കാസര്‍കോട്: പ്രകൃതി സൗഹൃദ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി കാസര്‍കോട്ട് കേന്ദ്രം ഒരുങ്ങുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണം, കയറ്റുമതി, ഇറക്കുമതി, വില്പന എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഭാരഡോണ്‍ ഇന്ത്യ ലിമിറ്റഡിന്റെ കാസര്‍കോടിന്റെ ജില്ലാ ആസ്ഥാനം ചട്ടഞ്ചാലില്‍ ആരംഭിക്കുമെന്ന് ഭാരഡോണ്‍ ഇന്ത്യ ലിമിറ്റഡ് ചെയര്മാന് ഡോ. റാഫി എളമ്പാറ പറഞ്ഞു.
ആഗോള തലത്തില്‍ പ്രകൃതി സൗഹൃദ വാഹനങ്ങള്‍ വ്യാപകമാവുകയാണ്. ഇതിന്റെ തുടര്‍ച്ചയായി കേരളത്തിലും ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തില്‍ വ്യാപകമായിത്തുടങ്ങി. കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡിന്റെ നീം-ജി ഇ ഓട്ടോറിക്ഷ കേരളത്തിനകത്തും പുറത്തും വലിയ പ്രചാരം നേടിക്കഴിഞ്ഞു. 2021 ഏപ്രില്‍ മുതല്‍ ഭാരഡോണ്‍-കെ എഎല്‍ ഷോറൂം മുഖേന നീം-ജി ഇ ഓട്ടോ റിക്ഷ ഉള്‍പ്പെടെയുള്ള കെഎഎല്‍ വാഹനങ്ങള്‍ മലബാറിലും ലഭ്യമായിത്തുടങ്ങുമെന്ന് മാനേജിങ് ഡയറക്ടര്‍ ഷബീര്‍ പി. കബീര്‍ പറഞ്ഞു.
നിലവില്‍ ഭാരഡോണ്‍-കെഎഎല്‍ ഷോറൂം കണ്ണൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. കാസര്‍കോട്, വയനാട് ജില്ലകളിലും ബംഗളൂരു, മംഗളൂരു, ചിക് മംഗ്ലൂര്, ഹുബ്ലി, മൈസൂര്‍ തുടങ്ങിയ കര്‍ണാടകയിലെ എല്ലാ വന്‍കിട നഗരങ്ങളിലും കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള ഓട്ടോ മൊബൈല്‍സ്-ഭാരഡോണ്‍ ഷോറൂമുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നു ഡോ. റാഫി എളമ്പാറ, ഷബീര്‍ പി. കബീര്‍ എന്നിവര്‍ പറഞ്ഞു. ഭാരഡോണ്‍ ഓട്ടോ മൊടിവ്സ് ബ്രാന്‍ഡ് അസോസിയെറ്റ്സ് അഡ്വ. റസീഫ് അഷ്റഫ്, മന്‍സീര്‍ സി.സി. തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.