എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരവും വി.എസ്സും

എന്‍ഡോസള്‍ഫാനടക്കമുള്ള രാസകീടനാശിനികള്‍ക്കെതിരായി രാജ്യവ്യാപകമായി അവബോധം ഉണ്ടാക്കുന്നതില്‍ വി.എസ്. വഹിച്ച പങ്ക് നിസ്തുലമാണ്. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് വി.എസ്. നടത്തിയ പോരാട്ടങ്ങളുടെ പ്രഭവങ്ങളിലൊന്ന് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ പ്രശ്‌നമാണ്.
മുഖ്യമന്ത്രിയായിരിക്കെ വി.എസിനെ ഏറ്റവും ദുഖഭാരത്തോടെ കണ്ട സന്ദര്‍ഭങ്ങളിലൊന്ന് എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തിലെ ഒരു ചോദ്യോത്തരവുമായി ബന്ധപ്പെട്ടാണ്. എന്‍ഡോസള്‍ഫാന്‍ തളിച്ചതിനെ തുടര്‍ന്ന് കാസര്‍ക്കോട് പ്രദേശത്ത് മരണം സംഭവിച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. കൃഷിമന്ത്രിയോടാണ് ചോദ്യം. മന്ത്രി എഴുതിനല്‍കിയ മറുപടി-ഇല്ലെന്നായിരുന്നു. സഭയ്ക്കകത്ത് ചോദ്യമോ ഉത്തരമോ വന്നില്ലെന്നതിനാല്‍ വലിയ വാര്‍ത്തയായില്ല, വിവാദമായതേയില്ല. പക്ഷേ അടുത്താഴ്ച മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 10 പേജിലേറെവരുന്ന ഒരു കവര്‍ സ്റ്റോറിയുണ്ടായിരുന്നു. ശരീരമാകെ കറുത്തകുത്തുപോലെ വ്രണംപിടിച്ച ഒരു കുഞ്ഞിന്റെ കവര്‍ ഫോട്ടോയോട്കൂടി. അത് വായിച്ച വി.എസ് കുറേ നേരം ഒന്നും മിണ്ടിയില്ല. പിന്നെ അതെഴുതിയ എം.എ. റഹ്മാനെ വിളിക്കാന്‍ പറഞ്ഞു. റഹ്മാന്‍ പറഞ്ഞത് മുഴുവന്‍ കേട്ട് ഒന്നോ രണ്ടോ വാക്കുകള്‍ മാത്രം അങ്ങോട്ട് സംസാരിച്ച് പരിക്ഷീണിതനായി വി.എസ്. ഇരുന്നു.
എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പറഞ്ഞറിയിക്കാനാവാത്ത ദുരിതത്തിന്റെ ഹൃദയസ്പര്‍ശിയായ വിവരണമായിരുന്നു മാതൃഭൂമി കവര്‍ സ്റ്റോറി. മുഖ്യമന്ത്രി ഉടന്‍തന്നെ കൃഷിമന്ത്രിയെ വിളിച്ചുവരുത്തി. കൃഷി വകുപ്പിലെ ഉദ്യോഗസ്ഥര്‍ നല്‍കിയ ഉത്തരം സാധാരണപോലെ നല്‍കിയതാണ് മന്ത്രി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തിലേക്ക് നിയമസഭയുടെ ശ്രദ്ധ ക്ഷണിച്ചത് വി.എസ്സാണ്- 2002ല്‍. കാസര്‍ക്കോട്ട പരിസ്ഥിതിപ്രവര്‍ത്തകര്‍ മണിക്കൂറുകളോളമെടുത്താണ് എന്‍ഡോസള്‍ഫാന്‍ വിഷവര്‍ഷത്തെയും അതുണ്ടാക്കുന്ന ദുരന്തത്തെയും കുറിച്ച് വി.എസി.നെ ബോധ്യപ്പെടുത്തിയത്. മാതൃഭൂമിയില്‍ പ്രസിദ്ധപ്പെടുത്തിയ, മധുരാജ് പകര്‍ത്തിയ ഫോട്ടോകള്‍ കണ്ട് നടുങ്ങിയ വി.എസ്. അടുത്തദിവസംതന്നെ എന്‍മകജെയും ബോവിക്കാനവുമടക്കമള്ള സ്ഥലങ്ങളില്‍ച്ചെന്ന് നേരിട്ടു കാര്യങ്ങള്‍ മനസ്സിലാക്കി. ചോരയും കണ്ണീരും ഘനീഭവിച്ച ചിത്രങ്ങള്‍ കാട്ടിയാണ് വി.എസ്. നിയമസഭയില്‍ എന്‍ഡോസള്‍ഫാന്‍ ഭീകരത തുറന്നുകാട്ടിയത്. അന്ന് മറുപടി പറഞ്ഞ കൃഷിമന്ത്രി കെ.