ബാബു, നീ ഇത്ര പെട്ടെന്ന് പോയ്ക്കളഞ്ഞല്ലോ...

സുഹൃത്തും നഗരത്തിലെ പ്രകാശ് സ്റ്റുഡിയോ ഉടമയുമായ പ്രകാശേട്ടന്റെ (ജയപ്രകാശ്) മകന്‍ എന്ന നിലയിലാണ് ബാബുവിനെ ഞാന്‍ പരിചയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ആദ്യമായിരുന്നു അത്. ഞങ്ങളുടെ ഒരു കൊച്ചു കൂട്ടായ്മ ഉണ്ട്. ഫോട്ടോഗ്രാഫര്‍മാരായ ദിനേശ് ഇന്‍സൈറ്റും സഞ്ചീവ റൈ ഫോട്ടോസ്റ്റാറും പ്രകാശേട്ടനും ഐഫോക്കസ് മണിയും സുനില്‍കുമാര്‍ പെരിയാട്ടടുക്കവും ചെര്‍ക്കളയിലെ ദൃശ്യ സ്റ്റുഡിയോ ഉടമ സണ്ണിയും ഇപ്പോള്‍ കുവൈത്തിലുള്ള മാങ്ങാട്ടെ ചന്ദ്രമോഹനുമടങ്ങുന്ന ഒരു കൊച്ചു കൂട്ടായ്മ. ദിനേശ് ഇന്‍സൈറ്റിലൂടെ കാസര്‍കോട്ടെ ഫോട്ടോഗ്രാഫര്‍മാരുമായി എനിക്ക് വലിയ ചങ്ങാത്തമുണ്ട്. ഫോട്ടോഗ്രാഫര്‍ അല്ലെങ്കിലും അവരുടെ […]

