റമദാന് തുടങ്ങുമ്പോള്‍ തന്നെ മനസ്സിലുറപ്പിച്ചിരുന്നു ആദ്യത്തെ ഞായറാഴ്ച കോഴിക്കോട്ടുള്ള പ്രിയസുഹൃത്തിന്റെ കൂടെ ചെലവഴിക്കണമെന്ന്. പ്രത്യേകിച്ചൊന്നുമില്ല. ജോലിത്തിരക്ക് കൊണ്ടുള്ള മനസ്സിന്റെ പിരിമുറുക്കത്തിന് അയവു വരുത്താന്‍ പലപ്പോഴും അങ്ങനെ ചെയ്യാറുണ്ട്. സുഹൃത്തിനും അതേറെ ഇഷ്ടമുള്ള കാര്യമാണ്. ഒരു ദിവസം മുഴുവന്‍ ജോലിയില്‍ നിന്നും മാറിനിന്ന് സുന്ദരമായ ക്യാമ്പസ് ജീവിതത്തെക്കുറിച്ചും ജീവിതം നല്കിയ സന്തോഷകരമായ നിമിഷങ്ങളെക്കുറിച്ചും വാചാലരാവുക. ഒരുതരം പോസിറ്റീവ് റീ ഇന്‍ഫോര്‍സ്മെന്റ്. പഠിത്തം കഴിഞ്ഞ ശേഷം ഇരുപത്തഞ്ച് കൊല്ലമായി തുടരുന്നു ഈ റീ ഇന്‍ഫോര്‍സ്മെന്റ്. ഞങ്ങള്‍ അത് ആസ്വദിക്കാറുമുണ്ട്. ആകാശത്തിന് താഴെയും ഭൂമിക്ക് മുകളിലുമുള്ള സകല വിഷയങ്ങളും ചര്‍ച്ചയില്‍ വരും. വേറെ ഒരു പരിപാടിയും അന്നുണ്ടാവില്ല. പഠന കാലത്തെ ഹോസ്റ്റലിലെ ഒരു ഞായറാഴ്ച പോലെ കഴിയും.
നോമ്പു തുറന്ന് നമസ്കാരവും കഴിഞ്ഞ് എട്ടരയ്ക്കുള്ള സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസില്‍ കോഴിക്കോട്ടേക്ക് കയറി. മുന്‍കൂര്‍ സീറ്റ് റിസര്‍വ് ചെയ്തിരുന്നു. നോമ്പ് മുറിച്ച ഉടനെ ഭക്ഷണം അധികം കഴിക്കാറില്ലാത്തത് കൊണ്ട് ട്രെയിനില്‍ നിന്നും കഴിക്കാന്‍ രാത്രി ഭക്ഷണം കരുതിയിരുന്നു. എന്റെ സീറ്റ് കണ്ടെത്തി. മുകളിലത്തെ ബര്‍ത്താണ്. നോമ്പിന്റെ ക്ഷീണവും വേനലിന്റെ കാഠിന്യവും നന്നെ ബാധിച്ചിരുന്നു. ബര്‍ത്തില്‍ കയറി കിടന്നതും കണ്പോളകള് പയ്യെ താണുപോയതും അറിഞ്ഞതേയില്ല. ഉറക്കത്തിന്റെ ശാസ്ത്രീയമായ നിയമങ്ങളൊന്നും അനുവര്‍ത്തിച്ചില്ല. നേരെ അഗാധമായ ഉറക്കത്തിലേക്കും സ്വപ്നങ്ങളുടെ താഴ്വാരത്തേക്കും.
ഞാന്‍ മൂന്ന് വര്‍ഷം പിറകിലാണ്. 2019 നവംബറിലെ ഒരു പത്രം എന്റെ കയ്യിലുണ്ട്. ശാസ്ത്രകാര്യങ്ങളിലെന്നും താല്പര്യമുള്ള എനിക്ക് ഒരു മൂലയില്‍ കണ്ട ന്യൂസ് കണ്ണില്‍ തടഞ്ഞു. പല കുറി വായിച്ചു. ചൈനയില്‍ പ്രത്യേക തരം വൈറസുകൊണ്ടുണ്ടാവുന്ന പനി ബാധിച്ച് ആളുകള്‍ മരിക്കുന്നു. വിശദ വിവരം അറിവായിട്ടില്ലെന്നും. ലോകം മുഴുവനും പടരുവാന്‍ സാധ്യതയുണ്ടെന്നും.
