രാജ്ഭവനില്‍ നട്ട ചെടി

രാജ്ഭവന്‍ എന്നത് ഗവര്‍ണറുടെ വീട് മാത്രമല്ല. സംസ്ഥാനത്തിന്റെ ഭരണമേല്‍നോട്ടത്തിന്റെ ഓഫീസുകൂടിയാണ്. ഭരണഘടനാപരമായി ആധികാരിക സ്ഥാപനം. അവിടെ പരിസ്ഥിതി ദിനത്തില്‍ സാധാരണയായുള്ള ചെടി നടീലിന് പകരം ഒരു രാഷ്ട്രീയച്ചെടി നടാമോ എന്നതാണ് പ്രശ്‌നം.

ലോക പരിസ്ഥിതിദിനം അടുത്തകാലത്തായി ഒരു തമാശയായിട്ടുണ്ടെന്നാണല്ലോ ദോഷൈകദൃക്കുകള്‍ പറയുന്നത്. ദോഷൈകദൃക്കൊന്നുമല്ലാത്ത പ്രമുഖ നോവലിസ്റ്റ് വിനോയ് തോമസ് പരിസ്ഥിതിദിനത്തലേന്ന് ഒട്ടും തമാശയായല്ലാതെ, നല്ല ഗൗരവത്തോടെ ഒരഭ്യര്‍ഥന നടത്തുകയുണ്ടായി. എന്റെ പൊന്നു പരിസ്ഥിതിപ്രവര്‍ത്തകരേ നിങ്ങള്‍ അടങ്ങിയിരിക്കണം! ചെടികളുമായി റോഡരികില്‍വന്ന് നാടകം കളിക്കരുത്! വലിയ ശല്യമായിത്തീരുന്നുണ്ട് നിങ്ങളുടെ പരിസ്ഥിതിച്ചെടിനടീല്‍ എന്ന മട്ടിലാണ് എഴുത്തുകാരന്റെ അഭ്യര്‍ഥന. സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ പുറ്റ് എന്ന നോവലും പിന്നെ കരിക്കോട്ടക്കരി, മുതല്‍ തുടങ്ങിയ ശ്രദ്ധേയമായ നോവലുകളും എഴുതി, പാല്‍ത്തുജാന്‍വര്‍, ചുരുളി തുടങ്ങിയ സിനിമകളുടെ കഥാകൃത്തായ വിനോയ് തോമസിന്റെ ഈ അഭ്യര്‍ത്ഥനയാണ് ഇത്തവണത്തെ പരിസ്ഥിതി ദിനത്തിലെ കൊസ്രാക്കൊള്ളിയെന്നാണ് വിചാരിച്ചത്.

എന്നാല്‍ പരിസ്ഥിതിദിനച്ചെടികള്‍ നാടെങ്ങും നട്ടുകൊണ്ടിരിക്കെയാണ് ആ വാര്‍ത്ത പുറത്തുവരുന്നത്. രാജ്ഭവനില്‍ സംസ്ഥാന കൃഷിവകുപ്പ് നടത്താനിരുന്ന നടീലുത്സവം പൊടുന്നനെ റദ്ദാക്കി. കൃഷിമന്ത്രി പി. പ്രസാദാണ് റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. കാരണം രാജ്ഭവനിലെ സെന്‍ട്രല്‍ ഹാളില്‍ അടുത്തകാലത്തായി തൂക്കിയിട്ട ഭാരതമാതാ ചിത്രത്തെ വണങ്ങാനോ അതില്‍ പുഷ്പവൃഷ്ടി നടത്താനോ താന്‍ ഒരുക്കമല്ല. ആ ചിത്രം അവിടെ നിന്ന് മാറ്റാന്‍ ഗവര്‍ണര്‍ ഒരുക്കമല്ല.

