ആ കൊലയാളി രാഷ്ട്രത്തെ ഇന്ത്യ പിന്തുണക്കുകയോ...
അമേരിക്കയുടെ പിന്‍ബലത്തോടെ ഇസ്രായേലിലെ സിയോണിസ്റ്റ് കാപാലിക ഭരണം പലസ്തീനിലെ നാനൂറില്‍പരം പേരെക്കൂടി കൂട്ടക്കൊല ചെയ്തിരിക്കുന്നു. വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെ അതിനെ തൃണവല്‍ഗണിച്ചാണ് പരിശുദ്ധ റമദാന്‍ നോമ്പനുഷ്ഠിക്കുന്ന കുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധരുമെല്ലാമടങ്ങിയ ജനക്കൂട്ടത്തെ കൊന്നൊടുക്കുന്നത്. അമേരിക്കയില്‍ വീണ്ടും അധികാരമേറ്റ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് മാനസികമായ വൈകല്യത്തിന് അടിപ്പെട്ടിട്ടെന്ന പോലെയാണ് പെരുമാറുന്നതെന്ന് ആ രാജ്യത്ത് നിന്നുതന്നെ വലിയ തോതില്‍ വിമര്‍ശനമുയരുന്നുണ്ട്. ഇസ്രായേലിലെ നെതന്യാഹുഭരണത്തിന്റെ ചോരക്കൊതിക്ക് കൂട്ടുനിന്നുകൊണ്ട് പലസ്തീന്‍ രാഷ്ട്രത്തെ ഭൂമുഖത്തുനിന്ന് നിശ്ശേഷം ഇല്ലാതാക്കാനും ആ സ്ഥലം അമേരിക്കയുടെ പാവഭരണകൂടത്തിന് സമാനമായ ഇസ്രായേലിന്റേതാക്കി മാറ്റാനുമാണ് ശ്രമിക്കുന്നത്.
ട്രംപ് അധികാരമേറ്റ ഉടന്‍ പ്രഖ്യാപിച്ചത് ഗാസയിലെ പലസ്തീനികള്‍ അവിടെനിന്ന് ഒഴിഞ്ഞുപോകണം, അവരെ അറബ് രാഷ്ട്രങ്ങള്‍ സ്വീകരിക്കണം എന്നാണ്. ഇപ്പോള്‍ ട്രംപ് പറയുന്നത് പലസ്തീനികള്‍ അവരുടെ പിതൃഭൂമി വിട്ട് ആഫ്രിക്കയിലെ സോമാലിയയിലേക്കോ സുഡാനിലേക്കോ മറ്റോ പോകണമെന്നാണ്. അമേരിക്കന്‍ ഭരണകൂടം മുമ്പ് ലോകപോലീസായാണ് അഭിനയിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ലോകത്തിന്റെയാകെ നശീകരണത്തിനായി ശ്രമിക്കുകയാണ്. പലസ്തീന്‍ ജനതയുടെ സ്വന്തം മണ്ണായ ഗാസാ ചീന്തില്‍ നിന്ന് അവര്‍ എങ്ങോട്ടെങ്കിലും ഓടിപ്പോയ്‌ക്കൊള്ളണം, ആ ഭൂമി ഇസ്രായേലിന് വിട്ടുകൊടുക്കണം, അവിടെ അമേരിക്ക ടൂറിസം കേന്ദ്രമാക്കി മാറ്റും എന്നാണ് പറയുന്നത്. ഭ്രാന്തമായ ഈ പ്രഖ്യാപനങ്ങളോട് അര വാക്കെങ്കിലും എതിര്‍ത്ത് പറയാന്‍ നമ്മുടെ രാജ്യത്തെ പ്രധാനമന്ത്രിയും വിദേശമന്ത്രിയും