അതിര്‍ത്തി കടക്കുന്ന മാധ്യമ തീവ്രവാദം

കശ്മീരിലെ പഹല്‍ഗാമില്‍ നമ്മുടെ രാജ്യത്തിന്റെ മക്കളായ 26 പേരുടെ ജീവനെടുത്ത പാക് പിന്തുണയുള്ള ഭീകരസംഘത്തെ അമര്‍ച്ചചെയ്യാനായി നടത്തിയ പ്രത്യാക്രമണം സംബന്ധിച്ച് ചില ദൃശ്യമാധ്യമങ്ങള്‍ നല്‍കിയ വിവരണങ്ങളെ വാര്‍ത്തകളെന്നല്ല മറ്റെന്തോ ആയാണ് വിശേഷിപ്പിക്കേണ്ടത്.
ഐന്‍സ്റ്റീനാണ് പറഞ്ഞത് വിഡ്ഢിത്തവും ഭയവും അത്യാര്‍ത്തിയുമാണ് ലോകത്തെ നയിക്കുന്ന മൂന്ന് വന്‍ശക്തികളെന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ അഭിപ്രായപ്പെട്ടതായി വിശ്വസിക്കപ്പെടുന്നു, അഥവാ അങ്ങനെയൊരു പ്രചാരണം പ്രസിദ്ധമാണ്. ദൃശ്യമാധ്യമലോകത്തെ സമകാലീന പ്രവണതകള്‍ കാണുമ്പോള്‍ വാസ്തവം തന്നെ ഈ പ്രസ്താവം എന്ന് തോന്നാം. കശ്മീരിലെ പഹല്‍ഗാമില്‍ നമ്മുടെ രാജ്യത്തിന്റെ മക്കളായ 26 പേരുടെ ജീവനെടുത്ത പാക് പിന്തുണയുള്ള ഭീകരസംഘത്തെ അമര്‍ച്ചചെയ്യാനായി നടത്തിയ പ്രത്യാക്രമണം സംബന്ധിച്ച് ചില ദൃശ്യമാധ്യമങ്ങള്‍ നല്‍കിയ വിവരണങ്ങളെ വാര്‍ത്തകളെന്നല്ല മറ്റെന്തോ ആയാണ് വിശേഷിപ്പിക്കേണ്ടത്. രാജ്യത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ അര്‍ണാബ് ഗോസ്വാമിയെന്ന ഒരു അവതാരകന്‍ റിപ്പബ്ലിക് ചാനലിലൂടെ നടത്തുന്ന ജല്‍പനങ്ങളെ കുറഞ്ഞ അളവിലാണെങ്കിലും പിന്‍പറ്റാനാണ് മലയാളത്തിലെ പല ചാനലുകളും ശ്രമിച്ചതെന്നത് ദൗര്‍ഭാഗ്യകരമാണ്. ഭീകരരെ അമര്‍ച്ചചെയ്യുകയെന്നതാണ് ഇന്ത്യാഗവര്‍മെന്റും ഇന്ത്യന്‍ സൈന്യവും ലക്ഷ്യമിട്ടത്. എന്നാല്‍ റേറ്റിങ്ങ് വര്‍ധിപ്പിക്കാന്‍ വിശാലവും ദീര്‍ഘവുമായ യുദ്ധം സുവര്‍ണാവസരമാണെന്ന് സൃഗാലബുദ്ധിയോടെ ചാനലുകള്‍ കണ്ടുവെന്നതാണ് ഇപ്പോള്‍ പരക്കേ വ്യക്തമായത്.
