എണ്ണം കുറയുന്ന പക്ഷികള്‍

നീണ്ട കഴുത്ത് നീട്ടി ചെറുമീനുകളെ പിടിക്കുന്ന കൊക്കുകള്‍ ഇന്നെവിടെ? മഴമേഘങ്ങളെ കാത്തിരിക്കുന്ന വേഴാമ്പലുകളെയും കാണാനില്ല. കാവുകളില്‍ തെയ്യങ്ങളുടെ ചെണ്ടനാദമുയരുമ്പോള്‍ കലപില കൂട്ടിപറക്കുന്ന വവ്വാലുകളും പ്രാവുകളും ജലപക്ഷികളുടെ കിളിക്കൊഞ്ചലുകളും പഴങ്കഥയാവുന്നു. അങ്ങാടിയില്‍ കിന്നാരം പറയുന്ന കുരുവികളും മറവിയിലേക്ക് പോകുന്നു. മനുഷ്യ സഞ്ചാരങ്ങള്‍ക്കിടയില്‍ തകര്‍ക്കപ്പെടുന്ന പക്ഷിസങ്കേതങ്ങള്‍. കൂട്ടമരണം നേരിടുന്ന പക്ഷിക്കൂട്ടങ്ങള്‍ നിരവധി. കൂട്ടിലടക്കാന്‍ വിധിക്കപ്പെട്ടവ വേറെ. പട്ടിക നീളുകയാണ്.തീന്‍മേശകളില്‍ ഇറച്ചിക്കറി നിറയുമ്പോള്‍ പാവം കോഴിയുടെ വിലാപം ആരും കേള്‍ക്കാറില്ല. കാട് കൈയ്യേറുമ്പോഴും തണ്ണീര്‍ത്തടങ്ങള്‍ ഉണങ്ങുമ്പോഴും പക്ഷികള്‍ കൊല്ലപ്പെടുമ്പോഴും പ്രകൃതിയുടെ സന്തുലിതാവസ്ഥ […]

