ഭ്രാന്ത് വ്യക്തിയുടേതും രാഷ്ട്രങ്ങളുടെയും

ഭ്രാന്ത് വ്യക്തികള്‍ക്ക് മാത്രമല്ല രാഷ്ട്രങ്ങള്‍ക്കും സംഭവിക്കാമെന്നാണ് വര്‍ത്തമാനകാലം നമ്മോട് പറയുന്നത്. ചില വന്‍വ്യക്തിയുടെ ഭ്രാന്ത് രാഷ്ട്രത്തിന്റെ ഭ്രാന്താകുന്നതാണ് നാം ലോകത്തില്‍ ഇപ്പോള്‍ കാണുന്നത്.

അഹമ്മദാബാദിലുണ്ടായ യാത്രാവിമാനദുരന്തത്തിന്റെ ആഘാതത്തില്‍നിന്നും നമ്മുടെ രാജ്യം ഇനിയും മുക്തമായിട്ടില്ല. 279 പേരുടെ മരണം, നിരവധിപേര്‍ക്ക് അംഗഭംഗവും പരിക്കും... മറ്റ് കഷ്ടനഷ്ടങ്ങള്‍... ഇത്രയും വലിയ ദുരന്തത്തിന്റെ ആഘാതത്തില്‍നിന്ന് മാറാന്‍ എത്രയോ കാലമെടുക്കും. ആ ദുരന്തത്തില്‍ നമ്മുടെ നാട്ടിലെ ഒരു സഹോദരികൂടി ഉള്‍പ്പെട്ടുവെന്നത് നമ്മുടെ ദുഃഖം കൂടുതല്‍ കടുത്തതാക്കുന്നു. ലണ്ടനില്‍ ജോലിചെയ്യുകയായിരുന്ന നഴ്‌സ് രഞ്ജിത ജി. നായരാണ് വിമാനദുരന്തത്തില്‍ മരിച്ച മലയാളി. പത്തനംതിട്ട സ്വദേശി. മരണവാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്കകം അവരെ ആക്ഷേപിച്ചുകൊണ്ട് സാമൂഹ്യമാധ്യമത്തില്‍ ഒരു നരാധമന്‍ പോസ്റ്റിടുന്നു. ആ നരാധമന്‍ നമ്മുടെ നാട്ടുകാരനായിപ്പോയെന്നത് എല്ലാവര്‍ക്കും അപമാനമുണ്ടാക്കുന്നു. രഞ്ജിതയെ അധിക്ഷേപിച്ച ആള്‍ വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട്, അഥവാ ഡപ്യൂട്ടി തഹസില്‍ദാര്‍ ആയ എ. പവിത്രനാണ്. അയാള്‍ പവി ആനന്ദാശ്രമം എന്ന പ്രൊഫൈല്‍ ഉപയോഗിച്ചാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇടപെടുന്നത്. ആനന്ദാശ്രമം എന്ന പവിത്രമായ പേര് ഈ പവി കളങ്കപ്പെടുത്തുകയാണ്. രാത്രികളില്‍ ഉറങ്ങാതെ സാമൂഹ്യമാധ്യമങ്ങളില്‍ അശ്ലീലപ്രയോഗങ്ങള്‍ നടത്തുന്നത് പതിവാക്കിയ മാനസികപ്രശ്‌നമുള്ള ആളാണ് പവിത്രന്‍ എന്നാണ് പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായതെന്നാണല്ലോ വാര്‍ത്ത. പലതവണ കുറ്റം ആവര്‍ത്തിച്ച ഇയാള്‍ സര്‍ക്കാര്‍ ജോലിയില്‍ തുടരാന്‍ അര്‍ഹതയില്ലാത്തയാളാണെന്ന് കലക്ടര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടല്ലോ. പ്രതി ഇപ്പോള്‍ അറസ്റ്റിലുമാണ്. ഇത്തരക്കാര്‍ ഇനിയുണ്ടാവാതിരിക്കാനുള്ള താക്കീതായി മാതൃകാപരമായ ശിക്ഷ നല്‍കണമെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. ഭ്രാന്ത് വ്യക്തികള്‍ക്ക് മാത്രമല്ല രാഷ്ട്രങ്ങള്‍ക്കും സംഭവിക്കാമെന്നാണ് വര്‍ത്തമാനകാലം നമ്മോട് പറയുന്നത്.

