ഭരണി: ഐതിഹ്യപെരുമയില്‍ കളംവരയ്ക്കലും കയ്യേല്‍ക്കലും ചുവട് മായ്ക്കലും

ആത്മീയചൈതന്യത്തിന്റെ നിറം ചേര്‍ത്ത് പ്രതീക്ഷയോടെ മുന്നോട്ടുള്ള ജീവിതം തുടരാനുള്ള ഒരു വര്‍ഷത്തെ വിശ്വാസികളുടെ കാത്തിരിപ്പില്‍ മറ്റെങ്ങുമില്ലാത്ത കളംമായ്ക്കല്‍ ചടങ്ങിന് പ്രസക്തിയേറെയാണ്.പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണി ഉത്സവത്തിന്റെ മൂന്ന് പ്രധാന ഉത്സവദിവസങ്ങളില്‍ നടക്കുന്ന അതിശ്രേഷ്ഠമായ ചടങ്ങാണ് കളം വരയ്ക്കലും കളം കയ്യേല്‍ക്കലും ചുവട് മായിക്കലും.ക്ഷേത്ര തിരുമുറ്റത്ത് ഭീമാകാരമായ നാഗരൂപങ്ങളെ പഞ്ചവര്‍ണപ്പൊടികള്‍ ഉപയോഗിച്ച് കളമെഴുത്തിലൂടെ മൂന്നു ദിവസങ്ങളിലും വരച്ചുണ്ടാക്കലാണ് കളം വരയ്ക്കല്‍ ചടങ്ങ്. കരിപ്പൊടി, മഞ്ഞള്‍, അരിപ്പൊടി, കുങ്കുമം, പച്ചപ്പൊടി ഇവ ഉപയോഗിച്ചാണ് കളം വരക്കുന്നത്. അനുഷ്ഠാന വിധികളോടെ […]

