പട്ടിപ്പേടിയില്‍ ഒരു സംസ്ഥാനം

ഒരു നാട് പരിഷ്‌കൃതം എന്നവകാശപ്പെടാന്‍ ഒരുപാട് ദൂരം താണ്ടേണ്ടതുണ്ട്. വെറുതേ പറഞ്ഞതു കൊണ്ടു മാത്രം ഒരു നാടും സമൂഹവും പരിഷ്‌കൃതമാവുന്നില്ല.നാട്ടിലെ പൗരന്മാര്‍ക്ക് സൈ്വരമായി വഴി നടക്കാന്‍ കഴിയുക എന്നത് ഏതൊരു പരിഷ്‌കൃത സമൂഹത്തിന്റേയും അടിസ്ഥാന അവകാശമാണ്. അതില്ലാത്ത നാട്ടില്‍ മറ്റെന്തൊക്കെ പരിഷ്‌കാരമവകാശപ്പെടുന്നതിലും ഒരര്‍ത്ഥവുമില്ല.നാട്ടില്‍ പെറ്റുപെരുകുന്ന തെരുവു നായ്ക്കളെക്കൊണ്ട് ആര്‍ക്കും വഴി നടക്കാനാവുന്നില്ല എന്നതിലും ലജ്ജാവഹമായ, ഭീതിദമായ, അക്ഷന്തവ്യമായ സ്ഥിതിവിശേഷം മറ്റെന്താണുള്ളത്?കാട്ടില്‍ നായാട്ടിനു പോയിട്ടല്ല മറിച്ച്, നാട്ടില്‍ വിദ്യാലയങ്ങളിലേക്കോ തൊഴിലിടങ്ങളിലേക്കോ വ്യാപാരസ്ഥാപനങ്ങളിലേക്കോ ഒക്കെ ഏവര്‍ക്കും അവകാശപ്പെട്ട നിരത്തുകളിലൂടെ നടന്നു […]

ഒരു നാട് പരിഷ്‌കൃതം എന്നവകാശപ്പെടാന്‍ ഒരുപാട് ദൂരം താണ്ടേണ്ടതുണ്ട്. വെറുതേ പറഞ്ഞതു കൊണ്ടു മാത്രം ഒരു നാടും സമൂഹവും പരിഷ്‌കൃതമാവുന്നില്ല.
നാട്ടിലെ പൗരന്മാര്‍ക്ക് സൈ്വരമായി വഴി നടക്കാന്‍ കഴിയുക എന്നത് ഏതൊരു പരിഷ്‌കൃത സമൂഹത്തിന്റേയും അടിസ്ഥാന അവകാശമാണ്. അതില്ലാത്ത നാട്ടില്‍ മറ്റെന്തൊക്കെ പരിഷ്‌കാരമവകാശപ്പെടുന്നതിലും ഒരര്‍ത്ഥവുമില്ല.
നാട്ടില്‍ പെറ്റുപെരുകുന്ന തെരുവു നായ്ക്കളെക്കൊണ്ട് ആര്‍ക്കും വഴി നടക്കാനാവുന്നില്ല എന്നതിലും ലജ്ജാവഹമായ, ഭീതിദമായ, അക്ഷന്തവ്യമായ സ്ഥിതിവിശേഷം മറ്റെന്താണുള്ളത്?
കാട്ടില്‍ നായാട്ടിനു പോയിട്ടല്ല മറിച്ച്, നാട്ടില്‍ വിദ്യാലയങ്ങളിലേക്കോ തൊഴിലിടങ്ങളിലേക്കോ വ്യാപാരസ്ഥാപനങ്ങളിലേക്കോ ഒക്കെ ഏവര്‍ക്കും അവകാശപ്പെട്ട നിരത്തുകളിലൂടെ നടന്നു പോകുമ്പോഴാണ് ഇവിടെ മനുഷ്യര്‍ തെരുവുകളില്‍ അലഞ്ഞുതിരിയുന്ന നായ്ക്കളുടെ കടിയേറ്റ് മരണപ്പെടുന്നതും അതിഭീകരമായി പരിക്കേല്‍പ്പിക്കപ്പെടുന്നതും!
