ബദ്‌രിയ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ വിയോഗത്തിന് 50 ആണ്ട്

ബദ്രിയ അബ്ദുല്‍ ഖാദര്‍ഹാജി വിട പറഞ്ഞ് റമദാന്‍ 17ന് 50 വര്‍ഷം തികയുന്നു.അദ്ളാര്‍ച്ച, അങ്ങനെയാണ് അവരെല്ലാം വിളിച്ചിരുന്നത്. തൂവെള്ള വേഷത്തില്‍, വെള്ള തട്ടം, പിറകില്‍ വാല് താഴോട്ടിറക്കിയ തലപ്പാവും ധരിച്ച്, ന്യൂ ബദ്‌രിയ റസ്റ്റോറന്റിന്റെ ഗല്ലയില്‍ (കൗണ്ടര്‍) മനോഹരമായ പുഞ്ചിരി പൊഴിച്ച് നില്‍ക്കുന്ന ചിത്രം ഇന്നും ഒരു തലമുറയുടെ മനസിന്റെ ഉള്ളറകളില്‍ കാണും. ഒരു കൈയില്‍ ഫോണ്‍ റിസീവര്‍ എടുത്ത് പിടിച്ചു, മറുകൈയില്‍ ബില്ല് നോക്കി കാശ് വാങ്ങി മേശ വിലിപ്പിലിട്ടു കൊണ്ടും, ഇടയില്‍ പലരോടും കുശലം […]

ബദ്രിയ അബ്ദുല്‍ ഖാദര്‍ഹാജി വിട പറഞ്ഞ് റമദാന്‍ 17ന് 50 വര്‍ഷം തികയുന്നു.
അദ്ളാര്‍ച്ച, അങ്ങനെയാണ് അവരെല്ലാം വിളിച്ചിരുന്നത്. തൂവെള്ള വേഷത്തില്‍, വെള്ള തട്ടം, പിറകില്‍ വാല് താഴോട്ടിറക്കിയ തലപ്പാവും ധരിച്ച്, ന്യൂ ബദ്‌രിയ റസ്റ്റോറന്റിന്റെ ഗല്ലയില്‍ (കൗണ്ടര്‍) മനോഹരമായ പുഞ്ചിരി പൊഴിച്ച് നില്‍ക്കുന്ന ചിത്രം ഇന്നും ഒരു തലമുറയുടെ മനസിന്റെ ഉള്ളറകളില്‍ കാണും. ഒരു കൈയില്‍ ഫോണ്‍ റിസീവര്‍ എടുത്ത് പിടിച്ചു, മറുകൈയില്‍ ബില്ല് നോക്കി കാശ് വാങ്ങി മേശ വിലിപ്പിലിട്ടു കൊണ്ടും, ഇടയില്‍ പലരോടും കുശലം ചോദിച്ചു കൊണ്ടും പ്രവര്‍ത്തന നിരതനായിരിക്കുന്ന കാഴ്ച കാസ്രോട്ടാര്‍ക്ക് മറക്കാന്‍ എങ്ങനെ സാധിക്കും?
1974ലെ റമദാന്‍ 17. അതൊരു വ്യാഴാഴ്ചയായിരുന്നു. ബദര്‍ ദിനമെന്ന മഹത്തായൊരു പുണ്യനാളിലാണ് ഹാജി വിട പറഞ്ഞു പോയത്. ബദറില്‍ ശഹീദായ പടയാളികളോടൊപ്പം പ്രവാചകരെയും ഏറെ സ്മരിക്കുന്ന ദിനം. മകന്‍ ഹനീഫ പറയുന്നു, നോമ്പിന്റെ ആ ഒരു നാളില്‍ ഞങ്ങളുടെ കുടുംബത്തിനാകെ താങ്ങാന്‍ പറ്റാത്ത വലിയൊരു അനാഥത്വം സൃഷ്ടിച്ചു കൊണ്ടാണ് ഉപ്പ വിട വാങ്ങിയത്. ഉപ്പ പോകുമ്പോള്‍ എനിക്ക് 9 വയസ്സെ പ്രായമുള്ളൂ. ബാക്കി മക്കളൊക്കെ അതിലും താഴെ. അന്ന് കാര്യത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാനുള്ള പ്രായമായിരുന്നില്ലെങ്കിലും അന്നും ഇന്നും അതോര്‍ക്കുമ്പോള്‍ ഉള്‍ക്കൊള്ളാനെ ആവുന്നില്ല.
