അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ ബേക്കലിലെത്തിക്കാന്‍ ബേക്കല്‍ ടൂറിസം വില്ലേജ് ആരംഭിക്കും- മന്ത്രി പി.എ. മുഹമ്മദ് റിയാസ്

ബേക്കല്‍: ബേക്കലിന്റെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി നിലവിലുള്ളതിന് പുറമെ പൂതിയ ആകര്‍ഷണങ്ങളും ആശയങ്ങളുമായി ബേക്കല്‍ ടൂറിസം വില്ലേജ് ആരംഭിക്കുമെന്ന് സംസ്ഥാന ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. അജാനൂര്‍ പഞ്ചായത്തിലെ 32 ഏക്കറിലാണ് ടൂറിസം വില്ലേജ് വരുന്നത്. ഇതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഉത്തരവാദിത്ത ടൂറിസം മാതൃകയില്‍ കൂടുതല്‍ അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ ബേക്കലിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. അഗ്രോ ടൂറിസം, ഫാം ടൂറിസം, സാഹസിക ടൂറിസം, ഗ്രാമീണ ടൂറിസം, സാംസ്‌കാരിക ടൂറിസം തുടങ്ങി എല്ലാം […]

ബേക്കല്‍: ബേക്കലിന്റെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി നിലവിലുള്ളതിന് പുറമെ പൂതിയ ആകര്‍ഷണങ്ങളും ആശയങ്ങളുമായി ബേക്കല്‍ ടൂറിസം വില്ലേജ് ആരംഭിക്കുമെന്ന് സംസ്ഥാന ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. അജാനൂര്‍ പഞ്ചായത്തിലെ 32 ഏക്കറിലാണ് ടൂറിസം വില്ലേജ് വരുന്നത്. ഇതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഉത്തരവാദിത്ത ടൂറിസം മാതൃകയില്‍ കൂടുതല്‍ അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ ബേക്കലിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. അഗ്രോ ടൂറിസം, ഫാം ടൂറിസം, സാഹസിക ടൂറിസം, ഗ്രാമീണ ടൂറിസം, സാംസ്‌കാരിക ടൂറിസം തുടങ്ങി എല്ലാം ഒരു ഇടത്ത് അനുഭവഭേദ്യമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും ജില്ലയിലെ വിവിധ ടൂറിസം പദ്ധതികളുടെ അവലോകനത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.
ബേക്കല്‍ ടൂറിസം വില്ലേജ് സമയബന്ധിതമായി പൂര്‍ത്തീകരിക്കും. ഉത്തരവാദിത്ത ടൂറിസത്തിലൂടെ തദ്ദേശീയരായ ജനങ്ങള്‍ കൂടുതല്‍ തൊഴില്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനൊപ്പം ടൂറിസം മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും. നിലവില്‍ ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികളെ പൂര്‍ണ അര്‍ഥത്തില്‍ സഞ്ചാരികളാക്കണമെങ്കില്‍ അവര്‍ക്ക് ഇവിടെ 24 മണിക്കൂറും ചിലവഴിക്കാന്‍ കഴിയണം. താമസ സൗകര്യങ്ങളുടെ അപര്യാപ്തത ജില്ലയിലെ ടൂറിസം മേഖലയെ സംബന്ധിച്ചിടത്തോളം ഉണ്ട്. ടൂറിസം വില്ലേജ് വരുന്നതോടെ വൈകുന്നേരങ്ങള്‍ ചിലവഴിച്ച് പോകുന്ന സ്ഥിതി മാറ്റി ഇവിടെ താമസിക്കുന്ന നിലയുണ്ടാകും. കൂടുതല്‍ ഹോം സ്റ്റേകള്‍ക്ക് സാധ്യതകള്‍ ഏറെയാണ്. കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളില്‍ ഭൂരിഭാഗവും മലബാറിലെക്കെത്തുന്നില്ല. മലബാറിന്റെ ടൂറിസം സാധ്യത ഫലപ്രദമായി ഉപയോഗപ്പെടുത്തിയാല്‍ മാത്രമേ വിദേശ വിനോദ സഞ്ചാരികളെ ഉള്‍പ്പെടെ ആകര്‍ഷിക്കാനാകൂ. നിലവില്‍ കേരളത്തിലെത്തുന്ന സഞ്ചാരികളില്‍ ആറ് ശതമാനം ആളുകള്‍ മാത്രമാണ് മലബാറിലേക്കെത്തുന്നത്. ഉത്തരമലബാറിലേക്കെത്തുന്നവരുടെ എണ്ണം മൂന്ന് ശതമാനം മാത്രമാണ്. കാസര്‍കോടിന്റെ ടൂറിസം മേഖലക്ക് പ്രത്യേക ശ്രദ്ധയുണ്ടാകും. ചാലിയാറില്‍ നടത്തിയ ബോട്ട് ലീഗ് അടുത്ത വര്‍ഷം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേക്ക് കൊണ്ടു വരുന്നത് പരിഗണിക്കും.
