ഇത് അനുഭവത്തില്‍ നിന്നും ആറ്റിക്കുറുക്കിയ വരികള്‍

1971 ലെ ഒരു പുലരിയില്‍ കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂര്‍ എന്ന ഒരു കുഗ്രാമത്തില്‍ നിന്നും തുടര്‍ പഠനത്തിനായി കരയും കടലും താണ്ടി ഒരു മാസത്തോളമെടുത്ത യാത്രയിലൂടെ ഖത്തറിലെത്തുകയും ഖത്തര്‍ ജീവിതത്തിലൂടെ തന്റെ ഗ്രാമത്തിന്റെ പേരും പെരുമയും നാടിന്റെ നെറുകയിലെത്തിക്കുകയും ചെയ്ത സി.ടി.അബ്ദുറഹീം എന്ന മനുഷ്യ സ്‌നേഹിയുടെ നീണ്ട പ്രവാസ ജീവിതത്തിന്റെയും ജീവിത വിജയത്തിന്റെയും ഓര്‍മ്മകുറിപ്പുകളടങ്ങിയ 'ഖത്തര്‍ കാലം' എന്ന പുസ്തകം നല്‍കുന്ന പ്രവാസ അനുഭവങ്ങള്‍ വിവരണാതീതമാണ്. ഖത്തര്‍ ജീവിതത്തിലെ അനുഭവങ്ങളില്‍ നിന്നും ആറ്റികുറുക്കി ഒപ്പിയെടുത്ത് മനസ്സില്‍ രൂപം […]

1971 ലെ ഒരു പുലരിയില്‍ കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂര്‍ എന്ന ഒരു കുഗ്രാമത്തില്‍ നിന്നും തുടര്‍ പഠനത്തിനായി കരയും കടലും താണ്ടി ഒരു മാസത്തോളമെടുത്ത യാത്രയിലൂടെ ഖത്തറിലെത്തുകയും ഖത്തര്‍ ജീവിതത്തിലൂടെ തന്റെ ഗ്രാമത്തിന്റെ പേരും പെരുമയും നാടിന്റെ നെറുകയിലെത്തിക്കുകയും ചെയ്ത സി.ടി.അബ്ദുറഹീം എന്ന മനുഷ്യ സ്‌നേഹിയുടെ നീണ്ട പ്രവാസ ജീവിതത്തിന്റെയും ജീവിത വിജയത്തിന്റെയും ഓര്‍മ്മകുറിപ്പുകളടങ്ങിയ 'ഖത്തര്‍ കാലം' എന്ന പുസ്തകം നല്‍കുന്ന പ്രവാസ അനുഭവങ്ങള്‍ വിവരണാതീതമാണ്.
ഖത്തര്‍ ജീവിതത്തിലെ അനുഭവങ്ങളില്‍ നിന്നും ആറ്റികുറുക്കി ഒപ്പിയെടുത്ത് മനസ്സില്‍ രൂപം പ്രാപിച്ചവയാണ് ഖത്തര്‍ കാലത്തിലെ വിശേഷങ്ങള്‍.
