ബദിയടുക്ക: ഗ്രാമാതുരത്വത്തിന്റെ വിളംബരം തുടിക്കുന്ന മണ്ണ്

രാജ്യത്തിന്റെ അന്തസ്സും അഭിമാനവും നില കൊള്ളുന്നത് ഗ്രാമങ്ങളിലാണ്. അത് കൊണ്ട് തന്നെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി ഏറെ ഇഷ്ടപ്പെട്ടിരുന്നതും ഗ്രാമങ്ങളെയാണ്. ബദിയടുക്ക പഞ്ചായത്ത് തീര്‍ത്തും ഗ്രാമാതുരത്വത്തിന്റെ വിളംബരം വിളിച്ചോതുന്ന മണ്ണാണ്. കുമ്പള, ഉപ്പള, കാസര്‍കോട്, മുള്ളേരിയ, മെര്‍ക്കാറ, പുത്തൂര്‍ എന്നിവിടങ്ങളിലേക്കുള്ള ഉപമാര്‍ഗ്ഗമാണ് ബദിയഡുക്ക. ഫുട്‌ബോളിനും ക്രിക്കറ്റിനും വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഒരു ഗ്രാമം. മറ്റു കായിക മത്സരങ്ങളായ വോളിബോള്‍, കബഡി, ബാഡ്മിന്റണ്‍ എന്നിവയും ഇവിടെ പരിശീലിപ്പിച്ചു പോരുന്നു. ബോലുക്കട്ട എന്നു പേരുള്ള ഒരു സ്‌പോര്‍ട്‌സ്, ക്രിക്കറ്റ് […]

രാജ്യത്തിന്റെ അന്തസ്സും അഭിമാനവും നില കൊള്ളുന്നത് ഗ്രാമങ്ങളിലാണ്. അത് കൊണ്ട് തന്നെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി ഏറെ ഇഷ്ടപ്പെട്ടിരുന്നതും ഗ്രാമങ്ങളെയാണ്. ബദിയടുക്ക പഞ്ചായത്ത് തീര്‍ത്തും ഗ്രാമാതുരത്വത്തിന്റെ വിളംബരം വിളിച്ചോതുന്ന മണ്ണാണ്.
കുമ്പള, ഉപ്പള, കാസര്‍കോട്, മുള്ളേരിയ, മെര്‍ക്കാറ, പുത്തൂര്‍ എന്നിവിടങ്ങളിലേക്കുള്ള ഉപമാര്‍ഗ്ഗമാണ് ബദിയഡുക്ക. ഫുട്‌ബോളിനും ക്രിക്കറ്റിനും വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഒരു ഗ്രാമം. മറ്റു കായിക മത്സരങ്ങളായ വോളിബോള്‍, കബഡി, ബാഡ്മിന്റണ്‍ എന്നിവയും ഇവിടെ പരിശീലിപ്പിച്ചു പോരുന്നു. ബോലുക്കട്ട എന്നു പേരുള്ള ഒരു സ്‌പോര്‍ട്‌സ്, ക്രിക്കറ്റ് ഗ്രൗണ്ടിനോടൊത്ത് പണി പുരോഗമിക്കുന്ന സ്റ്റേഡിയം ബദിയടുക്കയുടെ അലങ്കാരമാണ്. ആരോഗ്യ മേഖലയിലും ഈ പ്രദേശം പച്ച പിടിച്ചു വരുന്നുണ്ട് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളേജ്.. കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്ന ആപ്തവാക്യം അന്വര്‍ത്ഥമാകും വിധം കാസര്‍കോടിന് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് പ്രസ്തുത മെഡിക്കല്‍ കോളേജ്. തല്‍ഫലമായി ബദിയടുക്കയുടെ മുഖഛായ തന്നെ മാറാന്‍ കാരണമാകും. ജില്ലയുടെ ആരോഗ്യ രംഗത്തു വലിയ പ്രതീക്ഷ നല്‍കിക്കൊണ്ട് കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന്, മണ്മറഞ്ഞ പി.