ചില വന്‍വ്യക്തിയുടെ ഭ്രാന്ത് രാഷ്ട്രത്തിന്റെ ഭ്രാന്താകുന്നതാണ് നാം ലോകത്തില്‍ ഇപ്പോള്‍ കാണുന്നത്. അമേരിക്കയിലായാലും ഇസ്രായേലിലായാലും റഷ്യയിലായാലും യുക്രൈനിലായാലും ഭ്രാന്തിന് ദേശീയത സംഭവിക്കുന്നുവെന്നതാണ് കാണേണ്ടത്. ഗാസയിലെ കുഞ്ഞുങ്ങളില്‍ ഭൂരിപക്ഷത്തേയും കൊന്നൊടുക്കിയ ബെഞ്ചമിന്‍ നെതന്യാഹു തന്റെ ദംഷ്ട്രയിലെ ചോര തോര്‍ത്തിക്കളയുകപോലും ചെയ്യാതെ ഇറാനുനേരെ തിരിഞ്ഞിരിക്കുന്നു. ഇസ്രായേല്‍ എന്ന കൊച്ചുരാഷ്ട്രം എത്ര ഭയങ്കരന്മാര്‍, ഗാസ ചുട്ടെരിച്ച് അവര്‍ ഇറാനിലേക്ക് തിരിഞ്ഞിരിക്കുന്നു എന്ന് ആഹ്ലാദം കൂറുന്ന ഫാസിസ്റ്റുകള്‍ കേരളത്തിലടക്കമുണ്ട്. അമേരിക്കയുടെ പിന്തുണയോടെയാണ്, പല യൂറോപ്യന്‍ രാഷ്ട്രങ്ങളുടെയും പിന്തുണയോടെയാണ് നെതന്യാഹു ഇസ്രായേലിന്റെ പേരില്‍ കൂട്ടക്കൊലകളുടെ ചക്രവര്‍ത്തിയായി പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ മറയ്ക്കുന്നു. റഷ്യ- യുക്രൈന്‍ യുദ്ധം വാസ്തവത്തില്‍ അമേരിക്കയും യുക്രൈനും യൂറോപ്യന്‍ യൂണിയനിലെ ഒരു വിഭാഗവും ഒരു ഭാഗത്തും റഷ്യ മറുഭാഗത്തും നിന്നുകൊണ്ടുള്ള യുദ്ധമാണ്. അതുപോലെ പലസ്തീനികളെ കൊന്നൊടുക്കുന്ന നെതന്യാഹുവിന്റെ അക്രമം അയാള്‍ തനിച്ചുനടത്തുന്നതല്ല. അമേരിക്കയും ഇസ്രായേലും ചേര്‍ന്നാണത് നടത്തുന്നത്. ഇപ്പോള്‍ ഇറാനെതിരെ നടത്തുന്ന യുദ്ധത്തിന്റെയും മുന്നണിയില്‍ ഇസ്രായേലാണെങ്കിലും അതിന്റെ രക്ഷാധികര്‍ത്തൃത്വം സമ്പൂര്‍ണമായും അമേരിക്കയിലാണ് നിക്ഷിപ്തമായിരിക്കുന്നത്. അപ്പോള്‍ വാസ്തവത്തില്‍ ഒരു മൂന്നാം ലോക യുദ്ധത്തിന്റേതെന്നതുപോലെയുള്ള അവസ്ഥയാണ്. രണ്ടാം ലോകയുദ്ധത്തിന് ശേഷം ലോകസമാധാന പ്രസ്ഥാനമുണ്ടായിരുന്നു, ഇന്ത്യയുടെ നേതൃത്വത്തില്‍ ചേരിചേരാപ്രസ്ഥാനമുണ്ടായിരുന്നു. അമേരിക്കയുടെയും ഇസ്രായേലിന്റെയും അക്രമാസക്തതക്കെതിരെ താക്കീതായി സോവിയറ്റ് യൂണിയന്‍ ശക്തമായി നിലനിന്നിരുന്നു. ആ സ്ഥിതി മാറിയതോടെ, സോവിയറ്റ് തകര്‍ച്ചയോടെ ലോകം വീണ്ടും യുദ്ധഭീഷണിയിലായി. യുദ്ധത്തില്‍ത്തന്നെയായി.

