ബഷീറിന്റെ രചനകള്‍ നമ്പൂതിരിയുടെ വരകളില്‍...
വരകള്‍കൊണ്ട് ലോകത്തെ വിസ്മയിച്ച ആര്‍ടിസ്റ്റ് നമ്പൂതിരിയുടെ വേര്‍പാടിലൂടെ ഒരു ഇതിഹാസത്തെയാണ് കേരളത്തിന് നഷ്ടമായിരിക്കുന്നത്. നമ്പൂതിരി വരച്ച 'ബഷീര്‍ ചരിത്രം' കലയുടെ ചരിത്രത്തിലെയും, ജീവചരിത്ര സാഹിത്യത്തിലെയും ഒരു അപൂര്‍വതയാകുന്നു. ഭാഷകൊണ്ടുള്ള ജീവചരിത്രരചന പ്രയാസമുള്ള കാര്യമല്ല. നിലവിലുള്ള ഒരു ആഖ്യാനമാതൃകയിലേക്ക് വ്യക്തിയുടെ ജീവചരിത്ര വസ്തുതകള്‍ സന്നിവേശിപ്പിച്ചാല്‍ മതിയാകും. കണ്‍മുന്നില്‍ ഇല്ലാത്ത സ്ഥലത്തെയും കാലത്തെയും വാക്കുകള്‍ കൊണ്ട് നിഷ്പ്രയാസം പരാമര്‍ശിക്കാം. രചയിതാവിന്റെ ആഖ്യാന പാടവത്തിനും അതില്‍ സാക്ഷാത്കാരം കണ്ടെത്താം.എന്നാല്‍ രേഖകള്‍ കൊണ്ട് മാത്രം ജീവചരിത്രം വിരചിക്കുക എന്നത് എളുപ്പമല്ല. ബഷീറിനെപ്പോലെ മലയാളിയുടെ […]
വരകള്‍കൊണ്ട് ലോകത്തെ വിസ്മയിച്ച ആര്‍ടിസ്റ്റ് നമ്പൂതിരിയുടെ വേര്‍പാടിലൂടെ ഒരു ഇതിഹാസത്തെയാണ് കേരളത്തിന് നഷ്ടമായിരിക്കുന്നത്. നമ്പൂതിരി വരച്ച 'ബഷീര്‍ ചരിത്രം' കലയുടെ ചരിത്രത്തിലെയും, ജീവചരിത്ര സാഹിത്യത്തിലെയും ഒരു അപൂര്‍വതയാകുന്നു. ഭാഷകൊണ്ടുള്ള ജീവചരിത്രരചന പ്രയാസമുള്ള കാര്യമല്ല. നിലവിലുള്ള ഒരു ആഖ്യാനമാതൃകയിലേക്ക് വ്യക്തിയുടെ ജീവചരിത്ര വസ്തുതകള്‍ സന്നിവേശിപ്പിച്ചാല്‍ മതിയാകും. കണ്‍മുന്നില്‍ ഇല്ലാത്ത സ്ഥലത്തെയും കാലത്തെയും വാക്കുകള്‍ കൊണ്ട് നിഷ്പ്രയാസം പരാമര്‍ശിക്കാം. രചയിതാവിന്റെ ആഖ്യാന പാടവത്തിനും അതില്‍ സാക്ഷാത്കാരം കണ്ടെത്താം.എന്നാല്‍ രേഖകള്‍ കൊണ്ട് മാത്രം ജീവചരിത്രം വിരചിക്കുക എന്നത് എളുപ്പമല്ല. ബഷീറിനെപ്പോലെ മലയാളിയുടെ […]
വരകള്‍കൊണ്ട് ലോകത്തെ വിസ്മയിച്ച ആര്‍ടിസ്റ്റ് നമ്പൂതിരിയുടെ വേര്‍പാടിലൂടെ ഒരു ഇതിഹാസത്തെയാണ് കേരളത്തിന് നഷ്ടമായിരിക്കുന്നത്. നമ്പൂതിരി വരച്ച 'ബഷീര്‍ ചരിത്രം' കലയുടെ ചരിത്രത്തിലെയും, ജീവചരിത്ര സാഹിത്യത്തിലെയും ഒരു അപൂര്‍വതയാകുന്നു. ഭാഷകൊണ്ടുള്ള ജീവചരിത്രരചന പ്രയാസമുള്ള കാര്യമല്ല. നിലവിലുള്ള ഒരു ആഖ്യാനമാതൃകയിലേക്ക് വ്യക്തിയുടെ ജീവചരിത്ര വസ്തുതകള്‍ സന്നിവേശിപ്പിച്ചാല്‍ മതിയാകും. കണ്‍മുന്നില്‍ ഇല്ലാത്ത സ്ഥലത്തെയും കാലത്തെയും വാക്കുകള്‍ കൊണ്ട് നിഷ്പ്രയാസം പരാമര്‍ശിക്കാം. രചയിതാവിന്റെ ആഖ്യാന പാടവത്തിനും അതില്‍ സാക്ഷാത്കാരം കണ്ടെത്താം.
