അറബികളുടെയും ഇറാനികളുടെയും പ്രിയപ്പെട്ട ഹംസ, ഞങ്ങളുടെ ഹാജിക്ക

പ്രിയപ്പെട്ട ഹാജിക്ക വിട വാങ്ങിയപ്പോള്‍ മനസ്സില്‍ വല്ലാത്ത ശൂന്യത. കുറച്ചു വര്‍ഷമെങ്കിലും അദ്ദേഹത്തിനൊപ്പം ജോലി ചെയ്യുകയും താമസിക്കുകയും ചെയ്തിട്ടുണ്ട്. നര്‍മം ഏറെ ഇഷ്ടപ്പെടുന്ന നല്ല ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കിയിരുന്ന വ്യക്തിത്വം. ശുചിത്വത്തിന്റെ പര്യായം കൂടിയായിരുന്നു ഹാജിക്ക. 1997 കാലഘട്ടത്തില്‍ അജ്മാനിലെ വെല്‍ഫിറ്റില്‍ ഞാന്‍ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ എന്റെ ആദ്യത്തെ ജോലി ഹാജിക്ക തരുന്ന ഓര്‍ഡറുകള്‍ കൃത്യമായി ഡസ്പാച്ച് സെക്ഷനില്‍ എത്തിച്ച് പരിശോധിച്ചു ഉറപ്പു വരുത്തുക എന്നതായിരുന്നു. വൈകുന്നേരങ്ങളില്‍ സഫാരി സ്യൂട്ടണിഞ്ഞ് ഗോള്‍ഡന്‍ നിറത്തിലുള്ള കണ്ണടയുമായി അജ്മാനില്‍ […]

പ്രിയപ്പെട്ട ഹാജിക്ക വിട വാങ്ങിയപ്പോള്‍ മനസ്സില്‍ വല്ലാത്ത ശൂന്യത. കുറച്ചു വര്‍ഷമെങ്കിലും അദ്ദേഹത്തിനൊപ്പം ജോലി ചെയ്യുകയും താമസിക്കുകയും ചെയ്തിട്ടുണ്ട്. നര്‍മം ഏറെ ഇഷ്ടപ്പെടുന്ന നല്ല ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കിയിരുന്ന വ്യക്തിത്വം. ശുചിത്വത്തിന്റെ പര്യായം കൂടിയായിരുന്നു ഹാജിക്ക.
1997 കാലഘട്ടത്തില്‍ അജ്മാനിലെ വെല്‍ഫിറ്റില്‍ ഞാന്‍ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ എന്റെ ആദ്യത്തെ ജോലി ഹാജിക്ക തരുന്ന ഓര്‍ഡറുകള്‍ കൃത്യമായി ഡസ്പാച്ച് സെക്ഷനില്‍ എത്തിച്ച് പരിശോധിച്ചു ഉറപ്പു വരുത്തുക എന്നതായിരുന്നു. വൈകുന്നേരങ്ങളില്‍ സഫാരി സ്യൂട്ടണിഞ്ഞ് ഗോള്‍ഡന്‍ നിറത്തിലുള്ള കണ്ണടയുമായി അജ്മാനില്‍ എത്താറുള്ള അദ്ദേഹത്തെ വളരെ ബഹുമാനത്തോടെയും ആദരവോടെയുമാണ് ഞങ്ങള്‍ കണ്ടു കൊണ്ടിരുന്നത്. അന്നത്തെ കാലഘട്ടത്തില്‍ മൊബൈല്‍ ഫോണ്‍, പേജര്‍ ഒക്കെ കൗതുക വസ്തുക്കളായിരുന്നു. ഹാജിക്കയുടെ കയ്യിലുള്ള നോക്കിയയുടെ നല്ല 'കനമുള്ള' ഫോണില്‍ ഒന്ന് ഞെക്കാന്‍ ഒരു പാട് വെമ്പല്‍ കൊണ്ടിട്ടുണ്ട്. അവസാനം സഹികെട്ടു ഒരു ദിവസം അദ്ദേഹം നമസ്‌കരിക്കാന്‍ പോയപ്പോള്‍ ആ ഫോണ്‍ എടുത്ത് അതിന്റെ ബട്ടണ്‍ അമര്‍ത്തുമ്പോഴുണ്ടായ താളത്തിലൂടെ ദുബായിലുള്ള സുഹൃത്തിനെ വിളിച്ചതും ഞാന്‍ മൊബൈല്‍ ഫോണില്‍ നിന്നാണ് വിളിക്കുന്നത് എന്ന് പറഞ്ഞു അഭിമാനിച്ചതും ഇന്നും ഓര്‍മയില്‍ തങ്ങുന്ന കാര്യമാണ്.
കെ.എസ് അബ്ദുല്ല സാഹിബുമായി ഉറ്റ ചങ്ങാത്തം സ്ഥാപിച്ചിരുന്നു. അന്നൊക്കെ ജോലി കഴിഞ്ഞെത്തിയാല്‍ അബ്ദുല്ല സാഹിബിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ആകാംക്ഷയോടെ ഹാജിക്കയുടെ അടുക്കലേക്കു ഞങ്ങള്‍ ചെല്ലുമായിരുന്നു. എല്ലാം കേട്ടു കഴിയുമ്പോള്‍ ഒരു നോവല്‍ വായിച്ച സംതൃപ്തിയായിരിക്കും. ഹിന്ദിയും ഉര്‍ദുവും നന്നായി കൈകാര്യം ചെയ്തിരുന്ന അദ്ദേഹം മുഹമ്മദ് റഫിയുടെ ഗാനങ്ങളെ നന്നായി ആസ്വദിക്കുകയും ആലപിക്കുകയും ചെയ്യുമായിരുന്നു. അസുഖം ബാധിച്ചു ദുബായിലെ ഹോസ്പിറ്റലില്‍ ആയപ്പോള്‍ 'ചൗദ് വീന്‍ ക ചാന്ദ് ഹോ' എന്ന ഗാനം എന്റെ ഭാര്യാപിതാവ് പാടിയത് കേള്‍പ്പിച്ചപ്പോള്‍ അദ്ദേഹം വളരെ സന്തോഷത്തോടെ നന്ദി അറിയിക്കുകയും വളരെ മനോഹരമായി അതേറ്റു പാടി തിരിച്ചയക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ ഓര്‍മക്കായി സൂക്ഷിച്ചു വെക്കുകയാണ്. 2019 ഡിസംബറിലാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. നാട്ടിലെത്തിയാല്‍ കളം തുണിയില്‍ കളം നിറഞ്ഞു നില്‍ക്കാറുള്ള കറ കളഞ്ഞ മനുഷ്യന്‍. ഒമാനി തൊപ്പിയുടെ മനോഹാരിത അദ്ദേഹത്തിന്റെ ഗാംഭീര്യത്തിനു കൂടുതല്‍ മാറ്റ് കൂട്ടി. ഇറാനികളുടെയും അറബികളുടെയും ഞങ്ങള്‍ അജ്മാന്‍കാരുടെയും പ്രിയപ്പെട്ട ഹാജിക്കക്കു വിട. പരലോക ജീവിതം നന്മയിലാകട്ടെ എന്നാത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു കൊണ്ട്...

Related Articles
Next Story
Share it