നാടകപ്രേമികള്‍ക്ക് ആവേശമായി ബേവൂരി നാടകോത്സവം

ഉദുമ ബേവൂരിയില്‍ നടന്ന മൂന്നാമത് കെ.ടി. മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണല്‍ നാടകോത്സവം നാടക പ്രേമികളുടെ ആവേശം വാനോളമുയര്‍ത്തുന്നതായി. ഉദുമ പടിഞ്ഞാര്‍ ബേവൂരി സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയം സംഘടിപ്പിച്ച കളിയരങ്ങ് നാടകോത്സവം പ്രശസ്ത സിനിമ-നാടക നടന്‍ അനൂപ് ചന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്. നാടകം കാണാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് നാടക പ്രേമികളെത്തി.ആദ്യ ദിനത്തില്‍ ചിറയിന്‍കീഴ് അനുഗ്രഹയുടെ 'നായകന്‍' എന്ന നാടകം പുതിയ തലമുറയെ ഇരുത്തി ചിന്തിപ്പിച്ചു. നടുമറ്റം നാരായണന്‍ എന്ന നാടകനടന്റെ ജീവിതം […]

ഉദുമ ബേവൂരിയില്‍ നടന്ന മൂന്നാമത് കെ.ടി. മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണല്‍ നാടകോത്സവം നാടക പ്രേമികളുടെ ആവേശം വാനോളമുയര്‍ത്തുന്നതായി. ഉദുമ പടിഞ്ഞാര്‍ ബേവൂരി സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയം സംഘടിപ്പിച്ച കളിയരങ്ങ് നാടകോത്സവം പ്രശസ്ത സിനിമ-നാടക നടന്‍ അനൂപ് ചന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്. നാടകം കാണാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് നാടക പ്രേമികളെത്തി.
ആദ്യ ദിനത്തില്‍ ചിറയിന്‍കീഴ് അനുഗ്രഹയുടെ 'നായകന്‍' എന്ന നാടകം പുതിയ തലമുറയെ ഇരുത്തി ചിന്തിപ്പിച്ചു. നടുമറ്റം നാരായണന്‍ എന്ന നാടകനടന്റെ ജീവിതം വരച്ചു കാട്ടുന്നതോടൊപ്പം നാടകസംബന്ധിയായ അനുഭവങ്ങളുടെ ഒരു പരിച്ഛേദമായിരുന്നു നായകന്‍. നായക നടന്‍ നടുമറ്റം നാരായണന്‍ തകര്‍ത്ത് അഭിനയിച്ച നാടകം ഓരോ മനുഷ്യനും ഓരോ വ്യക്തിത്വമാണെന്നും അത് അവരുടെ മാത്രം തിരഞ്ഞെടുപ്പ് ആണെന്നും അതിന്റെ നന്മകളെ പിന്തുണക്കലാണ് സ്‌നേഹമെന്നും കാട്ടിത്തരുന്നു. മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കില്ല എന്ന പഴമൊഴി അന്വര്‍ത്ഥമാക്കുന്ന നാടകം.
രണ്ടാം ദിവസം അവതരിപ്പിക്കപ്പെട്ട കോഴിക്കോട് രംഗഭാഷയുടെ നാടകം 'മൂക്കുത്തി' ഉയര്‍ന്ന നിലവാരം പുലര്‍ത്തി. സ്ത്രീശാക്തീകരണത്തിനൊപ്പം സ്ത്രീത്വത്തെയും മാതൃത്വത്തേയും അപമാനിക്കുന്ന ഈ കാലഘട്ടത്തില്‍ സ്ത്രീത്വത്തിന്റെയും മാതൃത്വത്തിന്റെയും മഹത്വം സമൂഹം ഉള്‍ക്കൊള്ളേണ്ടതിന്റെ ആവശ്യകത പ്രമേയത്തിന്റെ ഉദ്ദേശമായി കരുതാം. ഭാവാഭിനയത്തിന്റെ സൗന്ദര്യം പ്രേക്ഷകരിലെത്തിക്കുന്നതില്‍ നടീനടന്മാര്‍ വിജയിച്ചു. പ്രത്യേകിച്ചും മുഖ്യകഥാ പാത്രത്തെ കാഴ്ചവെച്ച അമ്മ താര. ചിലരംഗങ്ങളില്‍ അസ്വാഭാവികത നിഴലിച്ചു. അയല്‍വാസികള്‍ അവരുടെ വീട്ടിനകത്ത് രാത്രി രണ്ടു മണിക്ക് കുടിച്ച് ബഹളം വെക്കുമ്പോള്‍ ഒരു മുതിര്‍ന്ന പെണ്‍കുട്ടി അവരെ ചോദ്യംചെയ്യാന്‍ നേരിട്ട് പോയത് അസംഭവ്യമാണ്. അതുപോലെ ചികിത്സാര്‍ത്ഥം ആസ്പത്രിയില്‍ പ്രവേശിക്കപ്പെട്ട രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ പണംമുടക്കിയ നല്ലവനായ സിന്ധുരാജ് വക്കീലിനോട് നന്ദി പ്രകാശിപ്പിക്കുന്നതിന് പകരം നായിക താര തട്ടിക്കയറിയതും പാതിരാത്രിയില്‍ കുടിച്ച് കൂത്താടുന്ന ആഭാസന്മാരെ ചോദ്യംചെയ്യാന്‍ തനിച്ച് ഒരു യുവതി കയറി ചെല്ലുന്ന രംഗവും മറ്റും അസ്വാഭാവികത നിഴലിക്കുന്നതായിരുന്നു. മുക്കുത്തി സൂര്യനെല്ലി പീഡനക്കേസിനെ അനുസ്മരിപ്പിച്ചു. ആറ്റിങ്ങല്‍ ശ്രീ ധന്യ അവതരിപ്പിച്ച 'ലക്ഷ്യം' നാടകം അവതരണം, രംഗപടം, ദീപ നിയന്ത്രണം എന്നിവയില്‍ മികച്ചുനിന്നു.