എന്നാല്‍ രേഖകള്‍ കൊണ്ട് മാത്രം ജീവചരിത്രം വിരചിക്കുക എന്നത് എളുപ്പമല്ല. ബഷീറിനെപ്പോലെ മലയാളിയുടെ ബോധത്തിന്റെ മാത്രമല്ല അബോധത്തിന്റെയും ഭാഗമായിത്തീര്‍ന്ന ഒരെഴുത്തുകാരന്റെ ജീവചരിത്രമാകുമ്പോള്‍ അതിന്റെ വ്യാപ്തി വര്‍ധിക്കുന്നു. ബഷീറിന്റെ ജീവചരിത്രവും കൃതികളും ഒരു ബൃഹത് പാഠമായി കണ്ട് അതില്‍ നിന്നും ഏറ്റവും ഉചിതമായ മുഹൂര്‍ത്തങ്ങള്‍ തിരഞ്ഞെടുത്താണ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നമ്പൂതിരി ഇല്ലസ്‌ട്രേറ്റ് ചെയ്തിരിക്കുന്നത്.
പല ജീവിതങ്ങള്‍ ചേര്‍ന്ന 'ഇമ്മിണി വല്യ' ഒരു ജീവിതമായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍ ജീവിച്ചു തീര്‍ത്തത്. രചനകളിലും അഭിമുഖങ്ങളിലും തന്റെ ജീവചരിത്ര വസ്തുതകള്‍ അദ്ദേഹം ന്യൂനോക്തികളിലൂടെ നിസ്സാരവല്‍ക്കരിച്ചിട്ടുണ്ട്. ഐതിഹാസിക മാനങ്ങളുള്ള ജീവിതാനുഭവങ്ങള്‍ ഉണ്ടായിരുന്നിട്ടും ബഷീര്‍ ഒരു സാധാരണ മനുഷ്യനായി സാധാരണക്കാരോടൊപ്പം ജീവിച്ചു. അദ്ദേഹത്തിന്റെ ആഖ്യാനങ്ങളില്‍ നിന്നും തന്റെ നിരീക്ഷണങ്ങളില്‍ നിന്നും എം.എ റഹ്മാന്‍ സൃഷ്ടിച്ച 'ബഷീര്‍ ദ മാന്‍' ഈ മനുഷ്യനെ പിന്തുടരുന്നു.
ഈ ഡോക്യുമെന്ററി സിനിമയിലുള്‍പ്പെടുത്താനാണ് നമ്പൂതിരി വരച്ചത്. അന്നു തന്നെ ഡോക്യുമെന്ററിയില്‍ നിന്നും ഈ ചിത്രങ്ങള്‍ പുറത്തിറങ്ങി സഞ്ചരിച്ചുതുടങ്ങിയിരുന്നു. ഒരു 'സമാന്തര ഡോക്യുമെന്ററി' ആയി അത് മാറുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഈ ചിത്രങ്ങളെല്ലാം ഒത്തുചേര്‍ന്നു ബഷീറിന്റെ ഒരു 'ഗ്രാഫിക് ബയോഗ്രഫി' ആയി മാറുന്നു. ബഷീറിന്റെ ഭാവനാലോകങ്ങളിലൂടെയുള്ള സഞ്ചാരവും അതിലുണ്ട്.
