പ്രണയവിവാഹത്തിന്റെ പേരിലുള്ള കൊലപാതകശ്രമം ചെറുക്കുന്നതിനിടെ ഓട്ടോഡ്രൈവറെ കുത്തിക്കൊന്ന സംഭവം; ഒന്നാം പ്രതിക്ക് ജീവപര്യന്തം കഠിനതടവ്

കാസര്‍കോട്: പ്രണയവിവാഹത്തെ ചൊല്ലിയുള്ള വാക്കുതര്‍ക്കത്തിനിടെയുണ്ടായ കൊലപാതകശ്രമം ചെറുക്കുന്നതിനിടെ ഉപ്പള പൊസോട്ട് ഓട്ടോഡ്രൈവര്‍ ജെമ്മി എന്ന മുഹമ്മദ് സമീറിനെ(23)കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നാംപ്രതിക്ക് കോടതി ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. ഉപ്പള പൊസോട്ടെ അബൂബക്കര്‍ സിദ്ദിഖിനെ(45)യാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ്(മൂന്ന്) കോടതി ജഡ്ജി അജിത്യരാജ് ഉണ്ണി ശിക്ഷിച്ചത്. കൊലപാതകത്തിനാണ് ജീവപര്യന്തം ശിക്ഷ. കൊലപാതകശ്രമത്തിന് ഏഴുവര്‍ഷം കഠിനതടവും അരലക്ഷം രൂപ പിഴയും വിധിച്ചു.പിഴതുക കൊല്ലപ്പെട്ട സമീറിന്റെ കുടുംബത്തിന് നല്‍കാനും കോടതി ഉത്തരവിട്ടു. കേസിലെ രണ്ടാംപ്രതി ഹാറൂണ്‍ റഷീദ് […]

കാസര്‍കോട്: പ്രണയവിവാഹത്തെ ചൊല്ലിയുള്ള വാക്കുതര്‍ക്കത്തിനിടെയുണ്ടായ കൊലപാതകശ്രമം ചെറുക്കുന്നതിനിടെ ഉപ്പള പൊസോട്ട് ഓട്ടോഡ്രൈവര്‍ ജെമ്മി എന്ന മുഹമ്മദ് സമീറിനെ(23)കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നാംപ്രതിക്ക് കോടതി ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. ഉപ്പള പൊസോട്ടെ അബൂബക്കര്‍ സിദ്ദിഖിനെ(45)യാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ്(മൂന്ന്) കോടതി ജഡ്ജി അജിത്യരാജ് ഉണ്ണി ശിക്ഷിച്ചത്. കൊലപാതകത്തിനാണ് ജീവപര്യന്തം ശിക്ഷ. കൊലപാതകശ്രമത്തിന് ഏഴുവര്‍ഷം കഠിനതടവും അരലക്ഷം രൂപ പിഴയും വിധിച്ചു.
പിഴതുക കൊല്ലപ്പെട്ട സമീറിന്റെ കുടുംബത്തിന് നല്‍കാനും കോടതി ഉത്തരവിട്ടു. കേസിലെ രണ്ടാംപ്രതി ഹാറൂണ്‍ റഷീദ് കോടതിയില്‍ ഹാജരാകാതെ ഒളവിവില്‍ കഴിയുകയാണ്. ഹാറൂണിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. മൂന്നാംപ്രതി മുഹമ്മദ്കുഞ്ഞി മരണപ്പെട്ടതിനാല്‍ കേസ് രേഖകളില്‍ നിന്ന് നീക്കം ചെയ്തു.
2008 ആഗസ്ത് 24ന് രാത്രി എട്ടുമണിയോടെ പൊസോട്ടുവെച്ചുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മുഹമ്മദ് സമീറിന്റെ സുഹൃത്തായ അബ്ദുല്‍ മുനീറിനെ പ്രതികള്‍ ഫോണില്‍ വിളിച്ച് പൊസോട്ടെത്താന്‍ ആവശ്യപ്പെടുകയായിരുന്നു. മുഹമ്മദ് സമീറിന്റെ ഓട്ടോയില്‍ അബ്ദുല്‍ മുനീറും മറ്റൊരു സുഹൃത്ത് നൗഫലും പൊസോട്ടെത്തി.
തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ പ്രതികള്‍ അബ്ദുല്‍ മുനീറിനെ കഠാര കൊണ്ട് കുത്താന്‍ ശ്രമിച്ചു. തടഞ്ഞപ്പോഴാണ് മുഹമ്മദ് സമീറിനെ കുത്തിയത്. നെഞ്ചിനും വയറിനും ആഴത്തില്‍ പരിക്കേറ്റ സമീര്‍ മരണപ്പെടുകയായിരുന്നു.
അബ്ദുല്‍ മുനീറിന്റെ പ്രണയവിവാഹത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. വിവാഹദിവസം മുനീറിന്റെ അമ്മാവനായ ഒന്നാം പ്രതി അബൂബക്കര്‍ സിദ്ദീഖ് കടം വാങ്ങിയ പണം പ്രണയവിവാഹത്തിലുള്ള വൈരാഗ്യം വെച്ച് തിരികെ ചോദിച്ചു. പൊസോട്ടേക്ക് വന്ന് പണം നല്‍കാനാണ് അബൂബക്കര്‍ സിദ്ദീഖ് മുനീറിനോട് ഫോണില്‍ ആവശ്യപ്പെട്ടത്.
ഇതേ തുടര്‍ന്ന് മുനീറും നൗഫലും സമീറിന്റെ ഓട്ടോയില്‍ പൊസോട്ടേക്ക് പോകുകയായിരുന്നു.
സ്ഥലത്തെത്തിയ ഉടന്‍ തന്നെ അബൂബക്കര്‍ സിദ്ദീഖ് മുനീറുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും കത്തി കൊണ്ട് കുത്താന്‍ ശ്രമിക്കുകയും ചെയ്തു. തടയാന്‍ ശ്രമിച്ചപ്പോള്‍ സമീറിന് കുത്തേല്‍ക്കുകയായിരുന്നു. നൗഫലിനെ ടോര്‍ച്ചുകൊണ്ടടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. നൗഫലിന്റെ പരാതിപ്രകാരമാണ് അബൂബക്കര്‍ സിദ്ദീഖ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തത്.
അന്നത്തെ ഇന്‍സ്പെക്ടര്‍മാരായ കെ. ദാമോദരന്‍, ടി.പി രഞ്ജിത് എന്നിവരാണ് കേസില്‍ അന്വേഷണം നടത്തിയത്. കൊലയ്ക്ക് ശേഷം വിദേശത്തേക്ക് കടന്ന ഒന്നാംപ്രതിയെ 2012ല്‍ ടി.പി രഞ്ജിത്താണ് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ കാസര്‍കോട് സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയായ സിബി തോമസാണ് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. 19 സാക്ഷികളെയാണ് കേസില്‍ പ്രോസിക്യൂഷന്‍ വിസ്തരിച്ചത്.
മുപ്പതോളം രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ പി. സതീഷ്, അമ്പിളി എന്നിവര്‍ ഹാജരായി.

