ആത്മീയ ഗരിമയില്‍ ബാബ ബുധന്‍ഗിരി

പൂമരങ്ങള്‍ പൂത്തു നില്‍ക്കുന്ന വിജനമായ മലമ്പാതയിലൂടെ ഓടുമ്പോള്‍ പ്രകൃതിയുടെ മനോഹാരിതയില്‍ അറിയാതെ നാം പറഞ്ഞു പോകും 'ദൈവത്തിന്റെ സൃഷ്ടി എത്ര മനോഹരം...' ഇടയിലെവിടെയോ വെള്ളിയരഞ്ഞാണം പോലെ നേര്‍ത്തൊഴുകുന്ന തൂവെള്ളപ്പുഴ! നാസാരന്ധ്രങ്ങളിലൂടെ ഉള്ളിലേക്ക് പരന്നൊഴുകുന്ന കാപ്പിപ്പൂക്കളുടെ സുഗന്ധം. ചുറ്റും കടുത്ത പച്ചയില്‍ പരിലസിക്കുന്ന വൃക്ഷലതാദികള്‍ നിറഞ്ഞ കാട്. ദൂരെ കാണുന്ന മഞ്ഞുപൊതിഞ്ഞ മലനിരകളുടെ മനം മയക്കുന്ന ദൃശ്യങ്ങള്‍.. വണ്ടി പിന്നെയും നീങ്ങി കുപ്പള്ളി ഗ്രാമം പിന്നിട്ടു. പഴയ ഗാനത്തില്‍ താളം പിടിച്ച് യാത്രയുടെ മനോഹാരിതയില്‍ ഞങ്ങള്‍ അലിഞ്ഞ് ചേര്‍ന്നു. […]

പൂമരങ്ങള്‍ പൂത്തു നില്‍ക്കുന്ന വിജനമായ മലമ്പാതയിലൂടെ ഓടുമ്പോള്‍ പ്രകൃതിയുടെ മനോഹാരിതയില്‍ അറിയാതെ നാം പറഞ്ഞു പോകും 'ദൈവത്തിന്റെ സൃഷ്ടി എത്ര മനോഹരം...'
ഇടയിലെവിടെയോ വെള്ളിയരഞ്ഞാണം പോലെ നേര്‍ത്തൊഴുകുന്ന തൂവെള്ളപ്പുഴ! നാസാരന്ധ്രങ്ങളിലൂടെ ഉള്ളിലേക്ക് പരന്നൊഴുകുന്ന കാപ്പിപ്പൂക്കളുടെ സുഗന്ധം. ചുറ്റും കടുത്ത പച്ചയില്‍ പരിലസിക്കുന്ന വൃക്ഷലതാദികള്‍ നിറഞ്ഞ കാട്. ദൂരെ കാണുന്ന മഞ്ഞുപൊതിഞ്ഞ മലനിരകളുടെ മനം മയക്കുന്ന ദൃശ്യങ്ങള്‍..
വണ്ടി പിന്നെയും നീങ്ങി കുപ്പള്ളി ഗ്രാമം പിന്നിട്ടു. പഴയ ഗാനത്തില്‍ താളം പിടിച്ച് യാത്രയുടെ മനോഹാരിതയില്‍ ഞങ്ങള്‍ അലിഞ്ഞ് ചേര്‍ന്നു.
ദൂരെ നിന്നും പള്ളിമിനാരം കാണാനിടയായി വണ്ടി ഒതുക്കി പ്രാര്‍ഥനക്കായി ഞങ്ങള്‍ ഇറങ്ങി. പ്രാര്‍ത്ഥന കഴിഞ്ഞ് സബാബ് വളയം പിടിച്ചു സമീര്‍ പാടാന്‍ തുടങ്ങി 'തൂ കുജാ മന്‍ കുജാ'... കൂടെ ഹനീഫിന്റെ താളവും, വളഞ്ഞു പുളഞ്ഞും നീണ്ട പാതയിലൂടെ കാടിന്റെ ശ്രുതിയും കേട്ട് ശാന്തിപുരം കവല പിന്നിട്ട് വണ്ടി പിന്നെയും ബാബ ബുധന്‍ഗിരി ലക്ഷ്യമാക്കി നീങ്ങി.
