വോട്ടുകൊള്ളയും ജനാധിപത്യവും

രാഹുല്‍ഗാന്ധി പൊട്ടിച്ച ബോംബ് ചെറുതല്ല. അതിന് അണുബോംബിന്റെ ശക്തി തന്നെയുണ്ട്. ഇലക്ഷന്‍ കമ്മീഷന് അതിന് മറുപടിയൊന്നും പറയാനില്ല. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. വിജയിച്ചത് യഥാര്‍ത്ഥ വിജയമല്ല, വോട്ടുകള്‍ മോഷ്ടിച്ച് കള്ളവിജയം നേടിയതാണ്, മഹാരാഷ്ട്രയില്‍ നാല്‍പത് ലക്ഷത്തോളം വോട്ടുകള്‍ ബി.ജെ.പിയും സഖ്യശക്തികളും വ്യാജമായി സംഘടിപ്പിച്ചുവെന്ന് രാഹുല്‍ഗാന്ധി നേരത്തെ തന്നെ ആരോപണം ഉന്നയിച്ചതാണ്. അതിനെ പുച്ഛിച്ചുതള്ളുന്ന സമീപനമാണ് ബി.ജെ.പിയും കമ്മീഷനും സ്വീകരിച്ചത്.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍ നിന്ന് ഇന്ത്യ സ്വതന്ത്രമായിട്ട് 78 വര്‍ഷം പിന്നിടുകയാണ്. എഴുപത്തഞ്ചാം വാര്‍ഷികം കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആസാദി കി അമൃതമഹോത്സവമായി രണ്ടുവര്‍ഷം മുമ്പ് വലിയ തോതില്‍ കൊണ്ടാടുകയുണ്ടായല്ലോ. ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയുടെ പഴയ രൂപങ്ങള്‍ക്ക് സ്വാതന്ത്ര്യസമരവുമായി ബന്ധമൊന്നുമുണ്ടായിരുന്നില്ലെങ്കിലും സ്വാതന്ത്ര്യത്തിന്റെ വാര്‍ഷികം ആഘോഷിക്കാന്‍ താല്‍പര്യമെടുത്തത് ശ്ലാഘനീയമായിരുന്നു. സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കിയ മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്ന ഹിന്ദുമഹാസഭാനേതാക്കളായ ഗോഡ്‌സേയുടെയും നാരായണ്‍ ആപ്‌തേയുടെയും പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്നവര്‍ ഇപ്പോഴും പുളച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ. ഗാന്ധിജിയുടെ ചിത്രത്തിനുമേല്‍ നിറയൊഴിച്ച് ആനന്ദിക്കുന്നവരും ഗോഡ്‌സേയ്ക്ക് ക്ഷേത്രം പണിയുന്നവരുമുള്ള രാജ്യം. ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം നടക്കുന്നത് രാജ്യത്തെ ജനാധിപത്യം ദുരന്തത്തിന്റെ വക്കിലാണെന്ന മുന്നറിയിപ്പുയര്‍ന്ന വേളയിലാണ്. പ്രതിപക്ഷത്തെ എല്ലാ പാര്‍ട്ടികളിലുംപെട്ട പാര്‍ലമെന്റ് അംഗങ്ങള്‍ പാര്‍ലമെന്റ് സമ്മേളനം ബഹിഷ്‌കരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം. നമ്മുടെ രാജ്യത്ത് എന്താണ് നടക്കുന്നത്? പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി കഴിഞ്ഞദിവസം പത്രസമ്മേളനം നടത്തി വെളിപ്പെടുത്തിയ കാര്യങ്ങള്‍ വാസ്തവത്തില്‍ സ്‌ഫോടനാത്മകമാണ്. ആ പത്രസമ്മേളനം നടന്ന സാഹചര്യവും പ്രധാനമാണ്. ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വോട്ടര്‍പട്ടികയില്‍ തീവ്രപരിശോധന എന്ന പേരില്‍ ഒരുവിഭാഗത്തിന്റെ വോട്ടുകള്‍ പുറന്തള്ളുന്ന സാഹചര്യം.
