ബജകൂഡ്‌ലു: കാസര്‍കോടന്‍ പശുക്കളുടെ സംരക്ഷണ കേന്ദ്രം

പശുവിനെ ഗോമാതാവായി ഭാരതത്തില്‍ പ്രാചീന കാലം മുതല്‍ സങ്കല്‍പ്പിച്ചു വരുന്നു. ഒരു കാലത്ത് യഥേഷ്ടം പശുക്കളാല്‍ നിറഞ്ഞിരുന്ന സ്ഥാനത്ത് ഇന്നത് നാമമാത്രമായി. ഒരു വീട്ടില്‍ ഒരു പശുവെങ്കിലുമുണ്ടായിരുന്ന കാലത്തില്‍ നിന്ന്, ഇന്നത് നൂറു വീടുകളില്‍ ഒരു പശുവുണ്ടെങ്കില്‍ അത്ഭുതമാണ്. കന്നുകാലികളെ തീറ്റിപോറ്റുന്നതിനുള്ള ചിലവ്, ഭക്ഷ്യവസ്തുക്കളുടെ ക്ഷാമം തുടങ്ങി പല കാരണങ്ങളാല്‍ കന്നുകാലി വളര്‍ത്തലില്‍ നിന്നും പലരും പിന്തിരിഞ്ഞു. അപൂര്‍വ്വം കര്‍ഷക കുടുംബങ്ങളില്‍ പക്ഷേ ഇന്നും ആ പഴയ കാര്‍ഷിക സംസ്‌കൃതിയുടെ ഐശ്വര്യമായ കന്നുകാലികളും തൊഴുത്തും മറ്റും കാണാം. […]

പശുവിനെ ഗോമാതാവായി ഭാരതത്തില്‍ പ്രാചീന കാലം മുതല്‍ സങ്കല്‍പ്പിച്ചു വരുന്നു. ഒരു കാലത്ത് യഥേഷ്ടം പശുക്കളാല്‍ നിറഞ്ഞിരുന്ന സ്ഥാനത്ത് ഇന്നത് നാമമാത്രമായി. ഒരു വീട്ടില്‍ ഒരു പശുവെങ്കിലുമുണ്ടായിരുന്ന കാലത്തില്‍ നിന്ന്, ഇന്നത് നൂറു വീടുകളില്‍ ഒരു പശുവുണ്ടെങ്കില്‍ അത്ഭുതമാണ്.
കന്നുകാലികളെ തീറ്റിപോറ്റുന്നതിനുള്ള ചിലവ്, ഭക്ഷ്യവസ്തുക്കളുടെ ക്ഷാമം തുടങ്ങി പല കാരണങ്ങളാല്‍ കന്നുകാലി വളര്‍ത്തലില്‍ നിന്നും പലരും പിന്തിരിഞ്ഞു. അപൂര്‍വ്വം കര്‍ഷക കുടുംബങ്ങളില്‍ പക്ഷേ ഇന്നും ആ പഴയ കാര്‍ഷിക സംസ്‌കൃതിയുടെ ഐശ്വര്യമായ കന്നുകാലികളും തൊഴുത്തും മറ്റും കാണാം. അതില്‍ ഏറ്റവും സങ്കടകരമായ സംഗതി നമ്മുടെ തനത് ഇനങ്ങളിലുണ്ടായ കുറവാണ്. പശുവിനെ പാലുല്‍പാദന യന്ത്രമായി കണ്ടവര്‍ കൂടുതല്‍ ഉല്‍പാദനശേഷിയുള്ള ഹൈബ്രിഡ് ഇനങ്ങളുടെ പുറകെ പോയി. എല്ലാവരും ഉപേക്ഷിച്ച നാടന്‍ ഇനങ്ങള്‍ ഇറച്ചിക്കും മറ്റുമായി ഉപയോഗിച്ചതിലൂടെ എണ്ണത്തില്‍ ക്രമാതീതമായ കുറവു വന്നു. അതീവ ഗുണങ്ങളുള്ള നമ്മുടെ തനത് ഇനങ്ങളാണ് ഇങ്ങനെ നഷ്ടമായത്.