പാരമ്പര്യത്തെ ആധുനികതയുമായി ബന്ധിപ്പിക്കുകയായിരുന്നു നമ്പൂതിരി. പാരമ്പര്യത്തിന്റെ അടയാളങ്ങളും രൂപങ്ങളും തനിക്ക് വരക്കാന്‍ വേണ്ടിയാണ് അവശേഷിച്ചതെന്ന് അദ്ദേഹം കരുതിയിരുന്നു. ചരിത്രപുരോഗതി മലയാളിക്ക് സമ്മാനിച്ച വിസ്മൃതിരോഗത്തിന്റെ ചികിത്സകനായി മാറുകയായിരുന്നു നമ്പൂതിരി; വി.കെ.എന്നിനെപ്പോലെ.
രവിവര്‍മയുടെ ചിത്രങ്ങളും മായികമായ ഒരു അന്തരീക്ഷമാണ് ഒരുക്കിയത്. കേരളീയമായ അനുഭവങ്ങള്‍ അവയില്‍ വിരളമായിരുന്നു. ആധുനിക പരിഷ്‌കാരങ്ങള്‍ വന്നപ്പോള്‍ മലയാളി ജീവിതരീതി, വേഷം, ശരീരചലനങ്ങള്‍ ഇവയെല്ലാം പരിഷ്‌കരിച്ചു. കേരളീയം എന്ന് വിളിക്കാവുന്ന അടയാളങ്ങള്‍ തന്നെ ജീവിതത്തില്‍ വിരളമായി. പ്രാദേശികാനുഭവങ്ങള്‍ തിരസ്‌കരിക്കുകയെന്നത് മഹത്തായ കാര്യമാണെന്ന് പ്രചരിപ്പിപ്പിക്കാന്‍ മലയാളത്തിലെ ആധുനികരും പരിശ്രമിച്ചിരുന്നു. എങ്കിലും ആധുനിക ചിത്രകലയില്‍ തനത് ജീവിത ചിത്രങ്ങള്‍ 'പ്രിസര്‍വ്' ചെയ്യാനുള്ള ചില പരിശ്രമങ്ങള്‍ നടന്നിരുന്നു. കേരളത്തിലെ ശരാശരി മനുഷ്യര്‍, തൊഴിലാളി, സാധാരണ സ്ത്രീകള്‍, പരിക്ഷീണിതരായ ഗര്‍ഭിണികള്‍ ഇവരെയൊക്കെ കെ.സി.എസ്. പണിക്കര്‍ അദ്ദേഹത്തിന്റെ കലാജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ വരച്ചിരുന്നു. ഇതിന്റെ അനുസൃതി നമ്പൂതിരിയിലും കാണാം. കേരളത്തിലെ ജന്മിയും കുടിയാനും വൃക്ഷങ്ങളും കെട്ടിടങ്ങളുമൊക്കെ നമ്പൂതിരി ചിത്രങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. കേരളത്തിന്റെ ഒരുനരവംശമ്യൂസിയമായി അവ മാറി.
