ബി.എം; രാഷ്ട്രീയക്കാരിലെ നന്മ വെട്ടം

1709 സെപ്തംബര്‍ പതിനെട്ടിന് ജനിച്ച് 1784 ഡിസംബര്‍ പതിമൂന്നിന് മരണമടഞ്ഞ ഇംഗ്ലീഷ് സാഹിത്യകാരന്‍ സാമുവല്‍ ജോണ്‍സന്‍ പറഞ്ഞു: Politics is the last refuge of a scoundrel യശശ്ശരീരനായ ഷംനാട് സാഹിബ് ഈ പ്രസ്താവന തന്റെ സംഭാഷണങ്ങള്‍ക്കിടെ സമൃദ്ധമായി ഉദ്ധരിക്കാറുണ്ടായിരുന്നു. എന്നാല്‍ എല്ലാറ്റിലുമുണ്ടാകുമല്ലോ ഒരപവാദം. മുപ്പത്തിയാറു കൊല്ലങ്ങള്‍ക്കു മുമ്പ് ഒരു ഏപ്രില്‍ മൂന്നിന് നമ്മോടു വിട പറഞ്ഞ ബി.എം. അബ്ദുല്‍ റഹ്‌മാന്‍ തന്നെയാണ് ഒരുദാഹരണം. നമ്മുടെ പ്രദേശത്തിന് പ്രാപ്യമായ ഒട്ടുമിക്ക പുരോഗതികളിലും ബി.എമ്മിന്റെ അധ്വാനവും വിയര്‍പ്പുമുണ്ട്. […]

1709 സെപ്തംബര്‍ പതിനെട്ടിന് ജനിച്ച് 1784 ഡിസംബര്‍ പതിമൂന്നിന് മരണമടഞ്ഞ ഇംഗ്ലീഷ് സാഹിത്യകാരന്‍ സാമുവല്‍ ജോണ്‍സന്‍ പറഞ്ഞു: Politics is the last refuge of a scoundrel യശശ്ശരീരനായ ഷംനാട് സാഹിബ് ഈ പ്രസ്താവന തന്റെ സംഭാഷണങ്ങള്‍ക്കിടെ സമൃദ്ധമായി ഉദ്ധരിക്കാറുണ്ടായിരുന്നു. എന്നാല്‍ എല്ലാറ്റിലുമുണ്ടാകുമല്ലോ ഒരപവാദം. മുപ്പത്തിയാറു കൊല്ലങ്ങള്‍ക്കു മുമ്പ് ഒരു ഏപ്രില്‍ മൂന്നിന് നമ്മോടു വിട പറഞ്ഞ ബി.എം. അബ്ദുല്‍ റഹ്‌മാന്‍ തന്നെയാണ് ഒരുദാഹരണം.
നമ്മുടെ പ്രദേശത്തിന് പ്രാപ്യമായ ഒട്ടുമിക്ക പുരോഗതികളിലും ബി.എമ്മിന്റെ അധ്വാനവും വിയര്‍പ്പുമുണ്ട്. 1974ല്‍ ആണെന്ന് തോന്നുന്നു. കാസര്‍കോട് ജല അതോറിറ്റിയുടെ ആവിര്‍ഭാവത്തിനായി അദ്ദേഹം ചെയ്ത പ്രവര്‍ത്തനങ്ങളും പ്രയത്‌നങ്ങളും പ്രകീര്‍ത്തിക്കപ്പെട്ടതാണ്. സഹപാഠിയും സഹപ്രവര്‍ത്തകനുമായിരുന്ന പരേതനായ പി.എസ് മാഹിന്‍ ഹാജിയേയും കൂട്ടി ടി.എം.എ പൈയെ നേരിട്ട് കാണുകയും നിരന്തരമായ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തതുകൊണ്ടാണ് ആ ദൗത്യം സാഫല്യത്തിലെത്തിയത്. 1971 മുതല്‍ 77 വരെയും 1978 മുതല്‍ 80 വരെയും കേരള അസംബ്ലിയില്‍ കാസര്‍കോടിനെ പ്രതിനിധീകരിച്ച് എണ്ണയിട്ട യന്ത്രം പോലെ, വിശ്രാന്തിയില്ലാതെ, ക്ഷീണം സ്പര്‍ശിക്കാതെ രാവും പകലും മഞ്ഞിലും മഴയിലും സദാ പ്രവര്‍ത്തന നിരതനായ വിനയാന്വിതനായ ഈ ഉത്തരകേരളീയന്റെ സേവനശൈലിയും ജീവിതശൈലിയും നേരിട്ട് കണ്ടവര്‍ പലരും ഇന്നില്ല. തന്റെ നിയോജക മണ്ഡലത്തിന്റെ വിദ്യാഭ്യാസ ചക്രവാളം അഭൂതപൂര്‍വ്വമായി പ്രശോഭിതമായതിന് പിന്നിലെ ജനപ്രതിനിധിയായിരുന്നു ഈ സ്മര്യപുരുഷനെന്നത് ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നു. 