അക്കൗണ്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനാവശ്യപ്പെട്ട് ബാങ്ക്, ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപ്പ് തുടങ്ങിയവയുടെ പേരില്‍ വ്യാജ എസ്എംഎസ് സന്ദേശം; ഒ.ടി.പി സംഘടിപ്പിച്ച് പണം തട്ടുന്ന സംഘം ഗള്‍ഫ് രാജ്യങ്ങളിലും സജീവം

മനാമ: ഓണ്‍ലൈന്‍ തട്ടിപ്പുസംഘങ്ങള്‍ ബാങ്ക് ഇടപാടുകാരെ കെണിയിലകപ്പെടുത്തി പണം തട്ടുന്ന സംഭവങ്ങള്‍ ഗള്‍ഫിലും വ്യാപകമാകുന്നു. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും അല്ലാത്ത പക്ഷം അക്കൗണ്ട് റദ്ദാക്കുമെന്നും പറഞ്ഞ് സന്ദേശമയച്ച് ഒ.ടി.പി നമ്പര്‍ സംഘടിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. എസ്.എം.എസ്, വാട്‌സ്ആപ്, ഇ-മെയില്‍, ഫോണ്‍ കാള്‍ എന്നിവ വഴിയെല്ലാം തട്ടിപ്പ് സംഘം ആളുകളെ തേടിയെത്തുന്നു. തങ്ങളുടെ രേഖകളില്‍ താങ്കളുടെ സി.പി.ആര്‍ കാലാവധി കഴിഞ്ഞതായാണ് കാണുന്നതെന്നും അതിനാല്‍, താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പ്രവേശിച്ച് സി.പി.ആര്‍ വിവരങ്ങള്‍ പുതുക്കണം' എന്നാവശ്യപ്പെട്ട് പ്രമുഖ […]

മനാമ: ഓണ്‍ലൈന്‍ തട്ടിപ്പുസംഘങ്ങള്‍ ബാങ്ക് ഇടപാടുകാരെ കെണിയിലകപ്പെടുത്തി പണം തട്ടുന്ന സംഭവങ്ങള്‍ ഗള്‍ഫിലും വ്യാപകമാകുന്നു. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും അല്ലാത്ത പക്ഷം അക്കൗണ്ട് റദ്ദാക്കുമെന്നും പറഞ്ഞ് സന്ദേശമയച്ച് ഒ.ടി.പി നമ്പര്‍ സംഘടിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. എസ്.എം.എസ്, വാട്‌സ്ആപ്, ഇ-മെയില്‍, ഫോണ്‍ കാള്‍ എന്നിവ വഴിയെല്ലാം തട്ടിപ്പ് സംഘം ആളുകളെ തേടിയെത്തുന്നു.

തങ്ങളുടെ രേഖകളില്‍ താങ്കളുടെ സി.പി.ആര്‍ കാലാവധി കഴിഞ്ഞതായാണ് കാണുന്നതെന്നും അതിനാല്‍, താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പ്രവേശിച്ച് സി.പി.ആര്‍ വിവരങ്ങള്‍ പുതുക്കണം' എന്നാവശ്യപ്പെട്ട് പ്രമുഖ പേമെന്റ് ആപ്പിന്റെ പേരിലാണ് ഇപ്പോള്‍ ആളുകളുടെ ഫോണിലേക്ക് സന്ദേശമെത്തുന്നത്. സന്ദേശം അയക്കുന്നതിനു പുറമേ ഫോണിലേക്ക് കാളും എത്തുന്നുണ്ട്. ലാന്‍ഡ് ഫോണ്‍ എന്ന് തോന്നിക്കുന്ന നമ്പറില്‍ നിന്നാണ് കാള്‍ വരുന്നത്. അക്കൗണ്ട് റദ്ദാകാതിരിക്കണമെങ്കില്‍ ഫോണിലേക്കു വരുന്ന ഒ.ടി.പി നമ്പര്‍ നല്‍കണമെന്ന് ആവശ്യപ്പെടുകയും തുടര്‍ന്ന് പേമെന്റ് ആപ്പിന്റെ പേരില്‍ മൊബൈലിലേക്ക് സന്ദേശമെത്തുകയും ചെയ്യും. ഈ ഒ.ടി.പി നമ്പര്‍ പറഞ്ഞുകൊടുത്താല്‍ പിന്നീട് പേമെന്റ് ആപ്പുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടിന്റെ ഒ.ടി.പിയും ലഭിക്കും. ഇതും പറഞ്ഞുകൊടുക്കണമെന്ന് വിളിച്ചയാള്‍ ആവശ്യപ്പെടും. ഒ.ടി.പി പറഞ്ഞുകൊടുത്താല്‍ ഉടന്‍ തന്നെ അക്കൗണ്ടിലെ പണം നഷ്ടമാകും. ഈ രീതിയില്‍ തട്ടിപ്പിനിരയായവര്‍ ഉണ്ടെന്നാണ് അറിയുന്നത്. പേമെന്റ് ആപ്പിന്റെ പേരിലുള്ള സന്ദേശമായതിനാല്‍ പലരും മറ്റൊന്നും ആലോചിക്കാതെ ഒ.ടി.പി നമ്പര്‍ കൊടുക്കുകയാണ് ചെയ്യുന്നത്.