പാവപ്പെട്ട ജനങ്ങള്‍ക്ക് ഭരണനയങ്ങളോട് പ്രതികരിക്കാനുള്ള ഏക മാര്‍ഗമായ വോട്ടവകാശത്തില്‍ നിന്ന് അവരെ പുറത്താക്കുകയാണവിടെ എന്ന് പരക്കെ ആരോപിക്കപ്പെടുന്നു. പാര്‍ലമെന്റില്‍ അതു സംബന്ധിച്ച ചര്‍ച്ച അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. അത് വലിയ ബഹളത്തില്‍ കലാശിച്ചുകൊണ്ടിരിക്കുന്നു. 65 ലക്ഷത്തിലേറെ വോട്ടര്‍മാരെയാണ് പൗരത്വത്തിന്റെയും മറ്റും ദുരാരോപണമുന്നയിച്ച് ബിഹാറിലെ വോട്ടര്‍പട്ടികയില്‍ നിന്ന് പുറന്തള്ളുന്നത്. ബിഹാറിലെ ലക്ഷക്കണക്കിന് പാവപ്പെട്ട തൊഴിലാളികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ അതിഥി തൊഴിലാളികളായി പ്രവര്‍ത്തിക്കുന്നവരാണ്. വര്‍ഷങ്ങളായി വോട്ടുചെയ്തുകൊണ്ടിരിക്കുന്ന ഓരോ വോട്ടറും വോട്ടിന്റെ അര്‍ഹത തെളിയിക്കാന്‍ പ്രത്യേകം ഫോറം പൂരിപ്പിച്ചുകൊടുക്കണം. അതിഥിത്തൊഴിലാളികളായി പുറത്തുള്ളവര്‍ക്ക് എങ്ങനെ ഇത് സാധിക്കാനാണ്. ഈ പ്രശ്‌നമുയര്‍ത്തുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത് അതിഥി തൊഴിലാളികളായി പുറത്തുള്ളവര്‍ ഇപ്പോഴുള്ള സ്ഥലത്ത് വോട്ടുചേര്‍ക്കട്ടെ എന്നാണ്. അതായത് കാസര്‍കോട്ടും മഞ്ചേശ്വരത്തുമെല്ലാം ഉത്തരേന്ത്യയിലെ വോട്ടര്‍മാരെ ചേര്‍ത്ത് ഇവിടുത്തെയും തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനടക്കമുള്ള വലിയ ഗൂഢ പദ്ധതിയാണ് ഇലക്ഷന്‍ കമ്മീഷന്റെ മൂശയിലുള്ളത്.
രാഹുല്‍ഗാന്ധി പൊട്ടിച്ച ബോംബ് ചെറുതല്ല. അതിന് അണുബോംബിന്റെ ശക്തി തന്നെയുണ്ട്. ഇലക്ഷന്‍ കമ്മീഷന് അതിന് മറുപടിയൊന്നും പറയാനില്ല. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. വിജയിച്ചത് യഥാര്‍ത്ഥ വിജയമല്ല, വോട്ടുകള്‍ മോഷ്ടിച്ച് കള്ളവിജയം നേടിയതാണ്, മഹാരാഷ്ട്രയില്‍ നാല്‍പത് ലക്ഷത്തോളം വോട്ടുകള്‍ ബി.ജെ.പിയും സഖ്യശക്തികളും വ്യാജമായി സംഘടിപ്പിച്ചുവെന്ന് രാഹുല്‍ഗാന്ധി നേരത്തെ തന്നെ ആരോപണം ഉന്നയിച്ചതാണ്. അതിനെ പുച്ഛിച്ചുതള്ളുന്ന സമീപനമാണ് ബി.ജെ.പിയും കമ്മീഷനും സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ കൃത്യമായ തെളിവുകളോടെ വോട്ടുകൊള്ളയെക്കുറിച്ച് ചൂണ്ടിക്കാട്ടിയപ്പോള്‍ മറുപടി പറയാനാകാതെ മറ്റുതരത്തില്‍ ഭീഷണി മുഴക്കുകയാണ് കമ്മീഷന്‍. ബംഗളൂരു സെന്‍ട്രല്‍ ലോക്‌സഭാ മണ്ഡലത്തിലെ ഒരു അസംബ്ലി മണ്ഡലത്തില്‍ മാത്രം ഒരു ലക്ഷം വോട്ടിന്റെ കൃത്രിമമാണ് നടന്നതെന്നാണ് രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടിയത്. ഒരു മുറിയില്‍ നൂറും നൂറ്റമ്പതും പേര്‍ താമസിക്കുന്നതായി രേഖയുണ്ടാക്കി വോട്ടുചേര്‍ക്കുക, അച്ഛനോ അമ്മയോ ഇല്ലാത്ത ആയിരക്കണക്കിന് വോട്ടുകള്‍, വിലാസമില്ലാത്ത ആയിരക്കണക്കിന് വോട്ടുകള്‍... എണ്‍പതും തൊണ്ണൂറും വയസ്സുള്ള കന്നിവോട്ടര്‍മാരുടെ എണ്ണം മുപ്പതിനായിരത്തില്‍പരം... ഇങ്ങനെ വ്യാജവോട്ടുചേര്‍ക്കുന്നതില്‍ ഇലക്ഷന്‍ കമ്മീഷന്റെ ഉദ്യോഗസ്ഥര്‍ക്ക് ഒരറപ്പും ഉളുപ്പുമുണ്ടായില്ലെന്നാണ് രാഹുല്‍ വ്യക്തമാക്കിയത്. ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തിലെ ഏഴില്‍ ആറ് നിയമസഭാ മണ്ഡലത്തിലും ഭൂരിപക്ഷം കോണ്‍ഗ്രസിന്. ഏഴാമത്തെ നിയമസഭാമണ്ഡലമായ മഹാദേവപുരത്ത് ബി.ജെ.പി.ക്ക് ഒന്നേകാല്‍ ലക്ഷത്തിലേറെ വോട്ടിന്റെ ലീഡ്. മറ്റ് ആറ് മണ്ഡലത്തില്‍ നിന്നായി എണ്‍പതിനായിരത്തില്‍പരം വോട്ടിന്റെ ഭൂരിപക്ഷം നേടിയ കോണ്‍ഗ്രസിനെ മഹാദേവപുരത്തെ ഒന്നേകാല്‍ ലക്ഷം വോട്ടിന്റെ ലീഡുകൊണ്ട് മറികടക്കുകയായിരുന്നു ബി.ജെ.പി. ആ ഒന്നേകാല്‍ ലക്ഷത്തില്‍ ഒരുലക്ഷത്തിലേറെയും കള്ളവോട്ടാണെന്നാണ് തെളിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മറ്റ് 25ലേറെ മണ്ഡലങ്ങളിലും ഇതേ അഭ്യാസമാണ് ബി.ജെ.പി പയറ്റിയതെന്നാണ് രാഹുല്‍ഗാന്ധി വ്യക്തമാക്കിയത്. അതില്‍ ഒരു മണ്ഡലമാണ് തൃശൂര്‍. മാസങ്ങളോളം തൃശൂരില്‍ താമസിച്ച് കള്ളവോട്ടുകള്‍ വന്‍തോതില്‍ ചേര്‍ത്തുകൊണ്ടാണ് സുരേഷ്‌ഗോപി വിജയത്തിന് വഴിയൊരുക്കിയതെന്ന് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. പൂങ്കുന്നത്തെ ഒരു വീട്ടമ്മ സ്വമേധയാ ചാനലുകളെ കണ്ട് വ്യക്തമാക്കിയത് താനറിയാതെ തന്റെ വീട്ടുനമ്പറില്‍ ഒമ്പത് വോട്ടര്‍മാരെ ഉദ്യോഗസ്ഥര്‍ ചേര്‍ത്തുവെന്നാണ്. അതിനെക്കുറിച്ച് കലക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും പരിശോധിക്കാന്‍ തയ്യാറായില്ല. പൂങ്കുന്നത്ത് തന്നെ ചില അപ്പാര്‍ട്ട്‌മെന്റുകളില്‍ ഉടമസ്ഥര്‍ അറിയാതെ നൂറുകണക്കിന് വോട്ടുകള്‍ ചേര്‍ത്തതായി ഇപ്പോള്‍ ചാനലുകള്‍ വെളിപ്പെടുത്തുന്നു. മറ്റ് മണ്ഡലങ്ങളിലെ പതിനായിരക്കണക്കിന് വോട്ടര്‍മാരെ തൃശൂരിലെ താമസക്കാരെന്നവതരിപ്പിച്ച് വ്യാജ വോട്ടുകള്‍ ചേര്‍ക്കുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസും ഇടതുപക്ഷവും ആരോപിക്കുന്നത്.
