മതേതരത്വവും സോഷ്യലിസവും ഭരണഘടനയും

ഇന്ത്യയെ മതനിരപേക്ഷ രാഷ്ട്രം, മതേതര ജനാധിപത്യ രാഷ്ട്രം എന്ന അവസ്ഥയില്‍ നിന്ന് മതരാഷ്ട്രമാക്കി മാറ്റാനുള്ള ബഹുവിധ നീക്കങ്ങളാണ് നടക്കുന്നത്.

ഒരാഴ്ച മുമ്പ് അമരാവതിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സുപ്രിംകോടതി ചീഫ് ജസ്റ്റീസ് ബി.ആര്‍. ഗവായ് അടിവരയിട്ടു പറഞ്ഞത് ഭരണഘടനയാണ് ഏറ്റവും ആധികാരികമെന്നാണ്, അടിസ്ഥാനമെന്നാണ്, പരമോന്നതമെന്നാണ്. ഭരണഘടനയില്‍ ഭേദഗതിവരുത്താന്‍ പാര്‍ലമെന്റിന് അധികാരമുണ്ട്, എന്നാല്‍ അതിന്റെ അടിസ്ഥാന പ്രമാണങ്ങളെ മാറ്റിമറിക്കാനാവില്ല എന്നാണദ്ദേഹം കൂട്ടിച്ചേര്‍ത്തത്. ഭരണഘടനയോ പാര്‍ലമെന്റോ ഏതാണ് പരമോന്നതം എന്ന ചോദ്യത്തിന്റെ ഉത്തരം ഭരണഘടനയെന്നുതന്നെയാണെന്ന് ചീഫ് ജസ്റ്റിസ് ഉറപ്പിച്ചുപറഞ്ഞു. ജൂഡീഷ്യറിയും എക്‌സിക്യൂട്ടീവും പാര്‍ലമെന്റുമെല്ലാം ഭരണഘടനയ്ക്ക് കീഴെയാണ്.

സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഒരു മുന്നറിയിപ്പുപോലെ ഈ പ്രസ്താവന നടത്തിയ സാഹചര്യം പ്രധാനമാണ്. ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് മതേതരത്വവും സോഷ്യലിസവും എടുത്തുകളയണമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബോള ആവശ്യപ്പെട്ടത് കഴിഞ്ഞാഴ്ചയാണ്. ആര്‍.എസ്.എസ്. ദേശീയ ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവം വ്യക്തിപരമല്ല. ആ സംഘടനയുടേതും ആ സംഘടന നയിക്കുന്ന സംഘപരവാറിന്റെയാകെ ലക്ഷ്യമാണ് എന്നതിന് തെളിവാണ് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ നടത്തിയ പ്രസ്താവന. ഭരണഘടനയെയും നീതിപീഠത്തെയും നിരന്തരം താഴ്ത്തിക്കെട്ടുന്ന സമീപനം തുടരുന്നയാളാണ് ധന്‍കര്‍. തിരഞ്ഞെടുപ്പ് കമ്മീഷനെ തിരഞ്ഞെടുക്കുന്ന സമിതിയില്‍ ചീഫ് ജസ്റ്റിസും വേണമെന്ന് സുപ്രിംകോടതി നിര്‍ദ്ദേശിച്ചപ്പോഴടക്കം അത് പ്രകടിപ്പിച്ചതാണ്.

ഏറ്റവുമൊടുവില്‍ ബി.ജെ.പിയുടെ എം.പിമാരില്‍ പലരും ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവനയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. കേരളാ സ്റ്റോറി എന്ന പേരില്‍ സംഘപരിവാര്‍ സ്‌പോണ്‍സര്‍ ചെയ്ത് പുറത്തിറക്കിയ കള്ളക്കഥാസിനിമയെ വരെ ഉദ്ധരിച്ചുകൊണ്ടാണ് മതേതരത്വത്തിനെതിരെ നിരന്തരം ആക്ഷേപം നടത്തുന്നത്.

ഭരണഘടനാ സംരക്ഷണത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനമാണ് ഈ കാലഘട്ടത്തിലെ ഏറ്റവും പരമപ്രധാനമായ കര്‍ത്തവ്യം. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുവേളയില്‍ രാഹുല്‍ഗാന്ധിയടക്കമുള്ള നേതാക്കള്‍ ഭരണഘടന കയ്യില്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രാചരണം നടത്തിയത്. ബി.ജെ.പിയാകട്ടെ നാനൂറ് സീറ്റ് നേടി ഭരണത്തുടര്‍ച്ച നേടുമെന്ന് അവകാശപ്പെട്ടു. എന്നാല്‍ നാനൂറ് സീറ്റ് ലഭിച്ചാല്‍, മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ ഭരണഘടന പൊളിച്ചെഴുതുകയാണ് ബി.ജെ.പി. ലക്ഷ്യമിട്ടത്.