ബി അബ്ദുല്‍ റസ്സാഖ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മാഹിന്‍ കേളോട്ട് തുടങ്ങിയവരുടെ അക്ഷീണ പരിശ്രമമാണ് ഉമ്മന്‍ ചാണ്ടി മന്ത്രി സഭ ജില്ലക്ക് അനുവദിച്ച മെഡിക്കല്‍ കോളേജ് ബദിയടുക്ക പഞ്ചായത്തിലെത്തിയത്. സര്‍ക്കാര്‍ എത്രയും പെട്ടന്ന് മെഡിക്കല്‍ കോളേജന്് വേണ്ട മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം പൂര്‍ണമാക്കിയാല്‍ ആരോഗ്യ രംഗത്തു വലിയ മുന്നേറ്റം ജില്ലക്കുണ്ടാകും. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് അടക്കം ജില്ലയിലെ ആരോഗ്യരംഗത്ത് വലിയ പ്രതീക്ഷ നല്‍കുന്ന മെഡിക്കല്‍ കോളേജ്. കാസര്‍കോട് ജില്ലയിലെ കാസര്‍കോട് മണ്ഡലത്തിലേ ബദിയടുക്ക പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ബദിയടുക്ക ടൗണില്‍ തന്നെയുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ഇന്ന് പ്രാഥമിക ചികിത്സക്കായി ഗ്രാമ വാസികള്‍ ഓടിയെത്തുന്ന കേന്ദ്രമാണ്. പാവപ്പെട്ടവരുടെ മനസ്സില്‍ ഇടം പിടിച്ച സി.എച് സെന്റര്‍ മെഡിക്കല്‍ കോളേജിനോടനുബന്ധിച്ചു ഉയരാന്‍ പോവുകയാണ്. ജില്ലാ മുസ്ലിം ലീഗിന്റെ കീഴില്‍ ജില്ലയിലെ പ്രമുഖരായ ലത്തീഫ് ഉപ്പള, അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, മാഹിന്‍ കേളോട്ട്, എന്‍.എ അബൂബക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ അതിനായി കമ്മിറ്റി നിലവില്‍ വന്നു.
ലോകത്തിനു തന്നെ മാതൃകയായ പദ്ധതിയായ അഗതി ആശ്രയ പദ്ധതി കൊണ്ട് വന്നത് മാലതി പഞ്ചായത്ത് പ്രസിഡണ്ടും മാഹിന്‍ കേളോട്ട് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ പഞ്ചായത്ത് ഭരണ സമിതി ആയിരുന്നു. പ്രസ്തുത പദ്ധതിക്ക് കേന്ദ്ര ഗവണ്മെന്റ് കേരളത്തിന് അഞ്ചു കോടി രൂപയുടെ അവാര്‍ഡ് സമ്മാനിച്ചിരുന്നു. അക്ഷര ജ്യോതി വിജയ പദ്ധതി, കിസാന്‍ ജ്യോതി പദ്ധതി തുടങ്ങി പല നവ ചിന്തകളും സമ്മാനിച്ച പഞ്ചായത്താണ് ബദിയടുക്ക. സംസ്ഥാന സര്‍ക്കാരിന്റെ മൃഗ സംരക്ഷണത്തിന്റെ കീഴില്‍ നാടന്‍ പശു വളര്‍ത്തു കേന്ദ്രം പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. അടയ്ക്കയാണ് ഇവിടുത്തെ പ്രധാന കൃഷി.
തേങ്ങ, റബ്ബര്‍, കശുവണ്ടി, കൊക്കോ എന്നിവയും ഇവിടുത്തെ പ്രധാന വിളവുകളാണ്. ബീഡി നിര്‍മ്മാണം (വിവിധ ബ്രാന്‍ഡ്) ഇവിടുത്തെ പല കുടുംബങ്ങളുടേയും തൊഴിലാണ്.