തയ്യാറായില്ലെന്ന് മാത്രമല്ല, ഈ കൂട്ടക്കൊലകള്‍ നടക്കുമ്പോള്‍ ട്രംപിന്റെ അതിഥിയായി ട്രംപിന്റെ പ്രശംസ കേട്ട് ആനന്ദിച്ചിരിക്കുകയുമാണ്. ജവഹാര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയും മാത്രമല്ല വാജ്‌പേയി നേതൃത്വം നല്‍കിയ സര്‍ക്കാര്‍പോലും വലിയൊരളവോളം ചേരിചേരാനയത്തില്‍ ഉറച്ചുനില്‍ക്കുകയുണ്ടായി. ചേരിചേരാ നയം ഇന്ത്യ വികസിപ്പിച്ചെടുത്തത് ലോകസമാധാനം എന്ന തത്വത്തില്‍ ഊന്നിയാണ്. ചെറു രാജ്യങ്ങളെ, മൂന്നാം ലോകരാജ്യങ്ങളെ സംരക്ഷിക്കുകയെന്ന വിശാല താല്‍പര്യത്തില്‍ ഊന്നുന്നതായിരുന്നു ചേരിചേരാനയം. അതിനെ കാറ്റില്‍പറത്തി അമേരിക്കയുടെ ആക്രമണ പ്രോത്സാഹന നയത്തെ പൂര്‍ണമായി പിന്തുണക്കുകയാണിപ്പോള്‍. മതിയായ രേഖകളില്ലെന്ന് പറഞ്ഞ് നൂറുകണക്കിനാളുകളെ ട്രംപ് ഭരണകൂടം പുറത്താക്കിയത് കയ്യുംകാലും ചങ്ങലയാല്‍ ബന്ധിച്ചാണ്. മറ്റ് രാഷ്ട്രങ്ങള്‍ അതില്‍ പ്രതിഷേധിച്ചപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഒരക്ഷരം ഉരിയാടിയില്ല.
ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്നത് വംശീയ ഉന്മൂലനമാണ്. പാശ്ചാത്യവാര്‍ത്താമാധ്യമങ്ങള്‍ ഹമാസ്- ഇസ്രായേല്‍ യുദ്ധമെന്ന് അതിനെ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും നടക്കുന്നത് ഏകപക്ഷീയമായ ഉന്മൂലമാണ്. ഹമാസ് നടത്തിയ ഗറില്ലാ ആക്രമണത്തില്‍ ആയിരത്തിലധികം ഇസ്രായേലികള്‍ കൊല്ലപ്പെട്ടത് 2023 ഒക്ടോബര്‍ ആദ്യമാണ്. അതൊരു തുടക്കമായിരുന്നില്ല. അതിന് മുമ്പ് ഒന്നര ഡസനിലേറെത്തവണ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള പ്രത്യാക്രമണമായിരുന്നു. ഹമാസ് നടത്തിയ ആ ആക്രമണവും അതില്‍ സാധാരണ ഇസ്രായേലി പൗരര്‍ കൊല്ലപ്പെട്ടതും ആര്‍ക്കും അംഗീകരിക്കാനാവുന്നതല്ല. അതിന് പലസ്തീന്‍ ജനതയാകെ ഉത്തരവാദികളുമല്ല. ഹമാസ് മാത്രമാണ് ഉത്തരവാദി. എന്നാല്‍ അതുണ്ടായ സാഹചര്യം നെതന്യാഹു ഭരണകൂടത്തിന്റെ മനുഷ്യത്വരഹിതമായ കടന്നാക്രമണങ്ങളാണ് എന്നത് വിസ്മരിച്ചുകൂട.
