ബി.എം. അബ്ദുല്‍ റഹ്മാന്‍: ആ വിയോഗത്തിന് മുപ്പത്തെട്ടാണ്ട്

പല കാലങ്ങളിലായി, ലോകമെങ്ങും മനുഷ്യ നന്മക്ക് വേണ്ടി, സാമൂഹിക പരിവര്‍ത്തനത്തിന് വേണ്ടി, മഹത്തായ സംഭാവനകള്‍ നല്‍കിയവരില്‍ എത്ര പേരെ നാമിന്നു ഓര്‍ക്കുന്നു? മഹദ്ജീവിതങ്ങളുടെ കണക്കെടുക്കുകയാണെങ്കില്‍ കാലത്തിന്റെ ചുഴിക്കുത്തില്‍ മറവിയുടെ കയങ്ങളില്‍ നഷ്ടപ്പെട്ടവരുടെ സംഖ്യയാവും വലുത്. പക്ഷെ ഒരാള്‍ ബാക്കി വെച്ച് പോകുന്ന അമാനത്തുകളുടെ കനമനുസരിച്ചു, അവ വിലപ്പെട്ടതാണെങ്കില്‍. കാലത്തിനു പോലും മായ്ക്കാനാവാതെ, അവര്‍ പേര്‍ത്തും പേര്‍ത്തും ഓര്‍മ്മിക്കപ്പെട്ടു കൊണ്ടേയിരിക്കും.ബി.എം അബ്ദുല്‍റഹ്മാന്‍ എം.എല്‍.എ യുടെ വേര്‍പാടിന് 38 വര്‍ഷം ആവുന്നു എന്നറിഞ്ഞപ്പോള്‍ മനസ്സില്‍ ഉണര്‍ന്ന ചിന്തയാണ് മേല്‍ വിവരിച്ചത്. […]

പല കാലങ്ങളിലായി, ലോകമെങ്ങും മനുഷ്യ നന്മക്ക് വേണ്ടി, സാമൂഹിക പരിവര്‍ത്തനത്തിന് വേണ്ടി, മഹത്തായ സംഭാവനകള്‍ നല്‍കിയവരില്‍ എത്ര പേരെ നാമിന്നു ഓര്‍ക്കുന്നു? മഹദ്ജീവിതങ്ങളുടെ കണക്കെടുക്കുകയാണെങ്കില്‍ കാലത്തിന്റെ ചുഴിക്കുത്തില്‍ മറവിയുടെ കയങ്ങളില്‍ നഷ്ടപ്പെട്ടവരുടെ സംഖ്യയാവും വലുത്. പക്ഷെ ഒരാള്‍ ബാക്കി വെച്ച് പോകുന്ന അമാനത്തുകളുടെ കനമനുസരിച്ചു, അവ വിലപ്പെട്ടതാണെങ്കില്‍. കാലത്തിനു പോലും മായ്ക്കാനാവാതെ, അവര്‍ പേര്‍ത്തും പേര്‍ത്തും ഓര്‍മ്മിക്കപ്പെട്ടു കൊണ്ടേയിരിക്കും.
ബി.എം അബ്ദുല്‍റഹ്മാന്‍ എം.എല്‍.എ യുടെ വേര്‍പാടിന് 38 വര്‍ഷം ആവുന്നു എന്നറിഞ്ഞപ്പോള്‍ മനസ്സില്‍ ഉണര്‍ന്ന ചിന്തയാണ് മേല്‍ വിവരിച്ചത്. 1984ലെ ഇതുപോലുള്ള ഒരു ഏപ്രില്‍ 4നായിരുന്നു ആ അന്ത്യം. അല്‍പം വ്യത്യസ്തനായ ഒരു രാഷ്ട്രീയ സാംസ്‌കാരിക വീക്ഷണമുള്ള സാമൂഹിക പ്രവര്‍ത്തകനായിരുന്നു ബി.എം അബ്ദുല്‍റഹ്മാന്‍ എന്ന് പറയുന്നതില്‍ തെറ്റില്ല. ഒരു അര നൂറ്റാണ്ടിനിപ്പുറത്ത് നമ്മുടെ കാസര്‍കോടിന്റെ അവിടെയുമിവിടെയുമായി ചിതറിക്കിടക്കുന്ന, പല വികസനത്തിന്റെ മുദ്രകളിലും കൊത്തിവെക്കപ്പെട്ട പേരുകള്‍ക്കിടയില്‍ ബി.എം സാഹിബിന്റെതുമുണ്ട്. കാസര്‍കോടിന്റെ അടിസ്ഥാന സൗകര്യ വികസനങ്ങളിലും സാംസ്‌കാരികമുന്നേറ്റങ്ങളുടെ അടയാളപ്പെടുത്തലുകളിലും എവിടെയോ ഒക്കെ ബി.എം. സാഹിബിന്റെയും കൈപ്പാടുകള്‍ പതിഞ്ഞു കിടപ്പുണ്ടെന്ന് നമുക്ക് കാണാന്‍ സാധിക്കും.