കാണേണ്ടതിനെ അതിസൂക്ഷ്മമായി കോറിയിടുകയാണ് നമ്പൂതിരിയുടെ രീതി. പ്രതലത്തെ വേദനിപ്പിക്കാതെ സൂക്ഷ്മമായി ആ രേഖകള്‍ ഒഴുകി പടരുന്നു. പക്ഷെ, വജ്രം ചില്ലുപാളികളെ മുറിച്ചെടുക്കുന്നതുപോലെ ശൂന്യമായ പ്രതലത്തില്‍ രേഖകള്‍ ശില്‍പസദൃശമായ രൂപങ്ങള്‍ നിര്‍മിക്കുന്നു. പ്രതലത്തില്‍ നിന്നും പൊട്ടിമുളച്ച് ചെടികള്‍ പോലെ അവയിലെ രൂപങ്ങള്‍ മുകളിലേക്ക് ഉയര്‍ന്നുനില്‍ക്കുന്നു. അവ ഇനിയും വളര്‍ന്ന് വലുതാകുമോ എന്ന് കാണികള്‍ സംശയിക്കും. ചോള ശില്‍പ്പങ്ങള്‍ പോലെ മുകളിലേക്ക് പടര്‍ന്നുപോകുന്ന ഈ താളം നമ്പൂതിരിയുടെ രൂപങ്ങളെ മൗലികമാക്കുന്നു. അടയുന്ന പേജുകളില്‍ മരിച്ചുപോവാതെ ആ ദൃശ്യങ്ങള്‍ വായനക്കാര്‍ക്കൊപ്പം ഇറങ്ങി സഞ്ചരിക്കുന്നു. ശരീരാനുപാതത്തിന്റെ ചിത്രണനിയമങ്ങളെ ഉല്ലംഘിക്കുന്ന വക്രത-നീളം വെപ്പിക്കല്‍-അപരിചിതമാക്കല്‍ അവയ്ക്ക് നിഗൂഢഭംഗി നല്‍കുന്നു. നമ്പൂതിരി വരച്ച പെണ്‍കുട്ടികളെ പ്രണയിച്ചുപോയവരുണ്ട്.
ബഷീര്‍ ചരിത്രരചനയില്‍ നമ്പൂതിരിയുടെ രേഖാരഹസ്യങ്ങള്‍ പൂര്‍ണമായും പതിഞ്ഞിട്ടുണ്ട്. ശൂന്യമായ താളുകളില്‍ ബഷീറിനും അദ്ദേഹത്തിന്റെ ചില കഥാപാത്രങ്ങള്‍ക്കും അദ്ദേഹം രൂപം നല്‍കുകയായിരുന്നു. നിരവധി ആഖ്യാനങ്ങള്‍ കൂടിച്ചേര്‍ന്ന ഒരു മഹാഖ്യാനമായ ബഷീറിന്റെ ജീവചരിത്രത്തില്‍ നിന്നും അദ്ദേഹത്തിന്റെ ചില അനുഭവങ്ങളും തൊഴിലുകളും തിരഞ്ഞുപിടിച്ച് 'രേഖപ്പെടുത്തുന്നു'. അവയെല്ലാം കൂടിച്ചേര്‍ന്ന് ഒരു സമഗ്രാഖ്യാനമായി മാറുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ രൂപപ്പെട്ട സങ്കീര്‍ണമായ ഒരു മലയാളി 'മാതൃക'യെ ബഷീറും പ്രതിനിധാനം ചെയ്യുന്നു. സ്വരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി എന്ത് സാഹസവുമനുഷ്ഠിക്കുവാന്‍ തയ്യാറായ ഒരു തലമുറയിലെ ഏറ്റവും ധീരനായ യുവാവായിരുന്നു ബഷീര്‍. സ്വാതന്ത്ര്യപ്രക്ഷോഭത്തില്‍ പങ്കെടുത്ത് തടവറയില്‍ കിടന്ന അനുഭവവും അദ്ദേഹത്തിനുണ്ട്. ദേശീയ സ്വാതന്ത്ര്യസമരത്തിലെ പൊതുവായ അനുഭവങ്ങളെ 'ബഷീര്‍ ആഖ്യാനത്തില്‍' നമ്പൂതിരി പിന്തുടരുന്നില്ല. എന്നാല്‍ ഭഗത്‌സിംഗിനെപ്പോലെ സാഹസികമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ബഷീറിനെ ചിത്രകാരന്‍ വരഞ്ഞിരിക്കുന്നു. അതില്‍ ഭഗത്‌സിംഗിന്റെ രൂപവുമായി ബഷീറിനെ താരതമ്യവും ചെയ്യുന്നു.