1973-74 കാലത്ത് കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ പതിനഞ്ച് പ്രൈമറി സ്‌കൂളുകള്‍ അനുവദിച്ച് കിട്ടിയത് ബി.എം. അബ്ദുല്‍ റഹ്‌മാന്‍ എം.എല്‍.എയും സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയുമായ അവസരത്തിലായിരുന്നു എന്നതും എടുത്തു പറയേണ്ടതാണ്. ഇങ്ങനത്തെ ഒരു നേട്ടം തന്റെ മണ്ഡലത്തിന് പോലും കിട്ടിയിട്ടിലെന്നു ചാക്കിരി അഹ്‌മദ്കുട്ടി ഒരിക്കല്‍ തുറന്നു പറയുകയുണ്ടായി.
വിനയവും അതിമോഹമില്ലായ്മയുമാണ് ബി.എമ്മിന്റെ മുഖമുദ്ര. അദ്ദേഹത്തെ കുറിച്ചുള്ള ഒരനുസ്മരണ കുറിപ്പില്‍ കെ.എം.അഹ്‌മദ് മാഷിന്റെ ഒരു ഖണ്ഡിക വായിച്ചാലും: ഇന്നത്തെ ടിപ്പിക്കല്‍ രാഷ്ട്രീയക്കാരന്റെ പല സ്വഭാവ രീതികളും (വൈകൃതങ്ങളും) ബി.എമ്മില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. എവിടെച്ചെന്നാലും രംഗം അടക്കിവാഴുന്ന പ്രകൃതം അദ്ദേഹത്തിനില്ലായിരുന്നു. മറ്റുള്ളവരെ മുന്നില്‍ നിര്‍ത്താനുള്ള ബദ്ധപ്പാടില്‍ പലപ്പോഴും അദ്ദേഹം പിന്നിലായിപ്പോയിട്ടുണ്ട്. സി.കെ.പി. ചെറിയ മമ്മുക്കേയിയെപ്പോലുള്ള നേതാക്കള്‍ ബി.എമ്മിനെ കണ്ടറിഞ്ഞില്ലായിരുന്നെങ്കില്‍ മുന്നിലേക്ക് തള്ളിക്കയറാന്‍ അടവുകള്‍ പയറ്റുന്നവര്‍ക്കിടയില്‍ ബി.എം പിന്‍തള്ളപ്പെട്ടുപോകുമായിരുന്നു.
മനുഷ്യസ്‌നേഹിയായ ബി.എമ്മിന്റെ കൂടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ അനുഷ്ടിക്കാന്‍ യൗവ്വനം വിട്ടുമാറുന്നതിന് മുമ്പ് ഈ ലേഖകനും നിമിത്തമുണ്ടായി. യാത്രാസൗകര്യമുള്‍പ്പെടെ ഏത് സൗകര്യവും പരിമിതമായിരുന്ന അക്കാലത്ത് കല്ല് കരട് കാഞ്ഞിരക്കുറ്റിയും, മുള്ളു മുരട് മൂര്‍ഖന്‍ പാമ്പും നിറഞ്ഞ ഉള്‍ഗ്രാമങ്ങളിലൂടെ ഞങ്ങള്‍ സമൂഹ സേവനം നടത്തിയും വോട്ടു ചോദിച്ചും നടന്നത് ഓര്‍ക്കുമ്പോള്‍ മൊയീന്‍ കുട്ടി വൈദ്യര്‍ മലപ്പുറം പടപ്പാട്ട് രചിക്കാന്‍ നടത്തിയ കാല്‍ നടയാത്രയില്‍ അനുഭവിച്ച പ്രയാസങ്ങള്‍ വിവരിച്ച വരികള്‍ രസകരവും ഹൃദ്യഹുമായി തെളിയുന്നു:
ചൂട്ട് കെട്ടിക്കൊണ്ടാമോനേ
ഇരുട്ടിലാണേ
കാട്ടം മുട്ടിലാണേ
വെള്ളം തോട്ടിലാണേ.