സുഹൃത്തും നഗരത്തിലെ പ്രകാശ് സ്റ്റുഡിയോ ഉടമയുമായ പ്രകാശേട്ടന്റെ (ജയപ്രകാശ്) മകന്‍ എന്ന നിലയിലാണ് ബാബുവിനെ ഞാന്‍ പരിചയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ആദ്യമായിരുന്നു അത്. ഞങ്ങളുടെ ഒരു കൊച്ചു കൂട്ടായ്മ ഉണ്ട്.
ഫോട്ടോഗ്രാഫര്‍മാരായ ദിനേശ് ഇന്‍സൈറ്റും സഞ്ചീവ റൈ ഫോട്ടോസ്റ്റാറും പ്രകാശേട്ടനും ഐഫോക്കസ് മണിയും സുനില്‍കുമാര്‍ പെരിയാട്ടടുക്കവും ചെര്‍ക്കളയിലെ ദൃശ്യ സ്റ്റുഡിയോ ഉടമ സണ്ണിയും ഇപ്പോള്‍ കുവൈത്തിലുള്ള മാങ്ങാട്ടെ ചന്ദ്രമോഹനുമടങ്ങുന്ന ഒരു കൊച്ചു കൂട്ടായ്മ. ദിനേശ് ഇന്‍സൈറ്റിലൂടെ കാസര്‍കോട്ടെ ഫോട്ടോഗ്രാഫര്‍മാരുമായി എനിക്ക് വലിയ ചങ്ങാത്തമുണ്ട്. ഫോട്ടോഗ്രാഫര്‍ അല്ലെങ്കിലും അവരുടെ കൂട്ടത്തില്‍ ഒരാള്‍ തന്നെയായിരുന്നു ഞാനും. അങ്ങനെയാണ് ഓള്‍ കേരള ഫോട്ടോഗ്രാഫേര്‍സ് അസോസിയേഷന്‍ കാസര്‍കോട് യൂണിറ്റ് മുതല്‍ ജില്ലാ ഘടകം വരെയുള്ള കമ്മിറ്റികളുടെ ഒട്ടുമിക്ക പരിപാടികളിലും ഞാനും സജീവസാന്നിധ്യമാവുന്നത്. എ.കെ.പി.എയുടെ എന്തുപരിപാടിക്കും എന്നെ ക്ഷണിക്കും. ഈ ചങ്ങാത്ത യാത്രക്കിടയിലാണ് പ്രകാശേട്ടന്റെ മകന്‍ ബാബുവിനെ(ശരിയായ പേര് തപന്‍) ഞാന്‍ പരിചയപ്പെടുന്നത്. പത്ത് മുപ്പത് വയസ് കഴിയും. എങ്കിലും നല്ല ലോക പരിജ്ഞാനമുണ്ട്. മോട്ടോര്‍ സ്‌പോര്‍ട് എഞ്ചിനീയറിംഗില്‍ എം.എസ്.സി. ബിരുദം നേടി നേരെ അമേരിക്കയിലേക്ക് പോയതുകൊണ്ടാവാം ബാബുവിന് ലോകത്തെ കുറിച്ച് ഇത്രയും അറിവ്. അവിടെ നല്ലൊരു കമ്പനിയില്‍ ജോലി കിട്ടി. വലിയ ശമ്പളം. വില്ലയും മിനി കൂപ്പര്‍ വാഹനവുമൊക്കെയായി അടിപൊളി ജീവിതം. പെട്ടെന്നാണ് അമേരിക്കയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്. ഒരിക്കല്‍ വീട്ടില്‍ ചെന്നപ്പോഴാണ് പ്രകാശേട്ടന്‍ മകനെ പരിചയപ്പെടുത്തുന്നത്; ഇതെന്റെ മകന്‍ ബാബു. കുറെ കാലം അമേരിക്കയില്‍ ആയതുകൊണ്ട് ഇവിടെ പുതിയ കമ്പനികള്‍ ആരുമില്ല. ചെറിയ തോതില്‍ ഫോട്ടോ എടുക്കാന്‍ അറിയാം. ന്യൂസ് സ്റ്റോറിക്ക് പോകുമ്പോള്‍ ഇവനെയും ഒപ്പം കൂട്ടണം.
പ്രകാശേട്ടനും കിരണക്കക്കും ഒരു മകള്‍ മാത്രമേ ഉള്ളൂവെന്നാണ് ഞാന്‍ കരുതിയിരുന്നത്. മകള്‍ വിവാഹിതയായി ബംഗളൂരുവിലാണ്. ഞാനും ബാബുവും നല്ല ചങ്ങാത്തമായി. അമേരിക്കന്‍ ലൈഫിനോട് ഇവിടത്തെ ജീവിതം എന്തോ ഒത്തുപോവാത്ത ഒരു സാഹചര്യം ബാബുവില്‍ നിന്ന് ചുരുങ്ങിയനാളുകള്‍ കൊണ്ട് ഞാന്‍ മനസിലാക്കി. പ്രകാശേട്ടന്റെ വീട്ടില്‍ ചെല്ലുമ്പോഴൊക്കെ ബാബു വലിയ ചങ്ങാത്തം കൂടും. മിടുക്കനായ യുവാവായിരുന്നു ബാബു. മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബി.ഇയും മോട്ടോര്‍ സ്‌പോര്‍ട്‌സ് എഞ്ചിനീയറിംഗില്‍ എം.എസ്.സി.യും കഴിഞ്ഞാണ് അവന്‍ അമേരിക്കയില്‍ ജോലിക്ക് ചെന്നത്. അവിടെ ഫോര്‍ഡ് മോട്ടോര്‍ കമ്പനിയില്‍ ആറ് വര്‍ഷം പ്രൊജക്ട് എഞ്ചിനീയറായിരുന്നു. പിന്നീട് രണ്ട് വര്‍ഷം ബംഗളൂരുവിലെ അള്‍ടെയ്ര്‍ എഞ്ചിനീയറിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലും ജോലി ചെയ്തു. മാധ്യമ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ ബാബു നിരന്തരം തിരക്കുമായിരുന്നു. ശരിക്കും ഒരു ജെന്റില്‍മാന്‍. സംസാരത്തിലും പെരുമാറ്റത്തിലുമൊക്കെ അടിമുടി മാന്യന്‍. പ്രകാശേട്ടനും കിരണക്കയും എന്നും സ്റ്റുഡിയോയില്‍ പോകുമായിരുന്നു. വീട്ടില്‍ അവന് കൂട്ട് അവന്റെ പ്രിയപ്പെട്ട ഒരു പൂച്ചയായിരുന്നു. നല്ലൊരു പാചകക്കാരനായിരുന്നു ബാബു. നാടന്‍ വിഭവങ്ങള്‍ അല്ല, രുചിയൂറുന്ന പല വിഭവങ്ങളും ബാബു പാചകം ചെയ്യുമായിരുന്നു. അമേരിക്കന്‍ വിഭവങ്ങള്‍ മിനുട്ടുകള്‍ക്കകം കൊണ്ട് അവന്‍ മേശമേല്‍ നിരത്തും. ഒരിക്കല്‍ കൂട്ടുകാര്‍ എല്ലാവരും എന്റെ വീട്ടില്‍ വന്നു. വീട്ടില്‍ ഉണ്ടാക്കിയ മലബാറി ചിക്കന്‍ ബാബുവിന് നന്നേ ബോധിച്ചു. ഉണ്ടമുളക് ഉപയോഗിച്ചുള്ള ഒരു പ്രത്യേക തരം വിഭവമാണത്. നിമിഷങ്ങള്‍ക്കകം തന്നെ ബാബു ഇതിന്റെ റെസിപി മനസിലാക്കി അതിലും നന്നായി മലബാറി ചിക്കന്‍ തയ്യാറാക്കി. എന്തുകാര്യത്തിലും അതുക്കും മേലെ എന്ന രീതിയായിരുന്നു ബാബുവിന്റേത്.
കുറച്ചു ദിവസമായി ബാബുവിനെ കണ്ടിട്ടില്ല. ബംഗളൂരുവില്‍ സഹോദരിയുടെ അടുത്താണെന്നും അവിടെ പുതിയൊരു സ്റ്റാര്‍ട്ടപ്പ് തുടങ്ങാനുള്ള ഒരുക്കത്തിലാണെന്നും പ്രകാശേട്ടന്‍ പറഞ്ഞു. ബാബുവില്‍ അദ്ദേഹത്തിന് വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ പൊടുന്നനെ ആ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി ബാബു യാത്രയായി. ഇന്നലെ വൈകിട്ട് ഞങ്ങളുടെ കൊച്ചുകൂട്ടായ്മയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പ്രകാശേട്ടന്‍ ഒരു മെസേജ് ഷെയര്‍ ചെയ്തിരുന്നു. മകന്‍ ഒരു അത്യാഹിതത്തില്‍പ്പെട്ടിരിക്കുകയാണെന്നും ബംഗളൂരുവിലേക്ക് പോവുകയാണെന്നുമായിരുന്നു സന്ദേശം. അപ്പോഴും ഉള്‍ക്കൊള്ളാന്‍ ആവാത്ത വാര്‍ത്തയായിരിക്കും അതെന്ന് പ്രതീക്ഷിച്ചതല്ല. പക്ഷേ അധികം വൈകാതെ ബാബുവിന്റെ മരണ വാര്‍ത്ത സ്ഥിരീകരിച്ചു. പ്രിയ കൂട്ടുകാരന് പ്രണാമം.

Related Articles
Next Story
Share it