പിന്നീടുളള പത്രങ്ങളായ പത്രങ്ങളും ന്യൂസ് ചാനലുകളും പ്രസ്തുത വൈറസിന്റെ രൂപവും രൂപഭേദങ്ങളും കൊണ്ട് നിറയുന്നു. ഹോമോ സാപിയന്‍ എന്ന ജാതിയിലെ ജീവികളെ മുഴുവനും ഭൂമിയില്‍ നിന്നും ഇല്ലാതെയാക്കി മാത്രമേ ആ സൂക്ഷ്മ ജീവി മടങ്ങുകയുള്ളു എന്നു പോലും വാര്‍ത്ത പരക്കുന്നു. നേരും നുണകളും വേര്‍തിരിച്ചറിയാനാവാതെ അന്ധാളിച്ചു നില്ക്കുന്ന മനുഷ്യര്‍! 2020 തുടക്കത്തോടെ ലോകം നിശ്ചലമായി. ഗ്ലോബല്‍ ക്വാറന്റയിന്‍.
ആ സമയത്ത് തന്നെയാണ് എന്റെ ആഗ്രഹങ്ങളില്‍ ഒന്ന് വഴി മുടങ്ങി പോയതും. ഗുരുതുല്യന്യായ റഹ്മാന് തായലങ്ങാടിയുടെയും സന്തത സഹചാരിയായ അഷ്റഫലിയുടെയും നിരന്തര പ്രേരണയുടെ ഫലമായി എന്റെ ആദ്യ പുസ്തകം പ്രസിദ്ധീകരിക്കാമെന്ന തീരുമാനത്തിലെത്തുന്നു. ഞാന്‍ എഴുതിയത് മുഴുവനും അഷ്റഫലിയും റഹ്മാന് തായലങ്ങാടിയും വായിച്ചു നോക്കി. കൊള്ളാവുന്നതിന് ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ് തരുന്നു. ഡി.റ്റി.പിക്കും പ്രിന്റിംഗിനുമായി പ്രാക്സിസ് അജയനെയും സമീപിക്കുന്നു. സ്വന്തം പേരില്‍ പുസ്തകമിറക്കണമെന്നത് ഏതൊരാളുടെയും ആഗ്രഹമായിരിക്കുമല്ലോ? എന്റെതും. ഞാനും ഒരു ഗ്രന്ഥകര്ത്താവാകാന് പോവുകയാണല്ലോ എന്നോര്‍ത്ത് ആഹ്ലാദിച്ചു.
പ്രൂഫ് റീഡിംഗും തെറ്റുതിരുത്തലുകളും ധൃതഗതിയില്‍ നടന്നു. സന്തോഷം കൊണ്ട് എനിക്ക് ഇരിക്കപ്പൊറുതിയില്ലാതെയായി.
സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്സ് വേഗതിയിലോടുന്നതും സ്റ്റേഷനുകളില്‍ ആളുകള്‍ കയറി ഇറങ്ങുന്നതും അറിഞ്ഞതേയില്ല. ഞാന്‍ അഗാധമായ ഉറക്കത്തിലും. സ്വപ്ന ലോകത്തും!
അങ്ങനെ എന്റെ പുസ്തകം പ്രിന്റിനായി പ്രസ്സിലെത്തി. ആ സമയത്തു തന്നെയായിരുന്നു ആദ്യ ലോക്ക്ഡൗണും. പുസ്തകം പ്രിന്റിംഗ് കഴിഞ്ഞു. പ്രസില്‍ കുടുങ്ങിയത് മൂന്ന് മാസത്തോളം. പുസ്തകം അവകാശികളില്ലാത്ത ലഗേജ് പോലെ കോട്ടയത്തെ പ്രസിലും പിന്നെ മാസങ്ങളോളം അജയന്റെ ഓഫീസിലും കുറച്ച് മാസങ്ങള്‍ എന്റെ ക്ലിനിക്കിലും അനാഥമായി കിടക്കുന്നതും ഒരു ഫ്ളാഷ് ബാക്കായി മനസ്സിലൂടെ കടന്നുപോവുകയാണ്.