നിരുപദ്രവകാരികളായിരുന്ന തെരുവു നായ്ക്കള്‍ ഇന്ന് ഏത് വന്യജീവിയേക്കാളും വലിയ ഹിംസ്രജന്തുക്കളായി വളര്‍ന്നിരിക്കുന്നതിന് പല കാരണങ്ങള്‍ ഉണ്ടായേക്കാം. അത് പഠനത്തിന് വിഷയമാകേണ്ട വസ്തുതയാണ്.
നിലവില്‍ പ്രതിദിനം ഈ നാട്ടില്‍ ഡസന്‍ കണക്കിന് ആളുകള്‍ക്ക് തെരുവുനായ്ക്കളുടെ ആക്രമണം നേരിടേണ്ടി വരുന്നുണ്ട് എന്നതാണ് ഏവരേയും ആശങ്കപ്പെടുത്തുന്ന വിഷയം.
പട്ടിയുടെ കടിയേറ്റവര്‍ക്ക് നല്‍കേണ്ട വാക്‌സിനെക്കുറിച്ചും അതിന്റെ ലഭ്യതയേക്കുറിച്ചും ദൗര്‍ലഭ്യതയേക്കുറിച്ചും മരുന്നുകളുടെ കാര്യക്ഷമതയേക്കുറിച്ചും ദയനീയാവസ്ഥയേക്കുറിച്ചും ചര്‍ച്ച ചെയ്യുകയല്ല ആവശ്യം. മറിച്ച്, ഒരാള്‍ക്കും പട്ടികടി ഏല്‍ക്കാതിരിക്കാനുള്ള സാഹചര്യമൊരുക്കുന്നതിനെക്കുറിച്ചാണ് അടിയന്തിരമായി ചിന്തിക്കേണ്ടത്. പട്ടികടി ഏറ്റവര്‍ എല്ലാ കുത്തിവെപ്പും മരുന്നും എടുത്തിട്ടും പേവിഷ ബാധയേറ്റ് മരിക്കുമ്പോള്‍ വാക്‌സിനുകളുടെയും മറ്റു മരുന്നുകളുടേയും ഏജന്റുമാരായി നിന്ന് മനുഷ്യരുടെ മരണത്തിന്റെ പേരില്‍ കോടികള്‍ കൈക്കൂലിയായി വാങ്ങിയ ഉദ്യോഗസ്ഥ - രാഷ്ട്രീയ നേതാക്കളെ തുറുങ്കില്‍ അടയ്ക്കാനുള്ള ആര്‍ജ്ജവാണ് ഭരണകൂടം ആദ്യം ചെയ്യേണ്ടത്.
പ്രളയത്തേക്കാളും നിപ്പയേക്കാളും കോവിഡിനേക്കാളും വലിയ ഭീകരതയായി പട്ടികളും പേപ്പട്ടികളും ഒരു ജനതയുടെ എല്ലാ സമാധാനവും കവരുകയാണ്. മനുഷ്യനെ ജാതിയുടെയും മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും പേരില്‍ കൊന്നു തള്ളാന്‍ ഒരു അറപ്പുമില്ലാത്തവര്‍ക്ക് മൃഗങ്ങളോടും പക്ഷികളോടും മരങ്ങളോടും ഉണ്ടെന്നു കാണിക്കുന്ന സ്‌നേഹവാത്സല്യങ്ങള്‍ കാപട്യമല്ലാതെ മറ്റൊന്നുമല്ല.
തെരുവില്‍ നായ്ക്കള്‍ പെറ്റുപെരുകാന്‍ പല കാരണങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം അവയ്ക്ക് അവിടങ്ങളില്‍ യഥേഷ്ടം തീറ്റ ലഭിക്കുന്നു എന്നതാണ്. വ്യക്തി - പരിസര ശുചിത്വത്തിന്റെ പേരില്‍ വെറുതേ ഊറ്റം കൊള്ളുന്ന നമ്മള്‍ ഈ നാടിനെ അറവു മാലിന്യങ്ങളും നാപ്കിന്‍ മാലിന്യങ്ങളും കൊണ്ട് മൂടുകയാണ്. മലയാളിയുടെ മാറിയ ഭക്ഷ്യസംസ്‌കാരത്തിന്റെ ഭാഗമായി നാടെങ്ങും കോഴിക്കടകളും അറവുശാലകളും കൊണ്ട് നിറയുകയാണ്. മൃഗങ്ങളേക്കാള്‍ വലിയ മാംസഭുക്കുകളായി നാം മാറിയിരിക്കുന്നു.