1940 മുതല്‍ 1950 വരെ ബി.എമ്മിന്റെ പഠനം മുസ്ലിം ഹൈസ്‌കൂളിലായിരുന്നു. മുബാറക്ക് മുഹമ്മദ് ഹാജി, പരേതരായ പി.എസ് മാഹിന്‍ ഹാജി, വി.കെ.പി. ഖാലിദ് ഹാജി, എം.കെ.മുളിയാര്‍ മുതലയാവര്‍ സതീര്‍ത്ഥ്യന്‍മാരില്‍ പെടും. ബി.എം. ഒരു പ്രത്യേക ഗ്രൂപ്പിന്റെയല്ല എല്ലാവരുടെയും ലീഡറായിരുന്നു. അങ്ങനെ കുട്ടികളുടെ ലീഡറായി. ലീഗിലേക്കുള്ള പ്രവേശനം എം.എസ്.എഫ് വഴിയായിരുന്നു. ജനസേവന തല്‍പരതയുടെ അതിപ്രസരം തന്റെ പുകയിലക്കച്ചവടത്തെ അനാഥമാക്കി. രാവിലെ കട തുറന്ന് പുറത്ത് പോയാല്‍ വൈകിട്ട് കട അടക്കാനായിരിക്കും തിരിച്ചു വരിക. ഒരിക്കല്‍ അദ്ദേഹത്തിന്റെ എതിര്‍പക്ഷക്കാര്‍ മുദ്രാവാക്യം മുഴക്കി ജാഥ നയിക്കുമ്പോള്‍ കാസര്‍കോടന്‍ ഭാഷയില്‍ ഇങ്ങനെയൊരു മുദ്രാവാക്യം കേട്ടത് ഇന്നും ഓര്‍മ്മയിലുണ്ട്: ചപ്പ്‌ന്റെ ഇച്ചാ ബി.എംച്ചാ
നിങ്ങക്കിപ്പണി ബേണ്ട ഇച്ചാ ബി.എമ്മിന്റെ തിരോധാനത്തിലൂടെ നഷ്ടമായത് ഒരു ലീഗ് നേതാവ് മാത്രമല്ല. കാസര്‍കോട്ടുകാര്‍ക്ക് അദ്ദേഹം ഓരോമനപുത്രനായിരുന്നു. ഒരു രാഷ്ട്രീയക്കാരനില്‍ ഇത്രമേല്‍ നന്മ നിറഞ്ഞു കാണുക അപൂര്‍വ്വമായിരിക്കും.
ജീവതത്തിലുടനീളം മാനുഷിക നന്മകള്‍ പ്രകാശിപ്പിച്ച ശേഷം തന്റെ പൂര്‍വ്വികരുറങ്ങുന്ന മണ്ണില്‍ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുകയാണ്.
കാരുണ്യത്തിന്റെ പ്രഭാവലയമായിരുന്നു ബി.എം. ആ തിരിനാളം കെടാതെ കൈത്തിരികളായി ചുറ്റുപാടെങ്ങും പ്രസരിക്കുന്നുണ്ട്. പല കൈവഴികളിലായി. ആകാരപ്രകൃതം കൊണ്ടു കൂടി ബി.എമ്മിന്റെ പ്രതിച്ഛായയുടെ ശ്രേഷ്ഠഭാവം അപ്പടി പര്‍ന്നു കിട്ടിയ മക്കള്‍ അഷ്‌റഫും മഹ്‌മൂദും അദ്ദേഹത്തിന്റെ ഉദാത്തമായ പരോപകാര നിഷ്ഠയും യഥാവിധി മാതൃകയാക്കിയിട്ടുണ്ട്.

Related Articles
Next Story
Share it