രാജ്യസ്‌നേഹം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള നാടകം ഒന്നിനൊന്നു മെച്ചപ്പെട്ട അഭിനയമുഹൂര്‍ത്തങ്ങളായിരുന്നു.
'ലക്ഷ്യം' പ്രേക്ഷകരില്‍ ഒരു നാടകത്തിലൂടെ കൈവരിക്കേണ്ട ഉദേശ ലക്ഷ്യത്തിലേക്കെത്തിച്ച് ഉത്തമ നാടകത്തിന്റെ നിദര്‍ശനമായി. വികാരവിക്ഷോഭങ്ങളുടെ കൊടുങ്കാറ്റ് പ്രേക്ഷകമനസ്സില്‍ വീശി. കാശ്മീരിലെ പാക്ക് ഭീകരവാദികളെ കീഴ്‌പ്പെടുത്തി ദേശരക്ഷക്കായി പ്രാണത്യാഗ സന്നദ്ധരായ പട്ടാളക്കാരുടെ ജീവിതം പ്രമേയമാക്കിയ നാടകത്തിലൂടെ കാണികളിലും ദേശസ്‌നേഹം പ്രോജ്വലിപ്പിച്ചു. മേജര്‍ സുഭാഷ് ചന്ദ്രനും ഓര്‍ഡര്‍ലി ബാബു രാജും മിലിറ്ററി നേഴ്‌സ് ബീനയും അവരുടെയെല്ലാം കണ്ണിലുണ്ണിയായ കണ്ണമ്മയുമെല്ലാം ഭാവാഭിനയത്തിന്റെ ഉജ്വല മുഹൂര്‍ത്തങ്ങള്‍ കാഴ്ചവെച്ചു.
തിരുവനന്തപുരം ശ്രീ നന്ദന അവതരിപ്പിച്ച ബാലരമയും മികച്ച നിലവാരം പുലര്‍ത്തി. ഉള്ളടക്കം മെച്ചപ്പെട്ടതായി. രണ്ട് മണിക്കൂറിനകം ഒന്നിലധികം സാമൂഹ്യ വിഷയങ്ങള്‍ക്കെതിരെ വിരല്‍ ചൂണ്ടാനായി. വൈവാഹിക ജീവിതത്തിന്റെ കാപട്യവും പവിത്രതയും ലിംഗസമത്വവും പെണ്‍ മനസിന്റെ ദൗര്‍ബല്യവും പിതൃസ്‌നേഹത്തിന്റെ പിശുക്കും തീക്ഷ്ണതയും ന്യൂജന്‍ യുഗത്തിലെ ജീവിരീതിയിലെ തിരുത്തപ്പെടേണ്ട ശൈലിയുമെല്ലാം വരച്ചുകാട്ടാനായി.
സദസിനെ കയ്യടിപ്പിക്കാനും ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കൂടാതെ കയ്യിലെടുക്കാനും ബാലരമക്കായി. ദൃശ്യഭംഗി കൊണ്ടും വെളിച്ച നിയന്ത്രണങ്ങളാലും ബാലരമ മുന്‍ പന്തിയിലെത്തി. അഭിനയത്തില്‍ ബാല-രമമാര്‍ മത്സരിച്ച് അവിസ്മരണീയമാക്കി. ജീവിതത്തിലെ മൂന്ന് ഘട്ടങ്ങളിലൂടെയാണ് നാടകം കടന്നു പോയത്. ജീവിതത്തില്‍ സ്വയം നിയന്ത്രണം എല്ലാവര്‍ക്കും വേണമെന്ന ചിന്ത വരുത്താന്‍ സാധിച്ചു. നിയമപരമല്ലാത്ത സഹവാസം ആപത്താണെന്ന നല്ല സന്ദേശവും ബാലരമ തന്നു. എല്ലാം കൊണ്ടും നല്ലൊരു ദൃശ്യവിരുന്നായി ശ്രീനന്ദനയുടെ 'ബാലരമ'.
എല്ലാ ദിവസവും സാംസ്‌കാരിക സായാഹ്നത്തോടെയാണ് നാടകോത്സവം ആരംഭിച്ചത്. ജില്ലയിലെ സാംസ്‌കാരിക പ്രവര്‍ത്തകരുടെ സംഗമം ഗ്രന്ഥലോകം എഡിറ്റര്‍ പി.വി.കെ. പനയാലാണ് ഉദ്ഘാടനം ചെയ്തത്.
ഭരണഘടന നേരിടുന്ന വെല്ലുവിളി എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സദസ് അഡ്വ. സി. ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരത്തിനുമെതിരെ നടന്ന നവോത്ഥാന സദസ് കവി സി.എം വിനയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
സമാപന സമ്മേളനം പ്രശസ്ത സിനിമാ നടന്‍ സന്തോഷ് കീഴാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി അമല 'കടലാസിലെ ആമ' എന്ന നാടകം തുടര്‍ന്ന് അരങ്ങേറി.


-അബ്ദുല്ല കുഞ്ഞി ഉദുമ

Related Articles
Next Story
Share it