തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിക്കെതിരെ ചില സംഘടനകള്‍ തിങ്കളാഴ്ച ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നുവെന്ന പ്രചരണം സമൂഹമാധ്യമങ്ങളിലുണ്ടായതോടെ സജ്ജരായിരിക്കാന്‍ പൊലീസിന് ഡി.ജി.പിയുടെ കര്‍ശന നിര്‍ദ്ദേശം. പൊതുജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കലും കര്‍ശനമായി നേരിടണമെന്ന് ഡിജിപി നിര്‍ദ്ദേശം നല്കി. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനയും തിങ്കളാഴ്ച മുഴുവന്‍ സമയവും സേവനത്തിലുണ്ടാവാന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അക്രമത്തിന് മുതിരുന്നവരേയും നിര്‍ബന്ധപൂര്‍വ്വം വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിക്കുന്നവരേയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കും. സമൂഹമാധ്യമങ്ങളില്‍ ബന്ദ് പ്രചരണം വ്യാപകമാണെങ്കിലും ഔദ്യോഗികമായി ഒരു സംഘടനയും ഇതില്‍ പ്രതികരണവുമായി രംഗത്തുവന്നിട്ടില്ല.