ബഷീര്‍ ഒരു അവധൂതനെപ്പോലെ അലഞ്ഞുനടന്ന ഇടങ്ങള്‍ നമ്പൂതിരി അന്വേഷിക്കുന്നു. രാഷ്ട്രീയമായ മോക്ഷമാര്‍ഗത്തില്‍ നിന്ന് ആത്മീയതയിലേക്ക് സഞ്ചരിച്ചെത്തിയ ബഷീറിന്റെ മൂന്ന് 'അവതാരങ്ങള്‍' ചിത്രകാരന്‍ കണ്ടെത്തിയിരിക്കുന്നു. ഒരു ചിത്രത്തില്‍ സൂഫിസന്യാസി സംഘത്തിലെ അംഗമായ ബഷീറിനെ കാണാം. അവരുടെ ശരീരം ആച്ഛാദിതമാണ്. മിസ്റ്റിക് അനുഭൂതികള്‍ അന്വേഷിച്ച് അലഞ്ഞ കാലത്തിലെ അനുഭവങ്ങള്‍ ഈ വരകള്‍ ആവാഹിക്കുന്നു. ഭൗതിക താല്‍പ്പര്യങ്ങളില്ലാത്ത സൂഫികള്‍ക്ക് യോജിച്ച ശരീരവടിവുകളും മുഖഭാവങ്ങളുമാണ് അവര്‍ക്ക് ചിത്രകാരന്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ നഗ്‌നസന്യാസിമാരുടെ സംഘത്തെ 'റഫ്' ആയിട്ടാണ് വരച്ചിരിക്കുന്നത്. ഒരു അനുഷ്ഠാനകര്‍മത്തിലേര്‍പ്പെടുന്നതുപോലെ വൃത്താകൃതിയിലാണ് അവര്‍ നില്‍ക്കുന്നത്. അവരുടെ ശരീരത്തിന്റെ താളം ആ ചടങ്ങിന്റെ നിഗൂഢത വെളിവാക്കുന്നു. അവരുടെ നഗ്‌നത ജുഗുപ്‌സാവഹമല്ലാതാക്കാന്‍ ചിത്രകാരന്‍ ചില ടെക്‌നിക്കുകള്‍ പ്രയോഗിച്ചിട്ടുണ്ട്. ചിത്രത്തില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്ന മൂന്നുപേര്‍ക്ക് സവിശേഷമായ വടിവുകള്‍-ചലനം-നല്‍കി ശ്രദ്ധ പിടിച്ചെടുക്കുന്നു. ഫിലിം ഫ്രെയിമില്‍ നിശ്ചലാവസ്ഥയെ മറികടക്കുവാന്‍ സഹായിക്കുന്നതോടൊപ്പം അവര്‍ ഏതോ ഗൗരവമുള്ള കര്‍മങ്ങള്‍ അനുഷ്ടിക്കുകയാണെന്ന തോന്നല്‍ ഉണ്ടാക്കാനും അവരുടെ ചലന പ്രതീതി സഹായകമാകുന്നു. ധ്യാനനിരതനായിരിക്കുന്ന സന്യാസിയുടെ രൂപത്തിലും ബഷീറിനെ നമ്പൂതിരി വരച്ചിട്ടുണ്ട്. പോക്കറ്റ് കാര്‍ട്ടൂണുകളില്‍ താന്‍ പണ്ടു സ്വീകരിച്ച വക്രീകരണങ്ങള്‍ ഇത്തരം ചിത്രങ്ങളിലും അദ്ദേഹം തുടരുന്നു. ബഷീറിന്റെ ജീവിതത്തിലെ അജ്ഞാതമായ ഈ ഘട്ടത്തിന്റെ ആവിഷ്‌കാരത്തിന് ജീവചരിത്രപരമായി ഏറെ പ്രാധാന്യമുണ്ട്.
