കാസര്‍കോട്: പിക്കപ്പ് വാനില്‍ കൊണ്ടുവന്ന് പൊതുസ്ഥലത്ത് മാലിന്യം തള്ളാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി വാഹനവും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ഭഗവതി നഗറിന് സമീപം പൊതുസ്ഥലത്താണ് മാലിന്യം തള്ളാന്‍ ശ്രമിച്ചത്.
ചെട്ടുംകുഴി ഭാഗത്ത് നിന്നാണ് മാലിന്യവുമായി എത്തിയത്. ഈ ഭാഗത്ത് പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നത് പതിവാണെന്ന് വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. റോഡിന്റെ ഇരുവശത്തും കാട് മൂടിയ ഭാഗത്താണ് മാലിന്യം തള്ളുന്നത്. ഇന്ന് രാവിലെ മാലിന്യം തള്ളുന്നത് ശ്രദ്ധയില്‍പെട്ടതോടെ മധൂര്‍ പഞ്ചായത്തംഗം അമ്പിളി ജനമൈത്രി പൊലീസ് ഓഫീസര്‍മാരായ മധു കാരക്കാടിനെയും പ്രവീണ്‍ കുമാറിനെയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എസ്.ഐ മാരായ വിഷ്ണുപ്രസാദ്, അന്‍സാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യം തള്ളാനെത്തിയ വാഹനവും ഡ്രൈവറെയും പിടികൂടിയത്. ഡ്രൈവര്‍ നീര്‍ച്ചാല്‍ കന്യപ്പാടിയിലെ പൂര്‍ണേഷി(24)നെയാണ് കസ്റ്റഡിയിലെടുത്തത്.