അര്‍ണാബ് ഗോസ്വാമിയെപ്പോലുള്ള വര്‍ഗീയകോമരങ്ങളും അവരെ പിന്‍പറ്റാന്‍ ശ്രമിച്ച ചാനലുകളും ഉണ്ടാക്കിയത് യുദ്ധജ്വരമാണ്. ആ ജ്വരത്തിന്റെ ഫലമെന്തെന്നതിന്റെ ഉദാഹരണമാണ് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായ വിക്രം മിസ്രിയുടെ അനുഭവം. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ അനുയായികളായ സംഘപരിവാറുകാര്‍ മിസ്രിക്കെതിരെ നടത്തുന്ന അധിക്ഷേപവും കൊലവിളിയും എന്തിന്റെ പേരിലാണ്? ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്താന്‍ തീരുമാനിച്ച വിവരം ലോകത്തെ ആദ്യം അറിയിച്ചത് അമേരിക്കന്‍ പ്രസിഡണ്ടായ ഡൊണാള്‍ഡ് ട്രംപാണ്. അമേരിക്ക നടത്തിയ ഇടപെടലിന്റെ വിജയമെന്ന നിലയിലാണ് ട്രംപ് ഇക്കാര്യത്തില്‍ ആളാകാന്‍ ശ്രമിച്ചത്. വെടിനിര്‍ത്തല്‍ തീരുമാനം സംബന്ധിച്ച ഇന്ത്യയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ്. വ്യക്തിപരമായ നിലയിലല്ല, ഇന്ത്യാ ഗവര്‍മെന്റ് നിശ്ചയിച്ചതനുസരിച്ച് എഴുതിയത് വായിക്കുകയെന്ന ധര്‍മ്മം മാത്രമാണ് അദ്ദേഹം നിര്‍വഹിച്ചത്. പക്ഷേ വലിയ യുദ്ധം പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്ത അര്‍ണാബ് ഗോസ്വാമിയെപ്പോലുള്ളവര്‍ നിരാശമൂത്ത് ഭ്രാന്തമായി സാധാരണയിലുമധികം ഭ്രാന്തമായി പ്രതികരിച്ചു. മലയാളത്തിലെ ഒരു ചാനലുടമ വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന വേദിയില്‍ കാലേക്കൂട്ടി സ്ഥാനംപിടിച്ച് ജാഥ വിളിച്ചുവല്ലോ- അമ്മാതിരി മുദ്രാവാക്യമാണ് റിപ്പബ്ലിക് ചാനലുടമയും അവതാരകനുമായ ഗോസ്വാമി ചാനലിലൂടെ മുഴക്കിയത്. പ്രാദേശിക ചാനലുകളിലും അതിനടുത്ത വായ്ത്താരികളുണ്ടായി. ചില ഭാഷാപത്രങ്ങളും മോശമാക്കിയില്ല. ചാനലുകളുടെയും പത്രങ്ങളുടെയും മറ്റ് മാധ്യമങ്ങളുടെയും അധികപ്രസംഗവാസനയെക്കുറിച്ചറിയാവുന്നതിനാലാവണം കേന്ദ്രസര്‍ക്കാര്‍ കൃത്യമായ മാനദണ്ഡം ഏര്‍പ്പെടുത്തിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചത്. ആ മാനദണ്ഡം അംഗീകരിക്കാതെ യുദ്ധഭൂമിയില്‍നിന്നുള്ള തത്സമയ റിപ്പോര്‍ട്ടിങ്ങെന്ന പേരില്‍ മലയാള ചാനലുകള്‍ തന്നെ എന്തെല്ലാം പോക്രിത്തരമാണ് കാട്ടിയത്.
ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായ മിസ്രിക്ക് അദ്ദേഹത്തിന്റെ സമൂഹമാധ്യമ അക്കൗണ്ട് മരവിപ്പിക്കേണ്ടിവന്നുവെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹം ചെയ്ത തെറ്റെന്താണ്? ഇന്ത്യാഗവര്‍മെന്റിനാല്‍ എന്തിനാണോ നിയുക്തനായത് അക്കാര്യം നിര്‍വഹിച്ചുവെന്നതാണോ തെറ്റ്. അതല്ല അര്‍ണാബ് ഗോസ്വാമി ടൈപ്പ് യുദ്ധോന്മാദികള്‍, വര്‍ഗീയോന്മാദികള്‍ പറയുന്നതുപോലെ പറയാത്തതോ? പാക്ഭീകരര്‍ കൊലചെയ്ത നാവികസേനാ ഉദ്യോഗസ്ഥനായ വിനയ് നരവാളിന്റെ ഭാര്യ ഹിമാന്‍ഷി പറഞ്ഞത് ഭീകരര്‍ നടത്തിയ കൂട്ടക്കൊലയുടെ പേരില്‍ നിരപരാധികള്‍ ഉപദ്രവിക്കപ്പെട്ടുകൂട എന്നാണ്. അതിന്റെ പേരില്‍, ഇനിയും കണ്ണീരുണങ്ങാത്ത അവരെ എത്ര ക്രൂരമായാണ് സംഘപരിവാര്‍ പ്രൊഫൈലുകളില്‍നിന്ന് ആക്രമിക്കുന്നത് -ഇതിനെല്ലാമുള്ള ഉത്തരവാദിത്തത്തില്‍ വലിയൊരു പങ്ക് ദൃശ്യമാധ്യമങ്ങള്‍ക്കും പത്രമാധ്യമങ്ങള്‍ക്കും നവമാധ്യമങ്ങള്‍ക്കുമുണ്ടെന്നത് മറക്കാനാവില്ല. എന്താണതിന് കാരണം? ഐന്‍സ്റ്റീന്‍ ചൂണ്ടിക്കാട്ടിയതായി പറയുന്ന വിവരക്കേട്, അഥവാ വിഡ്ഢിത്തം- സൈനിക നടപടികളെക്കുറിച്ചും അത്തരം സന്ദര്‍ഭങ്ങളിലെ അവസ്ഥകളും രീതികളും സംബന്ധിച്ചും അറിവില്ലായ്മ, ഔദ്യോഗികമായി ലഭിക്കുന്ന അറിവുകള്‍ സന്തുലിതമായതിനാല്‍ അതില്‍നിന്ന് വ്യതിചലിച്ച് തങ്ങളുടെ മാധ്യമത്തിന് വ്യത്യസ്തയുണ്ടെന്ന് വരുത്താന്‍ തെറ്റായ വിവരങ്ങളെ ആശ്രയിക്കുന്നതും ഭാവനയാല്‍ വിപുലപ്പെടുത്തുന്നതും. രണ്ടാമതായി ഭീതിയാണ്- മത്സരത്തിലുള്ള മറ്റേ ചാനലുകള്‍ എങ്ങനെ കൈകാര്യം ചെയ്യും, അവര്‍ കൂടുതലെന്തെങ്കിലും ചെയ്താല്‍ തങ്ങള്‍ പുറന്തള്ളപ്പെട്ടുപോവുമല്ലോ എന്ന ഭീതി, പിന്നെ ശരികള്‍ അതേപടി പറഞ്ഞാല്‍ ഔദ്യോഗികമായിപ്പോലും എന്തെങ്കിലും നടപടിയുണ്ടായാലോ എന്ന ആശങ്ക... അതിനേക്കാളെല്ലാമുപരിയാണ് അത്യാര്‍ത്തി. തട്ടുപൊളിപ്പന്‍ മത്സരത്തിലെ വിജയം... കൂടുതല്‍ പേരുടെ പിന്തുണ... വാര്‍ത്തകള്‍ വസ്തുതാപരവും സൗഹാര്‍ദ്ദം വളര്‍ത്തുന്നതുമാകണമെന്നതല്ല, മത്സരത്തില്‍ തങ്ങള്‍ ജയിക്കണമെന്ന ആര്‍ത്തി മാത്രം. ലോകത്തെ നയിക്കാന്‍ ശ്രമിക്കുന്ന മൂന്ന് തിന്മകളായി സ്റ്റുപ്പിഡിറ്റി, ഫിയര്‍, ഗ്രീഡ് എന്നിവയെ ചൂണ്ടിക്കാട്ടിയത് വര്‍ത്തമാനകാലത്ത് എത്രത്തോളം ശരിയാകുന്നുവെന്നാണിതൊക്കെ സൂചിപ്പിക്കുന്നത്.
ഇന്ത്യയും പാകിസ്താനും അയല്‍രാജ്യങ്ങള്‍ മാത്രമല്ല മുമ്പ് ജനാധിപത്യ പൂര്‍വകാലത്ത് ഒരേരാജ്യമായിരുന്നതുമാണ്. ബ്രിട്ടീഷ് കാലഘട്ടത്തിലെ ഇന്ത്യയുടെ ഭാഗം. പിരിഞ്ഞുപോയ ആ രാജ്യം എക്കാലത്തും ഇന്ത്യാവിരുദ്ധ ഭീകരരുടെയും വര്‍ഗീയഭീകരരുടെയും പിടിയിലായിരുന്നു. അവരെ നിയന്ത്രിക്കാനോ തകര്‍ക്കാനോ അവിടത്തെ ഭരണകൂടം ശ്രമിക്കാറില്ലെന്നുമാത്രമല്ല, അവരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ചില കാലങ്ങളില്‍ ഏറ്റക്കുറച്ചിലുണ്ടാകാമെന്നുമാത്രം. വാസ്തവത്തില്‍ അവിടത്തെ ഭരണാധികാരികളും എക്കാലത്തും ഈ വിധ്വംസകശക്തികളുടെ തോക്കിന്‍ മുനയിലാണ്. ഭൂട്ടോയും ബേനസീര്‍ ഭൂട്ടോയുമെല്ലാം അവര്‍ വളര്‍ത്തിയ ഭീകരപ്രവര്‍ത്തനത്തിന്റെ തന്നെ ഇരകളായല്ലോ. ഇപ്പോള്‍ മുന്‍ പ്രസിഡണ്ടും പ്രതിപക്ഷനേതാവുമായ ഇമ്രാന്‍ഖാനെ കാരാഗൃഹത്തിലാക്കിയിട്ടാണുള്ളത്. അതിര്‍ത്തികടന്നുള്ള ഭീകരപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന തെമ്മാടി രാഷ്ട്രം എന്ന് പാകിസ്താനെ ഇന്ത്യ കുറ്റപ്പെടുത്തിയതില്‍ അസ്വാഭാവികതയില്ല.
