സ്ഥലനാമങ്ങള്‍ മാറ്റാന്‍ നീക്കമെന്ന് ബി.ജെ.പി., ആരോപണം തള്ളി ജില്ലാകലക്ടറും എം.എല്‍.എയും

കാസര്‍കോട്: കേരള-കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് കേരളത്തിലുള്ള പല സ്ഥലങ്ങളുടെയും പേരുകള്‍ കേരളം മാറ്റാന്‍ ശ്രമിക്കുകയാണെന്ന് ആരോപണം. ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് അടക്കമുള്ളവര്‍ ഇത്തരമൊരു ആരോപണം ഉന്നയിക്കുമ്പോള്‍ ഇത് നിഷേധിച്ച് ജില്ലാ ഭരണകൂടവും എം.എല്‍.എ.യും രംഗത്തെത്തി. മഞ്ചേശ്വരം, കുമ്പള, ഹൊസ്ദുര്‍ഗ്, മധൂര്‍ തുടങ്ങിയ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റാനുള്ള ശ്രമം നടക്കുന്നതായും ഇത് കന്നഡ ഭാഷക്കെതിരെയുള്ള നീക്കമാണെന്നും ആരോപിച്ച് കര്‍ണാടക ബോര്‍ഡര്‍ ഏരിയ ഡവലപ്‌മെന്റ് അതോറിറ്റി സെക്രട്ടറി പ്രകാശ് മട്ടിഹള്ളി മംഗളൂരുവില്‍ പുറത്തിറക്കിയ പ്രസ് റീലിസിലൂടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്നു […]

