയുന്നു.
മഴയോര്‍മ്മകള്‍ അയവിറക്കി, 1985ല്‍ ഇറങ്ങിയ ആജ് എന്ന സിനിമയിലെ വോ കാഗസ് കി കഷ്തി, വോ ബാരിഷ് കി പാനി എന്ന വരികള്‍ പറഞ്ഞ് കൊണ്ടാണ് ആ അധ്യായം അവസാനിക്കുന്നത്. ചുറ്റുപാടിലുള്ള നിസാരമായ കാര്യങ്ങള്‍ പോലും അതിസൂക്ഷമതയോടെ വീക്ഷിച്ച് അതിനെ കുറിച്ച് ഭാവാത്മകമായ ഒരു വിവരണം നല്‍കാന്‍ എഴുത്തുകാരന്‍ ശ്രമിച്ചിട്ടുണ്ട്. മുന്‍കാലങ്ങളിലൊക്കെയുള്ള റോഡുപണിക്കാരുടെ ജീവിതത്തിലേക്കുള്ള എത്തി നോട്ടം, ടെന്റടിച്ച് ജീവിക്കുന്ന അവരുടെ ജീവിതഗതി, പകലിന്റെ ചുട്ടുപൊള്ളുന്ന ചൂടിനെ വകവെക്കാതെ ഉരുകിയ താറിനോടും കരിങ്കല്ലിനോടും മല്ലടിക്കുന്ന അവര്‍ രാത്രികാലങ്ങളില്‍ ടെന്റില്‍ കുടുംബത്തോടൊപ്പം സമാധാനമായി ഉറങ്ങുന്നതിനെ കുറിച്ചൊക്കെ പറയുന്ന ഒരു വാക്കുണ്ട്. സന്തോഷമെന്നത് സമ്പാദ്യത്തിന്റെ പൂരകമല്ല എന്ന തിരിച്ചറിവ്. അത് ഇന്നത്തെ കാലത്തെ പല മനുഷ്യരുടെയും ചിന്തയിലില്ലാത്ത കാര്യമാണ്.
ടെക്സ്റ്റ് ബുക്കുകളിലും ഗൂഗിള്‍ സര്‍ച്ചിലും കാണാത്ത ജീവിത പാഠങ്ങള്‍ പഠിച്ചത് കാസര്‍കോട് ഗവ. ഹോസ്പിറ്റലിലെ ഇരുപത്തഞ്ച് വര്‍ഷത്തെ ജീവിത കാലയളവിലാണെന്ന് എഴുത്തുകാരന്‍ പറയുമ്പോള്‍ അതിനെ അന്വര്‍ത്ഥമാക്കുന്ന പല സംഭവങ്ങളും ഈ പുസ്തകത്തിലെ അനുഭവ കൂട്ടുകളില്‍ മിന്നി നില്‍ക്കുന്നതായി കാണാം.
ഇരമ്പുന്ന കടലും ഇരുളുന്ന കാലവും എന്ന അധ്യായത്തില്‍ കടലിനെ കുറിച്ചുള്ള വിവരണം വളരെ മനോഹരമായി തോന്നും. കാസര്‍കോട്ടെ മീന്‍ മാര്‍ക്കറ്റിനെ കുറിച്ചും ഇത്തരം സമാഗമ സ്ഥലങ്ങള്‍ ഗ്രാമീണരുടെ സാമൂഹ്യമായ ഇടപെടലിന്റെ സങ്കേതങ്ങളാണെന്നൊക്കെ വിവരിക്കുമ്പോള്‍ ഡോക്ടറുടെ ഓര്‍മ്മകള്‍ തന്റെ ബാല്യകാലങ്ങളിലേക്ക് തെന്നിമാറും.
വീടിന് തൊട്ടടുത്തായുള്ള കുളത്തില്‍ മഴക്കാലമായാല്‍ മീനുകള്‍ ഇഷ്ടം പോലെയുണ്ടാകും. ഉമ്മ കാണാതെ വീട്ടില്‍ നിന്നും എടുത്ത് കൊണ്ടുവന്ന മുണ്ട് ഉപയോഗിച്ച് ബാല്യകാല സുഹൃത്തായ ഷാഫിയോടൊപ്പം, ചാടിക്കളിക്കുന്ന മീനുകളെ പിടിച്ച് വെള്ളം നിറച്ച ഭരണികളിലേക്ക് ഇട്ട് അതിന്റെ കളികള്‍ സാകൂതം വീക്ഷിക്കുന്ന ഒരു ബാലനായി മനസ് രൂപാന്തരം പ്രാപിക്കുന്നത് അബ്ദുല്‍ സത്താറിന്റെ എഴുത്തിലൂടെ നമുക്ക് കാണാന്‍ സാധിക്കുന്നുണ്ട്.
ആരണ്യകം 2023 എന്ന അധ്യായത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികളുടെ ഒരു സമാഗമത്തെ കുറിച്ചാണ് വിവരിക്കുന്നത്. കോവിഡ് കാലത്ത് കാസര്‍കോട്ടെ ജനറല്‍ ആസ്പത്രി വാര്‍ഡില്‍ എല്ലാ വിലക്കുകളും ലംഘിച്ച് കടന്നുവന്ന മാര്‍ജാര കഥ രസകരമാണ്.
