പൂക്കുന്നു, വടക്കന്‍ ശിഖരവും...

കേരള മാവില്‍ വടക്കന്‍ ശിഖരം പൂക്കാത്തതെന്തേ? എന്ന് കാസര്‍കോട്ടുകാരനായ കവി എ. ബെണ്ടിച്ചാല്‍ ഒരു കവിതയില്‍ ചോദിച്ചിട്ടുണ്ട്.ഈ ചോദ്യം കേന്ദ്ര സാഹിത്യ അക്കാദമിയെങ്കിലും കേട്ടു എന്ന് വേണം കരുതാന്‍. അടുത്ത കാലത്തായി കേന്ദ്ര സാഹിത്യ അക്കാദമിയുടെ പരിപാടികളും കോരപ്പുഴ കടന്ന് വടക്കന്‍ കേരളത്തില്‍ എത്തിയിട്ടുണ്ട്. കോരപ്പുഴയ്ക്ക് വടക്ക് സാഹിത്യമോ, സാഹിത്യകാരന്മാരോ ഇല്ല എന്ന പഴയ മനോഭാവത്തിന് മാറ്റം വന്നിട്ടുണ്ടെന്ന് സാരം.ഈ ജൂലായ്-ആഗസ്ത് മാസങ്ങളില്‍ മാത്രമായി, കേന്ദ്ര സാഹിത്യ അക്കാദമിയുടെ മൂന്ന് പരിപാടികളാണ് ഈ അത്യുത്തര ദേശത്ത് നടക്കാന്‍ […]