കാസര്‍കോടിന്റെ ചരിത്രത്തില്‍ എഴുതപ്പെട്ട ചില ഉന്നതരില്‍ ഏറെ സവിശേഷതകള്‍ നിറഞ്ഞ ഒരു വ്യക്തിത്വമായിരുന്നു ബദ്‌രിയ അബ്ദുല്‍ ഖാദര്‍ ഹാജിയുടേത്. സൗമ്യത വേണ്ടിടത്ത് അതും നെഞ്ച് വിരിച്ചു സംസാരിക്കേണ്ടിടത്ത് അങ്ങനെയും. ഹാജി എവിടെയും മുന്‍ നിരയില്‍ തന്നെയായിരുന്നു. തന്നിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകന് അനുയോജ്യമാകുന്ന ഒരു മേഖല എന്ന നിലയില്‍ തന്നെയാവണം തനിക്ക് പരിചയം കൂടിയുള്ള ഹോട്ടല്‍ വ്യാപാരം തന്നെ തിരഞ്ഞെടുത്തത്. അതെവിടെ സ്ഥാപിക്കണമെന്നും അദ്ദേഹത്തിന് നല്ല നിശ്ചയമുണ്ടായിരുന്നു. അതദ്ദേഹത്തിന്റെ ദീര്‍ഘ വീക്ഷണത്തിന്റെ മകുടോദാഹരണമായി ഇന്നും പ്രവര്‍ത്തിക്കുന്നു.
അന്ന് കാസര്‍കോട് ടൗണ്‍ തായലങ്ങാടിക്കും കഷ്ടിച്ച് മഠത്തിന്റെട്ത്ത് എന്നറിയപ്പെട്ടിരുന്ന സ്ഥലത്തിനും ഇടക്ക് ഒതുങ്ങിയിരുന്നിടത്ത് നിന്ന്, ജാല്‍സൂര്‍ റോഡിന്റെ ഭാഗത്തേക്ക് ടൗണ്‍ കയറി വരാന്‍ ഹേതു ഈ ഹോട്ടലായിരുന്നു എന്നതിന് എതിരഭിപ്രായം കാണില്ല. അന്ന്, ഇരുവശങ്ങളിലും വൃക്ഷങ്ങള്‍ ഇടതൂര്‍ന്നു വളര്‍ന്ന, ജാല്‍സൂര്‍ റോഡ് സന്ധ്യയാകുന്നതോടെ ഇരുട്ടിലാവും. തെരുവ് വിളക്കു നല്‍കുന്ന മങ്ങിയ വെളിച്ചം മാത്രം ആശ്രയം. അങ്ങനെ ഇരുന്ന തെരുവാണ്, പരിസരമാണ് ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചതോടെ ട്യൂബ് ലൈറ്റുകളുടെ പ്രളയ പ്രകാശത്തില്‍ മുങ്ങിക്കുളിച്ചത്. നേരം വെളിപൊട്ടുംവരെ നിറഞ്ഞ പ്രകാശം. മാത്രമല്ല രാത്രി വൈകി പോലും ജനത്തിന്റെ വരവ്‌പോക്ക്. പിന്നീട് ടൗണ്‍ പഴയ ബസ്സ്റ്റാന്റ്, പോസ്റ്റ് ഓഫീസ് അങ്ങനെ അങ്ങോട്ടങ്ങോട്ട് വളര്‍ന്നു പോകാന്‍ തുടക്കമിട്ടതും ബദ്‌രിയ ഹോട്ടലും മുബാറക് മസ്ജിദുമൊക്കെയാണ്.
50 ആണ്ട് പിന്നിട്ടുവെങ്കിലും ആ വിയോഗം സൃഷ്ടിച്ച ഓര്‍മ്മ ഇപ്പോഴും പലരിലും തേട്ടുന്നത്, അത് കാസര്‍കോടിന്റെ പ്രത്യേകിച്ചും ചെങ്കളയുടെ വലിയ നഷ്ടങ്ങളില്‍ ഒന്നായി അനുഭവപ്പെട്ടത് കൊണ്ടാണ്. പ്രദേശത്തിന്റെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെല്ലാം ഹാജിയുടെ കൈയൊപ്പ് ആഴത്തില്‍ പതിഞ്ഞു കിടക്കുന്നുണ്ട്. വ്യക്തികള്‍ തമ്മിലോ കുടുംബങ്ങള്‍ തമ്മിലോ പാര്‍ട്ടികള്‍, ഇനി വിശാലമായി സമൂദായങ്ങള്‍ തമ്മിലാണെങ്കിലും അബ്ദുല്‍ ഖാദര്‍ ഹാജി അതിന്റെ അഴിയാ കുരുക്കുകള്‍ അഴിച്ചു കൊടുത്തിട്ടേ പിന്മാറൂ. ഏതു കീറാമുട്ടി കേസും രമ്യതയില്‍ എത്തിക്കാന്‍ അതിസമര്‍ഥനായിരുന്നു അദ്ദേഹം. ആ ഇടപെടലുകള്‍ സമുദായത്തെ വലിയ തോതില്‍ സഹായിച്ചിട്ടുണ്ട്.