2023 ഒക്ടോബര്‍ ഏഴിന് ഇസ്രായേല്‍ യുദ്ധം തുടങ്ങിയ ശേഷം ഗാസയിലെ പലസ്തീനികളായ 62572 പേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ് നരകയാതനയനുഭവിക്കുന്നവര്‍ ഒരുലക്ഷത്തി പതിമൂവായിരത്തിലേറെപ്പേരാണ്. ഇതിന് പുറമെയാണ് വെസ്റ്റ്ബാങ്കില്‍ ബോംബിട്ട് 905 പേരെ സിയോണിസ്റ്റ് പട്ടാളം കൊലചെയ്തത്. ഇതിന് പുറമെ പലസ്തീന്‍കാരെ അനുകൂലിക്കുന്നുവെന്ന പേരില്‍ സിറിയയിലും യെമനിലുമെല്ലാം ഇസ്രായേലും അമേരിക്ക നേരിട്ടുതന്നെയും ബോംബാക്രമണം നടത്തുന്നു. യെമനിലെ ഹൂതി തീവ്രവാദികളെ കൊന്നൊടുക്കുമെന്ന് അമേരിക്കന്‍ സാമ്രാജ്യത്വം ഭീഷണിമുഴക്കുകയാണ്. പ്രത്യക്ഷമായ ആക്രണമവും തുടങ്ങിക്കഴിഞ്ഞു. പശ്ചിമേഷ്യയെ എന്നും സംഘര്‍ഷഭൂമിയാക്കി നിലനിര്‍ത്തി നേട്ടംകൊയ്യുകയെന്നത് അമേരിക്കയുടെ സ്ഥിരംനയമാണ്. ഇറാനെ വിരട്ടുകയെന്നത് അമേരിക്കയുടെ ലക്ഷ്യമാണ്. പലസ്തീനികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച ഹൂതികളുടെ സമയമായി എന്ന ട്രംപിന്റെ പ്രഖ്യാപനവും തുടര്‍ന്ന് യെമനില്‍ ബോംബിട്ട് 53 ഹൂതികളെ കൊന്നതും വലിയ സൂചനകളാണ് നല്‍കുന്നത്. അമേരിക്ക വിദേശരാജ്യങ്ങളില്‍ നേരിട്ടുതന്നെ ആക്രമണം നടത്താന്‍ തുടങ്ങുകയായി. ഗാസയില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശീയ ഉന്മൂലനത്തിലും നേരിട്ടുതന്നെ അമേരിക്ക സീനിയര്‍ പങ്കാളിയായേക്കാം.
യുദ്ധഭൂമിയില്‍പോലും ചില നിയമങ്ങളുണ്ടല്ലോ. ആസ്പത്രികളും സ്‌കൂളുകളും ബോംബിട്ട് തകര്‍ക്കാതിരിക്കുക, സാധാരണക്കാരെ ആക്രമിക്കാതിരിക്കുക- എന്നാല്‍ ഇസ്രായേലിന്റെ പദ്ധതി പലസ്തീനികളുടെ ജന്മഭൂമി മുഴുവന്‍ കൈക്കലാക്കലാണ്. അതിനായി മുഴുവന്‍ പലസ്തീനികളെയും കൊല്ലുന്നതിനാണവരുടെ നീക്കം. ഇപ്പോഴത്തെ ഗാസയുദ്ധത്തില്‍ പലസ്തീനിലെ ആസ്പത്രികളെല്ലാം തകര്‍ത്തു, ആയിരത്തിലധികം പലസ്തീനി ആരോഗ്യപ്രവര്‍ത്തകരെ കൊന്നു. 170 മാധ്യമപ്രവര്‍ത്തകരെ കൊലചെയ്തു. ഗാസയിലെ പലസ്തീന്‍ ജനതക്ക് സഹായമെത്തിക്കാന്‍ പോയ ഐക്യരാഷ്ട്രസംഘടനയുടെ 137 ഉദ്യോഗസ്ഥരെയാണ് ഇതിനകം ഇസ്രായേലി സൈന്യം കൊലചെയ്തത്.
ഗാസയിലെ കുട്ടികളെ കൊലചെയ്യുന്നതിന് ഇസ്രായേല്‍ സൈന്യം പ്രത്യേകം ശ്രദ്ധിക്കുകയാണ്. കുട്ടികള്‍ വളര്‍ന്നുവന്ന് ഭാവിയില്‍ തങ്ങളുടെ കിരാതഭരണത്തിന് ഭീഷണിയാകരുതെന്ന കരുതല്‍. പലസ്തീനിലെ ആസ്പത്രികള്‍ മുഴുവന്‍ ബോബിട്ടുതകര്‍ക്കുന്നതിലും അവിടെ പുതിയ പ്രജനനം പോലും ഇല്ലാതാക്കുന്നതിനും ഇസ്രായേലി സൈന്യം കിരാത നടപടികള്‍ സ്വീകരിക്കുന്നു. ഒരു ജനതയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനാണ് ശ്രമം. ഇതിനെ ലോകസമൂഹത്തിന് എതിര്‍ക്കാനാവുന്നില്ലെന്നതാണ് പരിതാപകരം. ഐക്യരാഷ്ട്ര സംഘടനയെയും ലോകാരോഗ്യ സംഘടനയെയുമെല്ലാം തകര്‍ക്കുന്നതിന് കൂടി അമേരിക്കയും ഇസ്രായേലും ശ്രമിക്കുകയാണ്. ഐക്യരാഷ്ട്രസംഘടനക്ക് നല്‍കേണ്ട വരിസംഖ്യ വെട്ടിക്കുറക്കുകയാണ് അമേരിക്ക. ആധുനിക കാലത്ത് ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിലാണ് ഗാസയിലെ ഉന്മൂലനം നടക്കുന്നത്.