പൂരം കലക്കാന്‍ ശ്രമിച്ച് അതില്‍ നിന്ന് മുതലെടുത്തും മത കാര്‍ഡുകളുപയോഗിച്ചും മാത്രമല്ല, പരക്കെ വ്യാജവോട്ടുചേര്‍ത്തുംകൂടിയാണ് തൃശൂരില്‍ സുരേഷ് ഗോപി വിജയിച്ചതും കേന്ദ്രമന്ത്രിസഭയിലെത്തിയതും എന്നാണ് ആരോപണമുയരുന്നത്. സുരേഷ്‌ഗോപിയുടെ കുടുംബം തന്നെ കള്ളവോട്ട് ചേര്‍ത്തുവെന്നും വ്യക്തമായി. സുരേഷ്‌ഗോപിയുടെ കുടുംബം കൊല്ലത്താണ് താമസിക്കുന്നത്, അവര്‍ക്ക് അവിടെയും തൃശൂരിലും വോട്ട്! അദ്ദേഹത്തിന്റെ സഹോദരനും ഭാര്യക്കും രണ്ട് വോട്ടുവീതം. എന്തെല്ലാം തട്ടിപ്പുകളാണ് തൃശൂരിലെ ലോക്‌സഭാ വോട്ടെടുപ്പില്‍ അരങ്ങേറിയതെന്നതിന്റെ കൂടുതല്‍ കഥകള്‍ വരും ദിവസങ്ങളില്‍ വരുമായിരിക്കാം. സുരേഷ്‌ഗോപിക്കുതന്നെ അഭിനയിക്കാന്‍ പറ്റുന്ന ഒന്നിലേറെ തട്ടുപൊളിപ്പന്‍ സിനിമകള്‍ക്കുള്ള വിഭവങ്ങള്‍ അതില്‍ ഉണ്ടാകാതിരിക്കില്ല.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുകൊണ്ടൊന്നും കുലുങ്ങില്ലെന്ന് വ്യക്തമാണ്. പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസും ചേര്‍ന്ന മൂന്നംഗസമിതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ നിശ്ചയിക്കേണ്ടതെന്ന് സുപ്രീംകോടതി പറഞ്ഞപ്പോള്‍ അതിനെ മറികടക്കാന്‍ നിയമം കൊണ്ടുവന്നത് നരേന്ദ്രമോദി സര്‍ക്കാരാണ്. പ്രധാനമന്ത്രിയും അദ്ദേഹം നിശ്ചയിക്കുന്ന മറ്റൊരു മന്ത്രിയും ചേര്‍ന്നാണ് ഫലത്തില്‍ ഇലക്ഷന്‍ കമ്മീഷനെ നിയോഗിക്കുന്നത്. പ്രതിപക്ഷ നേതാവ് പേരിന് അതില്‍ അംഗമാണെന്ന് മാത്രം.
ഇലക്ഷന്‍ കമ്മീഷനിലെ രണ്ടംഗങ്ങള്‍ എന്‍.ഡി.എ. ഭരണകാലത്ത് രാജിവെക്കുന്ന സ്ഥിതിയുണ്ടായി. നിഷ്പക്ഷസമീപനം സ്വീകരിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ പീഡിതരായാണ് അശോക് ലവാസയ്ക്കും അരുണ്‍ഗോയലിനും കമ്മീഷനില്‍ നിന്ന് പുറത്തുപോകേണ്ടിവന്നതെന്ന് വാര്‍ത്തകളുണ്ടായതും വിവാദമായതുമാണ്. ഇപ്പോള്‍ ഇത്രയധികം തെളിവുകള്‍ പുറത്തുവന്നിട്ടും ശരിയായ അന്വേഷണം നടത്താന്‍ തയ്യാറാകാതെ, തെളിവുകള്‍ പുറത്തുകൊണ്ടുവന്ന ലോകസഭയിലെ പ്രതിപക്ഷനേതാവാടക്കമുളളവരോട് മാപ്പുപറയാന്‍ നിര്‍ദ്ദേശിക്കുകയാണ് കമ്മീഷന്‍. സ്വതന്ത്രമായും നിഷ്പക്ഷമായും പ്രവര്‍ത്തിക്കാന്‍ ബാധ്യതപ്പെട്ട ഇലക്ഷന്‍ കമ്മീഷന്‍ അങ്ങനെയല്ലെന്ന് വരുന്നത് ഏറ്റവും ആപത്കരമാണ്.
ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്ക നിറഞ്ഞതാകുന്നത് ഈ പശ്ചാത്തലത്തിലാണ്.