ഗള്‍ഫിലേക്ക് മുങ്ങിയ അബൂബക്കര്‍ സിദ്ദീഖിനെ കുടുക്കിയത്
ടി.പി രഞ്ജിത്ത്; സാക്ഷിമൊഴികളും തെളിവുകളും ശിക്ഷ കടുപ്പിച്ചു

ഉപ്പള: പൊസോട്ട് ഓട്ടോഡ്രൈവര്‍ ജെമ്മി എന്ന മുഹമ്മദ് സമീറിനെ കൊലപ്പെടുത്തിയ ശേഷം ഗള്‍ഫിലേക്ക് കടന്ന ഒന്നാംപ്രതി അബൂബക്കര്‍ സിദ്ദീഖിനെ തന്ത്രപൂര്‍വം കുടുക്കിയത് അന്വേഷണ ഉദ്യോഗസ്ഥനായ ടി.പി രഞ്ജിത്ത്. കേസിലെ മറ്റുരണ്ടുപ്രതികളെ അറസ്റ്റ് ചെയ്യാനും രഞ്ജിത്തിന്റെ അന്വേഷണമികവിന് സാധിച്ചു. ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് അന്ന് കുമ്പള സി.ഐയായിരുന്ന ടി.പി രഞ്ജിത്ത് അബൂബക്കര്‍ സിദ്ദീഖിനെ അറസ്റ്റ് ചെയ്തത്.
കൊല നടന്ന് രണ്ടുമാസത്തിന് ശേഷം പൊസോട്ട് വെച്ചാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കുമ്പള സി.ഐ ആയിരുന്ന കെ. ദാമോദരനാണ് കേസില്‍ ആദ്യം അന്വേഷണം നടത്തിയത്. അദ്ദേഹം സ്ഥലം മാറിപ്പായതോടെയാണ് കുമ്പള സി.ഐ ആയി ടി.പി രഞ്ജിത്ത് ചുമതലയേറ്റത്. കേസിലെ മൂന്നുപ്രതികളെയും പിടികൂടുന്നതിന് പഴുതടച്ചുള്ള അന്വേഷണമാണ് ടി.പി രഞ്ജിത്ത് നടത്തിയത്. കൃത്യമായ സാക്ഷിമൊഴികള്‍ രേഖപ്പെടുത്തുകയും ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. ഇതെല്ലാം ഒന്നാംപ്രതിക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കാന്‍ കാരണമായി. കേസിലെ രണ്ടാംപ്രതി കോടതിയില്‍ ഹാജരാകാതെ ഒളിവിലാണ്. മൂന്നാംപ്രതി മരണപ്പെട്ടു. ഈ സാഹചര്യത്തില്‍ അബൂബക്കര്‍ സിദ്ദീഖിനെതിരായ വിചാരണ മാത്രമാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ്(മൂന്ന്) കോടതിയില്‍ നടന്നത്. കൊലപാതക അന്വേഷണം നടക്കുന്ന സമയത്ത് കേസ് അട്ടിമറിക്കാന്‍ ശക്തമായ സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നുവെങ്കിലും ടി.പി രഞ്ജിത്ത് അതിന് വഴങ്ങിയില്ല. പിന്നീട് ചുമതലയേറ്റ സിബിതോമസാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതോടൊപ്പം ശക്തമായ തെളിവുകളും സാക്ഷിമൊഴികള്‍ അടക്കം കൃത്യമായ രേഖകളും ഹാജരാക്കി.
സിബിതോമസ് ഇപ്പോള്‍ കാസര്‍കോട് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയാണ്.

Related Articles
Next Story
Share it