പുകള്‍പെറ്റ പ്രസാധകരില്ലാത്ത, സ്വയം പ്രസിദ്ധീകരിക്കുന്ന പുലര്‍കാല കാഴ്ചകള്‍ എന്ന ആദ്യ പുസ്തകം തമിഴ്നാട്ടിലെ പടക്ക കമ്പനിയിലേക്ക് പടക്കമുണ്ടാക്കുവാനോ, കടലക്കച്ചവടക്കാരന് കടല നിറക്കാനുള്ള കടലാസു മാത്രമായി മാറുമോ എന്നും ഞാന്‍ സങ്കടപ്പെട്ടു. ഒരു കൊല്ലത്തെ പരിശ്രമം പാഴായി പോകുമോ എന്നുള്ള സങ്കടം ഉള്ളിലൊതുക്കി ഒരുനാള്‍ ഞാന്‍ തന്നെ എന്റെ പുസ്തകം ഭാര്യ ഷമീമക്ക് നല്കി പ്രകാശനം ചെയ്തു. സാക്ഷികളായി മക്കളും! ഗ്രന്ഥകാരന് തന്നെ സ്വന്തം പുസ്തകം പ്രകാശനം ചെയ്യുന്ന പുതിയ കീഴ്വഴക്കം നടപ്പിലാക്കി. അവതാരിക എഴുതിത്തന്നവര്ക്കും റഹ്മാന് തായലങ്ങാടിക്കും അഷ്റഫലിക്കും ഡോ. സുരേഷ് ബാബുവിനും പുസ്തകവുമായി ബന്ധപ്പെട്ട് എന്നെ സഹായിച്ചവര്‍ക്കും ഓരോ കോപ്പികള്‍ നല്കി. കൂട്ടത്തില്‍ അംബികാസുതന്‍ മാങ്ങാടിനും എം.എ റഹ്മാനും ഓരോ കോപ്പികള്‍ നല്കി. അവരുടെ വായനാനുഭവം പങ്കു വെച്ചപ്പോള്‍ എന്റെ സങ്കടത്തിനല്പ്പം ആശ്വാസമായി. ഇതെല്ലാം ഇന്നലെ കഴിഞ്ഞതു പോലെ.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മിക്കവാറും ലൈബ്രറികളില്‍ ‘പുലര് കാല കാഴ്ചകള്‍’ കയറിപ്പറ്റി. എന്റെ പ്രിയപ്പെട്ട സഹപാഠികള്‍ അതിനു തുണയായി. അവര്‍ അവരുടെ പുസ്തകമായി ഏറ്റെടുത്തു. ഫാര്‍മസ്യൂട്ടിക്കല്‍സിലെ വായനക്കാരായ റപ്രസന്റേറ്റീവ്മാരും മാനേജര്‍മാരും പുസ്തകത്തിന്റെ കോപ്പികള്‍ വാങ്ങി സ്കൂള്‍ ലൈബ്രറികളിലെത്തിച്ചു. സുഹൃത്ത് ഡോ. നാരായണ പ്രതീപ കാസര്‍കോട് ചെസ്റ്റ് സൊസൈറ്റിയുടെ പേരില്‍ പുസ്തകങ്ങള്‍ വാങ്ങി താലൂക്ക് ലൈബ്രറി കൗണ്‍സിലിനും കൈമാറി.
ഞാന്‍ ഉറക്കത്തില്‍ തന്നെയാണ്. കഴിഞ്ഞു പോയ ഇന്നലെകള്‍ പവര്‍ പോയിന്റ് പ്രസന്റേഷന് പോലെ മനസ്സില്‍ മിന്നി മറയുകയാണ്.
എന്റെ സ്വപ്നം കാണലിന് അതിരുകളില്ലാതെയായി. വഴി മാറിയത് അറിഞ്ഞതേയില്ല. യാത്രകളിലെ വിരസത ഒഴിവാക്കാനായി വായിക്കാന്‍ ഞാന്‍ പുസ്തകങ്ങളെടുക്കാറുണ്ട്. മുമ്പ് വായിച്ചതാണെങ്കിലും പൗലോ കൊയ്ലോയുടെ ആല്‍ക്കമിസ്റ്റാണ് ഇത്തവണ കയ്യിലുള്ളത്. അതുമായി ഞാന്‍ ചെന്നെത്തിയത് എറണാകുളത്തും. അവിടെ ഇറങ്ങി നേരെ പുറത്തുള്ള ഓട്ടോ സ്റ്റാന്റിലെ ആല്‍ക്കമിസ്റ്റ് എന്ന് പേരുള്ള ഓട്ടോ റിക്ഷയില്‍ കയറിപ്പറ്റുന്നു. പൗലൊ കൊയിലൊ ട്വീറ്റ് ചെയ്ത ഓട്ടോറിക്ഷ. ഓട്ടോയിലൂടെ നഗരത്തില്‍ കറങ്ങുകയാണ്. ആല്‍ക്കമിസ്റ്റിലെ പ്രണയ രംഗം വായിച്ചു കൊണ്ട്. വായിച്ചപ്പോള്‍ മാനസിക വിഭ്രാന്തിയുണ്ടാക്കുന്ന നോവലിലെ, മനസ്സിനെ കുളിരണിയിക്കുന്നരംഗം.