കാലാവസ്ഥ, ഭൂപ്രകൃതി, പച്ചപ്പ് എന്നിവയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് കന്നുകാലിയിനങ്ങളില്‍ വ്യത്യസ്തത കാണാം. കര്‍ണാടകയിലെ പശ്ചിമഘട്ടത്തിലെ ഉയര്‍ന്ന പ്രദേശം മുതല്‍ കേരളം വരെ തനത് നാടന്‍ ഇനങ്ങളുടെ നാടാണ്. അതില്‍ പ്രധാനപ്പെട്ടതാണ് കാസര്‍കോടന്‍ കുള്ളന്‍. മലെനാഡു ഗിഡ്ഡ, വെച്ചൂര്‍, മലബാര്‍ കുള്ളന്‍ എന്നീ ഇനങ്ങളും ഈ പ്രദേശത്തുണ്ട്. സ്വദേശി പശുയിനങ്ങളായ ഇവ ഭൂമിയിലേക്ക് പ്രകൃതിയുടെ അമൂല്യ സമ്മാനങ്ങളില്‍ ഒന്നാണെന്ന് കരുതപ്പെടുന്നു. അവ ഗ്രാമീണ ജീവിതത്തിലെ സാധാരണ കര്‍ഷകരെ പല രീതിയില്‍ സഹായിക്കുന്നു. പാലിനും ജൈവകൃഷിക്കും മരുന്നിനും വളത്തിനും കീടങ്ങളെ അകറ്റുന്നതിനും തുടങ്ങി പലതിനും ആവശ്യമുള്ളതിനാല്‍ അവയെ ഗോമാതാ എന്നു വിളിക്കുന്നു. വടക്കന്‍ കേരളത്തില്‍ ഒരുകാലത്ത് ധാരാളമുണ്ടായിരുന്ന കാസര്‍കോടന്‍ കുള്ളന്‍ കന്നുകാലികള്‍ ഇന്ന് രണ്ടായിരത്തില്‍ താഴെയായിരിക്കുകയാണ്. യഥാര്‍ത്ഥ കണക്ക് പരിശോധിച്ചാല്‍ ഇതിനേക്കാള്‍ വളരെ തുച്ഛമാണ്. നിലവിലുള്ളവയെ സംരക്ഷിച്ചില്ലെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍കൊണ്ട് നാമാവശേഷമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ജൈവകൃഷിക്ക് കൂടുതല്‍ പ്രചാരം ലഭിച്ചതോടെ ധാരാളം കര്‍ഷകര്‍ രാസവള കൃഷിയില്‍ നിന്നും ജൈവ കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ജൈവകൃഷി അഥവാ സീറോ ബഡ്ജറ്റ് ഫാമിങ് പൂര്‍ണമായും സ്വദേശി പശുക്കളെ ആശ്രയിച്ചാണുള്ളത്. സ്വദേശി പശുക്കളെ മുന്‍നിര്‍ത്തിയുള്ള കൃഷി ചെയ്യുമ്പോള്‍ അവയുടെ കുറവിനെ പറ്റി ചിന്തിക്കുകയും അവയെ സംരക്ഷിക്കുവാന്‍ വേണ്ടി ഒത്തുചേരേണ്ടതുമാണ്.
ഇത്തരത്തില്‍ നാടന്‍ പശുയിനങ്ങളെ സംരക്ഷിക്കുന്നതിനായി കര്‍ണ്ണാടക ഗോകര്‍ണ്ണത്തെ ശ്രീരാമചന്ദ്രപ്പുര മഠത്തിന്റെ നേതൃത്വത്തില്‍ കാസര്‍കോട് ജില്ലയിലെ പെര്‍ള, ബജക്കൂഡ്‌ലൂവില്‍ വിശാലമായൊരു പശു സംരക്ഷണ കേന്ദ്രം പ്രവര്‍ത്തിച്ചുവരുന്നു. 'അമൃതധാര ഗോശാല' എന്ന പേരിലുള്ള ഈ ഗോശാലയില്‍ കാസര്‍കോടന്‍ കുള്ളന്‍ ഇനത്തില്‍പ്പെട്ട അമ്പതോളം പശുക്കളുണ്ട്. ഇന്ത്യയിലെ തനത് കന്നുകാലികളെ സംരക്ഷിക്കുവാനും അവയെ ക്കുറിച്ചറിയുവാനും ഗവേഷണത്തിനും ബോധവല്‍ക്കരണത്തിനുമായി ശ്രീരാമചന്ദ്രപുര മഠത്തിന്റെ പദ്ധതിയാണ് 'കാമദുഗ'. മീത്തിന്റെ കീഴില്‍ കര്‍ണ്ണാടകയില്‍ പന്ത്രണ്ടും കേരളത്തിലും മഹാരാഷ്ട്രയിലും ഓരോ ഗോശാലകളും പ്രവര്‍ത്തിച്ചുവരുന്നു. പശു സ്‌നേഹികളുടെയും ഉദാരമതികളുടെയും സംഭാവനയാലും സഹകരണത്താലും പ്രവര്‍ത്തിക്കുന്ന ഈ ഗോശാല മിണ്ടാപ്രാണികളുടെ ലോകമാണ്. പലരും സംരക്ഷിക്കാനാവാതെ ഉപേക്ഷിച്ചവയും ഇക്കൂട്ടത്തിലുണ്ട്.