നീണ്ട കഴുത്ത് നീട്ടി ചെറുമീനുകളെ പിടിക്കുന്ന കൊക്കുകള്‍ ഇന്നെവിടെ? മഴമേഘങ്ങളെ കാത്തിരിക്കുന്ന വേഴാമ്പലുകളെയും കാണാനില്ല. കാവുകളില്‍ തെയ്യങ്ങളുടെ ചെണ്ടനാദമുയരുമ്പോള്‍ കലപില കൂട്ടിപറക്കുന്ന വവ്വാലുകളും പ്രാവുകളും ജലപക്ഷികളുടെ കിളിക്കൊഞ്ചലുകളും പഴങ്കഥയാവുന്നു. അങ്ങാടിയില്‍ കിന്നാരം പറയുന്ന കുരുവികളും മറവിയിലേക്ക് പോകുന്നു. മനുഷ്യ സഞ്ചാരങ്ങള്‍ക്കിടയില്‍ തകര്‍ക്കപ്പെടുന്ന പക്ഷിസങ്കേതങ്ങള്‍. കൂട്ടമരണം നേരിടുന്ന പക്ഷിക്കൂട്ടങ്ങള്‍ നിരവധി. കൂട്ടിലടക്കാന്‍ വിധിക്കപ്പെട്ടവ വേറെ. പട്ടിക നീളുകയാണ്.
തീന്‍മേശകളില്‍ ഇറച്ചിക്കറി നിറയുമ്പോള്‍ പാവം കോഴിയുടെ വിലാപം ആരും കേള്‍ക്കാറില്ല. കാട് കൈയ്യേറുമ്പോഴും തണ്ണീര്‍ത്തടങ്ങള്‍ ഉണങ്ങുമ്പോഴും പക്ഷികള്‍ കൊല്ലപ്പെടുമ്പോഴും പ്രകൃതിയുടെ സന്തുലിതാവസ്ഥ തകരുമെന്നതും തിരിച്ചറിയാറില്ല. ആവാസ വ്യവസ്ഥകളുടെ തകര്‍ച്ചമൂലം വര്‍ഷംതോറും പക്ഷികളുടെ എണ്ണം ക്രമാതീതമായി കുറയുകയാണ്. പല ഇനങ്ങളും മറഞ്ഞുപോയി. ലോകത്ത് എണ്ണായിരത്തില്‍ പ്പരം പക്ഷി ഇനങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. ഇന്ത്യയില്‍ 131 ഇനവും സംസ്ഥാനത്ത് 36 ഇനം പക്ഷികളും വംശനാശം നേരിടുന്നതായി രേഖപ്പെടുത്തുന്നു. മാലിന്യ നിര്‍മ്മാജ്ജനത്തില്‍ മുഖ്യപങ്കുവഹിക്കുന്ന ശവംതീനി കഴുകന്‍, തവിട്ടു കഴുകന്‍ എല്ലാം പൂര്‍ണ്ണ നാശത്തിന്റെ വക്കിലാണ്. ഇരട്ടത്തലച്ചി, ബലിക്കാക്ക, ചെമ്പോത്ത്, തിത്തിരിപ്പക്ഷി, നത്ത്, പൊന്മാന്‍, വര്‍ണകൊക്ക്, വെള്ളക്കൊക്ക്, പ്രാപ്പിടിയന്‍, മലമുഴക്കി തുടങ്ങിയവയൊക്കെ റെഡ്ബുക്കില്‍ ഇടം പിടിച്ചിരിക്കുന്നു.
ശവംതീനി കഴുകനെ ശവം തിന്നുന്നത് എന്നു പറഞ്ഞ് ആക്ഷേപിക്കുമ്പോഴും മലിനീകരണം തടയുന്നതില്‍ അവ വഹിക്കുന്ന പ്രധാനപങ്ക് കാണാതെ പോകരുത്. ചത്തു വീഴുന്ന മൃഗങ്ങളുടെയും മറ്റും അവശിഷ്ടങ്ങള്‍ കഴുകന്‍ കൂട്ടം നിമിഷങ്ങള്‍ക്കകം തിന്നുതീര്‍ക്കും. ഇതുവഴി മലിനീകരണം തടയും. എന്നാല്‍ അതുതന്നെ അവയുടെ കൂട്ട മരണത്തിനും ഇടയാക്കി. മൃഗങ്ങളുടെ അകത്തുള്ള കീടനാശിനിയുടെ അംശം അകത്തുചെന്നാണ് കഴുകന്മാരുടെ കൂട്ടമരണത്തിന് ഇടയാക്കിയതെന്ന് മുംബൈ നാഷണല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ പഠനത്തില്‍ തെളിഞ്ഞു. മൃഗങ്ങള്‍ക്ക് നല്‍കുന്ന വേദന സംഹാരിയാണ് അപകടം വിതച്ചത്.
നഗരങ്ങളില്‍ പത്ത് വര്‍ഷത്തിനകത്ത് അങ്ങാടിക്കുരുവികളുടെ എണ്ണത്തില്‍ 70ശതമാനം കുറഞ്ഞതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങാടികളില്‍ കൂട്ടത്തോടെ എത്തി ഭക്ഷ്യധാന്യങ്ങള്‍ തിന്നാണ് ഇവ ജീവിച്ചിരുന്നത്. ചെറിയ പീടികകളിലെ മേല്‍ക്കൂരകള്‍ക്കിടയില്‍ ഇവ കൂട് കെട്ടിയിരുന്നു. പാടശേഖരങ്ങളുടെ നാശംവഴി 50 ശതമാനം ജലപ്പക്ഷികള്‍ വംശനാശഭീഷണി നേരിടുന്നു. നമ്മുടെ പാടശേഖരങ്ങളിലേക്ക് സൈബീരിയ, ഹിമാചലം, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്ന് ജലപ്പക്ഷികള്‍ വന്നെത്തുമായിരുന്നു. ഇപ്പോഴത്തെ സര്‍വ്വെയില്‍ 30 ലക്ഷത്തില്‍ താഴെ പക്ഷികളെയാണ് കണ്ടെത്താന്‍ കഴിഞ്ഞത്.
വന്യജീവി സംരക്ഷണ നിയമപ്രകാരം വവ്വാല്‍, കാക്ക, എലി എന്നിവ ഒഴികെയുള്ള ജീവികളെ പിടിക്കുന്നതും വളര്‍ത്തുന്നതും വേട്ടയാടുന്നതും ശിക്ഷാര്‍ഹമാണ്. നിയമത്തിലെ ഒന്നാം പട്ടികയില്‍ ഉള്‍പ്പെടുന്ന ജീവികളെക്കൊന്നാല്‍ ഏഴുവര്‍ഷം തടവും 25000 രൂപ പിഴയുമാണ് ശിക്ഷ. എന്നാല്‍ നിയമം പലപ്പോഴും ലംഘിക്കപ്പെടുന്നു.
നിയമത്തിലെ ജീവികളുടെ മുന്‍ഗണനയിലും അപാകതകളുണ്ട്. വംശനാശം നേരിടുന്ന ജീവികള്‍ പട്ടികയിലില്ല. പ്രശ്‌നം പരിഹരിക്കാന്‍ നിയമം പുതുക്കേണ്ടിയിരിക്കുന്നു.


-പി.വി.കെ. അരമങ്ങാനം

Related Articles
Next Story
Share it