യു.പിയില്‍ വീണ്ടും ബി.ജെ.പി; പഞ്ചാബ് തൂത്തുവാരി ആംആദ്മി

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മേല്‍ക്കോയ്മ. കോണ്‍ഗ്രസ് അപ്പാടെ നാണം കെടുത്തി. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന് രണ്ടാമൂഴം ഉറപ്പായി. എന്നാല്‍ കഴിഞ്ഞ തവണത്തെ സീറ്റ് നില ബി.ജെ.പിക്ക് നിലനിര്‍ത്താനാവില്ലെന്നാണ് 70 ശതമാനം വോട്ടുകള്‍ എണ്ണികഴിഞ്ഞപ്പോള്‍ ലഭിക്കുന്ന സൂചന. ഇവിടെ അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി ഏതാണ്ട് 125 ഓളം സീറ്റുകളില്‍ മുന്നിട്ട് നിന്ന് ശക്തമായ സാന്നിധ്യം തെളിയിച്ചു. പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിയുടെ ഉജ്ജ്വല മുന്നേറ്റമാണ്. അവര്‍ ഭരണത്തിലേക്ക് നീങ്ങുകയാണ്. ഗോവയില്‍ ബി.ജെ.പി […]

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മേല്‍ക്കോയ്മ. കോണ്‍ഗ്രസ് അപ്പാടെ നാണം കെടുത്തി. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന് രണ്ടാമൂഴം ഉറപ്പായി. എന്നാല്‍ കഴിഞ്ഞ തവണത്തെ സീറ്റ് നില ബി.ജെ.പിക്ക് നിലനിര്‍ത്താനാവില്ലെന്നാണ് 70 ശതമാനം വോട്ടുകള്‍ എണ്ണികഴിഞ്ഞപ്പോള്‍ ലഭിക്കുന്ന സൂചന. ഇവിടെ അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി ഏതാണ്ട് 125 ഓളം സീറ്റുകളില്‍ മുന്നിട്ട് നിന്ന് ശക്തമായ സാന്നിധ്യം തെളിയിച്ചു.
പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിയുടെ ഉജ്ജ്വല മുന്നേറ്റമാണ്. അവര്‍ ഭരണത്തിലേക്ക് നീങ്ങുകയാണ്. ഗോവയില്‍ ബി.ജെ.പി ഭരണം നിലനിര്‍ത്തുമെന്നാണ് സൂചന. മണിപ്പൂരില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ബി.ജെ.പിയാണ് മുന്നില്‍. ഉത്തരാഖണ്ഡില്‍ ബി.ജെ.പി ഭരണതുടര്‍ച്ച ഉറപ്പായി.
അഞ്ച് സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇന്ന് രാവിലെയാണ് വന്നുതുടങ്ങിയത്. യു.പിയില്‍ ബി.ജെ.പിക്ക് കഴിഞ്ഞ തവണ തനിച്ച് 312 സീറ്റുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇത്തവണ 270ഓളമായി കുറയുന്നുവെന്ന സൂചനകളാണ് ലഭിക്കുന്നത്. കഴിഞ്ഞ തവണ 47 സീറ്റുകള്‍ മാത്രമുണ്ടായിരുന്ന സമാജ് വാദി പാര്‍ട്ടി 125 ഓളം സീറ്റുകള്‍ ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ്. ഇവിടെ ഏഴ് സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസ് ഇത്തവണ ആറ് സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബി.എസ്.പിക്കും അടി പതറി. കഴിഞ്ഞ തവണ 19 സീറ്റുകളുണ്ടായിരുന്നുവെങ്കില്‍ ഇത്തവണ ആറ് സീറ്റുകള്‍ മാത്രം.
കോണ്‍ഗ്രസിന്റെ ദയനീയ പരാജയമാണ് എല്ലായിടത്തും ചര്‍ച്ച ചെയ്യപ്പെടുന്നത്. യു.പിയില്‍ പ്രിയങ്ക ഗാന്ധി നേരിട്ട് പ്രചരണത്തിന് നേതൃത്വം നല്‍കിയിട്ടും കോണ്‍ഗ്രസിന്റെ സീറ്റുകള്‍ ആറിനോടടുത്താണ്.
പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ ഉജ്ജ്വല മുന്നേറ്റം. 90 സീറ്റുകളില്‍ എ.എ.പി മുന്നിട്ട് നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത് 15 സീറ്റുകളില്‍ മാത്രം. ശിരോമണി അകാലിദളിന് എട്ടും ബി.ജെ.പി സഖ്യത്തിന് നാലും സീറ്റുകളാണുള്ളത്.
ഗോവയിലെ 40 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നായിരുന്നു എക്‌സിറ്റ്‌പോള്‍ ഫലങ്ങളെങ്കിലും ബി.ജെ.പിയാണ് ഇവിടെ ഏറ്റവും വലിയ ഒറ്റകക്ഷി. ബി.ജെ.പി 18 സീറ്റുകളുമായി ഭരണത്തോടടുക്കുകയാണ്. കോണ്‍ഗ്രസ് സഖ്യത്തിന് 11ഉം തൃണമൂല്‍ കോണ്‍ഗ്രസിന് നാലും സീറ്റുകളുണ്ട്. മറ്റുള്ളവര്‍ ഏഴ് സീറ്റുകളിലും മുന്നിട്ട് നില്‍ക്കുന്നു.
ഉത്തരാഖണ്ഡില്‍ ബി.ജെ.പി വീണ്ടും ഭരണത്തിലേക്ക് നീങ്ങുകയാണ്. എന്നാല്‍ 70 അംഗ ഉത്തരാഖണ്ഡ് നിയമസഭയില്‍ ബി.ജെ.പിക്ക് ഇത്തവണ ശോഭ കുറഞ്ഞു. കഴിഞ്ഞ തവണ 57 സീറ്റുകളുമായാണ് ഭരണത്തിലേറിയതെങ്കിലും ഇത്തവണ 46 സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. എന്നാല്‍ കഴിഞ്ഞ തവണ 11 സീറ്റുകള്‍ മാത്രമുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇത്തവണ 21 സീറ്റുകളില്‍ ലീഡുണ്ട്.
60 അംഗ മണിപ്പൂര്‍ നിയമസഭയില്‍ ഉച്ചവരെ വന്ന ഫലം അനുസരിച്ച് ആര്‍ക്കും കേവല ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞിട്ടില്ല. ഇവിടെ ബി.ജെ.പി സഖ്യം 27 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുകയാണ്. കോണ്‍ഗ്രസിന് ഒമ്പതും എന്‍.പി.പിക്ക് 13ഉം മറ്റുള്ളവര്‍ക്ക് 11 ഉം സീറ്റുകളുണ്ട്.

Related Articles
Next Story
Share it