കൊറഗ എന്നു പേരുള്ള ഒരു ഗോത്ര സമൂഹത്തിന്റെ കോളനിയും ബദിയഡുക്കയില്‍ ഉണ്ട്. അവഗണിക്കപ്പെടുന്ന ഈ വിഭാഗത്തിന് പഞ്ചായത്ത് തണല്‍ നല്‍കുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന, പ്രത്യേകിച്ച് പടിഞ്ഞാറന്‍ ഏഷ്യയില്‍ നിന്നുള്ള വരുമാനം ഇവിടുത്തെ ഒരു പ്രധാന സാമ്പത്തിക ശ്രോതസ്സാണ്. കുന്നിന്റെ മുകളില്‍ സ്ഥിതി ചെയ്യുന്ന പെര്‍ഡാല മഖാമില്‍ രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന ഉറൂസ് പെര്‍ഡാല ഉദാനേശ്വര ക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവം പ്രസിദ്ധമാണ്. ബേള ചര്‍ച്ചും പഞ്ചായത്ത് പരിധിയില്‍ അന്തസ്സായി തല ഉയര്‍ത്തി നില്‍കുന്നു.
മത സാമുദായിക സൗഹൃദം എന്നും കാത്തു സൂക്ഷിക്കുന്ന മണ്ണാണ് ബദിയടുക്ക. മാനവികതയുടെ വിത്ത് പാകി ഈ മണ്ണിനു അഭിമാനമായ സായിറാം ഭട്ട് എന്ന മനുഷ്യ സ്നേഹി ജീവിക്കുന്ന ഭൂമിയാണ് ബദിയടുക്ക എന്നത് ഇവിടത്തെ മതേതര ജനാധിപത്യ വിശ്വാസികളുടെ ആവേശവും സന്തോഷവുമാണ്. ഡോ.കയ്യാര്‍ കിഞ്ഞണ്ണ റൈ, കണ്ടിഗെ ശ്യാം ഭട്ട്, ഫസല്‍ ഹാജി പള്ളത്തടുക്ക, ചെടയ്കല്‍ ഹസൈനാര്‍, ബി.എ ഇബ്രാഹിം ഹാജി കന്യപ്പാടി, ബി.എച്ച് അബ്ദുല്ല കുഞ്ഞി തുടങ്ങിയ വ്യക്തിത്വങ്ങള്‍ ബദിയടുക്കയുടെ മത സൗഹാര്‍ദ്ദ സാംസ്‌കാരികതയെ വാനോളം ഉയര്‍ത്തുന്നതിന് നില കൊണ്ട നായകനമാരാണ്.വിവിധ ഭാഷക്കാരും ഗോത്രങ്ങളും കഴിയുന്ന പഞ്ചായത്തു തുളു നാടിന്റെ മണ്ണ് എന്നറിയപ്പെടുന്നു. മറാത്തി, ബ്യാരി കന്നഡ, കൊങ്ങിണി തുടങ്ങി മലയാളത്തിന് പുറമെ പല ഭാഷകളും സംസാരിക്കുന്നവര്‍ ഇവിടെയുണ്ട്. ഒരു ബഹു ഭാഷാ സംഗമ ഭൂമിയാണ് ബദിയടുക്ക.
കുമ്പഡാജെ, എണ്മകജെ, പുത്തിഗെ, ചെങ്കള പഞ്ചായത്തിലെ പകുതി ഭാഗവും ആശ്രയിക്കുന്നത് ബദിയടുക്ക ടൗണിനെയാണ്. മലയോര പ്രദേശമായ ഈ ഗ്രാമ പഞ്ചായത്തിന് ഇനിയും ഏറെ വികസനങ്ങള്‍ എത്തേണ്ടതുണ്ട്.