അല്പനിമിഷങ്ങള്ക്കകം ഞാന്‍ വീണ്ടും പുസ്തകത്തിന്റെ ഫ്രൈമിലേക്ക് തന്നെ വന്നു. സ്വപ്ന സഞ്ചാരം തുടര്‍ന്നു.
രണ്ടാം പുസ്തകത്തിന്റെ പ്രകാശനമാണ് സ്ക്രീനില്‍. അതും കൊറോണയുടെ പേടിപ്പെടുത്തലുകളില്‍ ഒതുങ്ങി. സുഹൃത്ത് കെ.എം ഹനീഫയുടെ വീട്ടില്‍ ലളിതമായ നിയന്ത്രിതമായ ചടങ്ങുകളോടെ നടന്നു. അംബികാസുതന്‍ മാങ്ങാട് പ്രകാശനം ചെയ്യാനായി മാത്രം മദ്രാസില്‍ നിന്നും വന്നു. എന്നോടുള്ള സ്നേഹം കാണിച്ചു.
എന്റെ സ്വപ്ന ക്യാന്‍വാസിന്റെ വ്യാപ്തി വലുതാവുകയും ഉറക്കത്തിന്റെ ആഴം കൂടുകയും ചെയ്തു. ഞാന്‍ കടലോരത്താണ്. പഠിച്ചു വളര്‍ന്ന മുസ്ലിം ഹൈസ്കൂളിന്റെ തിരുമുറ്റത്ത് നിന്നും അധികം ദൂരെയല്ലാത്ത തളങ്കര പടിഞ്ഞാര്‍ കടല്‍ തീരത്ത്. സുന്ദരമായ സായാഹ്നം. ചന്ദ്രഗിരി പുഴയും അറബിക്കടലും ചേര്‍ന്ന് ഒന്നാവുന്നിടം. ചന്ദ്രഗിരിപ്പുഴ തന്റെ ഓളങ്ങളെ കടലിന്റെ അഗാധതയില്‍ ലയിപ്പിക്കുന്നു. അവിടെ പുഴയും കടലും ഏറെ സുന്ദരമാണ്. വര്‍ണ്ണകൂട്ട് വിതറിയ പോലെയുള്ള വൈകുന്നേരത്തെ ആകാശവും. ഞാന്‍ ഏകനായി നടക്കുകയാണ്. ദൂരത്തെങ്ങോ ഒരു വലിയ ആള്‍കൂട്ടം. കുട്ടികളും ആണുങ്ങളും പെണ്ണുങ്ങളും യുവാക്കളും യുവതികളും പ്രായമായവരും ഉണ്ടവിടെ. ഞാന്‍ അങ്ങോട്ടേക്ക് നടന്നു നീങ്ങുകയാണ്.
അടുത്തെത്തിയപ്പോള്‍ മനസ്സിലായി. അതൊരു പുസ്തക പ്രകാശന ചടങ്ങായിരുന്നു എന്ന്. അക്ഷരങ്ങളെ നെഞ്ചേറ്റുന്ന പ്രിയപ്പെട്ടവര്‍ ഒരുക്കിയ കാസര്‍കോട്ടെ വായനക്കൂട്ടം സംഘടിപ്പിക്കുന്ന ചടങ്ങ്.
പുസ്തകങ്ങള്‍ മരിച്ചു കൊണ്ടിരിക്കയാണെന്നും വായനയുടെ കാലം കഴിഞ്ഞു എന്നും പരിതപിച്ചു കൊണ്ടിരുന്ന നാളുകളില്‍ പുസ്ത പ്രകാശനത്തിന് സന്നിഹിതരായ ആള്‍ക്കാരെ കണ്ട് ഞാന്‍ ആശ്ചര്യപ്പെടുന്നു. ഞാന്‍ അടുത്തെത്തി. അതെന്റെ തന്നെ പുസ്തക പ്രകാശന ചടങ്ങായിരുന്നു. ‘യാത്രകള്‍ അനുഭവങ്ങള്‍’ എന്ന മൂന്നാമത്തെ പുസ്തകം. ഞാന്‍ പതിയെ ജനക്കൂട്ടത്തിലലിഞ്ഞുചേര്ന്നു. അപ്പോഴേക്കും ട്രെയിന്‍ കോഴിക്കോട്ടെത്തി. എന്റെ സ്വപ്ന യാത്രയ്ക്ക് വിരാമവുമായി.
-ഡോ. അബ്ദുല്‍ സത്താര്‍ എ.എ.