ഖത്തറിലെ പഠനത്തിനുശേഷം ഖത്തറില്‍ തന്നെ സര്‍ക്കാര്‍ വകുപ്പുകളിലെ നീണ്ട ഔദ്യോഗിക ജീവിതത്തിനിടയില്‍ ഗ്രന്ഥകാരന് വളരെയേറെ അനുഭവസമ്പത്തുകള്‍ ലഭിച്ചിട്ടുണ്ട്. ഒട്ടും വിരസതയില്ലാതെ ലളിതമായ ഭാഷയില്‍ രചിക്കപ്പെട്ട ഈ കൃതി വായനക്കാരന് പ്രവാസകാല ജീവിതത്തിന്റെ നല്ല അനുഭവങ്ങള്‍ സമ്മാനിക്കുന്നു. അദ്ദേഹത്തിന്റെ ആദ്യ യാത്രയായ ദോഹയിലേക്കുള്ള കപ്പല്‍ യാത്രാവിവരണത്തില്‍ 1961 ല്‍ നടന്ന ദാര കപ്പലപകടം ടൈറ്റാനിക്കിന്റെ ചരിത്രം പതിഞ്ഞ പുതുതലമുറയുടെ മനസ്സുകളിലേക്ക് അറിവിന്റെ പുതിയ വാതായനം തുറന്നു തരുന്നു എന്ന് മാത്രമല്ല സി.ടി. അബ്ദുറഹീമിനൊടൊപ്പം ആ കപ്പലില്‍ കാറ്റും കോളും ഭയവും ഭീതിയുമെല്ലാം വായനക്കാര്‍ക്കും ദൃശ്യമാവുന്നു, അനുഭവിച്ചറിയുന്നു. വിമാന യാത്രാ സൗകര്യങ്ങള്‍ വിരളമായിരുന്ന കാലത്ത് 1972 ജനുവരിയിലെ തന്റെ ഏറെ ക്ലേശകരമായ മരുഭൂമികള്‍ താണ്ടി നടത്തി ഹജ്ജ് യാത്രാ അനുഭവങ്ങള്‍ വളരെ കൗതുകകരവും മനോഹരവുമായി അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു. മക്ക, മദീന, മിന, അറഫാ, മുസ്ദലിഫ, കഅബ, തവാഫ്, സഹ് യ്, പ്രവാചകന്‍ മുഹമ്മദ് നബി അനുഭവിച്ച വേദനയും അനാഥത്വവും നമ്മെ അദ്ദേഹത്തോടൊപ്പം വിശുദ്ധ ഭൂമിയിലൂടെ നയിക്കുന്നു. ഹാജറ, ഇസ്മാഈല്‍, ഒന്നാം ഖലിഫ അബൂബക്കറിന്റെയും നീതിയുടെ പര്യായമായ ഉമറിന്റെയും ജീവിതങ്ങളിലൂടെ നാം കടന്നു പോകുന്നു. മസ്ജിദുല്‍ ഹറം, ബദര്‍ അനുഭവങ്ങള്‍ നാം വായനയിലുടെ അനുഭവിച്ചറിയുന്നു. ഖത്തറിലെ പ്രമുഖ പണ്ഡിതനും മത കാര്യ വകുപ്പ് മേധാവിയും മനുഷ്യസ്‌നേഹിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന ഷെയ്ഖ് അബ്ദുല്ല ഇബ്രാഹിം അന്‍സാരിയോടൊപ്പം അദ്ദേഹത്തിന്റെ ചികിത്സക്കായി കോട്ടക്കല്‍ ആര്യാ വൈദ്യശാലയില്‍ പരിഭാഷകനായി അദ്ദേഹത്തോടൊപ്പം ഖത്തറില്‍ നിന്നും കൂട്ടിനെത്തിയതും നീണ്ട 80 ദിവസങ്ങള്‍ കോട്ടക്കലില്‍ അദ്ദേഹത്തോടൊപ്പം കഴിഞ്ഞതും തന്റെ ജീവതത്തിലെ വലിയൊരു വഴിത്തിരിവായത് സി.ടി. എഴുതിച്ചേര്‍ക്കുന്നു. കോട്ടക്കലിലെ ചികിത്സ കഴിഞ്ഞ് ഷെയ്ക്ക് അന്‍സാരി നാട്ടിലേക്ക് മടങ്ങുന്നതിന് തലേന്ന് അദ്ദേഹത്തോടുള്ള ആദരസൂചകമായി ഒരു കഥകളിയും പി.കെ.വാര്യരും എസ് വാര്യരും ആര്യവൈദ്യശാലയില്‍ സംഘടിപ്പിച്ചിരുന്നു.