തന്റെ കാലത്ത് ലഭ്യമാകാവുന്ന എല്ലാ തൊഴിലുകളും ബഷീര്‍ ചെയ്തിരുന്നു. ഓരോ തൊഴിലും അനന്യമായ അനുഭവങ്ങളാണ് അദ്ദേഹത്തിന് സമ്മാനിച്ചത്. ബഷീര്‍ ചെയ്ത പതിനഞ്ചോളം തൊഴിലുകളെ ഈ ചിത്രങ്ങളില്‍ നമ്പൂതിരി അവതരിപ്പിച്ചിട്ടുണ്ട്. ഓരോ തൊഴിലിന്റെയും തൊഴില്‍പരമായ സവിശേഷതകള്‍, തൊഴിലില്‍ ഏര്‍പ്പെടുന്നവരുടെ ശരീരവടിവുകള്‍, ആംഗ്യങ്ങള്‍ എന്നിവ ചിത്രകാരന്‍ സൂക്ഷ്മമായി ഒപ്പിയെടുത്തിരിക്കുന്നു. ബഷീറിന്റെ യഥാര്‍ഥ രൂപത്തെയല്ല ഇവിടെ പിന്തുടരുന്നത്. ഓരോ തൊഴിലിനെപ്പറ്റിയും നിലവിലുള്ള സങ്കല്‍പ്പങ്ങളെയാണ് ചിത്രകാരന്‍ അവതരിപ്പിക്കുന്നത്. ശാന്താറാമിന്റെ അടുത്ത് സിനിമയില്‍ അഭിനയിക്കാന്‍ പോയ ബഷീറിനെ കൗബോയി വേഷത്തിലാണ് നമ്പൂതിരി വരച്ചത്. ട്യൂഷന്‍ മാസ്റ്റര്‍, കൈനോട്ടക്കാരന്‍, മാന്ത്രികന്‍, പഴക്കച്ചവടക്കാരന്‍, കാഷ്യര്‍, പത്രവില്‍പ്പനക്കാരന്‍, സ്‌പോര്‍ട്‌സ് ഗുഡ്‌സ് ഏജന്റ്, പുസ്തക വില്‍പ്പനക്കാരന്‍, ഖലാസി, പാചകക്കാരന്‍, ലൂംഫിറ്റര്‍, വാച്ച്‌മേന്‍, ബുക്ക് ഫൗസിന്റെ ഉടമസ്ഥന്‍ പരസ്പരം പൊരുത്തപ്പെടാത്ത ഈ തൊഴിലുകളില്‍ ഏര്‍പ്പെട്ട ഒറ്റ മനുഷ്യനെ നമ്പൂതിരി പലതായി വരച്ചിടുന്നു. വെള്ളിത്തിരയില്‍ തെളിയുവാന്‍ വേണ്ടി വരച്ച ഈ ചിത്രങ്ങള്‍ സ്വതന്ത്രമായി നില്‍ക്കുമ്പോഴും വിനിമയക്ഷമമാവുന്നുവെന്നത് ശ്രദ്ധേയമാണ്. ബഷീറിന്റെ ജീവിതവും സംഗീതവും തമ്മിലുള്ള ബന്ധത്തെ വിശദമാക്കുന്ന ചിത്രങ്ങള്‍ ജീവചരിത്രത്തോടൊപ്പം അതിന്റെ പശ്ചാത്തലമായ കാലഘട്ടത്തിന്റെ കൂടി വ്യാഖ്യാനമായിത്തീരുന്നു. സംഗീതവുമായി തനിക്കുള്ള ബന്ധം അദ്ദേഹം തന്റെ രചനകളില്‍ പലപാട് സൂചിപ്പിച്ചിട്ടുണ്ട്. ഗ്രാമഫോണും ചുമന്നു നടക്കുന്ന ബഷിറിന്റെ ചിത്രങ്ങള്‍ ഈ സമാഹാരത്തിലുണ്ട്. സൈക്കിളില്‍, തോണിയില്‍, ബസ്സില്‍ ഒക്കെ ഗ്രാമഫോണുമായി അദ്ദേഹം സഞ്ചരിക്കുന്നു. ചിലപ്പോള്‍ ഗ്രാമഫോണ്‍ ലോകത്തിന്റെ നേര്‍ക്ക്തിരിച്ചുവെച്ചുകൊണ്ടും, ചിലപ്പോള്‍ തന്നിലേക്ക് തിരിച്ചുവെച്ചുകൊണ്ടും.