ബജകൂഡ്ലു ക്ഷേത്ര പരിസരത്ത് 2004ല്‍ ആരംഭിച്ച ഗോശാല 2014 മുതല്‍ അവിടെ നിന്നും അല്‍പം മാറി എട്ടര ഏക്കറോളം വരുന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. വ്യത്യസ്തയിനം മാവുകളും പ്ലാവുകളും പറമ്പില്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. പശുക്കള്‍ക്കുള്ള ആഹാരത്തിനായുള്ള പുല്‍കൃഷിയുമുണ്ട്. ഗോശാലയുടെ മുന്‍വശത്തെ തുറന്ന സ്ഥലത്ത് പശുക്കളോടൊപ്പമുള്ള പശുകിടാക്കളുടെ സുന്ദര കാഴ്ച ആസ്വദിക്കാവുന്നതാണ്. അമ്മയുടെ സ്‌നേഹത്തണലില്‍ ഗോശാലയില്‍ തങ്ങള്‍ സുരക്ഷിതരെന്ന ബോധം അവയില്‍ കാണാം. കൃഷ്ണപക്ഷ അഷ്ടമി ദിവസം ഭജന, ഗോപൂജ, ഗോപാലകൃഷ്ണ പൂജ എന്നീ ചടങ്ങുകള്‍ ഗോശാലയില്‍ നടത്തുന്നു. ഒരു സേവനം എന്ന നിലയിലാണ് പ്രവര്‍ത്തനങ്ങളൊക്കെ നടന്നു പോകുന്നത്. പശുക്കളില്‍ നിന്നും പാല്‍ അത്യാവശ്യം മാത്രമേ എടുക്കാറുള്ളൂ. ഭൂരിഭാഗവും പശുകിടാക്കള്‍ക്ക് നല്‍കി അവയെ നല്ല രീതിയില്‍ വളര്‍ത്തുകയാണ് ലക്ഷ്യമിടുന്നത്. പശുവിനെ വളര്‍ത്താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പശുവിനെ നല്‍കുകയും ചെയ്യുന്നു. ഇവിടെ നിന്നുള്ള പ്രധാന ഉല്‍പ്പന്നങ്ങളില്‍ ഒന്നാണ് പഞ്ചഗവ്യ. അതായത് പാല്‍, തൈര്, വെണ്ണ, ഗോമൂത്രം, ചാണകം എന്നിവ കൊണ്ടുള്ള പലതരം ഉല്‍പ്പന്നങ്ങള്‍ ഇവിടെ ലഭ്യമാണ്. ജലദോഷം, തലവേദന എന്നിവയ്ക്കുള്ള 'നിവേദന', വേദനയ്ക്കുള്ള എണ്ണ, ഭസ്മം, ഫിനോയില്‍, സോപ്പ്, തുടങ്ങി പലതരം ഉല്‍പ്പന്നങ്ങള്‍ ഇവിടെ നിര്‍മ്മിക്കുന്നുണ്ട്. ഇതില്‍ ഗോമൂത്രം, ഫില്‍ട്ടര്‍ ചെയ്ത് ക്യാന്‍സറിനുള്ള മരുന്നായും ഉപയോഗിക്കുന്നു. പശു സ്‌നേഹിയും സംരക്ഷകനുമായ ഗോസ്വാമിജി എന്നറിയപ്പെടുന്ന ശ്രീ രാഘവേശ്വര സ്വാമിജിയാണ് ഗോശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. അദ്ദേഹം രക്ഷാധികാരിയായുള്ള കാസര്‍കോട് ബ്രീഡ് കണ്‍സര്‍വേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റാണ് ഗോശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. നിലവില്‍ ജഗദീഷ് ബി.ജി. പ്രസിഡണ്ടും കൃഷ്ണപ്രസാദ്. ബി സെക്രട്ടറിയുമായുള്ള കമ്മിറ്റിയാണ് ട്രസ്റ്റിന്റെ കാര്യങ്ങള്‍ നടത്തുന്നത്. ഇപ്പോള്‍ ധാരാളം സന്ദര്‍ശകര്‍ എത്തിച്ചേരുന്നുണ്ട്. ഇനിയും ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്.

Related Articles
Next Story
Share it