നമ്മുടെ നിരപരാധികളായ 26 സഹോദരങ്ങളെയാണ് പാക് ഭീകരര്‍ അതിര്‍ത്തി കടന്നെത്തി നിഷ്ഠൂരമായി കൊലചെയ്തത്. അതിര്‍ത്തിയില്‍നിന്ന് നൂറുകണക്കിന് കിലോമീറ്റര്‍ സഞ്ചരിച്ചാണ് ആ കൊലയാളികള്‍ പഹല്‍ഗാമിലെത്തിയത്. മൂന്നാഴ്ച കഴിഞ്ഞിട്ടും അവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നതിനര്‍ത്ഥം അവര്‍ കൊലനടത്തിയശേഷം നൂറുകണക്കിന് കിലോമീറ്റര്‍ സഞ്ചരിച്ച് പാകിസ്താനിലേക്ക് കടന്നുവെന്നാവാം. പഴുതുകളുണ്ടാവുന്നുവെന്ന ആശങ്കക്കിടയാക്കുന്നത് ഇത്തരം കാര്യങ്ങളാണ്. ഇന്ത്യാ ഗവര്‍മെന്റിന്റെയും സൈന്യത്തിന്റെയും നടപടികളെയാകെ പിന്തുണയ്ക്കുകയാണ് പ്രതിപക്ഷം ചെയ്തത്. അതോടൊപ്പം ഭീകരര്‍ക്ക് കടന്നെത്താനായതും ഇപ്പോഴും അവര്‍ കണ്‍വെട്ടത്തില്ലെന്നതും സംബന്ധിച്ച് പരിശോധനനടത്തണമെന്ന ആവശ്യവും മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍ കാര്‍ഗെ മുന്നോട്ടുവെച്ചിട്ടുണ്ട്.
ഏതായാലും പാക് ഭീകരര്‍ക്ക് ഇന്ത്യ കടുത്ത തിരിച്ചടി നല്‍കി. ഭീകരകേന്ദ്രങ്ങളും അവരുടെ പരിശീലന കേന്ദ്രങ്ങളുമടക്കം തകര്‍ക്കുകയും നൂറിലേറെ ഭീകരരെ കൊല്ലുകയും ചെയ്തു. പൗരജനങ്ങള്‍ക്ക് പോറലേല്‍ക്കാതെ ഭീകരരെ അമര്‍ച്ചചെയ്യുന്നതില്‍ ഇന്ത്യന്‍ സൈന്യം വിജയിച്ചു. ഭീകരരാണ് ശത്രുക്കള്‍. അവരെയാണ് അവരുള്ള നാടിനെയല്ല ഇന്ത്യ ശത്രുക്കളായി കാണുന്നത്. എന്നാല്‍ ഭീകരരാകട്ടെ ജനങ്ങളെയാണ് ലക്ഷ്യമിടുന്നത്. അവരെ പിന്തുണയ്ക്കുന്ന പാക് സൈന്യം ഇന്ത്യയിലെ ജനവാസകേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തുന്നത്. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ അതീവജാഗ്രത തുടരേണ്ടതുണ്ട്. അതിര്‍ത്തികാക്കുന്ന നമ്മുടെ വീരസൈനികരുടെ പേരില്‍ അഭിമാനംകൊള്ളുകയും അവര്‍ക്ക് പിന്തുണനല്‍കുകയുമാണ് വേണ്ടത്. എന്നാല്‍ യുദ്ധോന്മാദവും വര്‍ഗീയോന്മാദവും വളര്‍ത്താന്‍ ഛിദ്രശക്തികള്‍ സന്ദര്‍ഭത്തെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിനെതിരെ ജാഗ്രത വേണം. വിവിധതരം മാധ്യമങ്ങള്‍ ദേശീയതയെ സങ്കുചിതമായി വ്യാഖ്യാനിച്ച് മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നതിനെതിരെയും ജാഗ്രത ആവശ്യമാണ്.