മുംബൈ: ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന ഈ വര്‍ഷത്തെ ട്വന്റി 20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റിയേക്കുമെന്ന് സൂചന. ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നീക്കം. ബിസിസിഐ തന്നെയാണ് ഇതുസംബന്ധിച്ച് സൂചന നല്‍കിയത്. ഈ വര്‍ഷം ഒക്ടോബറില്‍ ലോകകപ്പ് നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ലോകകപ്പ് വേദി മാറ്റുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഐസിസിയുമായി ആലോചിച്ച ശേഷമാകും പുറത്തുവിടുക. ബാക്കപ്പ് ആയി യുഎഇയെ പരിഗണിക്കുകയാണെന്ന് ഐസിസി വ്യക്തമാക്കുന്നുണ്ട്.
കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് സാഹചര്യങ്ങള്‍ കൂടി വിലയിരുത്തിയ ശേഷമാകും തീരുമാനം. രാജ്യത്ത് കോവിഡ് ബാധിച്ച് രണ്ട് ലക്ഷത്തില്‍ അധികം പേര് ഇതിനോടകം മരിച്ചു. പ്രതിദിനം കൊറോണ സ്ഥിരീകരിക്കുന്നവരുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളിലാണ്. മൂവായിരത്തോളം ആളുകള്‍ പ്രതിദിനം മരിക്കുന്നുണ്ട്. രോഗവ്യാപനം രൂക്ഷമായതോടെ നിരവധി രാജ്യങ്ങള്‍ യാത്രാവിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ബാക്കപ്പ് വെന്യു പരിഗണിക്കാനുള്ള തീരുമാനം.
നേരത്തെ കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നടത്താനിരുന്ന ടി20 ലോകകപ്പും കൊറോണ പശ്ചാത്തലത്തില്‍ നിര്‍ത്തി വച്ചിരുന്നു. അതേസമയം രാജ്യത്ത് ഐപിഎല്‍ പുരോഗമിക്കുകയാണ്. കോവിഡ് പശ്ചാത്തലത്തില്‍ വ്യാപക വിമര്‍ശനമുയരുന്നുണ്ടെങ്കിലും സീസണ് പൂര്‍ത്തിയാക്കാനുള്ള തീരുമാനത്തിലാണ് ബിസിസിഐ. ടൂര്‍ണമെന്റ് മെയ് 30ന് അവസാനിക്കും.
ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നതിനെതിരെ ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ഇയാന്‍ ചാപ്പല്‍ രംഗത്തെത്തി. കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യ ടി 20 ലോകകപ്പിന് ആതിഥേയത്വം വഹിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ടൂര്‍ണമെന്റ് ഏഷ്യന്‍ രാജ്യത്ത് നിന്ന് മാറ്റുന്നതാണ് സാമാന്യബുദ്ധി. മെഗാ ഇവന്റിന്റെ ബാക്കപ്പ് വേദിയായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) യുണൈറ്റഡ് അറബ് എമിറേറ്റ്സിനെ (യുഎഇ) നിലനിര്‍ത്തി എന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.