വ്യക്തിയുടെ ഭ്രാന്ത് രാഷ്ട്രത്തിന്റെ ഭ്രാന്തായി മാറാം എന്നത് തീവ്രവും സങ്കുചിതവുമായ ദേശീയവാദങ്ങളിലെ ഒരു സാധ്യതയാണ്. പലസ്തീനിലെ ജനങ്ങളെ അവരുടെ സ്വന്തം രാജ്യത്തുനിന്നും തിക്കിപ്പുറത്താക്കാനും പിന്നെ ആക്രമിച്ചുപുറത്താക്കാനും ശ്രമിക്കാന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ഇസ്രായേല്‍ എത്രയോ കാലമായി ശ്രമിക്കുന്നു. അതിനൊപ്പംതന്നെ കൂട്ടക്കൊലകളും. കൂട്ടക്കൊലകള്‍ നടത്തിയിട്ടും ഗാസാചീന്തില്‍നിന്ന് പലസ്തീന്‍കാരില്‍ ശേഷിക്കുന്നവര്‍ ഒഴിഞ്ഞുപോകാത്തതിനാലാണ് പൂര്‍ണമായ ഉന്മൂലനത്തിന് ശ്രമിക്കുന്നത്. ഐക്യരാഷ്ട്രസഭയെയടക്കം ശത്രുവായി പ്രഖ്യാപിച്ചാണ് നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ഉന്മൂലനം നടക്കുന്നത്. ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണത്തില്‍ ഇതിനകം മുക്കാല്‍ ലക്ഷത്തോളം മരണം. ഇരുപതിനായിരത്തോളം കുട്ടികളാണതില്‍. യുദ്ധത്തിന്റെയും അധികാരത്തിന്റെയും ഭ്രാന്താണ് നെതന്യാഹുവിനെ നയിക്കുന്നത്. കുട്ടികളെ കൂട്ടക്കൊല ചെയ്യുന്നതും ആസ്പത്രികള്‍ തകര്‍ത്ത് രോഗികളെയും ആരോഗ്യപ്രവര്‍ത്തകരെയും കൊല്ലുന്നതും സ്‌കൂളുകളില്‍ ബോംബിട്ട് കുട്ടികളെ കൊല്ലുന്നതും അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണവും വെള്ളവുമെത്തിക്കുന്ന അന്താരാഷ്ട്ര ഏജന്‍സികളുടെയും ഐക്യരാഷ്ട്ര സംഘടനയുടെയും ലോകാരോഗ്യസംഘടനയുടെയും വാഹനങ്ങളില്‍ ബോംബിട്ട് കൂട്ടക്കൊല നടത്തുന്നതും സാധാരണ യുദ്ധത്തില്‍പോലും ഇല്ലാത്തതാണല്ലോ. എന്നാല്‍ ഗാസയില്‍ ഇസ്രായേല്‍ ചെയ്യുന്നത് അതാണ്. ആ രാജ്യത്തിന്റെ ഭരണാധികാരിയുടെ ഭ്രാന്ത് രാഷ്ട്രനേതൃത്വത്തിന്റെ മൊത്തത്തിലുള്ള ഭ്രാന്തായി മാറുന്നു, സേനയുടെ ഭ്രാന്തായി മാറുന്നു എന്നാണിത് കാണിക്കുന്നത്.

ഇസ്രായേലിന്റെയോ നെതന്യാഹുഭരണകൂടത്തിന്റെയോ ഭ്രാന്ത് മാത്രമല്ല, ഇത്തരം ഭ്രാന്തുകളെയെല്ലാം പ്രോത്സാഹിപ്പിക്കുന്ന ഒരു ആഗോള ഭ്രാന്താണിതിന്റെയൊക്കെ പിറകില്‍ എന്നാണ് കാണേണ്ടത്. അത് ഡൊണാള്‍ഡ് ട്രംപിന്റെ രൂപത്തിലാണ് അവതരിച്ചിരിക്കുന്നത്. അതിന്റെ രണ്ടാമത്തെ അവതാരത്തിലാണ് ഉന്മാദത്തിന്റെ അങ്ങേത്തല സംഭവിക്കുന്നത്. ഒന്നാം അവതാരഘട്ടത്തില്‍ത്തന്നെ പലസ്തീനികള്‍ക്കെതിരായ ആക്രോശം ട്രംപ് തുടങ്ങിയതാണ്.

ലോകാരോഗ്യസംഘടനയില്‍നിന്ന് പുറത്തുകടന്നതും യു.എന്നിനെ തകര്‍ക്കാന്‍ ശ്രമിച്ചതുമാണ്. ഇപ്പോള്‍ രണ്ടാം അവതാരകാലത്ത് ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന നരമേധത്തിന്റെ, ഉന്മൂലനത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ തങ്ങളും കൂടിയാണെന്ന് പ്രഖ്യാപിക്കുകയാണല്ലോ ട്രംപ്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ, പോരാ സൈനികശക്തിയായ, പോരാ പരസ്പരം പോരടിക്കാന്‍ രാഷ്ട്രങ്ങളില്‍ വിരുദ്ധശക്തികളെ പ്രേരിപ്പിക്കുകയും രാഷ്ട്രങ്ങളെ തമ്മില്‍ തല്ലിച്ച് അതിന്റെ മറവില്‍ ആയുധങ്ങള്‍ വിറ്റ് വന്‍ശക്തിയാകുന്ന രാഷ്ട്രം. ആ ട്രംപാണ് ഗാസയിലെ ജനങ്ങളോട് ഉടനെ നാടുവിട്ട് എങ്ങോട്ടെങ്കിലും പോയ്‌ക്കോളണം, ഗാസ ലോകോത്തര ടൂറിസ്റ്റ് കേന്ദ്രമാക്കാന്‍ പോവുകയാണ് അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് എന്ന് പ്രഖ്യാപിച്ചത്. തീരുവയുദ്ധം നടത്തി സ്വന്തം ഉന്മാദം പ്രകടിപ്പിച്ച ട്രംപ് ഗാസയെ പലസ്തീന്‍കാരില്ലാത്ത സ്ഥലമാക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ട്രംപും നെതന്യാഹുവും ചേര്‍ന്നാല്‍ ലോകത്തിലെ കടന്നുകയറ്റത്തിന്റെ, അധിനിവേശത്തിന്റെ ഭ്രാന്തയുദ്ധത്തിന്റെ പ്രതീകമായി.