വെസ്റ്റ് ബാങ്കും ഗാസാചീന്തും ജോര്‍ദാന്‍ നദിക്ക് പടിഞ്ഞാറും ചാവുകടലിന് വടക്കുപടിഞ്ഞാറുമുള്ള വെസ്റ്റ് ബാങ്കും മധ്യധരണ്യാഴിയുടെ തീരത്തുള്ള ഗാസചീന്തും കിഴക്കന്‍ ജറുസലേമും ചേര്‍ന്നതാണ് പലസ്തീന്‍. രണ്ടാം ലോകയുദ്ധാനന്തരം പലസ്തീനിനെ വിഭജിച്ച് ഇസ്രായേലിന് പകുത്തുനല്‍കിയ ബ്രിട്ടീഷ് കൊളോണിയല്‍ സര്‍ക്കാറിന്റെ തീരുമാനം ഏകപക്ഷീയമായിരുന്നു. തങ്ങള്‍ക്ക് ഇരിപ്പിടം ലഭിച്ചതോടെ ലോകത്തെങ്ങുമുള്ള ഇസ്രായേലികളെ ആ മേഖലയിലേക്ക് ക്ഷണിച്ചുകൊണ്ടുവന്ന് വംശീയമായ വൈകാരികവും ഭ്രാന്തവുമായ ഒരന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. അമേരിക്കയുടെയും മറ്റ് പാശ്ചാത്യകോയ്മകളുടെയും പിന്‍ബലത്തോടെ ഇസ്രായേലില്‍ എത്തിപ്പെട്ട ജൂതര്‍ കയ്യേറിക്കയ്യേറി പലസ്തീനില്‍ അധിനിവേശം നടത്തുകയായിരുന്നു. പിന്നീട് പലതവണയായി നടന്ന യുദ്ധങ്ങളിലൂടെ പലസ്തീനികളെ കൊന്നുകൊന്ന് ഭൂമി കയ്യടക്കുകയായിരുന്നു. പലസ്തീന്‍ പ്രശ്‌നപരിഹാരത്തിന് ഇന്ത്യയടക്കമുള്ള ചേരിചേരാ രാഷ്ട്രങ്ങള്‍ അക്കാലത്ത് വലിയ സംഭാവനയാണ് ചെയ്തത്. പലസ്തീന്‍ ലിബറേഷന്‍ ആര്‍മിയുടെ മേധാവിയായ യാസര്‍ അരാഫത്ത് ലോകത്തെങ്ങുമുള്ള സാമ്രാജ്യത്വവിരുദ്ധ പോരാളികളുടെ ആവേശമായിരുന്നു. എന്നാല്‍ ഒരു ഘട്ടത്തില്‍ അരാഫത്തിനെയടക്കം ദുര്‍ബലപ്പെടുത്തി ഗാസയിലും മറ്റും തീവ്രവാദ ശക്തികള്‍ പലസ്തീന്‍ വിമോചനപോരാട്ടത്തിന്റെ നേതൃത്വം പിടിച്ചെടുക്കുന്ന സ്ഥിതിവന്നു. ഹമാസ് അടക്കം അതിന്റെ ഭാഗമാണെന്ന ആരോപണവുമുയര്‍ന്നതാണ്. വിമോചനപോരാട്ടത്തെ തകര്‍ക്കാന്‍ സംഘടനയ്ക്കകത്ത് ശിഥിലീകരണമുണ്ടാക്കാന്‍ അമേരിക്കതന്നെ ചരടുവലിച്ചെന്ന ആരോപണവും നിലനില്‍ക്കുന്നു.