രാജ്ഭവന്‍ എന്നത് ഗവര്‍ണറുടെ വീട് മാത്രമല്ല. സംസ്ഥാനത്തിന്റെ ഭരണമേല്‍നോട്ടത്തിന്റെ ഓഫീസുകൂടിയാണ്. ഭരണഘടനാപരമായി ആധികാരിക സ്ഥാപനം. അവിടെ പരിസ്ഥിതി ദിനത്തില്‍ സാധാരണയായുള്ള ചെടി നടീലിന് പകരം ഒരു രാഷ്ട്രീയച്ചെടി നടാമോ എന്നതാണ് പ്രശ്‌നം. ആ രാഷ്ട്രീയച്ചെടിയാകട്ടെ മതപരമായ ഒരു ചെടിയുമാണെങ്കിലോ- മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുടെ ഭരണഘടനയില്‍ എവിടെയും ഭാരത മാതാവിനെക്കുറിച്ച് പറയുകയോ അതിന്റെ ചിത്രം വരഞ്ഞുചേര്‍ത്തിട്ടോ ഇല്ല. പക്ഷേ കൃഷിമന്ത്രിയുടെ ബഹിഷ്‌കരണത്തെ വിമര്‍ശിച്ചുകൊണ്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് ഭാരതമാതാവിന്റെ ചിത്രം വിവാദവിഷയമല്ല എന്നാണ്. അത് രാജ്യത്തിന്റെ പ്രതീകമാകയാല്‍ മാറ്റുന്ന പ്രശ്‌നമില്ലെന്നും. ഇന്ത്യയുടെ ദേശീയപതാകയും ദേശീയഗാനവും ഭരണഘടനയില്‍ അംഗീകരിച്ചതാണ്. രാജ്യമാകെ അത് പവിത്രമായി കാണുന്നു, പാലിക്കുന്നു. എന്നാല്‍ ഭാരതമാതാവ് എന്നത് ആ വിധത്തിലുള്ളതാണെന്ന് ആര്‍.എസ്.എസ് നേതാവായ ഗവര്‍ണര്‍ക്കുപോലും പറയാനാവില്ലല്ലോ. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പതാകയെ ഓര്‍മിപ്പിക്കുന്ന പതാകയുമായി ഒരു സിംഹത്തോട് ചേര്‍ന്നുനില്‍ക്കുന്ന വനിതയുടെ ചിത്രമാണ് ഭാരതമാതാവിന്റെ ചിത്രമെന്ന നിലയില്‍ രാജ്ഭവനില്‍ സ്ഥാപിച്ചത്. ഗവര്‍ണര്‍ സ്ഥാനവും രാജ്ഭവനും ഭരണഘടനാപരമായി ഉള്ളതാണ്. അവിടെ ഭരണഘടനാബാഹ്യമായ ഒരു ചിത്രം മറ്റുള്ളവരും ആദരിച്ചോളണമെന്ന ആഹ്വാനത്തോടെ സ്ഥാപിക്കാമോ എന്നതാണ് പ്രശ്‌നം. അങ്ങനെയെങ്കില്‍ രാഷ്ട്രപതി ഭവനിലും മറ്റ് രാജ്ഭവനുകളിലും എന്തേ ആ ചിത്രമില്ലാത്തത് എന്ന ചോദ്യമുയരാം.


ആ ചോദ്യമുയരേണ്ട താമസം, എല്ലാ അധികാരകേന്ദ്രത്തിലും ആ ചിത്രം സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടേക്കാം. കാലം അതാണ്. മഹാത്മാഗാന്ധിയെ കൊലചെയ്ത ഹിന്ദു മഹാസഭയുടെ സ്ഥാപകനും കപൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഗാന്ധിവധത്തിന്റെ ഗൂഢാലോചനയിലെ കേന്ദ്രബിന്ദുവുമായിരുന്ന സവര്‍ക്കറുടെ ഛായാപടം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ഹാളില്‍ സ്ഥാപിച്ചത് വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരാണ്. ഗാന്ധിജിയുടെ ചിത്രത്തെ നോക്കിക്കൊണ്ടുനില്‍ക്കുന്ന ഒരു ചിത്രം. ഗാന്ധിവധക്കേസില്‍ പ്രതിയായിരുന്ന, തെളിവുകളുടെ അപര്യാപ്തതയെന്ന് പറഞ്ഞ് വിട്ടയക്കപ്പെട്ട, എന്നാല്‍ പിന്നീട് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് കപൂറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നതിന് തെളിവുകള്‍ നിരത്തിയ, സവര്‍ക്കറുടെ ചിത്രം. അതുകൊണ്ട് ഭാവിയില്‍ കേരള രാജ്ഭവനിലെ ഭാരത മാതാവിന്റെ ചിത്രം രാജ്യത്താകെ കേന്ദ്രസര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സ്ഥാപിക്കാന്‍ നീക്കമുണ്ടായേക്കാം.