എന്തായാലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടിയില്ലെന്നുമാത്രമല്ല, തനിച്ച് ഭൂരിപക്ഷമില്ലാത്ത അവസ്ഥയിലായി ബി.ജെ.പി. ബീഹാറിലെ സ്ഥിരം കൂറുമാറ്റക്കരനായ നിതീഷ്‌കുമാറിന്റെയും കൂറുമാറ്റത്തില്‍ നിതീഷുമായി മത്സരിക്കുന്ന ആന്ധ്രയിലെ ചന്ദ്രബാബു നായിഡുവിന്റെയും പിന്തുണയോടെയാണ് മോദി സര്‍ക്കാറിന്റെ നിലനില്‍പ്. മതേതര പാര്‍ട്ടിയാണ് തങ്ങളുടേതെന്നവകാശപ്പെടുന്ന നിതീഷിന്റെയും നായിഡുവിന്റെയും മുമ്പില്‍ ബി.ജെ.പി. നേതൃത്വം ഭരണഘടനാസംരക്ഷകരായാണ് പ്രത്യക്ഷപ്പെട്ടത്. പ്രധാനമന്ത്രി മോദി ഭരണഘടനാ പുസ്തകവുമായാണ് മൂന്നാം വട്ടത്തെ അധികാരാരോഹണത്തിന് ശേഷം പാര്‍ലമെന്റിലെത്തിയത്. ഭരണഘടനയില്‍ കാതലായ ഭേദഗതിവരുത്താന്‍ മാത്രം പാര്‍ലമെന്റില്‍ പിന്തുണയില്ലാത്തതിനാലുള്ള താല്‍ക്കാലിക പിന്‍മാറ്റത്തിന്റെ പ്രഖ്യാപനമായിരുന്നു അത്.

എന്നാല്‍ പുള്ളിപ്പുലിയുടെ പുള്ളി അങ്ങനെ മാഞ്ഞുപോകുന്നതല്ല. രാഷ്ട്രീയ സ്വയം സേവകസംഘത്തിന്റെ ശതാബ്ദിവര്‍ഷമാണിത്. സംഘത്തിന്റെ കീഴിലുള്ള ഭരണം നടക്കുമ്പോള്‍ പ്രഖ്യാപിത ലക്ഷ്യമായ മതരാഷ്ട്രവാദത്തെ മറച്ചുപിടിക്കുന്നതെങ്ങനെ. മതേതരത്വവും സോഷ്യലിസവും വിദേശ ആശയങ്ങളാണ്. അതിനാല്‍ അത് ഭരണഘടനയില്‍നിന്ന് മാറ്റണം എന്നാണാവശ്യപ്പെടുന്നത്. അപ്പോള്‍പ്പിന്നെ സ്വതന്ത്ര്യവും ജനാധിപത്യവുമൊന്നും വിദേശാശയങ്ങളല്ലേ... മതേതരത്വം എന്നാല്‍ ഇഷ്ടമുള്ള ഏത് മതത്തിലും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം, ആരാധനാ സ്വതന്ത്ര്യം ഉറപ്പുവരുത്തുന്ന കാര്യമാണ്, മതവിരുദ്ധ ആശയമല്ല. ഭരണത്തില്‍ മതമോ മതത്തില്‍ ഭരണമോ ഇടപെടാത്തത്, അതായത് രാഷ്ട്രീയവും മതവും രണ്ടായി കാണല്‍- മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം. ആധുനിക ജനാധിപത്യത്തിന്റെ അന്തസ്സത്തയാണത്. വസുധൈവ കുടുംബകം എന്നൊക്കെ വലിയ പ്രസംഗം നടത്തുന്നവര്‍ സോഷ്യലിസം എന്ന വാക്കിനോട് അലര്‍ജി കാട്ടുന്നതെന്തിനാണ്.

ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയാണ്, സവര്‍ണാധിപത്യമാണ്, അതിന്റെയെല്ലാം ഭരണഘടനയായ മനുസ്മൃതിയാണ് ഹിന്ദുത്വ വര്‍ഗീയതയുടെ പ്രത്യയശാസ്ത്രം. ആ പ്രത്യയശാസ്ത്രം കേരളത്തിലും മറയില്ലാതെ കടത്താന്‍ പുതിയ ഗവര്‍ണര്‍ അര്‍ലേക്കര്‍ നടത്തുന്ന ശ്രമങ്ങള്‍ ഒരു പ്രഹസനത്തിലെന്ന പോലെ കാണുകയാണല്ലോ കേരളീയര്‍.