നീണ്ട വിമാന യാത്രക്കിടയില്‍ ഒഴിഞ്ഞു കിടന്ന സീറ്റിലേക്ക് കാല് നീട്ടിയിരിക്കാം എന്ന് കരുതി മാറി ഇരുന്നപ്പോള്‍ അധികമായി ആയിരത്തി ഇരുനൂറു രൂപ ചോദിച്ചതും അതിലെ അധാര്‍മ്മികതയും അദ്ദേഹം സരസമായി പറഞ്ഞുവെക്കുന്നു.
ഡോക്ടറുടെ മനസ്സ് ഫ്‌ളാഷ് ബാക്കിലേക്ക് എപ്പോള്‍ വേണമെങ്കിലും തിരിയാം. പ്രഭാത സവാരിക്കിടയില്‍ അലസമായ് ഇരിക്കുമ്പോള്‍, ആള്‍ക്കൂട്ടത്തിനിടയ്ക്ക് തനിച്ചാകുമ്പോള്‍ അങ്ങനെയങ്ങനെ... ഹൃദയ നൈര്‍മ്മല്യം കൊണ്ടും ഹൃദ്യമായ പെരുമാറ്റം കൊണ്ടും ആരെയും കീഴടക്കാന്‍ അദ്ദേഹത്തിന് കഴിയുന്നുണ്ട്. ശ്വാസകോശത്തെ ചികിത്സിക്കുന്ന ഈ ഭിഷഗ്വരന്‍ ഏവരുടേയും ഹൃദയം കവരുന്നു എന്നു തന്നെ പറയേണ്ടായിരിക്കുന്നു.
ഞാനും എട്ടുകാലിയും പിന്നെ മരംകൊത്തിയും എന്ന അധ്യായം തുടങ്ങുന്നത് ഇങ്ങനെയാണ്; എട്ടുകാലി വലപോലെയാണ് ഓര്‍മ്മകളുടെ വലയും. എട്ടുകാലി വല നെയ്യുന്നത് അതീവ സുന്ദരമായാണ്. എത്ര വേഗതയിലും ചടുതലയിലുമാണ് വലയുടെ ഇഴകള്‍ നെയ്‌തെടുക്കുന്നത്. അതുപോലെ മരംകൊത്തിയുടെ താളബോധം. ഉണങ്ങിയ തെങ്ങുകളില്‍, വന്‍മരങ്ങളില്‍ തുളയുണ്ടാക്കുന്നതിന്റെ സൗന്ദര്യം. ഇത്തരം പ്രകൃതിയുടെ ഭൂമിശാസ്ത്രവും ഓര്‍മ്മകള്‍ പെയ്യുന്ന ഇടവഴികളില്‍ നിറയുന്നു. പച്ചപ്പുകളാണ് ഇതിലെ മനസ്സ്. അത് മരുന്നുകളുടെ ലോകത്തിന്റെ വേലിക്കെട്ടുകള്‍ പൊട്ടിച്ച് ചിലപ്പോള്‍ ചിത്രശലഭത്തെ പോല്‍ പാറിപ്പറക്കും. ചിലപ്പോള്‍ കിളികളാകും. ചിലപ്പോള്‍ പൂക്കള്‍ക്കും കിളികള്‍ക്കുമിടയിലെ ഓര്‍മ്മകളാകും.
'ഡാഡി എന്ന് വിളിച്ച പെണ്‍കുട്ടി' എന്ന അധ്യായത്തിലെ ഓര്‍മ്മകള്‍ നമ്മുടെ മനസിനെ വല്ലാതെ സ്പര്‍ശിക്കുന്നതാണ്.
ഹൈദരാബാദിലെ ഒരു സമ്മേളനം ഉദ്ഘാടനം ചെയ്ത ഗുരു ശ്രീ ശ്രീ രവിശങ്കറിന്റെ പ്രസംഗത്തെ കുറിച്ചും, തൊട്ടടുത്ത മുറിയില്‍ താമസിച്ചിരുന്ന ഗുരുവുമായി സംവദിക്കാന്‍ സാധിച്ചതിനെ കുറിച്ചുമൊക്കെ അതില്‍ പരാമര്‍ശിക്കുന്നുണ്ട്.
പിന്നെയുമുണ്ട് ചിന്തിപ്പിക്കുന്ന വേറെയും അധ്യായങ്ങള്‍. 'അയാള്‍ മീറ്റിങ്ങിലാണ്' എന്ന അധ്യായം വളരെ മനോഹരമായാണ് അവതരിപ്പിച്ചിട്ടുള്ളത്.
അനുഭവം ഓര്‍മ്മകളായും ഓര്‍മ്മകള്‍ ജീവിതമായും ഡോക്ടര്‍ പറഞ്ഞു തരുമ്പോള്‍ വായനയില്‍ അതൊരു ആശ്വാസമാകുന്നു.
മരുന്നുകളുടെയും രോഗികളുടെയുമിടയിലുള്ള ജീവിതത്തില്‍ നിന്ന്, അനുഭവങ്ങളുടെ തീക്ഷ്ണതയുള്ള, ഓര്‍മ്മകളുടെ ചാറ്റല്‍ മഴ നനയുന്ന, പ്രതീക്ഷകളുടെ തീരത്തേക്കാനയിക്കുന്ന മനോഹരമായ എഴുത്തുകള്‍ ഡോക്ടര്‍ അബ്ദുല്‍ സത്താറില്‍ നിന്ന് ഇനിയും പ്രതീക്ഷിക്കുന്നു.