1905ല്‍ ബംഗാള്‍ വിഭജനം നടക്കുന്ന കാലത്താണ് അബനീന്ദ്രനാഥ് ടാഗോര്‍ ബംഗമാതാവെന്ന നിലയില്‍ ലളിതമായ ഒരു ചിത്രം വരഞ്ഞതും പ്രസിദ്ധപ്പെടുത്തിയതും. കാവിവസ്ത്രം ധരിച്ച ഒരു സ്ത്രീരൂപം. നാല് കൈകളുണ്ട്. ഒരു കയ്യില്‍ ഗ്രന്ഥം, ഒരു കയ്യില്‍ നെല്‍കതിര്‍, മൂന്നാമത്തെതില്‍ വെള്ളത്തുണി, ഒന്നില്‍ രുദ്രാക്ഷമാലയും. ആ ചിത്രം ഭാരതമാതാവിന്റെ ചിത്രമെന്ന നിലയില്‍ പിന്നീട് പ്രചരിപ്പിക്കപ്പെട്ടു. ആ ചിത്രത്തിന് പില്‍ക്കാലത്ത് വലിയ ഭേദഗതികള്‍ വന്നു. സിംഹത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന സാരിയുടുത്ത വനിത- സര്‍വാഭരണവിഭൂഷിത. അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത് ത്രിവര്‍ണപതാക. കൈകള്‍ രണ്ടു മാത്രം. പിന്നീടത് തീവ്രവും മതപരവുമായ ചിഹ്നമാക്കാനാണ് ശ്രമം നടന്നത്. മറാത്തയിലെ ശിവജി ഉയര്‍ത്തിയതുപോലുള്ളതും സംഘപരിവാര്‍ സ്വീകരിച്ചതുമയ കാവിക്കൊടിയേന്തിനില്‍ക്കുന്ന സ്ത്രീ. സിംഹത്തിന് പുറമെ ഒരു ഭൂപടവും പശ്ചാത്തലത്തിലുണ്ട്. പാകിസ്താനും ബംഗ്ലാദേശും നേപ്പാളുമെല്ലാമുള്‍ക്കൊള്ളുന്ന പഴയ അഖണ്ഡഭാരത ഭൂപടം. അബനീന്ദ്രനാഥ് ടാഗോര്‍ വരച്ച ചിത്രം താരാശങ്കര്‍ ബാനര്‍ജിയുടെ ആനന്ദമഠം എന്ന നോവലിലെ ആശയത്തെ ഉപജീവിച്ചാണ്. ആ നോവലിലാണ് വന്ദേഭാരതം എന്ന ഗീതകമുള്ളത്. ദുര്‍ഗയടക്കമുള്ള ഹിന്ദുദേവതകളെക്കുറിച്ച് പറയുന്നതിനാലും മതപരത നിറഞ്ഞുനില്‍ക്കുന്നതിനാലുമാണ് വന്ദേഭാരതം എന്ന ഗീതകം ദേശീയഗാനമാക്കേണ്ടതില്ലെന്ന് ഭരണഘടനാനിര്‍മാണ സമിതി തീരുമാനിച്ചത്. മതനിരപേക്ഷതയില്‍ അത്ര ഊന്നല്‍ നല്‍കിയ ഭരണഘടനയാണ് നമ്മുടേത്. അതിനെയാണ് പിച്ചിച്ചീന്തിക്കൊണ്ടിരിക്കുന്നത്.

വാസ്തവത്തില്‍ രാജ്ഭവനില്‍ പരിസ്ഥിതിദിനത്തില്‍ നട്ട ചെടി ഏതെങ്കിലും മരത്തിന്റെതല്ല. മതത്തിന്റെതാണ്. സാധാരണ മതവിശ്വാസത്തിന്റെ ചെടിയുമല്ല. മതരാഷ്ട്രീയത്തിന്റെ ചെടിയാണ്. മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കുഴക്കുന്ന, ഭരണത്തെ മതപരമാക്കുന്ന ചെടി. പ്രതീകങ്ങളെ സ്വന്തമാക്കി ആ പ്രതീകങ്ങളുപയോഗിച്ച് മതപരമായ ധ്രുവീകരണമുണ്ടാക്കുകയാണ്. ധ്രുവീകരണത്തിന്റെ ചെടി വിഭജനത്തിന്റെയും വെറുപ്പുല്‍പാദനത്തിന്റെയും കൂടി ചെടിയാണ്.

നോവലിസ്റ്റ് വിനോയ് തോമസ് പൊന്നു പരിസ്ഥിതിക്കാരേ നിങ്ങള്‍ ചെടിയുമായി ഈ വഴിക്കുവരല്ലേ എന്ന് അഭ്യര്‍ഥിച്ചത് നിരത്തുവക്കില്‍ ചെടി നട്ടുവളര്‍ത്തി വര്‍ഷകാലത്ത് ആപത്തു ക്ഷണിച്ചുവരുത്തുന്നതിനെതിരായ മുന്നറിയിപ്പായാണ്. സംസ്ഥാന ഭരണകൂടത്തിനകത്ത് ഇത്തവണ നടന്ന പരിസ്ഥിതി ദിനാഘോഷത്തിലെ ചെടിയെക്കുറിച്ച് കൃഷിമന്ത്രി പി. പ്രസാദ് നല്‍കിയ മുന്നറിയിപ്പ് ദൂരവ്യാപകമായ ഭീഷണിയെക്കുറിച്ചുള്ളതാണ്.

Related Articles
Next Story
Share it