കേരള മാവില്‍ വടക്കന്‍ ശിഖരം പൂക്കാത്തതെന്തേ? എന്ന് കാസര്‍കോട്ടുകാരനായ കവി എ. ബെണ്ടിച്ചാല്‍ ഒരു കവിതയില്‍ ചോദിച്ചിട്ടുണ്ട്.
ഈ ചോദ്യം കേന്ദ്ര സാഹിത്യ അക്കാദമിയെങ്കിലും കേട്ടു എന്ന് വേണം കരുതാന്‍. അടുത്ത കാലത്തായി കേന്ദ്ര സാഹിത്യ അക്കാദമിയുടെ പരിപാടികളും കോരപ്പുഴ കടന്ന് വടക്കന്‍ കേരളത്തില്‍ എത്തിയിട്ടുണ്ട്. കോരപ്പുഴയ്ക്ക് വടക്ക് സാഹിത്യമോ, സാഹിത്യകാരന്മാരോ ഇല്ല എന്ന പഴയ മനോഭാവത്തിന് മാറ്റം വന്നിട്ടുണ്ടെന്ന് സാരം.
ഈ ജൂലായ്-ആഗസ്ത് മാസങ്ങളില്‍ മാത്രമായി, കേന്ദ്ര സാഹിത്യ അക്കാദമിയുടെ മൂന്ന് പരിപാടികളാണ് ഈ അത്യുത്തര ദേശത്ത് നടക്കാന്‍ പോകുന്നത്. മുമ്പെങ്ങുമില്ലാത്ത വിധമാണത്. ആഗസ്ത് 13ന് കാഞ്ഞങ്ങാട് പി. സ്മാരകത്തില്‍ ലിറ്റററി ഫോറം എന്ന പേരില്‍ കവിതാ - സാഹിത്യ സംവാദം സംഘടിപ്പിക്കുന്നുണ്ട്. ആഗസ്ത് 19 ന് മുളിയാര്‍ ഗ്രാമ പഞ്ചായത്ത് കസ്തൂര്‍ബ ഗാന്ധി ഗ്രന്ഥാലയത്തില്‍ ഗ്രാമ ലോക് എന്ന സാഹിത്യ-സംസ്‌ക്കാര പരിപാടി ഒരുക്കിയിരിക്കുന്നു. പ്രദേശത്തെ നാല് കലാ-സാഹിത്യ പ്രതിഭകളെ ചടങ്ങില്‍ ആദരിക്കുന്നുമുണ്ട്.
ജൂലായ് 30ന് ബേക്കല്‍ അരവത്തും ഗ്രാമലോക് പരിപാടി നടക്കും. പുലരി ക്ലബ്ബിന്റെ സഹകരണത്തോടെയാണിത്.
വരുംനാളുകളില്‍ വടക്കന്‍ കേരളനാടിന്റെ നാനാഭാഗങ്ങളിലായി വൈവിധ്യമാര്‍ന്ന നിരവധി പരിപാടികള്‍ക്ക് ഒരുക്കം കൂട്ടുന്നതായി അക്കാദമി ഉപദേശക സമിതി അംഗം ഡോ. എ.എം. ശ്രീധരന്‍ സൂചന നല്‍കുന്നു.
കാസര്‍കോട് ജില്ലയില്‍ ഏറെ ശ്രദ്ധ നേടിയ നാട്യരത്‌നം കണ്ണന്‍ പാട്ടാളി കഥകളി ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളും ഇതിനകം ജനശ്രദ്ധ നേടിയിട്ടുണ്ട്. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ കീഴിലുള്ള കൂടിയാട്ട കേന്ദ്രത്തിന്റെ പ്രതിമാസ പരിപാടികള്‍ നടത്തുന്ന സ്ഥാപനങ്ങളുടെ പട്ടികയില്‍ കഥകളി ട്രസ്റ്റും ഉള്‍പ്പെടുന്നതായി അറിയുന്നു. ഇനിവരുന്ന മാസങ്ങളില്‍ കാസര്‍കോട്ടുകാര്‍ക്ക് കൂത്തും കൂടിയാട്ടവും ആവോളം ആസ്വദിക്കാം. ഡോ. എ.എം. ശ്രീധരനാണ് ട്രസ്റ്റിന്റെ ചെയര്‍മാന്‍.
കാസര്‍കോട്ട് കവിത പൂക്കില്ല എന്നും കാഞ്ഞങ്ങാട് കച്ചവടത്തിന്റെ നാടാണെന്നും മുന്‍വിധിയോടെ കണ്ടിരുന്ന ആ പഴയകാലം ഇപ്പോള്‍ മാറ്റത്തിന്റെ പാതയിലാണ്.
ഇവിടെ സാഹിത്യം മാത്രമല്ല, സിനിമയും പൂക്കുമെന്നും നാം കാണുന്നു. അടുത്ത കാലത്തായി നിരവധി നല്ല സിനിമകള്‍ കാസര്‍കോട്ട് നിന്ന് ചിത്രീകരിക്കുകയുണ്ടായി.
എത്രയോ നല്ല പുസ്തകങ്ങള്‍ നിത്യേനയെന്നോണം ഇവിടെ നിന്നിറങ്ങുന്നു. കവികളും കഥാകൃത്തുക്കളും നോവലിസ്റ്റുകളുമെല്ലാം ഇവിടെ നിന്നുയരുന്നു.
പത്മശ്രീ, ചെമ്പരത്തി, തുളുനാട്, അ, ഹുബാഷിക തുടങ്ങി ഇന്നാട്ടിലെ പ്രസാധകരിലൂടെ ഒട്ടേറെ കൃതികള്‍ ഇറങ്ങി.
ഗോവിന്ദ പൈ സ്മാരക കേന്ദ്രം, കേന്ദ്ര സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല ബഹുഭാഷാപഠന കേന്ദ്രം, മഹാകവി പി. സ്മാരക മന്ദിരം, കാസര്‍കോട് ജില്ലാ ലൈബ്രറി എന്നിവിടങ്ങളിലെല്ലാം ഭാഷാ-സാഹിത്യ-സാംസ്‌ക്കാരിക പരിപാടികള്‍ ധാരാളമായി നടക്കുന്നു.
കേരള സാഹിത്യ അക്കാദമിയുടെ ദ്വിദിന ഭാഷാ സെമിനാര്‍ ആറുമാസം മുമ്പാണ് മഞ്ചേശ്വരം ഗിളിവിണ്ടുവില്‍ നടന്നത്.
ഈ മണ്ണിപ്പോള്‍ ഉര്‍വരമാണ്. കേരളമാവിന്റെ വടക്കന്‍ ശിഖരവും പൂക്കാന്‍ തുടങ്ങിയിരിക്കുന്നു.
30ലേറെ ഭാഷകളുള്ള, 23ല്‍ പരം ഭാഷകളറിയാമായിരുന്ന രാഷ്ട്ര കവി മഞ്ചേശ്വരം ഗോവിന്ദ പൈയുടെ ഈ നാട് എങ്ങനെ പൂക്കാതിരിക്കും!
ടി. ഉബൈദിന്റെ, മഹാകവി പി.യുടെ, കയ്യാര്‍ കിഞ്ഞണ്ണ റൈയുടെ, വിദ്വാന്‍ പി. വെങ്കിട രാജ പുണിഞ്ചിത്തായയുടെ, വിദ്വാന്‍ പി. കേളു നായരുടെ, മഹാകവി കുട്ടമത്തിന്റെ, ടി.എസ്. തിരുമുമ്പിന്റെ, എ.സി. കണ്ണന്‍ നായരുടെ, കൂര്‍മ്മല്‍ എഴുത്തച്ഛന്റെ, ബാലകൃഷ്ണന്‍ മാങ്ങാടിന്റെ, സ്വാമി ആനന്ദതീര്‍ത്ഥന്റെ, സി.പി. ശ്രീധരന്റെ, കെ. മാധവന്റെ, പാര്‍ത്ഥി സുബ്ബന്റെ, മൊഗ്രാല്‍ കവികുലത്തിന്റെ... മറ്റനേകം പേരുടെ കാല്‍പാടുകള്‍ പതിഞ്ഞ ഈ മണ്ണെങ്ങനെ ഊഷരമാകും?
യക്ഷഗാനത്തിന്റെ, തെയ്യങ്ങളുടെ, തോറ്റം പാട്ടിന്റെ പാഡ്ദണകളുടെ, ഇശലുകളുടെ, കോട്ടകളുടെ, നദികളുടെ, മലകളുടെ, കാടിന്റെ, കൊറഗരുടെ... തുളുനാടെങ്ങനെ അനാഥമാകും? 'എയിംസ്' തന്നില്ലെങ്കിലും മേല്‍പ്പറഞ്ഞ ധാരാളം സൗഭാഗ്യങ്ങള്‍ ആശ്വസിക്കാനും അഭിമാനിക്കാനും നമുക്ക് വക നല്‍കുന്നുണ്ടല്ലോ.


-രവീന്ദ്രന്‍ പാടി

Related Articles
Next Story
Share it