അതെന്തായാലും പശ്ചിമേഷ്യയില്‍ സമാധാനം പുലരണം, പലസ്തീന്‍ ജനതക്ക് അവരുടെ ജന്മഭൂമിയില്‍ സ്വതന്ത്രപരമാധികാരം ലഭ്യമാകണം- അതിന് ഐക്യരാഷ്ട്ര സംഘടന മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശം ദ്വിരാഷ്ട്രമാണ്. അതായത് ഇന്നത്തെ പലസ്തീന്‍ അതോറിറ്റിയല്ല, പലസ്തീന്‍ എന്ന സ്വതന്ത്രപരമാധികാര രാഷ്ട്രം വേണം. യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് ഇക്കാര്യം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചതാണ്. എന്നാല്‍ ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ പലസ്തീന്‍ അനുകൂല പ്രമേയങ്ങളെയെല്ലാം അമേരിക്ക വീറ്റോ ചെയ്യുകയാണ്. തെമ്മാടി രാഷ്ട്രമായ ഇസ്രായേലിനെ കലവറയില്ലാതെ പിന്തുണക്കുകയും പണവും ആയുധവുമെല്ലാം നല്‍കുകയുമാണ് അമേരിക്ക. അമേരിക്കയുടെ വാലായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രങ്ങളും ആ തെമ്മാടിരാഷ്ട്രത്തിന്റെ കൊടുംക്രൂരതകള്‍ക്ക്, വംശീയ ഉന്മൂലനത്തിന് കൂട്ടുനില്‍ക്കുകയാണ്. പഴയ ചേരിചേരാ രാഷ്ട്രനേതൃരാജ്യമായ, നെഹ്‌റുവും ഇന്ദിരാഗാന്ധിയും നയിച്ച ഇന്ത്യ, ഫലത്തില്‍ അമേരിക്കക്കും ഇസ്രായേലിനും പരോക്ഷമല്ല, പ്രത്യക്ഷ പിന്തുണതന്നെ നല്‍കുന്നുവെന്ന് പറയേണ്ടിവരുന്നത് എത്രമാത്രം ദു:ഖകരമാണ്. അടല്‍ബിഹാരി വാജ്‌പേയിയും ലാല്‍കൃഷ്ണ അദ്വാനിയും നേതൃത്വം നല്‍കിയ ന്‍.ഡി.എ. ഗവണ്‍മെന്റിന്റെ നിലവാരത്തില്‍ നിന്നുപോലും എത്ര താഴേക്കാണ് ഇപ്പോഴത്തെ പോക്ക്. 1977ല്‍ മൊറാര്‍ജ് ദേശായിയുടെ മന്ത്രിസഭയില്‍ വിദേശവകുപ്പ് കൈകാര്യംചെയ്ത അടല്‍ബിഹാരി വാജ്‌പേയ് കാണിച്ച തുറസ്സ് കാണാന്‍ എന്തുകൊണ്ടാണ് മോദിക്ക് സാധിക്കാത്തത്. രാഷ്ട്രീയക്കാരനല്ലാത്ത, വിദേശകാര്യവിദഗ്ധനായ ഉദ്യോഗസ്ഥന്‍ മാത്രമായിരുന്ന ജയശങ്കര്‍ ഇതൊന്നും എന്തുകൊണ്ട് കാണാത്തതുപോലെ നില്‍ക്കുന്നു. ലോകസമാധാനത്തിന് ഏറ്റവും വലിയ പങ്കുവഹിക്കാന്‍ കഴിയേണ്ട രാഷ്ട്രമാണ് നമ്മുടേത് എന്നത് എന്തുകൊണ്ട് മറന്നുപോകുന്നു... സമാധാനമല്ല, വംശീയമാണ്, സ്വത്വരാഷ്ട്രീയമാണ് പ്രധാനം എന്നതിനാലോ...