കൊല്ലമ്പാടി: മയക്കുമരുന്ന് അടക്കമുള്ള സാമൂഹ്യ തിന്മകള്ക്കെതിരെ ബോധവല്‍ക്കരണവുമായി പൊലീസും കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്തും കൈകോര്‍ത്തു. ഇന്നലെ കൊല്ലമ്പാടി ബദറുല്‍ ഹുദാ മദ്രസ ഓഡിറ്റോറിയത്തില്‍ കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച ലഹരി മുക്ത മഹല്ലുകള്‍ എന്ന ബോധവല്‍ക്കരണ ക്യാമ്പയിനില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത ഖാസിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാരും ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയും ലഹരിക്കെതിരെ സംയുക്ത പോരാട്ടത്തിന് ആഹ്വാനം ചെയ്തു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. അപകടകരമാംവിധം മയക്കുമരുന്ന് ഉപയോഗം വര്‍ധിച്ചിരിക്കുകയാണെന്നും ഇത് സമൂഹത്തെ നാശത്തിലേക്ക് നയിക്കുമെന്നും ശക്തമായ പോരാട്ടം ഇതിനെതിരെ വേണമെന്നും ഖാസി പറഞ്ഞു. യോദ്ധാവ് അടക്കമുള്ള പരിപാടികളിലൂടെ മയക്കുമരുന്ന് മാഫിയയുടെ വേര് അറുത്തുമാറ്റാന്‍ പൊലീസ് ശക്തമായ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും ഇതിന് പൊതുസമൂഹത്തിന്റെ പരിപൂര്‍ണ്ണ പിന്തുണ വേണമെന്നും ഇക്കാര്യത്തില്‍ മഹല്ലുകള്‍ക്ക് വലിയ കടമയാണ് നിര്‍വഹിക്കാനുള്ളതെന്നും ജില്ലാ പൊലീസ് മേധാവിയും പറഞ്ഞു.
കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഡോ. വി. ബാലകൃഷ്ണന്, അബ്ദുല്‍സലാം വാഫി അല്‍അസ്ഹരി മലപ്പുറം എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. യാസര്‍ അറഫാത്ത് അല്‍ അസ്ഹരി ഖിറാഅത്ത് നടത്തി. സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ടി.ഇ അബ്ദുല്ല സ്വാഗതം പറഞ്ഞു. നഗരസഭാ ചെയര്മാന് അഡ്വ. വി.എം മുനീര്‍, ട്രഷറര്‍ എന്‍.എ അബൂബക്കര്‍, മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി ജനറല്‍ സെക്രട്ടറി എ. അബ്ദുല്റഹ്മാന്, മാധ്യമ പ്രവര്ത്തകന് ടി.എ ഷാഫി, കെ.ബി മുഹമ്മദ് കുഞ്ഞി, മജീദ് പട്ള, ഹനീഫ് ദാരിമി, മാഹിന്‍ കോളിക്കര, അഷ്റഫ് പള്ളിക്കണ്ടം, എ.കെ മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുല്‍ഖാദര്‍ സഅദി കൊല്ലമ്പാടി, ഫാറൂഖ് ദാരിമി കൊല്ലമ്പാടി സംസാരിച്ചു. സെക്രട്ടറി മൊയ്തീന് കൊല്ലമ്പാടി നന്ദി പറഞ്ഞു.