ഖത്തറില്‍ നിന്നും ചികിത്സക്കായുള്ള യാത്രയില്‍ കൊച്ചി നഗരത്തിനു മുകളിലൂടെ വിമാനം വട്ടമിട്ടു പിന്നിറങ്ങാന്‍ തുടങ്ങിയതോടെ താഴെ പന്തലിച്ചു നില്‍ക്കുന്ന പച്ചപ്പ് നോക്കി അത്ഭുതംകൂറിയ ഷെയ്ഖ് ആദം നബി സ്വര്‍ഗത്തില്‍ നിന്നും പുറത്താക്കപ്പെട്ടപ്പോള്‍ സ്വര്‍ഗത്തില്‍ നിന്നും ഒരു പിടി മണ്ണ് വാരി കൈയില്‍ പിടിച്ചിരുന്നെന്നും ആ മണ്ണ് വീണ സ്ഥലമാണ് കേരള തീരമെന്നും ഷെയ്ക്ക് അന്‍സാരിയുടെ നല്ല വാക്കുകളെ സി.ടി വളരെ മനോഹരമായി വിവരിക്കുന്നു. പിന്നീട് പലപ്പോഴും കേരളത്തെ കുറിച്ചുള്ള വാക്കുകളില്‍
'കേരള ' എന്നല്ല
'ഖൈറുള്ളാ ' (ദൈവാനുഗ്രഹം കിട്ടിയ നാട്) എന്നതാണ് ശരിയെന്ന് ഖത്തര്‍ സര്‍ക്കാര്‍ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ശൈഖ് അന്‍സാരി ഓര്‍മ്മപ്പെടുത്തുമായിരുന്നു ജവഹര്‍ലാല്‍ നെഹ്രുവിന്റെ കാലം മുതല്‍ ഇന്ത്യയും ഖത്തറും തമ്മിലുള്ള ദൃഡ ബന്ധവും ഖത്തറിന്റെ ക്ഷാമ കാലത്ത് ഇന്ത്യയില്‍ നിന്നും സഹായങ്ങള്‍ ഒഴുകുയെത്തിയതും ഇന്ത്യക്കാര്‍ക്ക് മുന്നില്‍ ഖത്തര്‍ എന്നും കവാടങ്ങള്‍ തുറന്നിട്ടതും ഷെയ്ക്ക് അന്‍സാരിയുടെ വാക്കുകളിലൂടെ സി.ടി നമുക്ക് ഈ പുസ്തകത്തിലൂടെ വരച്ച് കാട്ടുന്നു.
തന്റെ പിതൃതുല്യനായ ഷെയ്ക്ക് അന്‍സാരി എന്ന കാരുണ്യത്തിന്റെ തണല്‍ മരത്തില്‍ നിന്നും പകര്‍ന്നു കിട്ടിയ ലാളിത്യവും കരുണയും അനുകമ്പയുമൊക്കെ തന്നെയാവാം തനിക്ക് ജന്മം നല്‍കിയ മണ്ണില്‍ വേദനിക്കുന്ന ഹൃദയങ്ങള്‍ക്ക് താങ്ങും തണലുമാവാന്‍ ഒരു വേദിയൊരുക്കാന്‍, ജാതി-മത ഭേദമന്യേ അനാഥരുടെയും അഗതികളുടെയും സ്ത്രീകളുടെയും സാമൂഹിക വളര്‍ച്ചയ്ക്കായി ഒരു സ്ഥാപനം എന്ന അലോചനയിലേക്ക് സി.ടി. അബ്ദുറഹീം എത്തുന്നത്.
ഇന്ന് കേരളത്തിലെ തല ഉയര്‍ത്തി നില്‍ക്കുന്ന വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രങ്ങളിലൊന്നാണ് സാമുഹ്യനീതിയുടെയും സാമുദായിക സൗഹാര്‍ദ്ദത്തിന്റെയും ഈറ്റില്ലമായ 'ദയാപുരം' വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രം. ഒരു മനുഷ്യ സ്‌നേഹത്തിന്റെയും സേവനത്തിന്റെയും വഴിയില്‍ ഒരു നാടിനാകെ വെളിച്ചമായി തീര്‍ന്ന പ്രദേശം. 'ദയാപുരം'
ഖത്തര്‍ ജീവിതത്തിലെ ബന്ധങ്ങളും സമ്പാദ്യങ്ങളുമെല്ലാം സാമൂഹിക ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുകയാണ് സി.ടി. അബ്ദുറഹീം ചെയ്തത്.
അനുകമ്പയുടെയും ജീവകാരുണ്യത്തിന്റെയും ആദര്‍ശങ്ങള്‍ക്കൊപ്പം സഹവര്‍ത്തത്തിന്റെ ആശയങ്ങളും ഉള്‍ക്കൊണ്ട് തന്റെ ജീവിതം ധന്യമാക്കിയ സി.ടി അബ്ദുറഹീമിന്റെ 'ഖത്തര്‍ കാലം' വളര്‍ന്നു വരുന്ന തലമുറക്ക് പഠിക്കാനും സ്വജീവിതത്തില്‍ വിജയം നേടാനും പ്രചോദനമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

Related Articles
Next Story
Share it