തിരക്കേറിയ ചിക്മാംഗ്ലൂര്‍ തെരുവുകള്‍..! ദൂരെ ആള്‍കൂട്ടം കണ്ട ഇടത്തേക്ക് വച്ചുപിടിച്ചു.
കാപ്പിക്കടയാണ്, നല്ലതിരക്ക്,
ആദ്യമായിട്ടാണ് കാപ്പിയില്‍ സ്മാളും ലാര്‍ജുമൊക്കെ കാണുന്നത്.
മൂന്നു ലാര്‍ജ് കാപ്പിക്ക് പറഞ്ഞു. ആളു നന്നായി മലയാളം സംസാരിക്കുന്നു;
മലയാളിയാണോന്നു ചോദിച്ചപ്പോള്‍ ഇപ്പോളല്ലെന്നു മറുപടി, കൂടുതല്‍ ചൂഴ്ന്നു ചോദിച്ചില്ല, അന്യനാട്ടില്‍ സ്വയം വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പലര്‍ക്കും ഒരു പക്ഷെ, പങ്കുവെക്കാന്‍ മടിക്കുന്ന ഭൂതകാലത്തിന്റെയും തീഷ്ണമായ ജീവിതത്തിന്റെയും നാടുവിടലിന്റെയുമൊക്കെ ചരിത്രമുണ്ടാകും. 'കാപ്പി എന്ന് വെച്ചാല്‍ ഇതാണ് കാപ്പി' യെമനില്‍ നിന്ന് പത്ത് മുന്നൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യയിലേക്ക് ഏഴ് കാപ്പിക്കുരുവുമായി വന്നതാണ് ബാബ. അതാണ് ഇന്ത്യയിലെ കാപ്പികൃഷിക്ക് അടിത്തറയിട്ടതും കാപ്പി ഉല്‍പാദനത്തില്‍ ലോകത്തിലെ അനിഷേധ്യ ഇടമായി ഇന്ത്യയെ വളര്‍ത്തിയതും. അതുകൊണ്ടുതന്നെ.
ആ കാപ്പിയും പേരറിയാത്ത കടിയും നൃത്തം വെക്കുന്ന രുചി മുകുളങ്ങളുമായി മലയാളി ബന്ധത്തില്‍ കാശ് കുറച്ചു മാത്രം വാങ്ങിയ ആ ചേട്ടനോട് യാത്ര പറഞ്ഞു വണ്ടിയെടുത്തു നേരെ മുള്ളയന്‍ഗിരി കൊടുമുടിയിലേക്ക്..! ഇവിടന്ന് ഇനി അങ്ങോട്ട് കാട്ടിലൂടെ കിലോമീറ്റര്‍ നീളമുള്ള മലമ്പാതയിലൂടെ വണ്ടി ഞരങ്ങി കയറിത്തുടങ്ങി. വഴിയിലെങ്ങും വെള്ളം കുത്തിയൊഴുകുന്നതും ഒപ്പം ചീവിടികരയുന്ന ശബ്ദവും കാതില്‍ തുളച്ചുകയറി ഹരിത സമൃദ്ധിയില്‍ അണിഞ്ഞൊരുങ്ങിയ കാട് മനസ്സിനെ വല്ലാതെ കൊതിപ്പിച്ചു കൊണ്ടേയിരുന്നു.
മുകളിലേക്ക് കയറുന്തോറും തണുപ്പിന്റെ കാഠിന്യം കൂടിക്കൂടി വന്നു. അതുവരെ കാറിന്റെ സൈഡ് വിന്‍ഡോയിലൂടെ വന്നിരുന്ന ഇളം കുളിരുള്ള കാറ്റാണെങ്കില്‍ ഇപ്പോള്‍ വരുന്നത് കിടുകിടാ വിറപ്പിക്കുന്ന നല്ല തണുപ്പുള്ള കാറ്റായി. തുറന്നിട്ട ഗ്ലാസുകള്‍ തണുപ്പിന്റെ കാഠിന്യം കൊണ്ട് മെല്ലെ ഉയരാന്‍ തുടങ്ങി. ഒടുവില്‍ ചുരം കയറി മുകളിലെത്തിയപ്പോള്‍ മഞ്ഞ് മൂടിക്കിടക്കുന്ന വഴിയില്‍ വണ്ടികള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് കണ്ടു.