ഏതാനും അയല്‍രാജ്യങ്ങളടക്കം ഉള്‍പ്പെട്ട കണ്ഡഭാരതത്തിന്റേതെന്നവകാശപ്പെടുന്ന ഒരു ഭൂപടം പശ്ചാത്തലമാക്കി കാവിക്കൊടിയേന്തിയ ഒരു വനിതയുടെ ചിത്രം ഭാരതാംബയെന്ന പേരില്‍ രാജ്ഭവനില്‍ തൂക്കുക മാത്രമല്ല, ഗവര്‍ണര്‍ പങ്കെടുക്കുന്ന പൊതുപരിപാടികളിലാകെ പ്രദര്‍ശിപ്പിക്കുകയും അതില്‍ പുഷ്പാര്‍ച്ചന ചെയ്‌തേ പരിപാടി തുടങ്ങാവൂ എന്ന് നിര്‍ബന്ധിക്കുകയുമാണ്. മന്ത്രിമാരായ വി. ശിവന്‍കുട്ടിയും പി. പ്രസാദും രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിക്കുന്ന സ്ഥിതിയുണ്ടായി. അതുമായി ബന്ധപ്പെട്ട് ഗവര്‍ണറും മന്ത്രിസഭയും തമ്മില്‍ തര്‍ക്കം തുടരുന്നു. ഭരണഘടനയോ നിയമമോ അംഗീകരിച്ച ഒരു ചിത്രമല്ല, സംഘപരിവാര്‍ മാത്രം ഉയര്‍ത്തിപ്പിടിക്കുന്ന ചിത്രമാണ് ഭാരതാംബയെന്ന പേരില്‍ അവതരിപ്പിക്കുന്നത്. അബനീന്ദ്രനാഥ് ടാഗോര്‍ രചിച്ചതും പിന്നീട് പരിഷ്‌കരിക്കപ്പെട്ടതും ത്രിവര്‍ണപതാക ഉള്ളടങ്ങിയതുമായ ഭാരതാംബ ചിത്രത്തിന് പകരമാണ് ഈ പുതിയ ചിത്രം ഔദ്യോഗികമെന്ന നിലയില്‍ അവതരിപ്പിക്കുന്നത്.

ഭരണഘടനയില്‍ നിര്‍ദ്ദേശിക്കാത്ത, നിയമപരമായി അംഗീകരിക്കാത്ത ഈ ചിത്രം ഔദ്യോഗികപരിപാടികളില്‍ ഉപയോഗിക്കരുതെന്ന് സംസ്ഥാന മന്ത്രിസഭ തന്നെ ഗവര്‍ണറെ അറിയിച്ചിരിക്കുകയാണ്. ഗവര്‍ണര്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന്റെ, അതായത് മന്ത്രിസഭയുടെ ഉപദേശാനുസരണമാണ് പ്രവര്‍ത്തിക്കേണ്ടത്, ഗവര്‍ണര്‍ക്ക് സര്‍ക്കാറിന് മേല്‍ ഉത്തരവിടാന്‍ അധികാരമൊന്നുമില്ല എന്ന് സുപ്രിംകോടതി ഓര്‍മ്മിപ്പിച്ചിട്ടുള്ളതാണ്. പക്ഷേ ഇന്ത്യയെ മതനിരപേക്ഷ രാഷ്ട്രം, മതേതര ജനാധിപത്യരാഷ്ട്രം എന്ന അവസ്ഥയില്‍നിന്ന് മതരാഷ്ട്രമാക്കി മാറ്റാനുള്ള ബഹുവിധ നീക്കങ്ങളാണ് നടക്കുന്നത്. സംഘപരിവാര്‍ നേതാക്കള്‍ മാത്രമല്ല ഉപരാഷ്ട്രപതിയും ആര്‍.എസ്.എസുകാരനായ അര്‍ലേക്കറിനെയും ആര്‍.എന്‍. രവിയെയും പോലുള്ള ഗവര്‍ണര്‍മാരും പ്രകടമായിത്തന്നെ അതിന്റെ മുന്നണിയില്‍ നില്‍ക്കുന്നു-ആക്രമണം നടത്തുന്നത് ഭരണഘടനയ്‌ക്കെതിരായാണ്.

ഭരണഘടനയെ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവര്‍തന്നെ അതിനെ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുന്ന ദുരവസ്ഥയാണിവിടെ നടക്കുന്നത്...

Related Articles
Next Story
Share it