ബേക്കല്‍ ബീച്ച് ഫെസ്റ്റിന്റെ വിജയത്തിളക്കത്തില്‍ കയ്യടി നേടി സംഘാടകര്‍; 10 ദിവസംകൊണ്ട് ഒഴുകിയെത്തിയത് 9 ലക്ഷം പേര്‍ !

കാസര്‍കോട്: ജില്ല ഇന്നുവരെ ദര്‍ശിച്ചിട്ടില്ലാത്ത കലാവിരുന്നും ഭക്ഷ്യവൈവിധ്യങ്ങളും അമ്യൂസ്‌മെന്റ് റൈഡുകളും ജനപങ്കാളിത്തവും കൊണ്ട് സമ്പന്നമായ ബേക്കല്‍ ബീച്ച് ഫെസ്റ്റിന് പരിസമാപ്തിയാവുമ്പോള്‍ ജില്ലയുടെ ചരിത്രത്താളുകളില്‍ ചേര്‍ത്ത് വെക്കാവുന്ന വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ക്കാണ് നാട് സാക്ഷ്യം വഹിച്ചത്. ഡിസംബര്‍ 24ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ഫെസ്റ്റ് ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങളുടെ ആരവങ്ങള്‍ ഏറ്റുവാങ്ങിയാണ് കൊടിയിറങ്ങിയത്.ജില്ലയുടെ വ്യാപാര-ടൂറിസം സാധ്യതകളെ ലോകത്തിന് പരിചയപ്പെടുത്താന്‍ നിമിത്തമായി എന്നതാണ് ബേക്കല്‍ ബീച്ച് ഫെസ്റ്റിന്റെ ആത്യന്തിക വിജയമെന്ന് മുഖ്യസംഘാടകനും ഈ ആശയം നിയമസഭയിലടക്കം ഉന്നയിച്ച് പിന്തുണ ലഭ്യമാക്കിയ ഉദുമ […]

