ബിജെപിയുടെ വിജയയാത്ര ഞായറാഴ്ച കാസര്‍കോട്ട് നിന്ന് ആരംഭിക്കും; യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര ഞായറാഴ്ച കാസര്‍കോട്ട് നിന്ന് ആരംഭിക്കും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും. കേരളത്തില്‍ സീറ്റ് വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് യാത്ര. പൊതുസമ്മതരെയും ന്യൂനപക്ഷങ്ങളെയും പാര്‍ട്ടിക്ക് അനുകൂലമാക്കുകയെന്ന ലക്ഷ്യം കൂടിയുണ്ട്. താളിപ്പടുപ്പ് മൈതാനിയില്‍ നിന്ന് മൂന്ന് മണിക്ക് യാത്ര ആരംഭിക്കും. ജില്ലയിലെ മുപ്പതിനായിരത്തോളം ബി.ജെ.പി. പ്രവര്‍ത്തകര്‍ ഉദ്ഘാടന പരിപാടിയില്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍. […]

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര ഞായറാഴ്ച കാസര്‍കോട്ട് നിന്ന് ആരംഭിക്കും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും. കേരളത്തില്‍ സീറ്റ് വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് യാത്ര. പൊതുസമ്മതരെയും ന്യൂനപക്ഷങ്ങളെയും പാര്‍ട്ടിക്ക് അനുകൂലമാക്കുകയെന്ന ലക്ഷ്യം കൂടിയുണ്ട്.

താളിപ്പടുപ്പ് മൈതാനിയില്‍ നിന്ന് മൂന്ന് മണിക്ക് യാത്ര ആരംഭിക്കും. ജില്ലയിലെ മുപ്പതിനായിരത്തോളം ബി.ജെ.പി. പ്രവര്‍ത്തകര്‍ ഉദ്ഘാടന പരിപാടിയില്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍. മാര്‍ച്ച് 6ന് തിരുവന്തപുരത്താണ് സമാപനം. സമാപാന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള നേതാക്കള്‍ സംബന്ധിക്കും. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും പരിപാടികള്‍ സംഘടിപ്പിക്കുകയെന്ന് സംഘാടകര്‍ പറയുന്നു. വിജയയാത്ര അവസാനിക്കുമ്പോഴേക്കും ഇ. ശ്രീധരനപ്പോലെ കൂടുതല്‍ പ്രമുഖര്‍ പാര്‍ട്ടിയിലെത്തുമെന്ന് കെ.സുരേന്ദ്രന്‍ പറയുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കണമെന്നും സീറ്റ് വര്‍ധിപ്പിക്കണമെന്നും കേന്ദ്ര ഘടകത്തിന്റെ കര്‍ശന നിര്‍ദേശമുണ്ട്. കഴിഞ്ഞ കോര്‍ കമ്മിറ്റിയിലും കേന്ദ്ര നേതാക്കള്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇതോടെ ഇടഞ്ഞു നില്‍ക്കുന്നവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

എന്‍.ഡി.എ. വിട്ടുപോയ ഘടകകക്ഷികള്‍ തിരിച്ചുവരുമെന്നും പി.സി. തോമസ് വിജയയാത്രയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. യാത്രയ്ക്ക് മുമ്പായി കെ സുരേന്ദ്രന്‍ ഭാഷാന്യൂനപക്ഷസംഘടന ഭാരവാഹികളുടേയും ഹിന്ദു സാമുദായിക സംഘടന നേതാക്കളുടേയും യോഗത്തില്‍ പങ്കെടുക്കും.

എല്ലാ ജില്ലകളിലും കേന്ദ്രമന്ത്രി വി. മുരളീധരനടക്കം ബി.ജെ.പി.യുടെ കേന്ദ്ര സംസ്ഥാന നേതാക്കളും എന്‍.ഡി.എ. നേതാക്കളും ചടങ്ങില്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ പറയുന്നു. വരും നാളുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര അമിത് ഷാ, ജെ പി നദ്ദ തുടങ്ങിയവര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായേക്കും.

Related Articles
Next Story
Share it