അതിലേക്ക് ശ്രദ്ധിക്കുമ്പോള്‍, സൈഗാളിന്റെ പാട്ടുകള്‍ ഒഴുകിവരുന്നതായി അനുഭവപ്പെടും. സ്വാതന്ത്ര്യത്തിന് മുമ്പുള്ള ദശകങ്ങളിലെ യൗവനത്തിന്റെ വിഷാദവും വിഹ്വലതകളുമാണ് സൈഗാളും പങ്കജ്മല്ലിക്കും പാടിയത് എന്ന് ഇന്ന് നമുക്കറിയാം. വിഷാദനിര്‍ഭരമായ ആ ഗാനങ്ങള്‍ ഒരു തലമുറയെ സാന്ത്വനിപ്പിച്ചു. ബഷീറിന്റെ തന്നെ ഒരു അപരസ്വത്വം എന്ന നിലയിലാണ് ഗ്രാമഫോണിനെ ഈ ചിത്രങ്ങളില്‍ പരിചരിച്ചിരിക്കുന്നത്. ബസ്സിനു മുകളില്‍ ഗ്രാമഫോണ്‍ കാണുമ്പോള്‍ ബഷീര്‍ അകത്തുണ്ടെന്ന് കാണികള്‍ മനസ്സിലാക്കുന്നു. അദ്ദേഹത്തിന്റെ മാനസികാവസ്ഥകളുടെ ചിത്രീകരണമായി ഈ ഗ്രാമഫോണ്‍ ചിത്രങ്ങള്‍ മാറുന്നു. തിരസ്‌കൃതനായും ഏകാകിയായും നില്‍ക്കുന്ന ബഷീറിന് ഗ്രാമഫോണ്‍ തന്നെ തുണ. അത്താണിക്ക് മുകളില്‍ ഗ്രാമഫോണ്‍ സ്ഥാപിച്ച് താഴെ ബഷീര്‍ ഇരിക്കുന്ന ചിത്രം സൂക്ഷിച്ചു നോക്കുമ്പോള്‍ ഉന്മാദത്തില്‍ നിന്നും മരണത്തില്‍ നിന്നും അദ്ദേഹത്തെ രക്ഷിച്ചത് ആ മാന്ത്രികോപകരണമാണെന്ന് മനസ്സിലാകും. സംഗീതത്തിന്റെയും ഉന്മാദത്തിന്റെയും അപരലോകങ്ങള്‍ ഇവിടെ വരകളില്‍ പ്രത്യക്ഷമാവുന്നുണ്ട്. ഇരുണ്ട മുറിയില്‍ സൈഗാളിന്റെ പാട്ടുകേട്ടിരിക്കുന്ന ബഷീറിന്റെ രൂപം അവ്യക്തമാണ്. വിഷാദത്തിന്റെ അവ്യക്തഭാവങ്ങള്‍ മുറിയില്‍ നിറഞ്ഞുനില്‍ക്കുന്നു. സൈഗാളിന്റെ പ്രശസ്തമായ പാട്ടിന്റെ രേഖാഭാഷ്യമായി ഈ ചിത്രംമാറുന്നു.