പാതയേത് കരയേത് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധം കോട പുതച്ചിരിക്കുന്നു. ചിത്രം പകര്‍ത്താനായ് പുറത്തിറങ്ങിയതും
ഒളിച്ചിരുന്ന കോടമഞ്ഞ് ഞങ്ങളെ ആകെ വാരിപ്പുണര്‍ന്നു. ജീവിതത്തില്‍ മഞ്ഞും മഴയും ഓക്കെ ചുരുങ്ങിയ മണിക്കൂറില്‍ ആസ്വദിക്കാന്‍ ഇത്രയും നല്ലൊരു സ്ഥലം വേറെ ഇല്ലെന്നുതന്നെ തോന്നി.
മാമര കൊമ്പുകളില്‍ തൂങ്ങിയാടുന്ന കാട്ടു കുരങ്ങന്‍ കുട്ടികള്‍, റോഡ് മുറിച്ചു കടക്കുന്ന ആട്ടിന്‍ പറ്റങ്ങള്‍! വണ്ടിയുടെ മുരള്‍ച്ചയിലും തെന്നി മാറാതെ പശുക്കള്‍ പാതമുഴുവന്‍ കീഴടക്കിയ കാഴ്ചയാണ് കണ്ടത്.
കോടമഞ്ഞിനുള്ളില്‍ നിന്നുയരുന്ന കാട്ടരുവികളുടെ സംഗീതം വഴിയോരങ്ങളെ ശബ്ദമുഖരിതമാക്കികൊണ്ടിരിക്കുന്നു.
ബാബാ ബുധന്‍ഗിരിയിലേക്കുള്ള പാതയില്‍ പലയിടത്തും ചെറുവെള്ളച്ചാട്ടങ്ങള്‍ കാണാം. പാറയിടുക്കില്‍ നിന്ന് പ്രവഹിക്കുന്ന വെള്ളത്തിന്റെ കുളിരു കൊള്ളാനും അവിടെ നിന്ന് ഫോട്ടോ എടുക്കാനുമായി പലരും വാഹനങ്ങള്‍ സൈഡിലൊതുക്കി നില്‍ക്കുന്നത് കണ്ടു. ദാദാഹയാത്തിന്റെ പ്രകൃതി രമണീയമായ അരികിലേക്ക് ഞങ്ങളെത്തി..! വിസ്മയക്കാഴ്ചകളൊരുക്കുന്ന ബുധന്‍ഗിരി മലക്ക് മുകളില്‍ എത്തിയാല്‍ മലവെള്ളപ്പാച്ചില്‍ പോലെ സഞ്ചാരികളുടെ ഒഴുക്കായിരിക്കും അവിടെ. വാഗമണ്‍ മലനിരകളെ വെല്ലുന്ന മനോഹര വീഥികള്‍, തീര്‍ഥാടകരെയും കുത്തിനിറച്ചു കിതച്ചു മലകയറുന്ന ജീപ്പുകള്‍, ഓമ്‌നി വാനുകള്‍, ഓട്ടോകളൊക്കെ നാട്ടിലെ സ്‌കൂള്‍ വണ്ടികളെ ഓര്‍മിപ്പിക്കും വിധം മനുഷ്യ ജീവനുകള്‍ കുത്തിനിറച്ചിരിക്കുന്നു.
മഞ്ഞ് കണങ്ങള്‍ പുകയായി ആ മലയോര പ്രദേശത്തെയാകെ മൂടിയിരിക്കുന്നു. അനുഭൂതി ദായകമായൊരു കുളിരാണ് അവിടമാകെ...
സമുദ്രനിരപ്പില്‍ നിന്നും 1895 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടത്തെ ഒരു പ്രത്യേക കാലാവസ്ഥയാണ് സഞ്ചാരികളെ പ്രേരിപ്പിക്കുന്നതെന്ന് എനിക്ക് തോന്നി.
മലയിടുക്കിലെ ഗുഹക്കകത്തുള്ള ബാബയുടെ ഖബറിടമാണ് ഇവിടത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രം.