ആയിക്കോട്ടെ. പക്ഷേ, അറവു മാലിന്യങ്ങള്‍ റോഡുവക്കുകളില്‍ കൊണ്ടു തള്ളുന്ന പ്രവണത തടയുന്നതില്‍ കേവല പ്രഖ്യാപനങ്ങള്‍ക്കപ്പുറം നമ്മുടെ ഭരണകൂടങ്ങള്‍ എത്ര വിജയിച്ചിരിക്കുന്നു എന്നു പരിശോധിച്ചാല്‍ എങ്ങുമെത്തിയിട്ടില്ല എന്ന് നിസ്സംശയം പറയാന്‍ കഴിയും. ആര്‍ക്കുമെവിടേയും കോഴിക്കട തുറന്നിരിക്കാം എന്ന അവസ്ഥയാണ് . ലൈസന്‍സിംഗ് പരിപാടി നാട്ടില്‍ ഉണ്ടോ എന്നു സംശയമാണ്. മാലിന്യം അതാതിടങ്ങളില്‍ത്തന്നെ കുഴിച്ചുമൂടാനോ സംസ്‌കരിക്കാനോ സംവിധാനെമെരുക്കാത്ത കോഴി - ഇറച്ചിക്കടകള്‍ പൂട്ടിക്കാന്‍ ഒരൊറ്റ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കോ സംസ്ഥാന ഭരണകൂടത്തിനോ സാധിക്കുന്നില്ല. ജലാശയങ്ങളില്‍ മാലിന്യം ഏറിയുന്നവരെ പിഴ ചുമത്തും , അകത്തിടും എന്നൊക്കെ ഇടയ്ക്കിടെ വീമ്പിളക്കുന്നതു കേള്‍ക്കാം. അതൊക്കെ ആരെ സുഖിപ്പിക്കാനും ഭീഷണിപ്പെടുത്താനും ആണെന്നതു മാത്രം ഇതുവര
ആര്‍ക്കും മനസ്സിലായിട്ടില്ല എന്നുമാത്രം !
പ്രളയം വന്നും മഹാമാരി വന്നും ഷവര്‍മ്മ തിന്നും പട്ടിക്കടിയേറ്റും കുറേപ്പേര്‍ മരിക്കുമ്പോള്‍ മാത്രം വിജ്രംഭിക്കുകയും തെല്ലൊരു ശമനം വരുമ്പോള്‍ പത്തിമടക്കുകയും ചെയ്യുന്ന ഒന്നായി ദുരന്തനിവാരണ വകുപ്പ് മാറുന്നു എന്നതും ആശാവഹമല്ല. സദാ ജാഗരൂകവും കാര്യക്ഷമവുമായ ഒരു സിസ്റ്റം ഉണ്ടാവേണ്ടിയിരിക്കുന്നു.
ജനവിരുദ്ധമെന്നു തോന്നുന്ന ഏതു നിയമത്തേയും മറികടക്കാനുള്ള ബദല്‍ നിയമങ്ങള്‍ നിര്‍മ്മിക്കാനുള്ള അധികാരം നിയമനിര്‍മ്മാണ സഭകള്‍ക്കില്ലേ ? അത്തരം എത്രയോ കീഴ്വഴക്കങ്ങള്‍ ഇതിനുമുമ്പ് ഇവിടെ ഉണ്ടായിട്ടില്ലേ ?
ഇതെഴുതിക്കൊണ്ടിരിക്കുമ്പോള്‍ കോട്ടയത്തും മറ്റും അളമുട്ടിയ ജനം പ്രതികരിച്ചു തുടങ്ങിയതായാണ് വാര്‍ത്തകള്‍ വരുന്നത്.
അതെ സര്‍, അള മുട്ടുമ്പോഴാണ് എല്ലാ ചേരകളും കടിച്ചു തുടങ്ങുന്നത് !
ആ ബോധം എല്ലാവര്‍ക്കും ഉണ്ടാവുകയാണെങ്കില്‍ ഈ നാട് രക്ഷപ്പെടും.

-റഹ്മാന്‍ മുട്ടത്തൊടി

Related Articles
Next Story
Share it