ജില്ല രൂപം കൊണ്ട ശേഷം ആഭ്യന്തര ടൂറിസ്റ്റുകളുടെ കാര്യത്തില്‍ സര്‍വകാല റെക്കോര്‍ഡ് നേട്ടത്തിലാണ് വിനോദസഞ്ചാര മേഖല. ജനുവരി മുതല്‍ തൂണ്‍ വരെയുള്ള ആറ് മാസം കൊണ്ട് ആഭ്യന്തര ടൂറിസ്റ്റുകളുടെ വന്‍ വര്‍ധനവാണ് ജില്ലയിലുണ്ടായത്. സര്‍ക്കാര്‍ ഉദ്ദേശിച്ച പോലെ ജില്ലാ ഭരണകൂടം, ടൂറിസം ഡയരക്ടറേറ്റ്, ഡി.ടി.പി.സി, ബി.ആര്‍.ഡി.സി എന്നിവ കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് ഇത് സാധ്യമായതെന്നും ഇനിയുമേറെ കാര്യങ്ങള്‍ ചെയ്യാന്‍ ഉണ്ടെന്ന് നിലവിലെ സാഹചര്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായതായും മന്ത്രി പറഞ്ഞു.
നിലവില്‍ ബേക്കലില്‍ എട്ട് പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുണ്ട്. ഇവയില്‍ ആറെണ്ണം ഈ വര്‍ഷം പൂര്‍തീകരിക്കുന്നതിന് ഓരോന്നിനും ഡിസംബര്‍ 31ന് മുമ്പുള്ള സമയം നിശ്ചയിച്ചു നല്‍കി. തിരിച്ചറിയപ്പെടാതെ പോയ ടൂറിസം കേന്ദ്രങ്ങളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിന് ഡെസ്റ്റിനേഷന്‍ ചാലഞ്ച് നടത്തിയപ്പോള്‍ 141 തദ്ദേശ സ്ഥാപനങ്ങളുടെ അപേക്ഷകള്‍ പരിഗണിച്ചുവെന്നും ഇതില്‍ ഏഴെണ്ണം കാസര്‍കോട് ജില്ലയില്‍ നിന്നുള്ളതാണെന്നും മന്ത്രി അറിയിച്ചു. ഇങ്ങനെയുള്ള ടൂറിസം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിന് പരമാവധി 50ലക്ഷം രൂപ വരെ അനുവദിക്കുമെന്നും പദ്ധതിയുടെ 60ശതമാനം തുക ടൂറിസം വകുപ്പ് 40ശതമാനം തുക ത്രിതല പഞ്ചായത്തുകളും ചേര്‍ന്ന് വഹിക്കണം. ഇതില്‍ നിന്നുള്ള വരുമാനം പൂര്‍ണ്ണമായും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് എടുക്കാം. നല്ല സാധ്യതകളുള്ള പദ്ധതികള്‍ ഇനിയും വന്നാല്‍ അംഗീകാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ നടപ്പാക്കുന്ന ടൂറിസം പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. പല പ്രവര്‍ത്തികളും സമയം കഴിഞ്ഞും അനന്തമായി നീണ്ടു പോകുന്ന കാര്യം പരിശോധിച്ചു. ടൂറിസം ഡയരക്ടര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ പദ്ധതി പ്രദേശത്ത് പോയി ഇതെക്കുറിച്ച് പരിശോധന നടത്തും. ചില പ്രവര്‍ത്തികളില്‍ കുറെക്കൂടി വ്യക്തത വരേണ്ടതുണ്ട്. പദ്ധതികള്‍ക്ക് വിശദ പ്രാജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ തന്നെ അവിടേക്കുള്ള വഴിയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉണ്ടോയെന്ന് ഉറപ്പ് വരുത്തണം. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തീകരണ ഘട്ടത്തിലെത്തുമ്പോള്‍ അതേക്കുറിച്ച് ചിന്തിക്കുന്നത് ഗുണകരമല്ല. ഇങ്ങനെ വന്നാല്‍ അത് നമ്മുടെ നാടിന്റെ നഷ്ടമാണ്. അവസാനഘട്ടത്തിലെത്തുമ്പോള്‍ ഭൂമി വിലയില്‍ ഉള്‍പ്പെടെയുണ്ടാകുന്ന വര്‍ധനവ് പദ്ധതിയുടെ നടത്തിപ്പിനെ ബാധിക്കും. ചേയ്യേണ്ട കാര്യങ്ങള്‍ അതാത് സമയത്ത് ചെയ്യാത്തത് മറ്റേതെങ്കിലും താത്പര്യം വെച്ചാണോ എന്നും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും നിരുത്തരവാദപരമായ സമീപനം ഉണ്ടായോ എന്ന് ടൂറിസം ഡയരക്ടര്‍ നേരിട്ട് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
സഞ്ചാരികള്‍ വരുമ്പോള്‍ ഓരോ ടൂറിസം മേഖലയിലും നല്ല റോഡുകള്‍ അത്യാവശ്യമാണ്. പദ്ധതി പ്രദേശങ്ങളില്‍ വിവിധ വകുപ്പുകളുടെ അധീനതയിലുള്ള റോഡുകളുണ്ടെങ്കില്‍ അത് നന്നാക്കിയെടുക്കാന്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് അതാത് വകുപ്പുകളുടെ യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. വിദേശികള്‍ വരുമ്പോള്‍ ഓരോ കേന്ദ്രവും ആകര്‍ഷണീയമായിരിക്കണം. അതിന് ശുചിത്വം പരമപ്രധാനമാണ്. അതിനാല്‍ പ്രദേശികമായി ജനങ്ങളെ ബോധവത്കരിക്കാന്‍ കാമ്പയിന്‍ നടത്തേണ്ടത് അത്യാവശ്യമാണ്. ഇത് തുടര്‍ പ്രക്രിയയാണ്. ടൂറിസം ക്ലബുകള്‍ ഇതിന് മുന്‍കൈയെടുക്കണം. സന്നദ്ധ സംഘടനകള്‍, ശുചിത്വമിഷന്‍, തദ്ദേശസ്ഥാപനങ്ങള്‍, എന്നിവ സംയോജിച്ച് പദ്ധതികള്‍ നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

Related Articles
Next Story
Share it