അത് കൊണ്ടാണ് പ്രദേശത്തിന് ഈ പേര് വന്നതും. ബാബയുടെ ശിഷ്യന്മാരുടെ ഖബറിടങ്ങളും സമീപത്തായുണ്ട്. എല്ലാം കൂറ്റന്‍ ഇരുമ്പ് വേലിക്കുള്ളിലാക്കി ബന്തവസാക്കി വെച്ചിരിക്കുകയാണ്. അങ്ങകലെയായ് ഏതോ സിനിമയുടെ ചിത്രീകരണം നടക്കുന്നതായി കണ്ടു വലിയൊരു ആള്‍കൂട്ടവും കുറേ നേപ്പാളികള്‍ അവരുടെ പരമ്പരാകത വേഷത്തില്‍ നില്‍പ്പുണ്ട്. ആ ഭാഗം ലക്ഷ്യമാക്കി ഞങ്ങള്‍ നീങ്ങി, തെലുങ്ക് സിനിമയുടെ പഴയകാലത്തെ ചന്തയുടെ സെറ്റായിരുന്നു ഒരുക്കിയിരുന്നത്. മസാറിന്റെ അരികിലെത്തിയപ്പോള്‍ തന്നെ റോസാപൂക്കളുടെയും അഗര്‍ബത്തിയുടെയും മണം അടിച്ചു കയറി, പച്ചപിടിച്ച കുന്നുകളില്‍ മേയുന്ന കാലിക്കൂട്ടങ്ങളെയും.
എത്ര ക്ലിക്കിയാലും ക്യാമറയ്ക്ക് കൊതി തീരാത്ത സുന്ദര മലമടക്കുകളും പിന്നിട്ട് ബാബയുടെയും ശിഷ്യരുടേയും ദര്‍ഗയില്‍.
പുറത്ത് പൊലീസ് ഔട്ട്‌പോസ്റ്റും, ചെരിപ്പഴിച്ച് താഴേക്ക് നടന്നു വെള്ളമിറ്റു വീഴുന്ന ഗുഹക്കകത്തു എരിയുന്ന ചന്ദനത്തിരികള്‍,
ഗുഹയില്‍ ഇറ്റു വീഴുന്ന ജാലകണങ്ങള്‍ക്ക് സുഗന്ധമുണ്ടാകുമത്രെ.!
പതിനൊന്നാം നൂറ്റാണ്ടില്‍ മതപ്രചാരണാര്‍ത്ഥം എത്തിയ സൂഫിവര്യന്‍ അബ്ദുല്‍ അസീസ്മാക്കിയുടെ ആത്മീയ പാത പിന്തുടര്‍ന്നെത്തിയ ബാബാ ബുധന്റെ ഖബറിടമാണ് ഇതെന്നാണ് പറയപ്പെടുന്നത്. എ.ഡി.1005 ല്‍ വെസ്റ്റ് ഏഷ്യയില്‍ നിന്ന് ഇന്ത്യയിലെത്തിയ ഹസ്രത്ത് ദാദാ ഹയാത്ത് മീര്‍ കലന്ദര്‍ എന്ന സൂഫീ വര്യന്റെ ശിഷ്യനായ ബാബ ബുധന്‍ ധ്യാനത്തിലിരുന്ന ഗുഹയാണിത്.
വിഷ്ണുവിന്റെ അവസാനത്തെ അവതാരമായ ദത്താത്രേയയുടെ അവതാരമാണ് ഇവിടത്തെ ബാബയെന്ന് ഹിന്ദു മതസ്തരില്‍ ഒരു വിഭാഗത്തിന്റെ വിശ്വസം. ഒരു വിഭാഗം ഇവിടെ ഉറൂസ് ആചരിച്ചപ്പോള്‍ മറു വിഭാഗം ദത്ത ജയന്തി കൊണ്ടാടാന്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പിന്നീട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സമാധാന കമ്മിറ്റി ചേര്‍ന്ന് തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പാക്കുകയായിരുന്നുവത്രെ.
ഇതൊന്നിനും ചെവികൊടുക്കാതെ വേറിട്ട പ്രകൃതി ഭംഗി ആസ്വദിക്കാനും ഇവിടത്തെ മഹത്തുക്കള്‍ പ്രചരിപ്പിച്ച നല്ല സന്ദേശങ്ങള്‍ പഠിക്കാനുമാണ് വിവിധ ഭാഗങ്ങളിലുള്ളവര്‍ ഇവിടെയെത്തുന്നത്.