കാസര്‍കോട്: ജില്ല ഇന്നുവരെ ദര്‍ശിച്ചിട്ടില്ലാത്ത കലാവിരുന്നും ഭക്ഷ്യവൈവിധ്യങ്ങളും അമ്യൂസ്‌മെന്റ് റൈഡുകളും ജനപങ്കാളിത്തവും കൊണ്ട് സമ്പന്നമായ ബേക്കല്‍ ബീച്ച് ഫെസ്റ്റിന് പരിസമാപ്തിയാവുമ്പോള്‍ ജില്ലയുടെ ചരിത്രത്താളുകളില്‍ ചേര്‍ത്ത് വെക്കാവുന്ന വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ക്കാണ് നാട് സാക്ഷ്യം വഹിച്ചത്. ഡിസംബര്‍ 24ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ഫെസ്റ്റ് ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങളുടെ ആരവങ്ങള്‍ ഏറ്റുവാങ്ങിയാണ് കൊടിയിറങ്ങിയത്.
ജില്ലയുടെ വ്യാപാര-ടൂറിസം സാധ്യതകളെ ലോകത്തിന് പരിചയപ്പെടുത്താന്‍ നിമിത്തമായി എന്നതാണ് ബേക്കല്‍ ബീച്ച് ഫെസ്റ്റിന്റെ ആത്യന്തിക വിജയമെന്ന് മുഖ്യസംഘാടകനും ഈ ആശയം നിയമസഭയിലടക്കം ഉന്നയിച്ച് പിന്തുണ ലഭ്യമാക്കിയ ഉദുമ എം.എല്‍.എയുമായ സി.എച്ച് കുഞ്ഞമ്പു ഉത്തരദേശത്തോട് പറഞ്ഞു. ബേക്കല്‍ എന്നത് ജില്ലയുടെ വിനോദ സഞ്ചാര വികസനത്തിന്റെ പ്രതീകവും പ്രതീക്ഷയുമാണ്. ടൂറിസം എന്നത് വികസനവുമായി ചേര്‍ത്ത് വെക്കുമ്പോഴാണ് ഈ മേഖലയില്‍ ഉണര്‍വുണ്ടാവുക. നാടിന്റെ സാംസ്‌കാരിക മുന്നേറ്റവും വികസനമായി നമുക്ക് കാണാന്‍ കഴിയണം. ഇവ രണ്ടും കോര്‍ത്തിണക്കാന്‍ കഴിഞ്ഞാല്‍ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കായിരിക്കും -എം.എല്‍.എ പറഞ്ഞു.
ഒരു കോടി 15 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കൂറ്റന്‍ സ്റ്റേജും മികച്ച ശബ്ദ സന്നാഹങ്ങളും വെളിച്ചവുമൊരുക്കി ലോക പ്രശസ്ത കലാകാരന്മാരെയടക്കം ഇവിടെ കൊണ്ടുവന്നത്.
അന്തര്‍ദേശീയ പ്രശസ്തരായ കലാകാരന്മാരുടെ സാന്നിധ്യം ഫെസ്റ്റിവലിന് മാറ്റുകൂട്ടി. കുടുംബശ്രീ സംഘങ്ങളുടെയും ജില്ലയിലെ വിദ്യാര്‍ത്ഥികളുടെയും കലാകാരന്മാരുടെയും പ്രകടനങ്ങളും ഫെസ്റ്റ് വിജയിപ്പിക്കുന്നതില്‍ നിര്‍ണായകമായി. ഓരോ ദിവസവും സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനങ്ങള്‍ ഗൗരവമുള്ള ചിന്തകളുടെ, ആശയങ്ങളുടെ, ചര്‍ച്ചകളുടെ വേദിയായി മാറി.
മുതിര്‍ന്നവരും കുട്ടികളുമടക്കം നാലു ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റുപോയതെങ്കിലും 9 ലക്ഷത്തോളം ആളുകള്‍ 10 ദിവസങ്ങളിലായി ഫെസ്റ്റിനെത്തിയിട്ടുണ്ടെന്നാണ് കണക്കുകൂട്ടുന്നത്. അഭൂതപൂര്‍വ്വമായ തിരക്കായതിനാല്‍ ടിക്കറ്റ് പരിശോധനയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നില്ല. വിദൂര ദിക്കുകളില്‍ നിന്ന് പോലും വലിയ സംഘങ്ങളായി ജനങ്ങളുടെ ഒഴുക്കായിരുന്നു. എല്ലാ വര്‍ഷവും ഡിസംബറില്‍ ഫെസ്റ്റ് സ്ഥിരം സംവിധാനമാക്കി മാറ്റും. ഇത്തവണ ഫെസ്റ്റ് ഏതാനും ദിവസം കൂടി നീട്ടണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍ ജനത്തിരക്ക് മൂലം ഉണ്ടായ ഗതാഗതതടസ്സങ്ങളും മറ്റും കണക്കിലെടുത്താണ് നീട്ടാതിരുന്നതെന്നും സി.എച്ച് കുഞ്ഞമ്പു വ്യക്തമാക്കി.
പഞ്ചാബി ഗായകരായ നൂറന്‍ സിസ്റ്റേഴ്‌സ് കേരളത്തില്‍ തന്നെ ആദ്യമായാണ് ഉദ്ഘാടന ദിവസം ബേക്കലില്‍ പരിപാടി അവതരിപ്പിച്ചത്. രാജ്കലേഷ്, നിര്‍മ്മല്‍ പാലാഴി ടീമിന്റെ മാജിക് ആന്റ് കോമഡി ഷോ രണ്ടാം ദിനം ആസ്വാദകരുടെ മനം കവര്‍ന്നു. പിന്നണി ഗായിക സിതാര കൃഷ്ണകുമാറിന്റെ മലബാറിക്കസ് ബാന്‍ഡ്, സൂഫി ഗായിക ശബ്‌നം റിയാസ്, നാടന്‍ പാട്ടുമായി പ്രസീത ചാലക്കുടി, ഗായിക രഹ്‌ന, വിനോദ് കോവൂര്‍, സുരഭി, ഗായകന്‍ വിധുപ്രതാപ്, റഫി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ മുഹമ്മദ് അസ്‌ലം തുടങ്ങിയവരുടെ കലാവിരുന്നും ബേക്കലിന്റെ സന്ധ്യകളെ വര്‍ണാഭമാക്കി. ടൂറിസം വകുപ്പ്, ബി.ആര്‍.ഡി.സി, കുടുംബശ്രീ, പൊലീസ് തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങളും ജനപ്രതിനിധികളും സന്നദ്ധസംഘടനകളും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ വിജയം കൂടിയായി ഫെസ്റ്റ് മാറി.

Related Articles
Next Story
Share it