കാസര്‍കോട്: കേരള-കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് കേരളത്തിലുള്ള പല സ്ഥലങ്ങളുടെയും പേരുകള്‍ കേരളം മാറ്റാന്‍ ശ്രമിക്കുകയാണെന്ന് ആരോപണം. ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് അടക്കമുള്ളവര്‍ ഇത്തരമൊരു ആരോപണം ഉന്നയിക്കുമ്പോള്‍ ഇത് നിഷേധിച്ച് ജില്ലാ ഭരണകൂടവും എം.എല്‍.എ.യും രംഗത്തെത്തി. മഞ്ചേശ്വരം, കുമ്പള, ഹൊസ്ദുര്‍ഗ്, മധൂര്‍ തുടങ്ങിയ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റാനുള്ള ശ്രമം നടക്കുന്നതായും ഇത് കന്നഡ ഭാഷക്കെതിരെയുള്ള നീക്കമാണെന്നും ആരോപിച്ച് കര്‍ണാടക ബോര്‍ഡര്‍ ഏരിയ ഡവലപ്‌മെന്റ് അതോറിറ്റി സെക്രട്ടറി പ്രകാശ് മട്ടിഹള്ളി മംഗളൂരുവില്‍ പുറത്തിറക്കിയ പ്രസ് റീലിസിലൂടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്നു കന്നഡ വികസന സമിതി അധ്യക്ഷന്‍ ടി.എസ്.നാഗാഭരണയും ഈ നീക്കം നടക്കുന്നതായി ബംഗളൂരുവില്‍ ആരോപിച്ചിരുന്നു. പേര് മാറ്റാനുള്ള നീക്കം നടക്കുന്നതായി ആരോപിച്ച് മൈസൂരുവില്‍ നിന്നുള്ള ബി.ജെ.പി. എം.പി. പ്രതാപ് സിംഹയും രംഗത്തെത്തുകയുണ്ടായി. കാസര്‍കോടന്‍ തനിമയുള്ള സ്ഥലനാമങ്ങള്‍ മാറ്റാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്തും രംഗത്തെത്തി. സ്ഥലനാമങ്ങള്‍ മാറ്റാനുള്ള നീക്കമുണ്ടെങ്കില്‍ ആ വിഷയം കേരള മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് കര്‍ണാടക മുഖ്യമന്ത്രി യെഡിയൂരപ്പയും മുന്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസാമിയും വ്യക്തമാക്കി.
ആരോപണം ശരിയല്ല, വെറുതെ പ്രചരിപ്പിക്കുന്നത് -കലക്ടര്‍
നിലവിലുള്ള സ്ഥലനാമങ്ങള്‍ മാറ്റാന്‍ നീക്കമുണ്ടെന്ന ആരോപണം ശരിയല്ലെന്നും അങ്ങനെ ചിന്തിച്ചിട്ടുപോലുമില്ലെന്നും ജില്ലാ കലക്ടര്‍ ഡോ. ഡി.സജിത് ബാബു പറഞ്ഞു. വെറുതെ പ്രചരിപ്പിക്കുന്നതാണ്. ഇത്തരമൊരു പ്രചരണത്തിന്റെ പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ലെന്നും കലക്ടര്‍ പറഞ്ഞു. അടിസ്ഥാനമില്ലാത്ത വ്യാജ പ്രചാരണമാണ് നടക്കുന്നത്. സ്ഥലനാമങ്ങള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് യാതൊരു ചര്‍ച്ചയും ഉണ്ടായിട്ടില്ല. കലക്ടര്‍ അറിയാതെ സ്ഥലനാമം മാറ്റുന്നതിനുള്ള നടപടി ഉണ്ടാവില്ലെന്നിരിക്കെ ആരൊക്കെയോ ചേര്‍ന്ന് അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്നും വ്യാജ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും കലക്ടര്‍ പറഞ്ഞു.
ഭിന്നിപ്പുണ്ടാക്കാനുള്ള ഗൂഢാലോചനയാണോ എന്ന് സംശയം-മഞ്ചേശ്വരം എം.എല്‍.എ.
മഞ്ചേശ്വരം: ജില്ലയിലെ പത്തോളം സ്ഥലനാമങ്ങള്‍ കന്നഡ ശൈലിയില്‍ നിന്നും മാറ്റി മലയാളീകരിക്കുന്നുവെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് എ.കെ.എം. അഷ്‌റഫ് എം.എല്‍.എ പത്രക്കുറിപ്പില്‍ പറഞ്ഞു. ഇത് സംബന്ധിച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷിയും നടത്തിയ പ്രസ്താവനകള്‍ നിരാശാജനകമാണെന്നും കേരള മുഖ്യമന്ത്രിയുടെ ഓഫീസുമായും ജില്ലാ കലക്ടറേറ്റുമായും ബന്ധപ്പെട്ട് വിവരങ്ങളന്വേഷിച്ചപ്പോള്‍ സ്ഥലപ്പേര് മാറ്റവുമായി ബന്ധപ്പെട്ട ഉത്തരവുകളൊന്നും ഇറക്കിയിട്ടില്ലെന്നാണ് മനസ്സിലായതെന്നും എ.കെ.എം. അഷ്‌റഫ് അറിയിച്ചു. സര്‍ക്കാര്‍ സര്‍ക്കുലറുകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെങ്കിലും റേഷന്‍ കാര്‍ഡ് സോഫ്റ്റ് വെയറിലെ സാങ്കേതിക തകരാറുകള്‍ കാരണം ചില തെറ്റുകള്‍ ചില സ്ഥലനാമങ്ങളില്‍ വന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുകയും അത് തിരുത്താനുള്ള നടപടിയെടുത്തതായുമാണ് അറിയാന്‍ കഴിഞ്ഞത്. സത്യാവസ്ഥ ഇതായിരിക്കെ ചില കോണുകളില്‍ നിന്ന് വ്യാജപ്രചാരണങ്ങളുണ്ടാകുന്നതും അതിനെ എരി തീയില്‍ എണ്ണയൊഴിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതും ജില്ലയിലെ വ്യത്യസ്ത ഭാഷാ സ്‌നേഹികളുടെ ഇടയില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ഗൂഢാലോചനയാണോ എന്ന് സംശയിക്കുന്നതായും എം.എല്‍.എ. പറഞ്ഞു.
തനിമയുള്ള സ്ഥലനാമങ്ങള്‍ മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം-ബി.ജെ.പി.
കാസര്‍കോട്: തനിമയുള്ള സ്ഥലനാമങ്ങള്‍ മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം സ്ഥിതി ചെയ്യുന്ന മധൂറിന്റെയുള്‍പ്പെടെയുള്ള സ്ഥലനാമങ്ങള്‍ മാറ്റുന്നത് പ്രതിഷേധാര്‍ഹമാണ്. കാസര്‍കോടിന്റെ സ്വത്വമടങ്ങുന്ന സ്ഥലനാമങ്ങള്‍ മാറ്റുമ്പോള്‍ വൈദേശിക സാംസ്‌കാരിക അധിനിവേശത്തിന്റെ ഭാഗമായി ആസൂത്രിതമായി മാറ്റിയിട്ടുള്ള അറബിക് സ്ഥലനാമങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുന്ന നടപടിയാണ് സംസ്ഥാന സര്‍ക്കാരിന്റേത്. പിണറായി സര്‍ക്കാരിന്റെ ഈ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയണമെന്നും അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു.

Related Articles
Next Story
Share it