വിശ്വാസങ്ങളുടെയും തര്‍ക്കങ്ങളുടെയും ആ മായിക ലോകത്തു നിന്നും നാലു കിലോമീറ്റര്‍ അപ്പുറം പോയാല്‍ ഗാലികരെ പാറയമ്പലം. വിജനമായ പുല്‍മേടുകളിലൂടെ ഇടുങ്ങിയ വഴിതാണ്ടി എത്തിപ്പെടുന്നത് നമ്മുടെ വയനാട് ചെമ്പ്ര പീക്കിലെ ഹൃദയ തടാകം പോലൊരു തടാകക്കരയില്‍. അടുത്തുള്ള കല്ലമ്പലത്തിനടുത്തുള്ള കമ്പിയില്‍ വിശ്വാസികള്‍ ആചാരമായി അര്‍പ്പിച്ച പൂട്ടുകള്‍, വീശിയടിക്കുന്ന ഇളം കാറ്റില്‍ വിജനമായ ആ കുന്നുകള്‍ കാലാതീതമായ കുറെ കഥകള്‍ പറയും പോലെ തോന്നി.
സര്‍ക്കസുകാരുടെ മെയ് വഴക്കത്തോടെ ജീപ്പുകള്‍ ആ ചെങ്കുത്തായ ഇടവഴികളിലൂടെയും ആളുകളെ കുത്തിനിറച്ചു പോകുന്നു. അരഞ്ഞാണം പോലെ കാണുന്ന വഴിയിലൂടെ ഞങ്ങള്‍ മടങ്ങുകയാണ്.
വളഞ്ഞുപുളഞ്ഞുകിടക്കുന്ന ചുരം റോഡിലൂടെ ഒരു ചലിക്കുന്ന മനുഷ്യകൊട്ടാരം മലകയറി വരുന്നപോലെ, വഴിയില്‍ ബാബയുടെ അനുയായികളുടെ ദര്‍ഗ്ഗകളില്‍ ഏതോ വിശ്വാസികള്‍ കത്തിച്ച ചന്ദനത്തിരികള്‍ ആ കൊടും തണുപ്പിലും പുകഞ്ഞമരുന്നു. വ്യൂ പൊയന്റ്കളും, ഗിരി ശ്രിംഗങ്ങളും, വ്യത്യസ്ത കാഴ്ചകളുമായി ചിക്മംഗ്‌ളൂരില്‍ സഞ്ചാരികളെ മാടിവിളിക്കും ഇടങ്ങള്‍ ഇനിയും ധാരാളമുണ്ടെങ്കിലും ഞങ്ങള്‍ ഈ ഗിരി സുന്ദരിയോട് വിട പറയുകയാണ്..കണ്ണില്‍ കൊതി തീരാത്ത ആത്മീയ ഗരിമയിലെ ബാബാ ബുധന്‍ ഗിരിയെ കണ്ടുള്ള ഈ മടക്കയാത്രയില്‍ കാപ്പിയിലകളുടെ മര്‍മരം ബാബയുടെ സ്തുതി ഗീതങ്ങളായി തോന്നിയാല്‍ അത്ഭുതപ്പെടാനില്ല!
ബാബ ബുധന്‍ഗിരിയില്‍ പോകുമ്പോള്‍ സന്ദര്‍ശിക്കാവുന്ന മറ്റുസ്ഥലങ്ങള്‍: കര്‍ണാടകയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി മുള്ളയന്‍ഗിരി ഇവിടെ മലമുകളില്‍ ഒരു ക്ഷേത്രവുമുണ്ട്.
വഴിയിലാണ് സീതാലയനമഠം കെമ്മനഗുണ്ടി പ്രകൃതി രമണീയമായ സ്ഥലമാണ് ചിക്മാഗ്ലൂരില്‍ നിന്നും 62 കി.മീ. ഇവിടെ താമസിക്കാന്‍ ജംഗിള്‍ ലോഡ്ജസ് ഉണ്ട്. ക്ഷേത്രവും വെള്ളച്ചാട്ടവും ഒന്നിച്ചു സ്ഥിതിചെയ്യുന്ന സ്ഥലം കല്ലട്ടി വെള്ളച്ചാട്ടം (53 കി.മീ.)

Related Articles
Next Story
Share it