ആര്‍. ഗൗരിയമ്മ എന്‍ഡോസള്‍ഫാന്‍ മൂലം പാരിസ്ഥിതിക പ്രശ്‌നമുണ്ടായിട്ടേയില്ല, ആരും മരിച്ചിട്ടുമില്ല എന്ന ഖണ്ഡിതമായ മറുപടിയാണ് നല്‍കിയത്. ഏതാനും ദിവസത്തിനകം വീണ്ടും കാസര്‍ക്കോട്ട് പോയ വി.എസ്. ഒരിക്കല്‍ക്കൂടി എന്‍ഡോസള്‍ഫാന്‍ ഇരകളെ കാണുകയും എല്‍.ഡി.എഫ്. നേതൃത്വത്തിലുള്ള സമരം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. അതോടെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം ഗൗരവത്തിലെടുക്കുന്നത്. അത്രവരെ കൃഷിശാസ്ത്രജ്ഞരുടെയും കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരുടെയും വാദത്തിന്റെ പിന്നിലായിരുന്നു അവരില്‍ ഭൂരിഭാഗവും. ഇത്തരത്തില്‍ താന്‍ ഇടപെട്ട ഒരു ജീവല്‍പ്രശ്‌നത്തില്‍ തികച്ചും നിഷേധാത്മകമായ ഒരു മറുപടിയുണ്ടായതാണ് വി.എസ്സിനെ വിഷമിപ്പിച്ചത്.
കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ആശ്വാസ പദ്ധതി പ്രഖ്യാപനത്തിന് 2006 ആഗസ്ത് 11ന് വി.എസ്. എത്തിയപ്പോള്‍
ആ ദിവസം എന്തോ ആവശ്യത്തിനായി കാസര്‍ക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ സെക്രട്ടേറിയറ്റിലുണ്ടായിരുന്നു. അദ്ദേഹത്തെ വി.എസ്. വിളിപ്പിച്ചു. ഒരാഴ്ചക്കകം എന്‍ഡോസള്‍ഫാന്‍ ബാധിതമേഖലയില്‍ പോയി വിവരശേഖരണം നടത്തി അയക്കണം. എത്ര പേര്‍ മരിച്ചിട്ടുണ്ട്, എത്ര പേര്‍ ഭിന്നശേഷിക്കാരായിട്ടുണ്ട് എന്നുതുടങ്ങി പ്രഥാമിക വിവരശേഖരണം. 178 പേര്‍ മരിച്ചെന്ന വിവരം ഒരാഴ്ച്ചക്കകം ലഭിച്ചു. മൂന്നു ദിവസത്തിനകം വി.എസും ആരോഗ്യമന്ത്രി പി.കെ. ശ്രീമതിയും കാസര്‍ക്കോട്ടെത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അര ലക്ഷം രൂപ വീതം ആശ്വാസ ധനസഹായം വിതരണം ചെയ്തു. യഥാര്‍ഥ മരണസംഖ്യ 600ല്‍ അധികമാണെന്ന പരാതി ലഭിച്ചതിനാല്‍ വീണ്ടും സൂക്ഷ്മമായ സര്‍വേ നടത്തി. ജനപ്രതിനിധികളുടെ യോഗം തിരുവനന്തപുരത്ത് വിളിച്ച് എന്‍ഡോസള്‍ഫാന്‍ ഇരകളെ പുനരധിവസിപ്പിക്കുന്നതിനുള്ള കര്‍മപദ്ധതി തയ്യാറാക്കി. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ചെറിയ അലവന്‍സ് പ്രഖ്യാപിച്ചു. ചികിത്സാസംവിധാനമുണ്ടാക്കുകയും ആസ്പത്രിയിലെത്തിക്കാന്‍ 11 പഞ്ചായത്തിലും ഓരോ വാഹനം ഏര്‍പ്പെടുത്തുകയും ചെയ്തു. എന്‍ഡോസള്‍ഫാന്‍ പുനരധിവാസ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സെക്രട്ടേറിയറ്റില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേകം സംവിധാനമുണ്ടാക്കി. ആരോഗ്യ സെക്രട്ടറി ഉഷാ ടൈറ്റസിനെ മേല്‍നോട്ട ചുമതലയേല്‍പ്പിച്ചു. ഇതെല്ലാം അപര്യാപ്തമായിരുന്നു, പിന്നീട് എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ കൂടുതല്‍ സഹായമെത്തിക്കുന്നതിനുള്ള പദ്ധതികളുണ്ടായി. അതിനെല്ലാം തുടക്കമിട്ടത് വി.