തന്റെ സാമൂഹിക ഇടപെടലുകളുടെ ആ ഒരു ജീവിതകാലത്ത്, കാസര്‍കോടിന്റെയും പരിസരങ്ങളുടെയും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെല്ലാം തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു കൊണ്ടാണ് അദ്ദേഹം നടന്നു പോയത്. അതിന് തുടക്കമിടുന്നതോ തന്റെ ഹൈസ്‌കൂള്‍ ജീവിത കാലത്തും. തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍, പില്‍ക്കാലത്ത് കാസര്‍കോടിന്റെ ചാലക ശാഖികളായി മാറിയ പല പ്രഗത്ഭരായ സഹപാഠികള്‍ക്കിടയില്‍ നിന്നും ബി.എം. അബ്ദുല്‍ റഹ്മാന്‍ സ്‌കൂള്‍ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടത്, പില്‍ക്കാലത്തുയര്‍ന്നു വരാന്‍ പോകുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ ഉദയത്തിന്റെ ആദ്യ കിരണമായിരുന്നു. ബി.എം. അബ്ദുല്‍റഹ്മാന്‍ എന്ന, അന്നേ വാക്ചാതുരി കൊണ്ട് ആരെയും പിന്നിലാക്കാന്‍ പോരുന്ന ഒരു രാഷ്ട്രീയ വിദ്യാര്‍ത്ഥിയുടെ വിജയം കൂടിയാണത്.
ഉയര്‍ന്ന വിദ്യാഭ്യാസം നേടി വലിയ പദവിയിലെത്തണമെന്ന് സ്വപ്‌നം കണ്ടു നടന്ന അക്കാലത്തെ കാസര്‍കോട്ടെ മിടുക്കരായ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മാത്രമായിരുന്നു അദ്ദേഹവും. പക്ഷെ തന്റെ ജീവിത സാഹചര്യങ്ങളുടെ ചുറ്റുപാടുകളുടെ സമ്മര്‍ദ്ദം കാരണം വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. അവിടുന്ന് പ്രാരാബ്ധത്തിലായ കുടുംബത്തെ സഹായിക്കാന്‍ നേരെ ചുവടു വെച്ചത് വ്യാപാര രംഗത്തേക്ക്. ടൗണില്‍ ചെറിയൊരു കടയുമായാണ് രംഗപ്രവേശം. പക്ഷെ അപ്പോഴേക്കും ബി.എം എന്ന ഊര്‍ജ്വസ്വലനായ, വാക്ചാതുരി കൈമുതലായ യുവ സാമൂഹിക പ്രവര്‍ത്തകന്‍, ലീഗ് രാഷ്ട്രീയത്തിന്റെ തലപ്പത്തുള്ളവരായ ബാഫക്കി തങ്ങളുടെയും ചെറിയ മമ്മുക്കേയി, സി.എച്ച് മുഹമ്മദ് കോയ തുടങ്ങിയവരുടെയും ശ്രദ്ധയില്‍ പതിഞ്ഞു കഴിഞ്ഞിരുന്നു. ബി.എം കാസര്‍കോട്ട് നിന്നും വളര്‍ന്നു വരാന്‍ പോകുന്ന ഒരു നേതാവ് ആയി അവര്‍ പരിഗണിച്ചു വെച്ചിരുന്നു.
അന്നത്തെ ആ യുവാവിലും ഒരു കച്ചവടക്കാരനെക്കാളും മുഴച്ചു നിന്നത് സാമൂഹിക പൊതു പ്രവര്‍ത്തകന്‍ തന്നെയാണ്. കടയില്‍ തിരക്കേറിയ കച്ചവടം നടക്കുമ്പോഴും രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക്, മറ്റു സാമൂഹിക പൊതു ഇടപെടലുകള്‍ക്ക് എഴുന്നേറ്റ് പോകുമ്പോള്‍, ബി.എം സാഹബ് അവിടെ ആ കട അനാഥമാകുന്നുണ്ട് എന്നൊന്നും ഒരിക്കലും ചിന്തിച്ചതുമില്ല. അങ്ങനെ കടയുടെ മേല്‍നോട്ടവും പൊതു ഇടപെടലുകളും സജീവമായി തന്നെ കൊണ്ട് പോകുന്നതിനിടയില്‍ 1953ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നെല്ലിക്കുന്ന് വാര്‍ഡില്‍ നിന്ന് ജയിച്ചു ബി. എം കാസര്‍കോട് പഞ്ചായത്തിലെത്തി. അതിനും 1970ല്‍ കാസര്‍കോട് എം.എല്‍.എ ആയി നിയമസഭയിലെത്തുന്നത്തിനും ഇടയില്‍ കാസര്‍കോട്ടെ, പരിസരങ്ങളിലെ ഒരു സജീവ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകന്റെ പടിപടിയായുള്ള ഉയര്‍ച്ചയുടെ പടവുകള്‍ ആ ജീവിത വഴിയില്‍ അടയാളപ്പെട്ടു കിടക്കുന്നത് കാണാനാകും.