ലോട്ടറി അടിച്ചെന്ന് പറഞ്ഞും ഒ.ടി.പി നമ്പര്‍ ചോദിച്ചും സിം കാര്‍ഡ് കാലാവധി തീരാറായെന്ന് അറിയിച്ചും തട്ടിപ്പുകാര്‍ ചതിക്കുഴികളൊരുക്കുകയാണ്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസും അധികൃതരും ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ടെങ്കിലും തട്ടിപ്പുകള്‍ തുടര്‍ക്കഥയാവുകയാണ്. അഭ്യസ്തവിദ്യര്‍ പോലും തട്ടിപ്പിനിരയാകുന്നുണ്ട് എന്നതാണ് വസ്തുത.

ആലോചിക്കാന്‍ സമയം നല്‍കാതെ തിരക്കിട്ട് കാര്യങ്ങള്‍ അവതരിപ്പിക്കുകയാണ് തട്ടിപ്പുകാരുടെ ഒരു രീതി. പെട്ടന്നുള്ള വെപ്രാളത്തില്‍ ചിലര്‍ തട്ടിപ്പുകാര്‍ പറയുന്നതുപോലെ ഒ.ടി.പി നമ്പര്‍ നല്‍കും. ബാങ്കില്‍ നിന്നും മൊബൈല്‍ കമ്പനിയില്‍ നിന്നും ആണെന്നു പറഞ്ഞ് വിളിച്ചാല്‍ കുറേപേരെങ്കിലും വിശ്വസിച്ചുപോകും. ബാങ്കുകാര്‍ പറയുന്നത് കേട്ടില്ലെങ്കില്‍ പ്രശ്നമാകുമെന്ന ആശങ്കയും തട്ടിപ്പുകള്‍ക്ക് വശംവദരാകാന്‍ പലരെയും പ്രേരിപ്പിക്കുന്നു.

തട്ടിപ്പുകാര്‍ക്കെതിരെ പരാതി നല്‍കാന്‍ '992'

തട്ടിപ്പ് സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അഴിമതിവിരുദ്ധ, സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷാ വിഭാഗം ജനറല്‍ ഡയറക്ടറേറ്റ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാറുണ്ട്. ബാങ്കുകളും മൊബൈല്‍ കമ്പനികളും പാസ് വേഡുകളോ ഒ.ടി.പി നമ്പറോ ഫോണ്‍ വിളിച്ച് ചോദിക്കാറില്ല. അത്തരം സന്ദേശങ്ങള്‍ കണ്ടാല്‍ പ്രതികരിക്കാതിരിക്കുകയാണ് വേണ്ടത്. ഡിപ്പാര്‍ട്‌മെന്റിന്റെ ഹോട്ട്‌ലൈന്‍ നമ്പറായ 992ല്‍ അറിയിച്ചാല്‍ തട്ടിപ്പുകാര്‍ക്കെതിരെ നടപടിയുണ്ടാകും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് ഈ നമ്പര്‍.

തട്ടിപ്പുകാര്‍ക്കെതിരെ മൊബൈല്‍ കമ്പനികളും ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. പരിചയമില്ലാത്ത ഇന്റര്‍നാഷനല്‍ കാളുകള്‍ എടുക്കുകയോ തിരിച്ചുവിളിക്കുകയോ ചെയ്യരുത്, സി.പി.ആര്‍ നമ്പര്‍, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍, രഹസ്യ പിന്‍ നമ്പറുകള്‍ തുടങ്ങിയവ ഫോണിലൂടെയോ ടെക്സ്റ്റ് സന്ദേശങ്ങളിലൂടെയോ കൈമാറരുത്, പരിചയമില്ലാത്ത നമ്പറുകളിലേക്ക് മൊബൈല്‍ റീചാര്‍ജ് വൗച്ചര്‍ നമ്പറുകള്‍ നല്‍കരുത്, മൊബൈല്‍ കമ്പനി പ്രതിനിധിയാണെന്ന് പറഞ്ഞ് വാട്‌സ്ആപ്പിലോ ഐ.എം.ഒയിലോ വിളിച്ചാല്‍ പ്രതികരിക്കരുത് തുടങ്ങിയവയാണ് ആളുകള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍. സ്പാം മെസേജുകള്‍ ബ്ലോക്ക് ചെയ്യുകയെന്നതാണ് മറ്റൊരു മുന്‍കരുതല്‍ നടപടി. ഇതിനായി മൊബൈല്‍ കമ്പനികള്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Beware of online fraud under guise of payment apps

Related Articles
Next Story
Share it