എസ്. നടത്തിയ കര്‍ക്കശമായ ഇടപെടലാണെന്നതാണ് വസ്തുത. എന്‍ഡോസള്‍ഫാന്‍ ലോകവ്യാപകമായി നിരോധിക്കണമെന്ന ആവശ്യമുയര്‍ത്തുകയും കീടനാശിനികള്‍ സംബന്ധിച്ച ഐക്യരാഷ്ട്ര സമ്മേളനം സ്‌റ്റോക്ക്‌ഹോമില്‍ നടക്കുന്ന ദിവസം തിരുവനന്തപുരത്ത് മന്ത്രിസഭാംഗങ്ങള്‍ പങ്കെടുത്ത് നിരാഹാര സത്യാഗ്രഹം നടത്തുകയും ചെയ്തു. സ്റ്റോക്ക് ഹോം കണ്‍വെന്‍ഷനിലേക്ക് കേരളം പ്രതിനിധിയെ അയച്ചു. ഇന്ത്യാ ഗവര്‍ണ്‍മെന്റ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെടണമെന്നാണ് വി.എസിന്റെ നേതൃത്വത്തില്‍ നടന്ന സത്യാഗ്രഹത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇന്ത്യാ ഗവണ്‍മെന്റ് കുറേക്കാലംകൂടി എന്‍ഡോസള്‍ഫാന്‍ ഉപയോഗം തുടരണമെന്നാണാവശ്യപ്പെട്ടത്. എന്‍ഡോസള്‍ഫാനടക്കമുള്ള രാസകീടനാശിനികള്‍ക്കെതിരായി രാജ്യവ്യാപകമായി അവബോധമുണ്ടാക്കുന്നതില്‍ വി.എസ്. വഹിച്ച പങ്ക് നിസ്തുലമാണ്. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് വി.എസ്. നടത്തിയ പോരാട്ടങ്ങളുടെ പ്രഭവങ്ങളിലൊന്ന് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ പ്രശ്‌നമാണ്.
കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ കുട്ടിയെ വി.എസ് അച്യുതാനന്ദന്‍ സന്ദര്‍ശിക്കുന്നു (ഫയല്‍ ചിത്രം)
എന്‍ഡോസള്‍ഫാന്‍ പ്രശ്‌നവുമായി ബന്ധപ്പെട്ടുതന്നെ മുഖ്യന്ത്രിയായിരിക്കെ മൂന്നു തവണയാണ് വി.എസ്. കാസര്‍കോട്ടെത്തിയത്. അത്തരം സന്ദര്‍ശനങ്ങളിലൊന്നില്‍ അംബികാസുതന്‍ മാങ്ങാടിന്റെ എന്‍മകജെ നോവലിന്റെ പുതിയ പതിപ്പ് പ്രകാശനം ചെയ്തതായും ആദ്യ പതിപ്പിന്റെ റോയല്‍റ്റി എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ക്ഷേമ പ്രവര്‍ത്തനത്തിനായി ഏറ്റുവാങ്ങിയതായും ഓര്‍ക്കുന്നു. 2009ലാണ് കാസര്‍കോട് ഗവ. കോളേജിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനംചെയ്യാന്‍ മുഖ്യമന്ത്രി വി.എസ്. എത്തിയത്. അന്ന് അംബികാസുതന്‍ മാങ്ങാടാണെന്ന് തോന്നുന്നു, വി.എസിന്റെ ശ്രദ്ധയില്‍ ഒരു കാര്യം കൊണ്ടുവന്നു. കാസര്‍കോട് ഗവ. കോളേജില്‍ ബി.എ. മലയാളം കോഴ്‌സ് ഇതേവരെ അനുവദിക്കപ്പെട്ടിട്ടില്ല. നിവേദനം തരൂ നോക്കാം എന്നായി വി.എസ്. വിദ്യാര്‍ഥിസംഘനകളുടെയും മറ്റുമായി നിവേദനം അതിവേഗം ലഭ്യമായി. ആഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുമ്പോള്‍ത്തന്നെ വി.എസ്. നടത്തിയ പ്രഖ്യാപനം വിദ്യാഭ്യാസ മന്ത്രിയുമായി ആലോചിച്ച് അതിവേഗം ബി.എ. മലയാളം കോഴ്‌സ് അനുവദിക്കാന്‍ നടപടിയെടുക്കുമെന്നാണ്. അടുത്ത അധ്യയന വര്‍ഷംതന്നെ അത് നടപ്പാവുകയുംചെയ്തു. അത്യുത്തരകേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്ത് ഐ.എച്ച്.ആര്‍.ഡി.യുടെ അപ്ലൈഡ് സയന്‍സ് കോളേജ് അനുവദിക്കാനും തുളു അക്കാദമി സ്ഥാപിക്കാനുമെല്ലാം നടപടി സ്വീകരിച്ചതും സ്മരണീയമാണ്.