കുടിവെള്ള പദ്ധതി വികസപ്പിച്ചെടുത്തും ഓരോ ഇടവഴികളും വികസിപ്പിച്ചു റോഡുകളുണ്ടാക്കിയും ഏറെയും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന ഗ്രാമ വാസികള്‍ക്ക് കാര്‍ഷിക പദ്ധതികള്‍ കൊണ്ട് വന്നും ഭരണ സമിതി എന്നും കൂടെയുണ്ട്. സായിറാം ഗോപാലകൃഷ്ണ ഭട്ടിന്റെ മകന്‍ കെ.എന്‍ കൃഷ്ണ ഭട്ട് പ്രസിഡണ്ടും സൈബുന്നിസ മൊയ്ദീന്‍ കുട്ടി വൈസ് പ്രസിഡണ്ടും അന്‍വര്‍ ഓസോണ്‍, ശ്യാമപ്രസാദ് മാന്യ, ശബാന, എന്നിവര്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ ഭരണ സമിതിയാണ് ഒടുവില്‍ പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
ബദിയടുക്ക പൊലീസ് സ്റ്റേഷന്‍, ബദിയഡുക്ക സബ് രജിസ്ട്രാര്‍ ഓഫീസ്, ബദിയഡുക്ക പഞ്ചായത്ത് കാര്യാലയം, അസിസ്റ്റന്റ് വിദ്യാഭ്യാസ കാര്യാലയം, പെര്‍ഡാല പോസ്റ്റ് ഓഫീസ്, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ ഓഫീസ്, പി.ഡബഌു.ഡി എഞ്ചിനീയര്‍ ഓഫീസ് തുടങ്ങി ജനങ്ങള്‍ ആശ്രയിക്കുന്ന അത്യാവശ്യ സര്‍ക്കാര്‍ സംവിധാനങ്ങളും ജി.എച്ച്.എസ് ബദിയഡുക്ക, നവജീവന ഹൈസ്‌കൂള്‍-പെര്‍ഡാല, വിദ്യാഗിരി. എസ്.എ. ബി.എം. പഞ്ചായത്ത് യു.പി. സ്‌കൂള്‍, ഉദയഗിരി എസ്.എസ്.എ.എല്‍.പി.എസ്, ഗവ. വെല്‍ഫെയര്‍ എല്‍.പി.എസ് ബേള, ചെന്‍ടിക്കാന എ.ജെ.ബി. എസ് കിളിംഗാര്‍ എ.എല്‍.പി സ്‌കൂള്‍, കുഞ്ചാര്‍ എ.എല്‍.പി സ്‌കൂള്‍, പെര്‍ഡാല, എം.എസ്.സി.എല്‍.പി.എസ്, ശ്രീഭാരതി വിദ്യാപീഠ-ബദിയഡുക്ക, ഹോളി ഫാമിലി കോണ്‍വെന്റ് സ്‌കൂള്‍, കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമി ദാറുല്‍ ഇഹ്സാന്‍ അക്കാദമി ബാറഡുക്ക തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും പഞ്ചായത്ത് പരിധിയിലുണ്ട്.
വാണിജ്യ വ്യാപാര രംഗത്തു ബദിയടുക്ക ടൗണ്‍ ശ്ലാഘനീയമായ കുതിച്ചു ചാട്ടം നടത്തിക്കൊണ്ടിരിക്കുന്നു. തികച്ചും ഗ്രാമ വാസികളുടെ ഹൃദയ ഭൂമിയായി ബദിയടുക്ക മാറിക്കഴിഞ്ഞു. പഞ്ചായത്തിന്റെ വളര്‍ച്ചക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും കഴിഞ്ഞ കാല പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ ഏറെ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്.
സുന്ദര പ്രഭു ഇല്ലണ്ടോളി, കൃഷ്ണ ഭട്ട്, സി.എ. അബൂബക്കര്‍, രാമ പാട്ടാളി മാഹിന്‍ കേളോട്ട് ,മാലതി, ശ്രീ കൃഷ്ണഭട്ട്, കയ്യാര്‍ കിഞ്ഞണ്ണ റൈ, സുധ ജയറാം, തുടങ്ങിയവര്‍ ഇന്നലകളില്‍ പഞ്ചായത്തിനെ നയിച്ച പ്രസിഡണ്ടുമാരാണ്.

Related Articles
Next Story
Share it