1948ല്‍ കാസര്‍കോട് മത്സ്യ മാര്‍ക്കറ്റിന് മുന്‍വശം ആരംഭിച്ച തന്റെ ഹോട്ടലിന് അദ്ളാര്‍ച്ച നല്‍കിയ പേര് ബദ്രിയ എന്നാണ്. ഇസ്ലാമിക ചരിത്രത്തിലെ ബദറ് പടയാളികളോട് തോന്നിയ അപാരമായ സ്നേഹാദരവുകളാണത്രെ ആ പേരിന് പിന്നില്‍. ഇന്നും ആ ഹോട്ടല്‍ പഴയ ഓര്‍മ്മകളുമയവിറക്കി മത്സ്യ മാര്‍ക്കറ്റ് പരിസരത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. രക്തസാക്ഷികളായ ബദര്‍ പടയാളികളുടെ ഓര്‍മ്മകള്‍ വിങ്ങുന്ന റമദാന്‍ 17-ാം നാളില്‍ തന്നെയാണ് കാല്‍ നൂറ്റാണ്ടിന് ശേഷം 1974ല്‍ ഹാജി മരണമടയുന്നതും. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും വിവിധ മേഖലകളില്‍ സഹപ്രവര്‍ത്തകനും കൂടിയായിരുന്നു മുബാറക് മുഹമ്മദ് ഹാജി. അദ്ദേഹമൊരിക്കല്‍ പറഞ്ഞു. 'ഞങ്ങളുടെയിടയില്‍ ഏറെ ജനസ്വാധീനം ബദ്‌രിയ ഹാജിക്ക് തന്നെയായിരുന്നു. അദ്ദേഹം കൂടെയുള്ളപ്പോള്‍ നമ്മള്‍ക്കും ഒരു ഊര്‍ജ്ജം പകര്‍ന്നു കിട്ടിയിരുന്നു. അദ്ദേഹത്തിന്റെ ജ്യേഷ്ടന്‍ കുഞ്ഞാമുവും ഞാനും തമ്മിലായിരുന്നു അടുപ്പം. പിന്നീട് ഇദ്ദേഹം മുംബൈയില്‍ നിന്ന് നാട്ടിലെത്തിയ ശേഷം ഞങ്ങള്‍ തമ്മിലായി. ഞങ്ങളുടെ തുണിക്കട (മുബാറക്) വരുന്നത് ബദ്രിയ റസ്റ്റോറന്റ് വന്ന് പിന്നെയും രണ്ട്മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.
ആരംഭിച്ചു എതാനും മാസങ്ങള്‍ കൊണ്ട് കാസര്‍കോടിന്റെ പൊതുശ്രദ്ധ ഹോട്ടല്‍ കേന്ദ്രീകരിപ്പിക്കാന്‍ അബ്ദുല്‍ ഖാദര്‍ ഹാജിക്ക് സാധ്യമായി. കൈയില്‍ കാശുള്ളവനൊപ്പം ഇല്ലാത്തവനും. ആരെയും അദ്ദേഹം തിരിച്ചയച്ചില്ല. അതാണ് അതൊരു ഹോട്ടല്‍ സംസ്‌കാരമെന്ന് വിശേഷിപ്പിച്ചത്.
രാത്രിയുടെ ഏത് യാമത്തിലും ബദ്‌രിയ, പുറം നാടുകളില്‍ നിന്നെത്തുന്നവര്‍ക്കും യാത്രക്കാര്‍ക്കും അഗതികള്‍ക്കും ഒക്കെ ആശ്വാസമേകുന്ന ആശ്രയമായി മാറി. പകല്‍ വേളകളില്‍ തന്നെ പരിമിതമായ ബസുകള്‍. സന്ധ്യക്ക് 7 മണിയോടെ ഓട്ടം അവസാനിക്കും. അങ്ങെയൊരു കാലത്ത് റമദാനിന്റെ ആരംഭം, പെരുന്നാള്‍പിറ വിവരങ്ങളറിയാന്‍ കാസര്‍കോടിന്റെ ഉള്‍നാടുകളില്‍ നിന്നുമെത്തിയവര്‍ ആ മുറ്റത്ത് തടിച്ചുകൂടി നിന്നത്, അബ്ദുല്‍ ഖാദര്‍ ഹാജിയുടെ ആ ജീവകാരുണ്യ സ്പര്‍ശവും ഉദാരമനസ്‌കതയും കൊണ്ടാണ്.

-എ.എസ് മുഹമ്മദ്കുഞ്ഞി

Related Articles
Next Story
Share it