കാസർകോട് : ചന്ദ്രഗിരി പുഴയിൽ നിർമ്മിച്ച ബാവിക്കര റെഗുലേറ്റർ പദ്ധതി ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു.
ഏറെ വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് പദ്ധതി യഥാർഥ്യമായത്.
കാസർകോട് മുനിസിപ്പാലിറ്റിയിലും മുളിയാർ, ചെമ്മനാട്, മൊഗ്രാൽ പുത്തൂർ, മധൂർ, ചെങ്കള പഞ്ചായത്തുകളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും
കാസറഗോഡ് താലൂക്കിലെ മുളിയാർ, ബേഡഡുക്ക, പള്ളിക്കര, ചെമ്മനാട് ഗ്രാമപഞ്ചായത്തുകളിൽ കാർഷിക ജലസേചന സൗകര്യം ഏർപ്പെടുത്തുന്നതിനും പദ്ധതി സഹായിക്കും. പ്രദേശവാസികൾ വർഷത്തിൽ രണ്ടു മാസത്തോളം ഉപ്പുവെള്ളം കുടിക്കേണ്ടി വരുന്ന ദുസ്ഥിതിക്ക് പരിഹാരം കാണാൻ പദ്ധതിയിലൂടെ കഴിയും. പയസ്വിനി പുഴയുടെയും കരിച്ചേരി പുഴയുടെയും സംഗമ സ്ഥാനത്തിന് പടിഞ്ഞാറു ഭാഗത്തായി നിർമ്മിച്ച 120.4 മീറ്റർ നീളവും നാല് മീറ്റർ ഉയരവുമുള്ള റെഗുലേറ്ററിൽ 250 കോടി ലിറ്റർ വെള്ളം സംഭരിക്കാൻ കഴിയും. 35 കോടി രൂപ ചെലവഴിച്ച് 27 മാസം കൊണ്ടാണ് പദ്ധതി യഥാർഥ്യമാക്കിയത്.
ചടങ്ങിൽ റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എ മാരായ കെ. കുഞ്ഞിരാമൻ, എൻ.എ. നെല്ലിക്കുന്ന് എന്നിവർ മുഖ്യാതിഥികളായി.
കെ. കുഞ്ഞിരാമൻ എഎൽഎ ശിലാഫലകം അനാവരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ. സൈമ, ബ്ലോക്ക് പഞ്ചായത്ത് അംഗം സെമീമ അൻസാരി, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് അംഗം ടിപി നാസർ, രാഷ്ട്രീയ പാർട്ടി നേതാക്കളായ വി. രാജൻ, സുരേഷ് പുതിയേടത്ത്, ഹരീഷ് ബി. നമ്പ്യാർ, എ. ഗോപിനാഥൻ നായർ (ബാവിക്കര റെഗുലേറ്റർ നിർമ്മാണ സഹായ സമിതി), ഇ. കുഞ്ഞിക്കണ്ണൻ, മുനീർ മുനമ്പം (ബാവിക്കര ആക്ഷൻ കമ്മിറ്റി) എന്നിവർ സംസാരിച്ചു. ചെറുകിട ജലസേചനം കോഴിക്കോട് സൂപ്രണ്ടിങ്ങ് എഞ്ചിനീയർ എം.കെ. മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു.
ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയർ അലക്സ് വർഗീസ് സ്വാഗതവും ചെറുകിട ജലസേചനം കാസറഗോഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി. ടി സഞ്ജീവ് നന്ദിയും പറഞ്ഞു.