ബഷീറിന്റെ കഥാപാത്രങ്ങള്‍ക്ക് പല ചിത്രകാരന്മാരും രേഖാഭാഷ്യങ്ങള്‍ നല്‍കിയിട്ടുണ്ട്. ബഷീറിന്റെ കീഴാള കഥാപാത്രങ്ങളെ പരുക്കനായിട്ടാണ് അവരില്‍ പലരും ചിത്രീകരിച്ചിട്ടുള്ളത്. ഇത്തരം കഥാപാത്രങ്ങളുടെ ഹൃദയം കണ്ടെത്തുവാന്‍ നമ്പൂതിരിക്കു കഴിയുന്നു. ഒരു ചരിത്രഘട്ടത്തിലെ മനുഷ്യപഠനങ്ങളാണ് ഈ 'ബഷീര്‍ പുരാവൃത്തങ്ങള്‍'. ഓരോ കഥാപാത്രവും ബഷീര്‍ അതീവ സഹാനുഭൂതിയോടുകൂടിയാണ് അവതരിപ്പിച്ചത്. ചിത്രകാരനും അതിനെ അനുസരിക്കുന്നു. ഒറ്റക്കണ്ണന്‍പോക്കറ്, തൊരപ്പന്‍ അവറാന്‍, എട്ടുകാലി മമ്മൂഞ്ഞ്, കണ്ടന്‍പറയന്‍, മണ്ടന്‍ മുത്തപ്പ തുടങ്ങിയ കഥാപാത്രങ്ങളെ അവരുടെ മനോഭാവങ്ങള്‍ വ്യക്തമാവുന്ന രീതിയിലാണ് വരച്ചിരിക്കുന്നത്. തലയും ഉടലും വ്യത്യസ്ത അനുപാതത്തില്‍ വരച്ചത് കൊണ്ട് ആ ചിത്രങ്ങള്‍ക്ക് കോമിക് സ്പര്‍ശമുണ്ടായിത്തീരുന്നു. സമുദായത്തിന്റെ അടയാളങ്ങള്‍ വ്യക്തിയുടെ അകത്തും പുറത്തും പതിയുമെന്ന് ബഷീറിനെപ്പോലെ നമ്പൂതിരിയും മനസ്സിലാക്കുന്നു. അതുകൊണ്ട് സാറാമ്മയെ വരച്ചതുപോലെയല്ല നമ്പൂതിരി സൈനബയെ വരച്ചത്.
സാറാമ്മയുടെ കൂസലില്ലായ്മയല്ല സൈനബയുടെ മുഖത്തുള്ളത്. വേഷവും ആഭരണങ്ങളും മാത്രമല്ല ശരീരഭാഷയും വ്യത്യസ്തം. ഇത്തരം ചിത്രങ്ങളിലെല്ലാം കേരളീയമായ ശരീരഘടനയും അംഗചലനങ്ങളും ഭാവപ്രകടനങ്ങളുമൊക്കെയാണ് ചിത്രകാരന്‍ വരച്ചിരിക്കുന്നത്.
സ്ഥലകഥയിലെ 'ആനയുടെ രൂപത്തിനു' പോലും പരിചിതത്വമുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ രചനകള്‍ മാത്രമല്ല ജീവിതവും പുരാവൃത്തസമാനമായിരുന്നു. എഴുത്തിലൂടെ ആവിഷ്‌കരിക്കാന്‍ പറ്റാത്ത ആ പുരാവൃത്തലോകങ്ങള്‍ വരകളിലൂടെ ആവിഷ്‌കരിക്കുകയായിരുന്നു കൃതഹസ്തനായ ഈ ചിത്രകാരന്‍. ഒരു മാധ്യമത്തിലെ കുലപതിക്ക് മറ്റൊരു മാധ്യമത്തിലെ കുലപതി അര്‍പ്പിക്കുന്ന പ്രണാമമായി ഇന്ന് ഈ ചിത്രങ്ങള്‍ മാറുന്നു.
നമ്പൂതിരിക്ക് പ്രണാമം.
-ഡോ. എ.ടി മോഹന്‍രാജ്