ഇപ്പോള്‍ ഗാസയില്‍നിന്നും കടന്ന് ലബനനിലും കുറേ കൂട്ടക്കൊല നടത്തിയ ശേഷം ഇറാനില്‍ ബോംബുകള്‍ വര്‍ഷിക്കുകയാണ്. പശ്ചിമേഷ്യയില്‍ അമേരിക്കയുടെ ഉപഗ്രഹമായാണ് ഇസ്രായേല്‍ പ്രവര്‍ത്തിക്കുന്നത്. ഇറാനാകട്ടെ പശ്ചിമേഷ്യയിലെ അമേരിക്കന്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ പ്രതിരോധിക്കുന്ന ശക്തിയും. ഇറാനെ അമേരിക്കയും ഇസ്രായേലും ശത്രുക്കളായി കണക്കാക്കുന്നത് പശ്ചിമേഷ്യ കയ്യടക്കുന്നതിന് തടസ്സമെന്ന നിലയിലാണ്. ആദ്യം ഇറാഖിനെ ലക്ഷ്യംവെക്കുകയും സദ്ദാം ഹുസൈനെ കൊലചെയ്യുകയും ചെയ്തതോടെ ഇറാഖിനെ അരാജകത്വത്തിന്റെ കേന്ദ്രമാക്കി തകര്‍ക്കുകയും ചെയ്തു. ഇനി ഇറാനെയും തകര്‍ക്കുക, അവിടെ ആഭ്യന്തര യുദ്ധ സാധ്യത തേടുക- അങ്ങനെ അരാജകത്വം മൂര്‍ഛിപ്പിച്ച് ഇടപെടുക- ലോകമേധാവിത്വം കയ്യടക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭ്രാന്തമായ നടപടികള്‍ അമേരിക്ക തുടരുന്നത്. ജി- 7 ഉച്ചകോടിക്കിടയില്‍ ട്രംപ് നാട്ടിലേക്ക് മടങ്ങുമ്പോള്‍ പറഞ്ഞത് ടെഹ്‌റാനില്‍നിന്ന് ആളുകള്‍ ഒഴിഞ്ഞേുപോകണമെന്നാണ്. ടെഹ്‌റാന്‍ ഇറാന്റെ തലസ്ഥാനമാണ്. അവിടം ജനശൂന്യമാക്കണമെന്ന്. അതായത് തങ്ങള്‍ സര്‍വായുധ സജ്ജരാക്കിയ ഇസ്രായേല്‍ വരുംദിവസങ്ങളില്‍ ടെഹ്‌റാനില്‍ അഗ്നിവര്‍ഷം പൂര്‍ണതോതിലാക്കുമെന്ന്. അവരെ സഹായിക്കാന്‍ അമേരിക്കന്‍ വിമാനവാഹിനികളും എത്തുന്നു. ലോകം വലിയൊരു പതനത്തിലേക്കാണ് ഈ ഭ്രാന്തനേതൃത്വങ്ങള്‍ നയിക്കുന്നത്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍, ലക്ഷക്കണക്കിന് മലയാളികള്‍ ജോലിചെയ്ത് ജീവിക്കുന്ന മിഡില്‍ ഈസ്റ്റും വലിയ ഭീഷണിയിലാവുകയാണ്. എണ്ണ വില വന്‍തോതില്‍ കൂടുന്നു... സമാധാനത്തിനുള്ള ശ്രമങ്ങള്‍ വിരളം... ലോകസമാധാന പ്രസ്ഥാനത്തില്‍ വലിയ പങ്കുവഹിച്ച, ചേരിചേരാ രാഷ്ട്രങ്ങളുടെ നേതൃസ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ പഴയ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് സമാധാനമുണ്ടാക്കാന്‍ ഇടപെടുമോ എന്ന് പ്രതീക്ഷയോടെ നോക്കുകയാണ് ലോകം...

Related Articles
Next Story
Share it