1970-അതുവരെ മത്സരിച്ചും എതിരില്ലാതെയും തിരഞ്ഞെടുക്കപ്പെട്ട് നിയമസഭയില്‍ കാസര്‍കോടിന്റെ പ്രതിനിധിയായി എത്തിക്കൊണ്ടിരുന്നത് കന്നഡ ഭാഷ സംസാരിക്കുന്നവരായിരുന്നു. നിയമസഭയില്‍ കാസര്‍കോടിന്റെ ശബ്ദമായി മുഴങ്ങിക്കൊണ്ടിരുന്നത് ഇംഗ്ലീഷും കന്നഡയും. അതിനൊരു മാറ്റം വരുന്നത് ഇപ്പറഞ്ഞ 1970ലാണ്. ബി.എം സാഹബ് നിയമ സഭയിലെത്തുന്നതോടെ. കാസര്‍കോടിനെ, അതിന്റെ പിന്നാക്കാവസ്ഥയെ, അതനുഭവിച്ചറിഞ്ഞ ഒരാള്‍ സ്വാനുഭവം പോലെ അവതരിപ്പിക്കുന്നത്. അതും തന്റെ സ്വതസിദ്ധമായൊരു വാക്ചാതുരിയോടെ. വിഷയം മെനക്കെട്ടു പഠിച്ചും, അതിഗാഹമുള്ളവരോട് ചോദിച്ചറിഞ്ഞും കാസര്‍കോടിന്റെ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ചു തുടങ്ങി. പുസ്തക വായനയും ഒന്നിലധികം പത്രങ്ങള്‍ വായിച്ചുള്ള വിവരവും അതിന് തുണയായിട്ടുണ്ടാവും.
അക്കാലത്തെ കാസര്‍കോടിന്റെ സാംസ്‌കാരികവും സാമൂഹികവുമായ ഇടപെടലുകളിലെല്ലാം ബി.എം സാഹബ് മുന്‍ നിരയില്‍ തന്നെ ഉണ്ടായിരുന്നു. മികച്ച അധ്യാപകനുള്ള പുരസ്‌കാരം കരസ്ഥമാക്കിയുള്ള വരവില്‍ ടി. ഉബൈദ് സാഹിബിന് റെയില്‍വേ സ്റ്റേഷനില്‍ നല്‍കിയ ഉജ്ജ്വല സ്വീകരണത്തിലും എം.എല്‍.എ. എന്ന നിലയില്‍ ബി.എം സാഹിബ് മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു. ടി. ഉബൈദ്, ടി. എ ഇബ്രാഹിം മുതല്‍ കെ.എസ് അബ്ദുല്ല വരെ ബി.എമ്മിന്റെ ഉറ്റ സൗഹൃദങ്ങളുടെ പട്ടിക നീളും.
ഒരു പൊതു പ്രവര്‍ത്തകനെന്ന നിലയില്‍, തന്റെ കടയിലേക്ക് പ്രശ്‌ന പരിഹാരങ്ങളും തേടി എത്തുന്ന പുതുതലമുറയോട് അനുഭാവപൂര്‍വം പെരുമാറിക്കൊണ്ട് അവരില്‍ ഒരു നല്ല സാമൂഹിക പ്രവര്‍ത്തകന്റെ ചിത്രം അങ്കുരിപ്പിക്കും വിധമായിരുന്നു ബി.എം സാഹിബ് പെരുമാറിയിരുന്നത്. എം.എസ്.എഫിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം. 1959ല്‍ വിമോചന സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചവരില്‍ ഒരാളാണ് ബി.എം. കാസര്‍കോട് വെല്‍ഫയര്‍ അസോസിയേഷന്‍, കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം, ജില്ലാ ഉപദേശക സമിതിയംഗം, മലയാള മഹാജന സഭയുടെ സ്ഥാപക അംഗം, നെല്ലിക്കുന്ന് യു.പി. സ്‌കൂള്‍ മാനേജര്‍, ജമാഅത്ത് സെക്രട്ടറി, കാസര്‍കോട് താലൂക്ക് ലീഗ് സെക്രട്ടറി, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം, കാസര്‍കോട് നഗരസഭ അംഗം... തുടങ്ങി ബി.എം സാഹബ് സര്‍വ്വ മേഖലകളിലും സജീവമായിരുന്നു.

എ.എസ് മുഹമ്മദ് കുഞ്ഞി

Related Articles
Next Story
Share it