ബദിയടുക്ക പഞ്ചായത്ത് ഓഫീസിലെ കയ്യാങ്കളി; അഞ്ച് പേര്‍ക്കെതിരെ കേസ്

ബദിയടുക്ക: വ്യാപാര സ്ഥാപനത്തില്‍ പിഴ ഈടാക്കിയതുമായി ബന്ധപ്പെട്ട് അന്വേഷിക്കാന്‍ ചെന്ന കട ഉടമയും പഞ്ചായത്ത് ജീവനക്കാരും തമ്മില്‍ കയ്യാങ്കളി. പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. നീര്‍ച്ചാലിലെ മലഞ്ചരക്ക് വ്യാപാരി ചെട്ടുംകുഴിയിലെ അബ്ദുല്‍റഹ്മാന്റെ(69) പരാതിയില്‍ ബദിയടുക്ക പഞ്ചായത്ത് സെക്രട്ടറി കൊല്ലം സ്വദേശി സി. രാജേന്ദ്രന്‍ (49), ഹെഡ്ക്ലാര്‍ക്ക് ബിനു ജോണ്‍ (49), താത്കാലിക ഡ്രൈവര്‍ അബ്ദുല്‍ ലത്തീഫ് (32) എന്നിവര്‍ക്കെതിരെയാണ് കേസ്. പിഴ അടയ്ക്കാനുള്ള നോട്ടീസുമായി ചെന്ന തന്നെ അസഭ്യം പറയുകയും തള്ളിയിട്ട് […]


ബദിയടുക്ക: വ്യാപാര സ്ഥാപനത്തില്‍ പിഴ ഈടാക്കിയതുമായി ബന്ധപ്പെട്ട് അന്വേഷിക്കാന്‍ ചെന്ന കട ഉടമയും പഞ്ചായത്ത് ജീവനക്കാരും തമ്മില്‍ കയ്യാങ്കളി. പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. നീര്‍ച്ചാലിലെ മലഞ്ചരക്ക് വ്യാപാരി ചെട്ടുംകുഴിയിലെ അബ്ദുല്‍റഹ്മാന്റെ(69) പരാതിയില്‍ ബദിയടുക്ക പഞ്ചായത്ത് സെക്രട്ടറി കൊല്ലം സ്വദേശി സി. രാജേന്ദ്രന്‍ (49), ഹെഡ്ക്ലാര്‍ക്ക് ബിനു ജോണ്‍ (49), താത്കാലിക ഡ്രൈവര്‍ അബ്ദുല്‍ ലത്തീഫ് (32) എന്നിവര്‍ക്കെതിരെയാണ് കേസ്. പിഴ അടയ്ക്കാനുള്ള നോട്ടീസുമായി ചെന്ന തന്നെ അസഭ്യം പറയുകയും തള്ളിയിട്ട് മര്‍ദ്ദിച്ചുവെന്നുമുള്ള അബ്ദുല്‍ റഹ്മാന്റെ പരാതിയിലാണ് കേസ്. അതേ സമയം അബ്ദുല്‍റഹ്മാനും മകന്‍ ഉസ്മാനും ഓഫീസിലെത്തി തന്നെയും ജീവനക്കാരായ ബിനു ജോണ്‍, അബ്ദുല്‍ ലത്തീഫ്, വൈശാഖി എന്നിവരേയും തെറി വിളിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തുവെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയില്‍ കടയുടമ അബ്ദുല്‍റഹ്മാന്‍ (69), മകന്‍ ഉസ്മാന്‍ (24) എന്നിവര്‍ക്കെതിരെയും ബദിയടുക്ക പൊലീസ് കേസെടുത്തു. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
കഴിഞ്ഞ മൂന്ന് മാസമായി ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് യുസര്‍ഫീ നല്‍കിയില്ലെന്ന് കാണിച്ച് പഞ്ചായത്ത് സെക്രട്ടറി പതിനായിരം രൂപ പിഴ അടയ്ക്കാന്‍ നീര്‍ച്ചാലിലെ മലഞ്ചരക്ക് കടയുടമ ചെട്ടുംകുഴിയിലെ അബ്ദുറഹ്മാന് നോട്ടീസ് നല്‍കിയിരുന്നുവത്രെ. ഇത് അന്വേഷിക്കാന്‍ പഞ്ചായത്ത് ഓഫീസിലേക്ക് ചെന്ന കട ഉടമയോടും മകനോടും പഞ്ചായത്ത് സെക്രട്ടറിയും ജീവനക്കാരും അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തതായും പറയുന്നു
മര്‍ദ്ദനമേറ്റ പരിക്കുകളോടെ അബ്ദുറഹ്മാനേയും ഉസ്മാനേയും ചെങ്കളയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
മാലിന്യം നീക്കംചെയ്യാന്‍ വരുന്നവര്‍ക്ക് യുസര്‍ഫീ നല്‍കാറുണ്ടെന്നും എന്നാല്‍ കഴിഞ്ഞ മൂന്ന് മാസമായി ഹരിത കര്‍മ്മ സേനാംഗങ്ങള്‍ പ്ലാസ്റ്റിക് മാലിന്യം എടുക്കാന്‍ വരാറില്ലെന്നും വ്യാപാരി പറഞ്ഞു. അതിനിടെയാണ് സെക്രട്ടറിയുടെ നോട്ടീസ് ലഭിച്ചത്. ഇത് അന്വേഷിക്കാന്‍ ചെന്ന തന്നെയും മകനേയും മര്‍ദ്ദിച്ചതായി അബ്ദുറഹ്മാന്‍ പരാതിപ്പെട്ടു.
അതേസമയം യുസര്‍ ഫീ നല്‍കാതെ പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞതിന് പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കിയതായും ഇത് അന്വേഷിക്കാന്‍ ഓഫീസിലെത്തിയപ്പോള്‍ തങ്ങളോട് മോശമായി പെരുമാറുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നുവെന്ന് പഞ്ചായത്ത് സെക്രട്ടറി സി. രാജേന്ദ്രന്‍ പറഞ്ഞു.
പഞ്ചായത്ത് സെക്രട്ടറിയും ജീവനക്കാരും ബദിയടുക്ക സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. ജീവനക്കാര്‍ക്ക് ജോലിയില്‍ സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ പത്ത് മണി മുതല്‍ മുഴുവന്‍ ജീവനക്കാരും അവധിയെടുത്ത് ധര്‍ണ്ണ നടത്തി.

Related Articles
Next Story
Share it