ആത്മീയചൈതന്യത്തിന്റെ നിറം ചേര്‍ത്ത് പ്രതീക്ഷയോടെ മുന്നോട്ടുള്ള ജീവിതം തുടരാനുള്ള ഒരു വര്‍ഷത്തെ വിശ്വാസികളുടെ കാത്തിരിപ്പില്‍ മറ്റെങ്ങുമില്ലാത്ത കളംമായ്ക്കല്‍ ചടങ്ങിന് പ്രസക്തിയേറെയാണ്.
പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണി ഉത്സവത്തിന്റെ മൂന്ന് പ്രധാന ഉത്സവദിവസങ്ങളില്‍ നടക്കുന്ന അതിശ്രേഷ്ഠമായ ചടങ്ങാണ് കളം വരയ്ക്കലും കളം കയ്യേല്‍ക്കലും ചുവട് മായിക്കലും.
ക്ഷേത്ര തിരുമുറ്റത്ത് ഭീമാകാരമായ നാഗരൂപങ്ങളെ പഞ്ചവര്‍ണപ്പൊടികള്‍ ഉപയോഗിച്ച് കളമെഴുത്തിലൂടെ മൂന്നു ദിവസങ്ങളിലും വരച്ചുണ്ടാക്കലാണ് കളം വരയ്ക്കല്‍ ചടങ്ങ്. കരിപ്പൊടി, മഞ്ഞള്‍, അരിപ്പൊടി, കുങ്കുമം, പച്ചപ്പൊടി ഇവ ഉപയോഗിച്ചാണ് കളം വരക്കുന്നത്. അനുഷ്ഠാന വിധികളോടെ കളംകയ്യേല്‍ക്കുന്നതും തുടര്‍ന്ന് ചുവട് മായ്ക്കലും കാണാനാണ് ദേശാതിരുകള്‍ കടന്ന് ആയിരങ്ങള്‍ ക്ഷേത്രത്തില്‍ എത്തിയത്.
ശ്രീഭദ്രകാളിയും ദാരികാസുരനും തമ്മില്‍ നടന്ന യുദ്ധമാണ് മറ്റെങ്ങുമില്ലാത്ത ഈ അപൂര്‍വ ചടങ്ങിന്റെ ഐതീഹ്യ ചുരുക്കം. ഭൂതബലി ദിവസം മൂത്ത ഭഗവതിയുടെ മുമ്പില്‍ ഒരു തലയുള്ള സര്‍പ്പവും താലപ്പൊലി നാള്‍ ഇളയഭഗവതിയുടെ മുമ്പില്‍ രണ്ട് തലയും ആയിരത്തിരി നാളില്‍ വീണ്ടും മൂത്തഭഗവതിയുടെ മുമ്പില്‍ മൂന്ന് തലയുള്ള സര്‍പ്പത്തെയും സങ്കല്‍പ്പിച്ചാണ് കളം വരക്കുക. ക്ഷേത്രകര്‍മി രവീന്ദ്രന്‍ കളക്കാരനാണ് കളംവരയ്ക്ക് നേതൃത്വം നല്‍കിയത്. സന്ധ്യാ ദീപത്തിന് ശേഷം കളക്കാരന്‍ വ്രതശുദ്ധിയുള്ള ഏതാനും സഹായികളോടെ കളമെഴുത്ത് തുടങ്ങും. ദേവീദേവന്മാരുടെ പ്രതിരൂപമായ നര്‍ത്തകന്മാരുടെ സമക്ഷം കളക്കാരന്‍ സ്തുതികള്‍ ചൊല്ലി സംപ്രീതരായി.
ചെണ്ടമേളങ്ങളുടെ താളത്തില്‍ നര്‍ത്തകന്മാര്‍ ചുവട് വെച്ച് ദിക്കൊപ്പിച്ച് സര്‍പ്പരൂപം മായ്ച്ചുകളയും. ദാരികാവധം അതോടെ പൂര്‍ത്തിയാകും.
ദുര്‍ഗയും ദാരികാസുരനും തമ്മില്‍ നടന്ന ഘോരയുദ്ധമാണ് പ്രമേയം. വധിക്കപ്പെട്ട ഘട്ടത്തില്‍ സര്‍പ്പരൂപം പൂണ്ട് ദേവിയുടെ ദൃഷ്ടിയില്‍ മറഞ്ഞു നില്‍ക്കുന്ന ദാരികനെ നിഗ്രഹിക്കുന്ന രംഗമാണ് മൂന്നു ദിവസങ്ങളിലായി പാലക്കുന്ന് ക്ഷേത്ര തിരുമുമ്പില്‍ പുനഃസൃഷ്ടിക്കുന്നത്.
ദാരിക നിഗ്രഹത്തിന്റെ വിജയാഘോഷമായി കെട്ടിചുറ്റിയ നര്‍ത്തകന്മാര്‍ കളംകയ്യേല്‍ക്കും.
ശേഷിച്ച ഭാഗം നീക്കുന്നതാണ് ചുവട്മായ്ക്കല്‍. ഇത് കാണാനാണ് ആയിരം കാതം നടന്നും ആയിരങ്ങള്‍ ആയിരത്തിരി നാളില്‍ പാലക്കുന്നിലെത്തുന്നതെന്നാണ് പഴമക്കാര്‍ പറഞ്ഞുവരുന്നത്.
ചുവട്മായ്ക്കല്‍ പൂര്‍ത്തിയായാല്‍ കളത്തില്‍ ശേഷിക്കുന്ന വിഭൂതി തൊട്ട് നെറ്റിയില്‍ വെക്കും.
വീടുകളില്‍ കൊണ്ടുപോകും.
പ്രേതബാധകള്‍ അകറ്റിനിര്‍ത്താനാണ് ഇതെന്ന് വിശ്വാസം.
തെക്കന്‍ കേരളത്തില്‍ പ്രചാരത്തിലുള്ള കളമെഴുത്തും സര്‍പ്പപ്പാട്ടും ഇവിടങ്ങളില്‍ വിരളമാണ്. പാലക്കുന്നില്‍ മാത്രം കണ്ടു വരുന്ന അതിവിശേഷ ചടങ്ങാണിത്.


-പാലക്കുന്നില്‍ കുട്ടി

Related Articles
Next Story
Share it